യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണം കൊവിഡ് വാക്‌സിനേഷൻ കൊണ്ടല്ലെന്ന് ഐസിഎംആർ പഠനം

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്‌സിനേഷൻ മൂലമല്ലെന്ന് ഐസിഎംആറിന്റെ പഠനം. കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരം മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നത്. യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്തുവരുന്നത്.
ജീവിതശൈലിയിൽ വന്ന മാറ്റമാണ് മരണത്തിന് ഇടയാക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരെ സംബന്ധിച്ചായിരുന്നു പഠനം.
ഇത്തരത്തിലുള്ള 729 കേസുകളാണ് പഠനവിധേയമാക്കിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവർക്കും മരണസാധ്യത കുറയുമെങ്കിലും ഇത്രയും ഫലമുണ്ടാകില്ല.