ഞങ്ങൾക്കും വേണം സമ്മാനത്തുക: 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാവ്

World Cup

മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം. ലോകകപ്പ് ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുക 'വെറും' 20 കോടി രൂപയാണെന്നോർക്കണം. ഈ പശ്ചാത്തലത്തിൽ പുതിയൊരു വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ് 1983ൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ ഒരംഗം.

ap

ഇപ്പോഴത്തെ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐ 1983ൽ ആദ്യമായി ലോകകപ്പ് നേടിയ ടീമിനും ഉചിതമായ സമ്മാനത്തുക പ്രഖ്യാപിക്കണമെന്നാണ് താരത്തിന്‍റെ ആവശ്യം. വാർത്താ ഏജൻസിയോടു നടത്തിയ പ്രതികരണത്തിലാണ് പേര് വെളിപ്പെടുത്താത്ത മുൻ താരം ആവശ്യമുന്നയിച്ചിരിക്കുന്നത്.

1983ൽ ലോകകപ്പ് നേടിയ കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലെ ഓരോരുത്തർക്കും അന്ന് ക്രിക്കറ്റ് കൺട്രോൾ ബോർഡ് 25,000 രൂപ വീതം പാരിതോഷികം നൽകിയിരുന്നതാണ്. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നാണ് മുൻ താരം പറയുന്നത്. അതിനു മുൻപ് നടത്തിയ രണ്ട് ലോകകപ്പുകളിലും ചാംപ്യൻമാരായിരുന്ന വെസ്റ്റിൻഡീസിനെയാണ് ഇന്ത്യ 1983ലെ കലാശ പോരാട്ടത്തിൽ 43 റൺസിനു പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 60 ഓവറിൽ നേടിയത് 183 റൺസ് മാത്രമായിരുന്നു. എന്നാൽ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മദൻലാലിന്‍റെയും മൊഹീന്ദർ അമർനാഥിന്‍റെയും ബൗളിങ് മികവിനു മുന്നിൽ വിൻഡീസ് വെറും 140 റൺസിന് ഓൾഔട്ടായി. ഈ വിജയത്തോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റ് ഒരു വികാരമായി പടർന്നു പിടിക്കുന്നതും ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായി ബിസിസിഐ മാറുന്നതിന്‍റെ നാന്ദി കുറിക്കുന്നതും.

അന്ന് കൈയിൽ കാശില്ലെന്നു പറഞ്ഞ് ബിസിസിഐ ഒന്നും തന്നില്ലെന്നാണ് മുൻ താരം ആരോപിക്കുന്നത്. ഇപ്പോൾ കാശുണ്ടല്ലോ, ഇനി തരാമല്ലോ എന്നാണ് അദ്ദേഹത്തിന്‍റെ വാദം. അന്നത്തെ ടീമിലെ ചുരുക്കം അംഗങ്ങൾക്കു മാത്രമാണ് മികച്ച സാമ്പത്തിക സ്ഥിതിയുള്ളത്, ബാക്കി മിക്കവരും ഇപ്പോൾ കഷ്ടപ്പാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

25,000 രൂപ വീതമുള്ള സമ്മാനത്തുക കുറഞ്ഞു പോയെന്നു തോന്നിയ പ്രശസ്ത ഗായിക ലത മങ്കേഷ്കർ അക്കാലത്ത് ഡൽഹിയിൽ സംഗീത പരിപാടി സംഘടിപ്പിച്ച് തുക സമാഹരിക്കുകയും, എല്ലാ കളിക്കാർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനിക്കുകയും ചെയ്തിരുന്നു.

Share this story