സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പ്രമുഖരുടെ കത്ത്

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരേ വിദ്വേഷ പ്രസംഗത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമടക്കം 262 പ്രമുഖർ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ സർക്കാർ, പൊലീസ് അധികാരികൾ ഒരു നിമിഷം പോലും പാഴാക്കാതെ കേസെടുക്കണമെന്ന് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പരാതി ലഭിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നും നടപടിയെടുത്തില്ലങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നുമാണു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാൻ ഇത്തരം കർക്കശ നടപടികൾ ആവശ്യമാണെന്നും പരമോന്നത കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണു പ്രമുഖരുടെ കത്ത്.
സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല, അത് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയുമാണ് ഡിഎംകെ യുവ നേതാവ് കൂടിയായ ഉദയനിധി. ഇതു സനാതനധർമം പിന്തുടരുന്ന ഞങ്ങളെപ്പോലുള്ള കോടിക്കണക്കിനാളുകൾക്ക് ആശങ്കയും വേദനയുമുണ്ടാക്കുന്നു. തമിഴ്നാട് സർക്കാർ ഉദയനിധിക്കെതിരേ നടപടിയെടുക്കുന്നില്ലെന്നതിനു പുറമേ മന്ത്രിയെ പിന്തുണയ്ക്കുകയും കൂടി ചെയ്തെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെ. ശ്രീധർ റാവു, ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.എം. സോണി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.എൻ. ധിൻഗ്ര തുടങ്ങിയവരുൾപ്പെടെ 14 വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 20 മുൻ അംബാസഡർമാരുൾപ്പെടെ 130 വിരമിച്ച ഉദ്യോഗസ്ഥരും 118 മുൻ സൈനിക ഉദ്യോഗസ്ഥരുമാണ് കത്തിൽ ഒപ്പുവച്ച മറ്റുള്ളവർ.