എന്തുകൊണ്ട് ചിലർക്ക് അനുകൂല്യം: ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

supreme court

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഗുജറാത്ത് സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽകിസ് ബാനു നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.

പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതാണ്. ഇത്തരമൊരു സാഹചര്യത്തിൽ 14 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാർക്ക് ഇളവ് നൽകാത്തത്? എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ഈ ആനുകൂല്യം? എന്തുകൊണ്ടാണ് ഇളവ് നയം തെരഞ്ഞെടുത്ത് പ്രയോഗിക്കുന്നത്? അവസരം എല്ലാവർക്കും ഒരുപോലെ നൽകണം. നമ്മുടെ ജയിലുകൾ എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു പ്രത്യേകിച്ച് വിചാരണത്തടവുകാരെകൊണ്ട്?'- ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജാൽ ഭുയൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്കായി ജയിൽ ഉപദേശക സമിതി രൂപീകരിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. ഗോധ്ര കോടതിയിൽ വിചാരണ നടക്കാത്തപ്പോൾ എന്തിനാണ് ആ കോടതിയുടെ അഭിപ്രായം തേടിയതെന്നും കോടതി ആരാഞ്ഞു. വധശിക്ഷ ജീവപര്യന്തമാക്കിയത് അത്ര നികൃഷ്ടമായ കുറ്റകൃത്യമായിരുന്നില്ല എന്നതിന്റെ സൂചനയാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് നികൃഷ്ടമായി കണക്കാക്കപ്പെട്ട കുറ്റകൃത്യമാണെന്നും അതേസമയം അപൂർവങ്ങളിൽ അപൂർവമല്ലെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. കേസ് ആഗസ്റ്റ് 24ലേക്ക് മാറ്റി
 

Share this story