ഡ്രൈവർമാർക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസസൗകര്യമൊരുക്കണമെന്ന് തമിഴ്‌നാട് സർക്കാർ
Jul 5, 2023, 17:02 IST

അതിഥികളുമായി എത്തുന്ന ഡ്രൈവർമാർക്കും ഹോട്ടലുകളിലും ലോഡ്ജുകളിലും താമസ സൗകര്യങ്ങളൊരുക്കണമെന്ന് തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ്. ടോയ്‌ലെറ്റ് സൗകര്യമുള്ള മുറി ഒരുക്കണമെന്നാണ് ഉത്തരവ്. 2019ലെ കെട്ടിട നിർമാണ ചട്ടവ്യവസ്ഥകൾ ഭേദഗതി ചെയ്താണ് നിർദേശം നൽകിയിരിക്കുന്നത്. അതിഥികളുടെ വാഹനത്തിലെ ഡ്രൈവർക്ക് ഡോർമെറ്ററിയിൽ കിടക്ക ഉറപ്പാക്കണം. ഡോർമെറ്ററിയിൽ ഓരോ എട്ട് കിടക്കകൾക്കും അനുസൃതമായി പ്രത്യേക ശൗചാലയങ്ങളുണ്ടാകണം
ഹോട്ടലിൽ അല്ലെങ്കിൽ ലോഡ്ജിന്റെ പരിസരത്തോ 250 മീറ്റർ ചുറ്റളവിലോ വേണം ഡോർമെറ്ററി ഒരുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. നിലവിലുള്ള ഹോട്ടലുകൾ പുതിയ സൗകര്യങ്ങൾ ഒരുക്കുകയോ വാടകക്ക് സ്ഥലം ഏർപ്പാടാക്കുകയോ വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.