പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ചന്ദ്രയാൻ 3, ജി 20 സമ്മേളനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

modi

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാന ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. 75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. 

പാർലമെന്റ് പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായി അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരൻമാരാണെന്നും മോദി പറഞ്ഞു

ചന്ദ്രയാൻ 3ന്റെയും ജി 20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യം. ചന്ദ്രയാൻ വിജയം ശാസ്ത്രജ്ഞൻമാരുടെ പ്രയത്‌നത്തിന്റെ വിജയമാണ്. ജി 20 ഉച്ചകോടി ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതായി. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. നവംബർ വരെ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണ്. വനിതാ എംപിമാർ പാർലമെന്റിന്റെ അഭിമാനമാണെന്നും മോദി പറഞ്ഞു.
 

Share this story