നിലാവിനായ് : PART 3

നിലാവിനായ് : PART 3

എഴുത്തുകാരി: സേഷ്മ ധനേഷ്‌

അതേ ഭാവത്തോടെ കാറ്റുപോലെ പാഞ്ഞു വന്നു അവളുടെ ചെവിയിൽ പിടിച്ചു മൃദുവായി തിരിച്ചു. “ഒന്നുപോലും വിടാതെ എല്ലാ പൈങ്കിളി സീരിയലും സിനിമകളും കാണുന്നുണ്ടല്ലേ… അതിലൊക്കെയാണല്ലോ ഇതുപോലുള്ള കഥകൾ… അതു സിനിമയും സീരിയലുകളും… ഇതു നമ്മുടെ ജീവിതമാണ് എന്റെ ദേവാ…” അവൻ പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു… പതിവില്ലാത്ത വിധം അവൾ കരചിലടക്കാൻ കഴിയാതെ ചുണ്ടുകൾ കൂട്ടി പിടിച്ചു… എങ്കിലും വിതുമ്പലും തേങ്ങലുകളും അവൾക്കു പിടിച്ചു നിർത്താനായില്ല. ജീവനും പെട്ടന്ന് വല്ലാതായി… താൻ ചെവിയിൽ പിടിച്ചത് അവൾക്കു വേദനിച്ചു കാണുമെന്നു കരുതി… “സോറി മോളെ… ഞാൻ…. പെട്ടെന്ന്” ജീവൻ ക്ഷമ പറയും മുന്നേ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെ ജീവന് മുന്നിലേക്ക് ഒന്നു കൂടി ചേർന്നു നിന്നു അവന്റെ മുഖത്തേക്ക് നോക്കി നിന്നു… മുന്പേങ്ങും കാണാത്ത വിധം. ജീവനും അവളെ നോക്കി കാണുകയായിരുന്നു…

അവൾ ഒരു വിറയലോടെ തന്റെ കൈകൾ നീട്ടി വിതുമ്പലോടെ തന്റെ വലത്തെ കൈ വെള്ള അവന്റെ കവിളിൽ ചേർത്തു തലോടി… കരചിലടക്കാൻ പാട് പെട്ടുകൊണ്ടു അവളുടെയുള്ളിൽ നിന്നും വാക്കുകൾ ഇടവിട്ടു വീണു കൊണ്ടിരുന്നു… “എന്റെ… എന്റെ അച്ഛൻ എന്നെ… എന്നെ ദേവാ എന്ന …. അച്ഛന്റെ മാത്രം… അച്ഛന്റെ മാത്രം ദേവയായിരുന്നു ഞാൻ… കുറെ വർഷങ്ങൾക്കു ശേഷാ ഞാൻ വീണ്ടും ദേവാ എന്ന വിളി കേൾക്കുന്നെ…” വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അവന്റെ നെഞ്ചിൽ ചേർന്നു നിന്നു കരഞ്ഞു… അവന്റെയുള്ളവും എരിയുന്നുണ്ടായിരുന്നു… അതിന്റെ ചൂട് കണ്ണുനീരായി അവളുടെ നെറുകയിൽ പതിച്ചു കൊണ്ടിരുന്നു… അവളെ ചേർത്തു പിടിച്ചു നെറുകയിൽ തലോടി… അവളുടെയുള്ളിലെ വേദനകൾ അവന്റെ നെഞ്ചിൽ ഒഴുക്കി കളയുന്നവരെ അവൻ അവളെ കേൾക്കാൻ കാത്തു നിന്നു… ഒരു കൈ കൊണ്ടു ചേർത്തു പിടിച്ചു മറു കൈ കൊണ്ടു അവളെ തലോടി കൊണ്ടിരുന്നു….

