സവർക്കർ മാപ്പെഴുതിയെന്ന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Rahul

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലക്നൗ കോടതി. രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് അന്വേഷണം നിർദേശിച്ചാണ് കോടതി ഉത്തരവ്. രാഹുലിനെതിരെ അഡ്വക്കറ്റ് നൃപേന്ദ്ര പാണ്ഡ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 

ഭാരത് ജോഡോ യാത്രക്കിടെ മുംബൈയിൽ വെച്ച് നടത്തിയ പരാമർശത്തിലാണ് അന്വേഷണം. എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷണം നടത്തി ഒരു മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ മാപ്പപേക്ഷ കത്തുകൾ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. 


ബ്രിട്ടീഷുകാർക്ക് വീർ സവർക്കർ ഒരു കത്തെഴുതി, സർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാൻ അനുവദിക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്, എന്നെഴുതി ഒപ്പും ഇട്ടു. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തിൽ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ എന്നിവരെ വഞ്ചിച്ചു, എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. കേസ് ജൂൺ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

Share this story