പിണക്കം മാറി; യുഎസില്‍ നിന്നെത്തി വിജയ്: ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛനെ കാണാന്‍

Vijay

അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ സന്ദർശിക്കാനെത്തിയതായിരുന്നു വിജയ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇത്രയും തിടുക്കപ്പെട്ടു വന്നതു തന്നെ അച്ഛനെ കാണാനായിരുന്നുവെന്നും വിജയ്‌യോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ചന്ദ്രശേഖർ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചത്. ‘‘കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.’’– എന്നായിരുന്നു ചന്ദ്രശേഖർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.


നേരത്തെ വിജയ്‌യും അച്ഛനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന് തമിഴകത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായതെന്നും വാർത്ത വന്നിരുന്നു.

Share this story