സങ്കടമൊന്നു അഴഞ്ഞുവെന്നു തോന്നിയ നിമിഷം അവളുടെ താടി തുമ്പിൽ മുഖമുയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു… “അച്ഛന്റെ മാത്രമല്ല… ഈ ഏട്ടന്റെ കൂടി ദേവായാണ്…. എന്റെ ചുണകുട്ടി”.. ആ സങ്കടത്തിലും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. “ദേവാ കഴിഞ്ഞ മൂന്നു വർഷമായി ലക്ഷ്മി ഗ്രൂപ്‌സ് എന്റെ നിയന്ത്രണത്തിലാണ്. ഞാൻ ചുമതല ഏറ്റെടുത്തിട്ട് ഓരോ വർഷം കഴിയും തോറും പ്രോഫിറ്റ് കൂട്ടിയിട്ടേയുള്ളൂ. കഴിഞ്ഞ ആറു മാസമായി അദ്ദേഹം… മാധവ് മേനോൻ … ശരിക്കും ഓഫീസിൽ വരാറു പോലുമില്ല. ഞാൻ കാണിച്ചു കൊടുക്കുന്ന ഫയലുകളിൽ വായിച്ചു കൂടി നോക്കാതെ ഒപ്പിട്ടു തരുന്നതാണ്. എനിക്ക് അവരോടു എന്തെങ്കിലും തരത്തിൽ പ്രതികാരം ചെയ്യണമെങ്കിൽ എത്രയോ വഴികളുണ്ട്. ഇത്രയും കാത്തിരിക്കേണ്ടതിന്റെയോ അല്ലെങ്കി നിന്നെ കൂട്ടു വിളിക്കേണ്ടതിന്റെയോ ആവശ്യമില്ല… എളുപ്പത്തിൽ ബിസിനസ്സ് തകർക്കണമെങ്കിൽ ചെയ്യാൻ കഴിയും…

എന്തിനു വേണ്ടിയാ ദേവാ… അങ്ങനെ എന്തെങ്കിലും ചെയ്ത എനിക്ക് കിട്ടതെ പോയ സ്നേഹവും എനിക്ക് നഷ്ടമായ നല്ല ദിവസങ്ങളും തിരികെ കിട്ടുമോ… ഒരിക്കലുമില്ല… അവർക്കെ ഞാൻ ആരുമല്ലതുള്ളു… എന്റെ എല്ലാം അവരാണ്… എനിക്ക് സ്നേഹിക്കാനും അവർ മാത്രമേയുള്ളൂ… അവരെ ആരെയും സങ്കടകടലിൽ ആഴ്ത്തിയിട്ട് എനിക്ക് ഒന്നും നേടിയെടുക്കാനില്ല കുട്ടി. പിന്നെ ഗൗതം വരും… നീയും അറിഞ്ഞു കാണുമല്ലോ. അവൻ സിനിമ ഉപേക്ഷിച്ചു വരുന്നത് അവന്റെ അച്ഛന് വേണ്ടിയാണ്. അവൻ വന്നാൽ എത്രയും വേഗം ലക്ഷ്മി ഗ്രൂപ്‌സ് ചാർജ് അവൻ ഏറ്റെടുക്കും… അദ്ദേഹത്തിന് എന്റെ മേലെ ഒരു വിശ്വാസമുണ്ട്… ആ വിശ്വാസം എന്റെ മരണം വരെ ഞാൻ കാത്തുസൂക്ഷിക്കും. കുറച്ചു നാളുകൾ അവന്റെ കൂടെ തന്നെ നിൽക്കണം… ബിസിനെസ്സിനെ കുറിച്ചു വലിയ ധാരണകൾ ഒന്നുമില്ല അവനു…

