നിനക്കായ്‌ : PART 12

നിനക്കായ്‌ : PART 12

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അനഘയുടെയും അജയ്ടെയും കുഞ്ഞിന്റെ പേരിടൽ ചടങ്ങ് വന്നെത്തി.

” ഡീ മറ്റന്നാൾ നമുക്കൊന്നിച്ച് പോയാൽ പോരെ ഇന്ന് തന്നെ പോണോ ? ”

വൈകുന്നേരം ഓഫീസിൽ നിന്ന് വരുമ്പോൾ തന്നോട് ചേർന്നിരിക്കുന്ന അഭിരാമിയോടായി അജിത്ത് ചോദിച്ചു.

” പിന്നെന്റെ വീട്ടിലൊരു കാര്യം നടക്കുമ്പോൾ ഞാനും അഥിതിയായിട്ട് ചെന്നാൽ മതിയോ അജിത്തേട്ടാ ? ”

പുഞ്ചിരിയോടെ അഭിരാമി മറുചോദ്യം ചോദിച്ചു.

” അല്ല എന്തുപറ്റി ഒരു മൂഡോഫ് ? ”

അവനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

” ഇപ്പൊ എന്തോ നീയില്ലാതെ വയ്യ പെണ്ണേ… ”

തന്റെ വയറിൽ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ കയ്യുടെ മേലെ കൈ വച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” അയ്യോ എന്റെ തെമ്മാടിക്കും സെന്റിമെൻസോ ? ”

അവന്റെ താടിയിലൂടെ വിരലോടിച്ച് ചിരിയോടെ അഭിരാമി ചോദിച്ചു. അപ്പോഴും അജിത്തിന്റെ മുഖം മങ്ങിത്തന്നെയിരുന്നു.

” ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കല്ലേ അജിത്തേട്ടാ. ഇത് കണ്ടിട്ട് പോയാൽ പിന്നെ എനിക്കും പറ്റില്ല ”

അവനോട് ഒന്നുകൂടി ചേർന്നുകൊണ്ട് അവൾ പറഞ്ഞു.

” മ്മ്മ്… ”

അവൻ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴേക്കും ബൈക്ക് പാലാഴി വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചിരുന്നു.

” നല്ല കുട്ടിയായിട്ട് പോയി ഫ്രഷ് ആയിട്ട് വാ അപ്പോഴേക്കും ഞാനും റെഡിയാവാം. ”

ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോൾ അജിത്തിനോടായി അവൾ പറഞ്ഞു. അവനും പതിയെ മുകളിലേക്ക് നടന്നു.

” മുറിയിലെത്തി ഡ്രസ്സ്‌ മാറുമ്പോഴും എന്തോ ഒരുൽസാഹമുണ്ടായിരുന്നില്ല. പതിയെ ബാത്‌റൂമിൽ കയറി ഷവറിന് കീഴിൽ നിക്കുമ്പോഴും ഉള്ള് നിറയെ അവളായിരുന്നു. അഞ്ചുവർഷം പ്രണയിച്ച കീർത്തിയോട് പോലും തോന്നാത്ത അടുപ്പം അഭിയോട് ഉണ്ടായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു അപ്പോൾ. രണ്ട് ദിവസത്തേക്ക് ആണെങ്കിൽ പോലും അവളടുത്തില്ലാത്തതോർക്കുമ്പോൾ തന്നെ എന്തോ ഒരുതരം വീർപ്പുമുട്ടൽ തോന്നിയെനിക്ക്.

