കേരളത്തിലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടു, ഇത് വിവേചനം: സിദ്ധരാമയ്യ

കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നോട് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടെന്ന വിവാദ പരാമർശവുമായി സിദ്ധരാമയ്യ. ഇത് വലിയ വിവേചനമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർഥിക്കാമെന്ന് പറയുകയും ചെയ്തു.
ചിലരോട് മാത്രമാണ് അവർ ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്നിൽ എല്ലാവരും സമൻമാരാണെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കേരളത്തിൽ മാത്രമല്ല, കർണാടക ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുരുഷൻമാർ ഷർട്ട് അഴിച്ചുവേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ എന്നത് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യക്കെതിരെ നിരവധി ആളുകൾ രംഗത്തുവന്നിട്ടുണ്ട്.