അതു കഴിഞ്ഞു… അതു കഴിഞ്ഞു എന്തു വേണമെന്ന ഒരു കണക്കു കൂട്ടലുകൾ ഉണ്ട് മനസിൽ… അപ്പോഴാ അവളുടെ ഒരു പ്രതികാരം… എന്റെ ദേവാ നിങ്ങൾ പെണ്കുട്ടികള്ക്ക് മാത്രമേ ഇങ്ങനെ വളഞ്ഞ വഴിയിൽ കൂടി കാര്യങ്ങൾ ചിന്തിക്കൂ” അവസാന വാചകം തൊഴു കയ്യോടെ അവളുടെ മുൻപിൽ നിന്നു പറഞ്ഞപ്പോൾ അവൾക്കു ചിരി പൊട്ടി പോയി. “കുറച്ചു നാളുകളായി ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ട്. മാധവ് മേനോൻ അദ്ദേഹത്തിന് നിന്നെ വലിയ കാര്യമാണല്ലോ… ഞാൻ മിണ്ടാൻ വരുമ്പോളൊക്കെ നീ മുഖം കോട്ടിപോകുന്നതാണ് പതിവ്… അതു കാണാനും ഒരു ചേലായിരുന്നു” താൻ ഇതുവരെ തിരിഞ്ഞു നോക്കാത്ത പരിഭവം വിഷമിപ്പിക്കാതെ ചെറു വാക്കുകളിൽ പറയാതെ പറയുകയാണ് ജീവൻ എന്നു അവൾക്കു മനസിലായി. “നിങ്ങളൊക്കെ വലിയ വലിയ ആളുകൾ അല്ലെ…

അടുത്തു പെരുമാറാൻ ശ്രമിക്കുന്നത് എന്തിനു വേണ്ടിയായിരിക്കുമെന്നു ഈ പ്രായത്തിലുള്ള ഒരു പെണ്കുട്ടിക്ക് എങ്ങനെ മനസിലാകും. എന്നെ സൂക്ഷിക്കാൻ ഞാൻ മാത്രമേയുള്ളൂ… ആ തിരിച്ചറിവിൽ ആരെയും വിശ്വാസമുണ്ടാകില്ലലോ… പിന്നെ മാധവ് മേനോൻ അവർകൾക്കു എന്നോട് വലിയ സ്നേഹമാണ്… ” അവളുടെ വാക്കുകളിൽ പുച്ഛമാണോ പരിഹാസമാണോ അല്ലെങ്കി ഒരുതരം നിർവികാരതയാണോ… എന്താണെന്ന് വേര്തിരിച്ചെടുക്കാൻ അവനായില്ല. “ആ സ്നേഹം എന്തിന്റെ പേരിലാണെന്നും എനിക്ക് നല്ല ബോധ്യമുണ്ട്… “അവളൊന്നു ദീര്ഘശ്വാസമെടുത്തു വിട്ടു അവനെ നോക്കി പുഞ്ചിരിച്ചു… “വഴിയേ ഞാൻ പറയാം” “അപ്പൊ അടുത്ത ആഴ്ചയാണ് ഇന്റർവ്യൂ. എന്തായാലും നീ വരണം.

നല്ല കാലിബെർ ഉണ്ട് നിനക്കു. അതിവിടെ എല്ലാവർക്കും ഭക്ഷണം വെച്ചു വിളമ്പിയും അവരെ സ്നേഹിച്ചും മാത്രം ഒതുക്കി കളായനുള്ളതല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജോലി അല്ലെങ്കി ഒരു സമ്പാദ്യം അത്യാവശ്യമാണ് പെണ്കുട്ടിക്ക്…” അത്രയും പറയുമ്പോഴേക്കും ഗൗരവത്തിലുള്ള ഒരു ജീവനെ കണ്ടു ദേവ്നി. എത്ര പെട്ടന്നാണ് കാര്യത്തോട് അടുത്തപ്പോൾ അവന്റെ ഭാവം മാറിയതെന്നു അവളോർത്തു. “അതല്ല ഏട്ടാ… എന്റെ റിസൾട്ട് വന്നില്ലലോ…” അവളുടെ ഏട്ടൻ എന്ന വിളിയിൽ അവന്റെ മുഖത്തും കണ്ണിലും വാത്സല്യം നിറഞ്ഞു നിന്നു… തന്റെ സമ്മതം ചോദിക്കാതെ തന്നെ ഏട്ടൻ എന്ന അധികാരത്തോടെയുള്ള വിളി… “അതു കാര്യമാക്കണ്ട… ഫ്രഷേഴ്‌സ് വേണമെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു അതും MBA തന്നെ വേണമെന്ന്…”

