കർണാടകയിലെ ഹവേരിയിൽ മുസ്ലിം പള്ളിക്ക് നേരെ കല്ലേറ്; 15 പേർ കസ്‌റ്റഡിയിൽ

Karnataka

കർണാടകയിലെ ഹവേരി ജില്ലയിൽ ഹിന്ദു സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറുണ്ടായി. ഇത് ചൊവ്വാഴ്‌ച പ്രദേശത്ത് വർഗീയ സംഘർഷത്തിന് കാരണമായി. സംഭവത്തിൽ 15 പേരെ കസ്‌റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

വിപ്ലവകാരിയായ സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദു സംഘടനാ പ്രവർത്തകർ ചൊവ്വാഴ്‌ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര ഒരു മുസ്ലീം ഭൂരിപക്ഷ മേഖല കടന്നപ്പോൾ, ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിഞ്ഞു.

ബൈക്ക് റാലി സമാധാനപരമായിരുന്നുവെങ്കിലും ഒരു പള്ളിക്ക് സമീപം എത്തിയപ്പോൾ കുറച്ച് അക്രമികൾ കല്ലെറിഞ്ഞതായി ഹവേരി പോലീസ് സൂപ്രണ്ട് (എസ്‌പി) ശിവകുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഘോഷയാത്രയ്ക്ക് അടുത്തായി പോലീസ് വിന്യാസം ഉണ്ടായിരുന്നു, ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി" ശിവകുമാർ പറഞ്ഞു.

മാർച്ച് ഒമ്പതിന് സമാനമായ റാലി മുസ്ലീം സമുദായത്തിലെ ഏതാനും അംഗങ്ങൾ തടസ്സപ്പെടുത്തിയതായും എസ്‌പി കൂട്ടിച്ചേർത്തു. അത് ഇവരെ പ്രകോപിപ്പിച്ചിരിക്കാം, അദ്ദേഹം പറഞ്ഞു. ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ ആക്രമികളെ തിരിച്ചറിയുക എളുപ്പമാകുമെന്ന് എസ്‌പി ശിവകുമാർ പറഞ്ഞു.

Share this story