മണിപ്പൂരിലേത് ഗോത്ര സംഘർഷം; സമാധാനം സ്ഥാപിക്കാൻ നിരന്തര ശ്രമമുണ്ടായെന്ന് മോദി

modi

മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തരം ശ്രമം ഉണ്ടായി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും രാജ്യസഭയിൽ മോദി പറഞ്ഞു.

മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുണ്ട്. സർക്കാർ ഓഫീസുകളിലെ പ്രവർത്തനം സാധാരണ നിലയിലായി. കോൺഗ്രസ് മണിപ്പൂരിൽ 10 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കോൺഗ്രസിന് വസ്തുത മനസിലായി. മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളെന്ന് കോൺഗ്രസിന് മനസിലായി. മണിപ്പൂർ ജനത വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വർഷത്തെ ഭരണം വെറും ട്രെയിലർ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവർക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതിനാൽ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അധ്യക്ഷൻ ജഗദീപ് ധനകർ ഈ ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
 

Share this story