ക്ലോക്കിൽ സമയം അപ്പോഴേക്കും ആറര കഴിഞ്ഞിരുന്നു. പിന്നെ പെട്ടന്ന് ഡ്രസ്സ്‌ മാറ്റി റെഡിയായി. പെട്ടന്നാണ് വാതിലിൽ മുട്ട് കേട്ടത്. വാതിൽ തുറക്കുമ്പോൾ മുന്നിൽ പുഞ്ചിരിയോടെ അഭിരാമി നിന്നിരുന്നു.
അവൾ കുളിച്ച് ഡ്രെസ്സൊക്കെ മാറിയിരുന്നു. കുളിപ്പിന്നല് കെട്ടിയ നനഞ്ഞ മുടിയിഴകൾ മാറിലൂടെ മുന്നിലേക്ക് ഇട്ടിരുന്നു. പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന അവളുടെ കവിളുകളിലെ നുണക്കുഴികൾ കാണും തോറും എനിക്കെന്നെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളെ ഇറുകെപ്പുണർന്ന് ആ നുണക്കുഴിക്കവിളിൽ ചുണ്ട് ചേർക്കുമ്പോൾ അവൾ പെരുവിരലിലുയർന്നു. അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്തടിച്ചു. അപ്പോൾ എന്നെ നോക്കിയ ആ മിഴികളിലെ ഭാവം എന്തെന്ന് എനിക്ക് വിവേചിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ കൈകൾ കൂടുതൽ കൂടുതൽ മുറുകുമ്പോൾ എന്തോ ഓർത്തത് പോലെ പെട്ടന്നവൾ എന്നെ തള്ളിമാറ്റി താഴേക്ക് പോയി. ”

” ചേച്ചി ദാ ഏട്ടൻ റെഡിയായി പെട്ടന്ന് വാ ”

അജിത്ത് സ്റ്റെയർകേസിറങ്ങുമ്പോഴേ താഴെ നിന്നും അനുവിന്റെ സ്വരം ഉയർന്നുകേട്ടു. അപ്പോൾ അടുക്കളയിൽ നിന്നും അങ്ങോട്ട് വന്ന അഭിരാമിയുടെ മുഖം ചുവന്നിരുന്നു. അജിത്തും അവളെ നോക്കാതെ പുറത്തേക്ക് നടന്നു.

” ഇതെന്തുപറ്റി രണ്ടാൾക്കും വഴക്കിട്ടോ ? ”

അവരെ രണ്ടാളെയും മാറി മാറി നോക്കി അനു ചോദിച്ചു.

” ഏയ് ഒന്നുല്ലെടി ”

പെട്ടന്ന് അഭിരാമി പറഞ്ഞു.

” അല്ല രണ്ടാൾടേം മുഖത്ത് ഒരു വല്ലാത്ത ഭാവമാണല്ലോ . സത്യം പറ ഏട്ടൻ കേറി കിസ്സടിച്ചോ ? ”

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അഭിരാമിയുടെ കയ്യിൽ പിടിച്ച് നിർത്തി മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അനു ചോദിച്ചു.

” ഒന്ന് പോപെണ്ണേ നിന്റെ മൂരാച്ചി ആങ്ങളെക്കൊണ്ട് അതൊന്നും നടക്കില്ല ”

മുഖത്തെ ചമ്മൽ മറച്ച് പറഞ്ഞുകൊണ്ട് അഭിരാമി പുറത്തേക്ക് നടന്നു. അനുവിനോട്‌ യാത്ര പറഞ്ഞ് ബൈക്കിലേക്ക് കയറുമ്പോൾ അഭിരാമി അജിത്തിനെ തുറിച്ച് നോക്കി. അവൻ ഒന്നുമറിയാത്തത് പോലെ പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

” ആരാടീ കുരുട്ടടക്കേ മൂരാച്ചി ? ”

ബൈക്ക് ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അഭിരാമിയോടായി അജിത്ത് ചോദിച്ചു.

” ഇയാള് തന്നെ ”

ഒരു കള്ളച്ചിരിയോടെ അഭിരാമി പറഞ്ഞു.

” നിന്നെയെന്റെ കയ്യിൽ കിട്ടുമെഡീ അപ്പോ ഞാൻ പറയാം മൂരാച്ചിയാണോ അല്ലേന്ന് ”

മീശ പിരിച്ച് ചിരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” ഇങ്ങനെയിരുന്ന് പിരിച്ചു പിരിച്ച് അത് പറിച്ചെടുക്കണ്ട . വെറുതെ മനക്കോട്ട കെട്ടാതെ വേഗം വണ്ടിവിട്. ”

അവനെ ചുറ്റിപ്പിടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

റോഡിൽ ഇരുട്ട് പരന്നിരുന്നു. കടകളിലും വഴിയോരങ്ങളിലുമൊക്കെ പല നിറത്തിലുള്ള വൈദ്യുത വിളക്കുകൾ തെളിഞ്ഞ് തുടങ്ങിയിരുന്നു. എട്ടുമണിയോടെ അവർ ശ്രീശൈലത്തിലെത്തി.