അവൾ ചിരിയോടെ തന്റെ സമ്മതമറിയിച്ചു. “വിവരങ്ങൾ ഞാൻ അറിയിച്ചോളാം… പിന്നെ നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ വരും” “വരണം.” അവരുടെ കണ്ണുകൾ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പതിവില്ലാത്ത വിധം അവന്റെ മനസിൽ ശാന്തത അനുഭവിച്ചിരുന്നു. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു കൊണ്ടിരുന്നു. ദേവ്നിയെ ഇന്റർവ്യൂ ചെയ്തത് മാധവ് മേനോനും ജീവനും പിന്നെ ഓഫീസിൽ തന്നെയുള്ള മാനേജർ ഒരു ജോസഫ് കൂടിയായിരുന്നു. ഇന്റർവ്യൂ ബോര്ഡിന് അവളുടെ പ്രോജക്ട് ആൻഡ് പെർഫോമൻസ് വളരെയധികം ഇഷ്ടപ്പെട്ടു… പ്രത്യേകിച്ചു ജോസഫിന്. ജോസഫ് ആയിരുന്നു അവളെ എന്തായാലും സെലക്ട് ചെയ്യണമെന്ന നിലപാട് എടുത്തത്. ഇന്റർവ്യൂ ബോർഡിൽ ഇരുന്നപ്പോൾ ജീവനോ മാധവ് മേനോനോ ഒരു പരിചയ ഭാവം പോലും കാണിച്ചില്ല.

പെട്ടന്ന് അവൾക്ക് അത്ഭുതം തോന്നിയെങ്കിലും അടുത്ത നിമിഷം തന്നെ അവൾക്ക് കാരണം മനസിലായി. ബിസിനസ്സ് ജോലി വേറെ ബന്ധങ്ങൾ വേറെ. എങ്കിൽ മാത്രമേ ഏത് കാര്യത്തിലും വിജയിക്കാൻ കഴിയൂ എന്നവൾക്ക് മനസിലായി. മുഖം നോക്കാതെയുള്ള ജോലി. അവൾക്കും ആത്മവിശ്വാസം കൂടുകയാണ് ചെയ്തത്. തന്റെ സ്വന്തം കഴിവിൽ തന്നെ ഒരു ജോലി സമ്പാദിച്ചിരിക്കുന്നു. വളരെയധികം സന്തോഷവതിയായിരുന്നു അവൾ. പതിവ് ഭക്ഷണവും കഴിഞ്ഞു കുടിക്കുവാനുള്ള വെള്ളവും കയ്യിൽ കരുതി മുകളിലേക്ക് പോകാൻ ഒരുങ്ങവെ പുറത്തു ഒരു കാറിന്റെ ശബ്ദം വലിയൊരു ഇരമ്പലോടെ നിൽക്കുന്നത് കേട്ടു. ജീവൻ തിരിഞ്ഞു നോക്കിയപ്പോൾ മാധവ് മേനോനും സുഭദ്രയും ഗായുവും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്.

ജീവൻ തന്നെ മുന്നിലെ വാതിൽ തുറക്കാൻ ആഞ്ഞപ്പോൾ അവനെ തട്ടിമാറ്റി ഗായു ഓടി… “മാറി നിൽക്ക് അങ്ങോട്ട്… ഏട്ടനാ വരുന്നേ” പോകുന്ന വഴിയേ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു… ഇന്ന് അവളുടെ വായിൽ നിന്നും ഒന്നും കേട്ടില്ലലോ എന്നൊരു സങ്കടം മാറിയെന്നവൻ ഓർത്തു… ഗായു ഓടി മുന്നിലെ വാതിൽ തുറന്നതും “ഠോ” … നോക്കുമ്പോൾ നിറയെ ഗ്ലിറ്റേഴ്‌സ് അവളുടെ തലയിൽ കൂടി വീണു… വാതിൽ തുറക്കുന്നത് അവളാകുമെന്നു ഉറപ്പുള്ളത് കൊണ്ടു ഗൗതം ഒരു ബലൂണിൽ ഗ്ലിറ്റേഴ്‌സ് ഇട്ടു അവളുടെ തലക്ക് മീതെ പൊട്ടിച്ചതാണ്… “ഏട്ടാ… കഷ്ടമുണ്ട്ട്ടോ” “ഏട്ടന്റെ വായാടി തന്നെ വാതിൽ തുറക്കുമെന്ന് ഉറപ്പായിരുന്നു” അവളെ എടുത്തു വട്ടം കറക്കുന്നതിനിടയിൽ ഗൗതം ഉയർന്ന ചിരിയോടെ പറഞ്ഞു. അവിടെ മുഴുവൻ ഗായുവിന്റെയും ഗൗതമിന്റെയും കളിചിരികൾ മാത്രം മുഴങ്ങി കേട്ടു കൊണ്ടിരുന്നു…

