'കിരൺ റിജിജു പ്രണയ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കുമോ'; ചോദ്യവുമായി കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്

മുബൈ: പ്രണയ ദിനമായ ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ്. കേന്ദ്ര മന്ത്രി കിരൺ റിജിജു പ്രണയ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കമോ എന്നായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവായ സച്ചിൻ സാവന്തിന്‍റെ ചോദ്യം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലുമൊക്കെ കൗ ഹഗ് ഡേ ആണോ നടക്കുന്നതെന്നും സില്ലി സൗളിൽ അന്ന് പ്രത്യേക ആഘോഷങ്ങൾ നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽനിന്നുള്ള കേന്ദ്രമന്ത്രിയാണ് കിരൺ റിജിജു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആക്കണെമന്ന കേന്ദ്രത്തിന്‍റെ സർക്കുലർ ഇറങ്ങിയതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്‍റെ പരിഹാസം.
ലോകം പ്രണയ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 'പശു ആലിംഗന ദിന'മായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്‍റെ അഭ്യർഥന ഇന്നലെ പുറത്തിറങ്ങിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പശു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.