” ഇന്നുകൂടി ലീവെടുത്തിരുന്നെങ്കിൽ നേരത്തെ ഇങ്ങെത്തിക്കൂടായിരുന്നോ അഭീ ? ”

പൂമുഖഖത്തേക്ക് കയറുമ്പോൾ പുറത്തേക്ക് വന്ന വിമല ചോദിച്ചു.

” രണ്ട് ദിവസത്തേക്ക് തന്നെ ലീവ് കിട്ടിയത് ഭാഗ്യമെന്നേയുള്ളമ്മേ. പിന്നെങ്ങനെ ഇന്നുകൂടി ലീവെടുക്കും ”
ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി.

” ഇരിക്ക് മോനേ ഞാൻ ചായ കൊണ്ടുവരാം ”

” വേണ്ടമ്മേ എനിക്ക് പെട്ടന്ന് പോണം. നാളെ ഓഫീസിൽ പോകേണ്ടതാ ”

വിമലയുടെ വാക്കുകൾക്ക് മറുപടിയായ് ചിരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.
എല്ലാരോടും യാത്ര പറഞ്ഞ് തിരിച്ചുപോകാൻ ബൈക്കിൽ കയറുമ്പോൾ അജിത്തിന്റെയും അഭിരാമിയുടെയും കണ്ണുകൾ തമ്മിലിടഞ്ഞു. മൗനമായ് യാത്ര പറഞ്ഞ് അവന്റെ വണ്ടി ഗേറ്റ് കടന്ന് പോകുമ്പോൾ അഭിരാമിയ്ക്ക് ഉള്ളിലെന്തോ ഒരു ഭാരം പോലെ തോന്നി.

” എല്ലാവരും റെഡിയായെങ്കിൽ പോകാം? ”

ശ്രീശൈലത്തിലേക്ക് പോകാൻ റെഡിയായി പുറത്തേക്ക് വന്ന അരവിന്ദൻ ചോദിച്ചു.

” ഒരു പത്ത് മിനുട്ട് കൂടി കഴിഞ്ഞോട്ടച്ഛാ. മനുവിതുവരെ എത്തിയില്ല അവനൊന്ന് വന്നോട്ടെ ”

വാച്ചിൽ നോക്കിക്കൊണ്ട് അജിത്ത് പറഞ്ഞു. പെട്ടന്ന് സ്റ്റെപ്പിറങ്ങി വരികയായിരുന്ന അനുവൊന്ന് ഞെട്ടി. അവൾ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് മുഖത്ത് പൊടിഞ്ഞ വിയർപ്പ് ഒപ്പി.

“ആഹ് അച്ഛാ അവൻ വന്നു. ഇറങ്ങാം ”

അകത്തേക്ക് നോക്കി അജിത്ത് വിളിച്ചുപറഞ്ഞത് കേട്ട് എല്ലാവരും പൂമുഖത്തേക്ക് വന്നു. മനുവിന്റെ ബൈക്ക് ഗേറ്റ് കടന്ന് പോർച്ചിൽ വന്ന് നിന്നു. ബൈക്കിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ ഊരി എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് മനു അടുത്തേക്ക് വന്നു.

” എല്ലാരും പെട്ടന്ന് കേറ് ഇനി ലേറ്റാവണ്ട. ”

ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോൾ അജിത്ത് പറഞ്ഞു. കാർ ശ്രീശൈലത്തിലെത്തും വരെ എല്ലാവരും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നെങ്കിലും അനു മാത്രം നിശബ്ദയായിരുന്നു. അവൾ വെറുതേ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഒൻപത് മണിയോടെ ശ്രീശൈലത്തിലെത്തുമ്പോൾ അവിടെ നിറയെ ആളും ബഹളവുമായിരുന്നു. കാറിൽ നിന്നിറങ്ങുമ്പോഴേക്കും അകത്തുനിന്നും അഭിരാമിയും വിമലയും പുറത്തേക്ക് വന്നു. എല്ലാവരും തമ്മിൽ സംസാരിക്കുമ്പോഴും അജിത്തിന്റെ കണ്ണുകൾ അഭിരാമിയിൽ തങ്ങി നിന്നു.