അപ്പോഴാണ് അവൾ മുറ്റത്തു കിടക്കുന്ന കാർ കാണുന്നത്. “വൗ… ഇതു ജാക്വർ ഫ്‌ പേസ് അല്ലെ… ന്യൂ” “അതേലോ… ഇതു കിട്ടാൻ കുറച്ചു നേരം വൈകി. അതുകൊണ്ടല്ലേ ഇങ്ങോട്ടുള്ള വരവും വൈകിയത്. അല്ലെങ്കി ഏട്ടൻ നേരത്തെ എത്തിയേനെ… അച്ഛനും അമ്മയുമൊക്കെ എന്തേ” അവൻ അവളെയും പൊക്കിയെടുത്തു അകത്തേക്ക് നടന്നു… ജീവന്റെ മുന്നിലൂടെയാണ് ഗൗതം കടന്നു പോയത്… ജീവന്റെ അടുത്തെത്തിയപ്പോൾ അവൻ ഒരു നോട്ടം കൊടുത്തു…”congratulations” ജീവൻ ചിരിയോടെ പറഞ്ഞു… തിരിച്ചൊരു മറുപടി പ്രതീക്ഷിക്കാതെ. പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ടു ജീവന്റെ മുൻപിൽ ചിരിയോടെ നിന്നു ഗൗതം അവനു നേരെ കൈകൾ നീട്ടി… ജീവന് അതൊരു പുതിയ അനുഭവമായിരുന്നു… ചെറിയ ഒരു ആകാംക്ഷയോടെ തന്നെ ജീവന്റെ കൈകൾ ഗൗതമിനു നേരെ നീണ്ടു…

ഗൗതം ചിരിച്ചുകൊണ്ട് അവന്റെ കൈകൾ മുറുകെ പിടിച്ചു കുലുക്കി… ഒരു കണ്ണിറുക്കി ചിരിച്ചു… ജീവൻ അത്ഭുതം മാറാതെ നിന്നു പോയി. ഒരു നോട്ടം കൊണ്ടു പോലും ഇങ്ങനെയൊരു ജീവിതത്തെ പരിഗണിക്കാത്ത വ്യക്തിയാണല്ലോ എന്നവൻ ഓർത്തു… ജീവൻ അവരുടെ ലോകത്തെ പുറത്തു നിന്നു വരുന്ന ഒരു അപരിചിതനെ പോലെ നോക്കി കണ്ടു. ഗൗതം ഹാളിലേക്ക് പ്രവേശിച്ചപ്പോഴേക്കും മേനോനും സുഭദ്രയും കൈ കഴുകി വന്നിരുന്നു. ഗൗതം മേനോന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി. അവനെ പിടിച്ചെഴുനേല്പിച്ച മേനോനെ ഗാഢമായി പുണർന്നു നിന്നു… കുറച്ചു നിമിഷങ്ങൾ… ചില സമയങ്ങളിൽ വേദന കൊണ്ടു മാത്രമല്ല സന്തോഷം കൊണ്ടും വാക്കുകൾ തൊണ്ടയിൽ കുടുങ്ങി പോകുമല്ലോ ആ അവസ്ഥയിലായിരുന്നു മേനോനും ഗൗതവും…

