ലോക ചാംപ്യൻമാർക്ക് പ്രധാനമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം

Team

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് നേടി നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാത വിരുന്ന്. കൊടുങ്കാറ്റ് കാരണം പ്രതീക്ഷിച്ചതിലും മൂന്നു ദിവസം വൈകി ബാർബഡോസിൽ നിന്നു പുറപ്പെട്ട ഇന്ത്യൻ ടീം അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെയാണ് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്.

ബിസിസിഐ ഏർപ്പെടുത്തിയ AIC24WC (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ് കപ്പ്) എന്ന പ്രത്യേക ചാർട്ടർ വിമാനത്തിലാണ് ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സംഘം എത്തിച്ചേർന്നത്. ടീമംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ബിസിസിഐ അധികൃതരും ഇതേ വിമാനത്തിലുണ്ടായിരുന്നു.

വിമാനത്താവളത്തിൽനിന്ന് നേരേ ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ഇന്ത്യൻ സംഘം പോയത്. അവിടെനിന്ന് 7, ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്.

വൈകിട്ട് നാല് മണിക്ക് മുംബൈയിലെത്തുന്ന ജേതാക്കളുടെ സംഘം അഞ്ച് മണിക്ക് മുംബൈ മറൈൻ ഡ്രൈവിൽ നടക്കുന്ന വിക്റ്ററി പരേഡിൽ പങ്കെടുക്കും. ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിത്തൊട്ടിലായ വാംഖഡെ സ്റ്റേഡിയത്തിലാണ് പരേഡ് സമാപിക്കുക. ഇതിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെക്രട്ടറി ജയ് ഷായും എല്ലാ ഇന്ത്യക്കാരെയും സ്വാഗതം ചെയ്തിട്ടുണ്ട്.

Share this story