ഇളം നീല നിറത്തിലുള്ള ഒരു സാരിയായിരുന്നു അവളുടെ വേഷം. വിടർത്തിയിട്ട മുടിയിലെ മുല്ലപ്പൂവും കരിയെഴുതിയ ഉണ്ടക്കണ്ണുകളും ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന കവിളുകളും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

” മ്മ്മ്ഹ് ? ”

തന്നെത്തന്നെ നോക്കി നിൽക്കുന്ന അജിത്തിനെ നോക്കി പുരികമുയർത്തി അഭിരാമി ചോദിച്ചു. അവൻ വെറുതെ ഒന്ന് കണ്ണിറുക്കിചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

” മോളേ ഇതുവരെ റെഡിയായില്ലേ ? ”
അനഘയുടെ മുറിയിലേക്ക് ചെന്നുകൊണ്ട് ഗീത ചിരിയോടെ ചോദിച്ചു.

” ഞാനെപ്പോഴേ റെഡിയായതാ അമ്മേ. അമ്മേടെ കൊച്ചുമോള് കരച്ചിലും വിളിയുമൊക്കെ കഴിഞ്ഞ് ഇപ്പൊ ദാ കുളിച്ചതേയുള്ളൂ. ”

കയ്യിലിരുന്ന കുഞ്ഞിനെ ഗീതയുടെ കയ്യിലേക്ക് കൊടുത്ത് ചിരിയോടെ അനഘ പറഞ്ഞു.

” ആണോടാ ചക്കരെ നീ വഴക്കായിരുന്നോ ? ”

കുഞ്ഞിനെ നെഞ്ചോടുചേർത്ത് പുഞ്ചിരിയോടെ ഗീത ചോദിച്ചു. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞ് അവരുടെ നെഞ്ചോടൊട്ടി .

” അയ്യോടാ ഇന്നത്തെ VIP ഇവിടെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചിരുപ്പാണോ ? ”

മുറിയിലേക്ക് കയറിവന്ന അനു കുഞ്ഞിനെ നോക്കി ചിരിയോടെ ചോദിച്ചു.

” വാടാ ചക്കരേ അപ്പച്ചി മുത്തിനെ ഒരുക്കാം ”

ഗീതയിൽ നിന്നും കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് ഇരുന്നുകൊണ്ട് അനു പറഞ്ഞു.

” വായി നോക്കി നിക്കാതെ ഇങ്ങോട്ട് വാടീ അടക്കാക്കുരുവീ…”

മുറിക്ക് പുറത്ത് എല്ലാം കണ്ട് നിന്നിരുന്ന അഭിരാമിയുടെ കയ്യിൽ പിടിച്ച് മുകളിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോൾ അജിത്ത് പറഞ്ഞു.

” എന്താ അജിത്തേട്ടാ താഴെ തിരക്കൂലേ ? ” അഭിരാമി ചോദിച്ചു.

” ഓ പിന്നേ നിന്റെ തലേൽ കൂടിയല്ലേ ശ്രീശൈലം കറങ്ങുന്നത് ഇങ്ങോട്ട് വാ പെണ്ണേ ”

അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” വിടജിത്തേട്ടാ ആരെങ്കിലും വരും ”

അവന്റെ കയ്യിൽ കിടന്ന് കുതറിക്കോണ്ട് അഭിരാമി പറഞ്ഞു.

” വന്നാൽ രക്ഷപെട്ടില്ലേ മോളേ. അടുത്ത വർഷം ഇതേ സമയത്ത് നമ്മുടെ മോൾടെ പേരിടീൽ നടത്താം ”
” അയ്യെടാ കൊള്ളാല്ലോ പൂതി ”

അവൻ പറഞ്ഞത് കേട്ട് നാണത്തോടെ അവനെ തള്ളിമാറ്റി അവൾ താഴേക്ക് പോകാൻ തിരിഞ്ഞു.

” എങ്ങോട്ടാ പെണ്ണേ ഈ ഓടുന്നത് ? ”
ചോദിച്ചതും അജിത്തവളെ കൈകളിൽ കോരിയെടുത്തു.