അവൻ അച്ഛന്റെ നെഞ്ചിൽ നിന്നും അടുത്തു നിറ മിഴികളോടെ നിൽക്കുന്ന അമ്മയുടെ നെഞ്ചിലേക്ക് വീണു… സുഭദ്ര അവനെ ഗാഢമായി പുണർന്നു… മുഖം കൈകളിലെടുത്തു തെരു തെരെ ചുംബിച്ചു… ഉള്ളിൽ ചങ്ക് പിടഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വരാതെ ജീവൻ ഈ കാഴ്ചകൾ തന്റെ കണ്ണുകൾ കൊണ്ടു ഹൃദയത്തിലേക്ക് ആവഹിക്കുകയായിരുന്നു. എങ്ങനെ തനിക്ക് ചിരിച്ചു നിൽക്കാൻ കഴിഞ്ഞുവെന്ന് ജീവന് അതിശയമയിരുന്നു. “ഞാൻ ഇങ്ങു വന്നില്ലേ എന്റെ സുഭദ്ര കുട്ടി… ഇനി എന്തിനാ സങ്കടം… ഇനി ഞാൻ എങ്ങും പോകില്ല… ഇവിടെ തന്നെയുണ്ടാകും. അമ്മയുടെ എല്ലാ പരാതികളും തീർത്തുകൊണ്ടു” സുഭദ്രയെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ അവൻ പറഞ്ഞു… “ഇനി നമ്മൾ പൊളിച്ചടുക്കുമല്ലോ”

മേനോന്റെയും സുഭദ്രയുടെയും നടുവിൽ നിന്നു രണ്ടു കൈകൾ വിടർത്തി അവരെ ചേർത്തു പിടിച്ചു കൊണ്ട് ഗൗതം ചിരിയോടെ പറഞ്ഞു… “ഏട്ടാ… ഞാനും” ഗായുവും ഓടി അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിന്നു” അവിടെ നാലു പേരുടെയും കൂട്ടച്ചിരി മുഴങ്ങി കേട്ടിരുന്നു… ഒരാളുടെ മൗനമായ അലറി കരച്ചിൽ നാലുപേരിൽ ആരും തന്നെ കണ്ടില്ല… ജീവൻ അലസമായി മുറിയിലേക്ക് കടന്നു… പതിവ് കാഴ്ചകളാണ്… എങ്കിലും വീണ്ടും വീണ്ടും കാണുമ്പോൾ… അവൻ പരമാവധി സ്വയം സമാധാനിക്കാൻ ശ്രമിച്ചു… അല്ലെങ്കിലും നമുക്ക് മറ്റുള്ളവരിൽ നിന്നും വിഷമം അധികരിക്കുമ്പോൾ അവഗണന കൂടുമ്പോൾ എല്ലാം സ്വയം സമാധാനിക്കുക… നമുക്ക്‌ നമ്മളെ സമാധാനിപ്പിക്കുന്നത് പോലെ വേറെ ആർക്കും കഴിയില്ല…

അപ്പോൾ കിട്ടുന്ന ഊർജം മതി പിന്നീട് അവഗണിക്കുന്നവരുടെ മുന്നിൽ ചിരിച്ചു നിൽക്കാൻ… ജീവന്റെ മുഖത്തും ഒരു ചിരി വിടർന്നു… ദേവ്നിക്ക് ഇന്നാണ് കമ്പനിയിൽ ഒഫീഷ്യൽ ആയി ജോയിൻ ചെയ്യേണ്ട ദിവസം. കഴിഞ്ഞ ഒരാഴ്ചയായി ട്രെയിനിങ് പീരിയഡ് ആയിരുന്നു. ജീവേട്ടനും മാധവ് മേനോനും കാണുന്ന പോലെ അല്ലയെന്നു അവൾക്കു ആദ്യ ദിവസം കൊണ്ടു തന്നെ മനസിലായി. ആലുവാ മണപ്പുറത്ത് വച്ചു കണ്ട പരിചയ ഭാവം കാണിച്ചില്ല എന്നു മാത്രമല്ല ജോലിയിൽ ഭയങ്കര കൃത്യനിഷ്ഠ. തന്റെ പഴയ പടി ഉഴപ്പൊന്നും അവിടെ നടക്കില്ല. തന്നെ സ്ഫുടം ചെയ്തെടുക്കുവാനുള്ള നീണ്ട പരിശ്രമത്തിലാണ് ജീവൻ. ആദ്യ ദിവസം ആയതു കൊണ്ട് തന്നെ അമ്പലത്തിൽ കയറി തൊഴുതു പോകാമെന്ന് അവൾ കരുതി.

