ചൂടും തണുപ്പുമായി ചന്ദ്രന്റെ മണ്ണ്; രഹസ്യങ്ങളുടെ കലവറ തുറക്കുന്നു

ചന്ദ്രോപരിതലത്തിൽ കടുത്ത ചൂട്. മേൽമണ്ണിൽ നിന്നു താഴേക്കു നീങ്ങുമ്പോൾ കടുത്ത ശൈത്യം. ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത് "നിലാമുറ്റ'ത്തെ കൗതുകങ്ങൾ. ചന്ദ്രയാൻ 3 ദൗത്യം ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ ഇതാദ്യമായി ഇസ്രൊ പുറത്തുവിട്ടു.
താപനില വ്യതിയാനം പരിശോധിക്കാൻ വിക്രം ലാൻഡറിനൊപ്പമുള്ള ചാസ്തേ (ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ്പെരിമെന്റ്) എന്ന ഉപകരണം താപവ്യതിയാനങ്ങൾ സംബന്ധിച്ചു തയാറാക്കിയ ഗ്രാഫാണ് ഇസ്രൊ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
മേൽമണ്ണിനു തൊട്ടുമുകളിലുള്ള ഭാഗം, മേൽമണ്ണ്, തൊട്ടുതാഴെയുള്ള ഭാഗം എന്നിവയിൽ അതിശയിപ്പിക്കുന്ന വിധത്തിൽ താപനില വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രൊ. ഉപരിതലത്തിൽ നിന്നു താഴേക്കു നീങ്ങുമ്പോൾ താപനില പെട്ടെന്നു താഴുന്നു. ഉപരിതലത്തിൽ 50-60 ഡിഗ്രി സെൽഷ്യസിനോടടുത്താണു താപനില. 80 മില്ലിമീറ്റര്‍ താഴേക്ക് എത്തുമ്പോള്‍ താപനില മൈനസ് 10 ഡിഗ്രി സെല്ഷ്യസിലേക്കെത്തുന്നതായി ഗ്രാഫിൽ സൂചിപ്പിക്കുന്നു.
അതേസമയം, ഉപരിതലത്തിനു തൊട്ടുമുകളിലെ ഉയർന്ന താപനില അദ്ഭുതപ്പെടുത്തുന്നതാണെന്ന് ഇസ്രൊ ശാസ്ത്രജ്ഞൻ ബി.എച്ച്.എം. ദാരുകേശ പറഞ്ഞു. 20-30 ഡിഗ്രി സെൽഷ്യസാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 70 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് അവിടെയെന്നും അദ്ദേഹം.
ഉപരിതലത്തിൽ നിന്നു പത്തു സെന്റിമീറ്റർ വരെ മണ്ണിൽ തുളച്ചുകയറി പഠനം നടത്താൻ സാധിക്കുന്ന ഉപകരണത്തിൽ 10 സെൻസറുകളാണുള്ളത്. വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ സ്പെയ്സ് ഫിസിക്സ് ലബോറട്ടറിയും ഹൈദരാബാദിലുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായാണ് ചാസ്തേ വികസിപ്പിച്ചെടുത്തത്.
വരും ദിവസങ്ങളിൽ ചന്ദ്രന്റെ അന്തരീക്ഷം, മണ്ണ്, ധാതുക്കൾ തുടങ്ങിയവയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശാസ്ത്ര സമൂഹത്തിനു ലഭ്യമാക്കാനാകുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സാന്ദ്രത കുറഞ്ഞ താപരോധിയായ റിഗോലിത്ത് (ചന്ദ്രനിലെ പാറകളുടെ പാളി) ഭാവി ആവാസ വ്യവസ്ഥയ്ക്കുള്ള നിർമാണ സാമഗ്രിയായി മാറാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നാൽ, ഇവിടത്തെ താപവ്യതിയാനങ്ങൾ ജീവന്റെ നിലനിൽപ്പിനു നിർണായകമെന്നും മന്ത്രി.
ചാന്ദ്ര പകലിലും രാത്രിയും ചന്ദ്രോപരിതലത്തിലെ താപനിലയിൽ വലിയ തോതിലുള്ള വ്യതിയാനങ്ങളാണു സംഭവിക്കുന്നത്. ഉച്ചയ്ക്ക് 100 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുന്ന താപനില ചാന്ദ്രരാത്രിയിൽ 100 ഡിഗ്രി സെൽഷ്യസിന് താഴേക്ക് അതിവേഗം മാറും.
അഞ്ചു മുതൽ 20 വരെ മീറ്റർ കനത്തിലുള്ള മേൽമണ്ണിൽ നിറയെ സുഷിരങ്ങളുണ്ട്. എന്നാൽ, വായു ഇല്ലാത്തതുമൂലം ഉപരിതലത്തിലെ ചൂട് ഉള്ളിലേക്കെത്തില്ല. ഉപരിതലത്തിലെ ചൂട് താഴെയുള്ള പാളികളിൽ അനുഭവപ്പെടാത്തത് അതുകൊണ്ടാണ്.
41 ദിവസത്തെ യാത്രയ്ക്ക് ശേഷം 23 നാണ് ഇന്ത്യയുടെ ചന്ദ്രയാന്‍3 ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ചന്ദ്രയാൻ 3.
പേടകത്തിലെ പഠനോപകരണങ്ങളുടെ പ്രവര്‍ത്തന കാലാവധി 14 ദിവസമാണ്. ഇതിനിടയില്‍ പരമാവധി പഠനങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്കയക്കാനാണ് ലക്ഷ്യമിടുന്നത്. 10 ദിവസം കൂടിയാണ് പഠനത്തിനായി ഇനി ബാക്കിയുള്ളത്.