” കാണുന്നത് പോലല്ലല്ലോടീ തീപ്പെട്ടിക്കൊള്ളീ നല്ല വെയിറ്റ്. കീർത്തിയാണെങ്കിൽ ഈസിയായിട്ട് എടുക്കാരുന്നു ”

അജിത്തത് പറഞ്ഞതും അഭിരാമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

” മതി… എന്നെ വിട്. എന്നിട്ട് അവളെ പോയെടുക്ക്. ”

മുഖം വീർപ്പിച്ച് അവന്റെ കയ്യിൽ കിടന്ന് കൈകാലിട്ടടിച്ചുകൊണ്ട് അവൾ പറഞ്ഞു.

” എന്റെ പെണ്ണേ ഒന്നാമത് ഒടുക്കത്തെ വെയിറ്റ് അതിന്റെ കൂടെ ഈ മോന്ത കൂടി ഇങ്ങനെ വീർപ്പിച്ച് വെക്കാതെ ആ വെയിറ്റ് കൂടി ഞാൻ താങ്ങൂല ”

പൊട്ടിച്ചിരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു.

” പോടാ പട്ടീ…. ”

അവന്റെ കഴുത്തിൽ കെട്ടിപിടിച്ച് കവിളിൽ പല്ലമർത്തി പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വിളിച്ചു.

” മുഹൂർത്തമായി എല്ലാവരും വരൂ… ”

പത്തരയോടെ ഹാളിൽ നിന്നുള്ള അരവിന്ദന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് വന്നു. നിലവിളക്കിന് മുന്നിൽ വിരിച്ച പുൽപ്പായയിൽ കുഞ്ഞുമായി അജയ്യും അനഘയുമിരുന്നു. കുഞ്ഞ് നേര്യതുടുത്ത് അരി വിതറിയ താലത്തിൽ നിർത്തിയ മോളുടെ അരയിൽ അജയ് പൊന്നരഞ്ഞാണം കെട്ടുമ്പോൾ എല്ലാവരിലും നിറഞ്ഞ പുഞ്ചിരി വിരിഞ്ഞിരുന്നു.

” കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് മൂടി വലത് ചെവിയിൽ മൂന്ന് തവണ പേര് വിളിക്ക് മോനെ ”

കുഞ്ഞിനെയും മടിയിൽ വച്ചിരിക്കുന്ന അജയ്ടെ പിന്നിൽ നിന്നും വിശ്വനാഥൻ പറഞ്ഞു.

” അളകനന്ദ… അളകനന്ദ… അളകനന്ദ…”

കുഞ്ഞിനെ മടിയിൽ വച്ച് അജയ് പതിയെ ചെവിയിൽ വിളിച്ചു.

” വീട്ടിൽ വിളിക്കാനുള്ള പേര് ഞാനിടും. ”

മോളേ കയ്യിൽ വാങ്ങിക്കൊണ്ട് അനു പറഞ്ഞു.

” പൊന്നുമോളേ… ”

അവൾ പുഞ്ചിരിയോടെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ചെവിയിൽ പതിയെ വിളിച്ചു.

” നമ്മുടെ മോൾക്ക് എന്താ പേരിടുക? ”

പൊന്നുമോളേ നോക്കി ചിരിയോടെ നിന്ന അഭിരാമിയുടെ കാതോരം ചുണ്ട് ചേർത്ത് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പതിയെ അജയ് ചോദിച്ചു. അഭിരാമിയിലും നാണം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു.

ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയിത്തുടങ്ങിയിരുന്നു. ബാൽക്കണിയിൽ എന്തോ ആലോചിച്ചുകൊണ്ട് നിന്ന അനു പിന്നിൽ കാൽപെരുമാറ്റം കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കി.അവളുടെ മുഖം വിളറി വെളുത്തു.

” എനിക്കിന്ന് രണ്ടിലൊന്നറിയണം അനു. രണ്ട് വർഷമായി നീയിത് തുടങ്ങിയിട്ട് .. ”

അനുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കോണ്ട് മനു പറഞ്ഞു.

” മനുവേട്ടാ ഞാൻ….. ”

അനുവിന്റെ അധരങ്ങൾ വിറച്ചു. കണ്ണുകളിൽ നീർത്തുള്ളികൾ ഊറിക്കൂടി. അവൾ ദുപ്പട്ടയിൽ അമർത്തിപ്പിടിച്ച് തറയിൽ മിഴിയൂന്നി നിന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

Share this story