അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാതായി; കാറിൽ രക്തക്കറ

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയതായി പരാതി. ജാവേദ് അഹമ്മദ് വാനി (25) എന്ന സൈനികനെയാണ് കാണാതായത്. ലഡാക്കിലാണ് ജാവേദ് അഹമ്മദ് വാനി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൈനികനെ കാണാതായത്.
നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി പലചരക്ക് സാധനങ്ങൾ വാങ്ങാനായി ചൗവ്വൽഗാമിലേക്ക് കാറിൽ പോയിരുന്നു. ഇതിന് ശേഷമാണ് സൈനികനെ കാണാതായത്. വീട്ടിലേക്ക് മടങ്ങി വരാതായതോടെ കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിൽ സൈനികൻ സഞ്ചരിച്ച കാറ് പരൻഹാൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തി.
കാറിന്റെ ഡോർ തുറന്നിട്ട നിലയിലായിരുന്നു. കാറിൽ നിന്ന് ഒരു ജോടി ചെരിപ്പും രക്തക്കറയും കണ്ടെത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയ സൈനികനെ കണ്ടെത്താൻ ഇന്ത്യൻ സൈന്യവും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.