മണിപ്പൂർ അക്രമസംഭവങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് ആറ് ചോദ്യങ്ങൾ

supreme court

മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ബംഗാളിലെയും രാജസ്ഥാനിലെയും ചത്തീസ്ഗഢിലെയും അക്രമങ്ങളെക്കുറിച്ച് വാദത്തിനിടയിൽ പരാമർശിച്ച കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് മണിപ്പൂരിലേത് വർഗീയ കലഹമാണെന്ന് സുപ്രീം കോടതി പറഞ്ഞു. 

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്‌കൊണ്ട് മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾ ക്ഷമിക്കാനാവില്ല. മണിപ്പൂരിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാ പെൺമക്കളെയും സംരക്ഷിക്കുക എന്നാണോ അതോ ആരെയും സംരക്ഷിക്കരുത് എന്നാണോ എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു. ആറ് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ തന്നെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

1. കേസുകളുടെ എണ്ണം, 2. സീറോ എഫ്‌ഐആറുകളുടെ എണ്ണം, 3. അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് എത്രപേരെ മാറ്റി, 4. ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, 5. അറസ്റ്റിലായ പ്രതികൾക്കുള്ള നിയമസഹായത്തിന്റെ അവസ്ഥ, 6. ഇതുവരെ എത്ര സെക്ഷൻ 164 മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നിവയാണ് ചോദ്യങ്ങൾ

അതേസമയം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനോട് എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആറായിരത്തോളം വരുന്ന എഫ്ഐആറുകളിൽ എത്രയെണ്ണം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുണ്ടെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

Share this story