ഡല്‍ഹിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി: സ്കൂളുകൾ നാളെ തുറക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് 300ന് മുകളിലാണ്.
വായു ഗുണനിലവാരത്തില്‍ പുരോഗതി കണ്ടതോടെ, ഡീസൽ ട്രക്കുകൾക്ക് ഡല്‍ഹിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളും നാളെ തുറക്കും. എന്നാൽ, കായിക മത്സരങ്ങൾക്കും പുറത്തുള്ള അസംബ്ലിക്കും ഒരാഴ്ചത്തേക്ക് വിലക്ക് ഉണ്ട്.
ദീപാവലി ആഘോഷങ്ങള്‍ക്ക് വലിയ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും അയല്‍ സംസ്ഥാനങ്ങളിലെ വയലുകളിലെ തീയിടലുമെല്ലാം വായു മലിനീകരണം അപകടകരമായ രീതിയിലേക്ക് എത്തിച്ചിരുന്നു.
ഗാസിയാബാദ് 274, ഗുരുഗ്രാം 346, ഗ്രേറ്റർ നോയിഡ 258, ഫരീദാബാദ് 328 എന്നിങ്ങനെയാണ് വായുഗുണനിലവാര തോത്.
ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.