ഗാർഹിക സിലിണ്ടറിന്റെ വില കുറച്ച നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

lpg

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയിൽ നിന്ന് 903 രൂപയായി വില കുറഞ്ഞു. ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 

33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. 

അതേസമയം വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ് നടപടിയെന്നും കോൺഗ്രസ് വിമർശിച്ചു.
 

Share this story