സിസോദിയ 5 ദിവസം കൂടി ഇ.ഡി കസ്റ്റഡിയില്‍; 22ന് ഹാജരാകണം

ഡല്‍ഹി മദ്യനയക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ റിമാന്‍ഡ് നീട്ടി. അഞ്ച് ദിവസം കൂടി സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 22ന് സിസോദിയയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കണം. സിസോദിയയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കസ്റ്റഡി ലഭിച്ചില്ലെങ്കില്‍ കഠിനാധ്വാനമെല്ലാം പാഴാകുമെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു.
അതേ സമയം, സിസോദിയയുടെ വീട്ടുചെലവുകള്‍ക്കുള്ള ചെക്കുകളില്‍ ഒപ്പിടാനും പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാനും കോടതി ഉത്തരവില്‍ അനുവദിച്ചിട്ടുണ്ട്. ഇതിനിടെ അടിസ്ഥാനരഹിതമായ കസ്റ്റഡിയാണ് ഇഡി എടുത്തിരിക്കുന്നതെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു.മനീഷ് സിസോദിയയോട് തീവ്രവാദിയേക്കാള്‍ മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിന്റെ പേരില്‍ സിസോദിയെ ഇ.ഡി അവിടെയും ഇവിടെയും ഇരുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.ഏഴ് ദിവസത്തിനിടെ 11 മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.എന്നാല്‍ സിസിടിവി നിരീക്ഷണത്തില്‍ സിസോദിയയെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.ഇപ്പോള്‍ 18നും 19നും മൊഴി രേഖപ്പെടുത്താന്‍ രണ്ടുപേരെ വിളിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
ചോദ്യങ്ങള്‍ ഉന്നയിച്ച് സിസോദിയ
ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യല്‍ നടക്കുന്നില്ലെന്ന് സിസോദിയ കോടതിയില്‍ പറഞ്ഞു.രാത്രി മുഴുവന്‍ ഇരുത്താന്‍ ഞാന്‍ അവരോട് പറഞ്ഞു. പക്ഷേ എന്തെങ്കിലും ചോദിക്കണം. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സിസോദിയ കോടതിയില്‍ പറഞ്ഞു.
എഫ്ഐആര്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍(2022 ഓഗസ്റ്റില്‍) സിബിഐ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തു. ഇപ്പോള്‍ മറ്റ് ഏജന്‍സിയും അതേ നടപടിക്രമം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകന്‍ പറഞ്ഞു. റിമാന്‍ഡ് നീട്ടണമെന്ന ഇഡിയുടെ ആവശ്യത്തെ സിസോദിയയുടെ അഭിഭാഷകന്‍ എതിര്‍ത്തു. സിബിഐയുടെ പ്രോക്സി ഏജന്‍സിയായാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും എന്ത് കുറ്റകൃത്യമാണ് നടന്നതെന്നല്ല, കുറ്റകൃത്യത്തിന്റെ പ്രക്രിയയില്‍ എന്താണ് സംഭവിച്ചതെന്ന് ഇഡി പറയണമെന്നും അഭിഭാഷകന്‍ പറഞ്ഞു.
റിമാന്‍ഡില്‍ ഇഡി ആവശ്യപ്പെടുന്നതാണ് സിബിഐയും റിമാന്‍ഡില്‍ ആവശ്യപ്പെട്ടതെന്ന് സിസോദിയയുടെ അഭിഭാഷകന്‍ പറഞ്ഞു.ഇതില്‍ പുതുമയില്ല.ഇത് റിമാന്‍ഡ് ചെയ്യാനുള്ള ED യുടെ വഴി മാത്രമാണ്.എന്നാല്‍ ഈ വാദത്തെഎതിര്‍ത്ത ഇഡി സ്വന്തം നിയമത്തിന്റെ പരിധിയില്‍ നിന്നാണ് അന്വേഷിക്കുന്നതെന്ന് പറഞ്ഞു.അതിന് അതിന്റേതായ അളവും അന്വേഷണ സമീപനവുമുണ്ടെന്നും ഇഡി വ്യക്തമാക്കി.
കസ്റ്റഡിയില്‍
മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്തതിന് ശേഷം ED അറസ്റ്റ് ചെയ്തു.മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ. ജാമ്യാപേക്ഷ മാര്‍ച്ച് 21ന് പരിഗണിക്കും.