കുറച്ചു നേരത്തെ ഇറങ്ങി. നല്ല മഴയുണ്ടായിരുന്നു. ജോലിക്ക് പോകും മുന്നേ ജീവൻ കുറച്ചു ജോടി ഡ്രസ് എടുത്തു കൊടുത്തിരുന്നു… അതിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വൈറ്റ് ബ്ലൂ കോമ്പിനേഷൻ ഉള്ള ഒരു കോട്ടൻ ചുരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്. മുടിയഴിച്ചു രണ്ടു ഭാഗത്തു നിന്നും കുറച്ചെടുത്തു ക്രാബ് വച്ചിരുന്നു. നിതംബം മറഞ്ഞു മുടിയുണ്ടായിരുന്നു അവൾക്കു… നല്ല കറുത്ത ഇടതൂർന്ന മുടി…. തലേന്നു രാത്രി നല്ല മഴയായിരുന്നു… അതിന്റെ അവശേഷിപ്പ് ആയി റോഡിലെ കുണ്ടും കുഴിയും വെള്ളം വന്നു മൂടിയിരുന്നു… ഒരു കയ്യിൽ ബാഗും മറു കയ്യിൽ കുടയും… അതിനിടയിൽ ഷാൾ ഒതുക്കി പിടിച്ചുമൊക്കെ ഒരു കണക്കിനാണ് കുണ്ടും കുഴിയും താണ്ടി നടന്നത്…. പതുക്കെ വെള്ളം നീന്തി നടക്കുന്നതിനിടയിലാണ് പുറകിൽ ഒരു കാറിന്റെ ഹോണടി കേട്ടു… എന്തു കാര്യം എങ്ങനെ മാറി പോകും പതുക്കെ പതുക്കെ നീന്താൻ അല്ലാതെ വേറെ വഴിയില്ല. ഒതുങ്ങി നിൽക്കാൻ കഴിയില്ല…

ദേവ്നിയുടെ അപ്പുറത്തെ സൈഡിലും വേറെ ടൂ വീലർ പോകുന്നുണ്ടായിരുന്നു… അയാളും പതുക്കെയായിരുന്നു പോയിരുന്നത്… “റോഡിന്റെ നടുവിൽ കൂടിയാണോ നടക്കുന്നത്… ഇവൾക്കൊന്നു മാറി നടന്നൂടെ” ഗൗതം ക്ഷമ കെട്ടു കാറിൽ ഇരുന്നു പറഞ്ഞു കൊണ്ടിരുന്നു… പുതിയ കാർ പൂജിക്കാൻ കൊണ്ടു വന്നതായിരുന്നു ഗൗതം കൂടെ ഗായത്രിയും… ഒടുവിൽ ഒരു കണക്കിന് ദേവ്നി കുറച്ചു വേഗത്തിൽ മുന്നിലേക്ക് നടന്നു റോഡിന്റെ ഒരു ഒഴിഞ്ഞ ഭാഗത്തു നിന്നു തന്റെ കയ്യിൽ ഊരി പിടിച്ചിരുന്ന ചെരിപ്പ് താഴെകിട്ടു… വെള്ളം നീന്താൻ തുടങ്ങിയപ്പോ ഊരി പിടിച്ചതാണ്. ചെരുപ്പിന്റെ കാലാവധി കഴിഞ്ഞു കുറച്ചായി… ഇനി ഈ വെള്ളത്തിൽ കൂടി നീന്തിയാൽ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ…

