എന്തുകൊണ്ട് അദാനിക്ക് മാത്രം: ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

ഗൗതം അദാനിക്കെതിരെയുള്ള ഒസിസിആർപി (ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് ) റിപ്പോർട്ടിൽ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ മാധ്യമങ്ങളിൽ ഇന്ന് വന്ന അദാനിയുടെ വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ജി 20 യോഗത്തിനെത്തുന്ന നേതാക്കൾ ചോദ്യങ്ങൾ ഉന്നയിക്കും. എന്ത് കൊണ്ടാണ് അദാനിക്ക് മാത്രം ഈ സംരക്ഷണം എന്ന ചോദ്യം ഉയരും. അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താൽപര്യം ആണ് പ്രധാനമെന്ന് പറയുമ്‌ബോൾ ചൈനക്കാരന്റെ പങ്ക് എന്താണ്?.അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി ചെയർമാനെ എൻഡിടിവിയിൽ നിയമിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്തിയ ആൾ ഇന്ന് അദാനിയുടെ തൊഴിലാളിയാണ്. ഒരു അന്വേഷണവും നടന്നില്ലെന്ന് വേണം മനസിലാക്കാൻ.
പ്രധാനമന്ത്രിയുടെ അദാനി ബന്ധമാണ് അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയാവുന്നത്. പ്രധാനമന്ത്രി പദത്തിന് പോലും നാണക്കേടുണ്ടാക്കി ഒരാൾക്ക് മാത്രം എങ്ങനെയാണ് വൻകിട കരാറുകൾ ലഭിക്കുന്നത് ? രാജ്യത്തിന്റെ സ്വത്തുക്കൾ ഒരാളിൽ മാത്രം എങ്ങനെയാണ് സ്വന്തമാവുന്നത്.? ഓഹരിവില കൂട്ടാൻ എങ്ങനെയാണ് ഇത്രയും കോടി പണം അദാനിക്ക് കിട്ടിയത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു.