വനിതാ സംവരണ ബില്ലിന് അംഗീകാരം; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

Parlament

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ബുധനാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് ബില്ല് അവതരിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. അതിനാല്‍ വനിതാ സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളിലെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്. യോഗത്തിന്റെ അജണ്ട വ്യക്തമായിരുന്നില്ലെങ്കിലും നിര്‍ണായക തീരുമാനങ്ങള്‍ എടുത്തെന്നാണ് വിവരം.

വനിതാ സംവരണം, വനിതാ സംവരണിനുള്ളിലെ ഒബിസി സംവരണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്നു മാറ്റല്‍ തുടങ്ങിയ പല വിഷയങ്ങളും മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും എന്നായിരുന്നു വിവരം.

പ്രത്യേക സമ്മേളനത്തില്‍ വനിതാസംവരണ ബില്‍ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയില്‍ ഞായറാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം എട്ട് ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്.

Share this story