അദാനി എങ്ങനെ വിജയിച്ചു എന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണ്; രൂക്ഷ വിമർശനവുമായി രാഹുൽ

rahul

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം ചോദിക്കുന്നത് എന്തിനാണെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിൻമാറാതെ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു രാഹുൽ

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്‌നങ്ങൾ ജനങ്ങൾ പങ്കുവെച്ചു. കർഷകർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്‌നങ്ങൾ പറഞ്ഞു. സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പുമുട്ടുകയാണെന്നും രാഹുൽ പറഞ്ഞു

തന്റെ യാത്രയിൽ രാജ്യം മുഴുവൻ കേട്ടത് അദാനിയെന്ന പേരാണ്. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചു എന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണെന്നും അദാനിയും മോദിയുമുള്ള ചിത്രം ഉയർത്തി രാഹുൽ പറഞ്ഞു. ഇതോടെ ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെച്ചെങ്കിലും രാഹുൽ പ്രസംഗം തുടർന്നു

അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്നും രാഹുൽ ചോദിച്ചു. മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്നും രാഹുൽ പറഞ്ഞു.
 

Share this story