അപ്പോഴാണ് തന്റെ പുറകിൽ വരുന്ന കറുത്ത ന്യൂ രജിസ്ട്രേഷന് കാർ അവൾ കാണുന്നത്… അതിൽ ഇരുന്ന പെണ്കുട്ടി തന്നെ ദേഷ്യത്തിൽ നോക്കിയിരിക്കുന്നത് അവൾ കണ്ടു… കാർ കണ്ടതും അവൾ ഒന്നുകൂടി ഒതുങ്ങി നിന്നു കൊടുത്തു… അവളുടെ മുന്നിൽ ഉണ്ടായിരുന്ന ചെളി ശക്തിയായി അവളുടെ മേലേക്ക് തെറിപ്പിച്ചു കൊണ്ടു ദേവ്നിയെ കടന്നു ആ കറുത്ത വാഹനം മുന്നോട്ടു പോയി. ഒരു വിജയീ ഭാവത്തിൽ കാറിനു വെളിയിൽ തലയിട്ടു കൊണ്ടു ദേവ്നിയുടെ നേർക്ക് ചിരിക്കുന്ന പെണ്കുട്ടിയുടെ മുഖം അവൾ വ്യക്തമായി കണ്ടു… “ഗായു… നിന്റെ കുസൃതി കുറച്ചു കൂടുന്നുണ്ട് പെണ്ണെ… നീ നിർബന്ധിച്ചു പറഞ്ഞ കാരണമാണ്… ആ കുട്ടിക്ക് മഴയത്തു പോകാൻ പറ്റാതിരുന്നതല്ലേ… മനഃപൂർവ്വമാകില്ല… ചെയ്തത് കുറച്ചു കൂടി പോയി” “അതു വിട് ചേട്ടാ… ഇതും ഒരു രസമാ” അവർ അമ്പലത്തിലേക്ക് കാർ വിട്ടു. അവിടെയിറങ്ങി പ്രാർത്ഥിച്ചു വഴിപാട് കഴിച്ചു.

സ്വന്തം നാടയത് കൊണ്ടു അവൻ അവരിൽ ഒരാളായിരുന്നു… ഒരു സിനിമ നടൻ എന്നതിലുപരി ആ നാട്ടിലെ കുട്ടി… നെഞ്ചു വിരിച്ചു ഗംഭീര്യത്തോടെ നടക്കുന്ന ഗൗതമിന്റെ കയ്യിൽ തൂങ്ങി ഗായുവും തെല്ലൊരു അഹങ്കാരത്തോടെ നടന്നു. ഷർട്ട് പാതിയഴിച്ച അവന്റെ സ്വർണ്ണ നിറമാർന്ന നെഞ്ചിൽ രുദ്രാക്ഷം കെട്ടിയ മാലയും മാലയുടെ കൊളുത്തിൽ ഒരു ഗരുഡന്റെ മുഖത്തോടെയുള്ള ലോക്കേറ്റും… ആ ഗരുഡൻ അവന്റെ നെഞ്ചിൽ ആടി കളിച്ചു അവന്റെ നടത്തത്തിനു അനുസരിച്ചു. വലം വച്ചു തൊഴുതിറങ്ങിയ അവൻ നോക്കുമ്പോൾ കാണുന്നത് തന്റെ കാറിൽ ചാരി നിൽക്കുന്ന ആ പെണ്കുട്ടിയെ ആയിരുന്നു… വെള്ള ചുരിദാർ ആയിരുന്നു… പകുതിയിലേറെ ചെളി കാണാനുണ്ട്.. ഇവൾ ഇനി ആളെ കൂട്ടുമോ എന്തോ… പക്ഷെ അവളുടെ നിൽപ് കണ്ടിട്ടു ദേഷ്യമോ അല്ലെങ്കി നിസ്സംഗതയോ ഒന്നും തോന്നിയില്ല. ദേവ്നിയെ കണ്ടതും ഗായു ഗൗതത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു…

ഗൗതവും ഗായുവും നടന്നു വരുന്നത് കണ്ട ദേവ്നി അവർക്കായി ചുണ്ടിൽ ഒരു പുഞ്ചിരി കരുതി… ഗൗതത്തിന്റെ കണ്ണുകൾ പുഞ്ചിരിച്ചപ്പോൾ വിടർന്ന അവളുടെ നുണ കുഴി കവിളിലേക്കു ആദ്യം തെന്നി നീങ്ങി… പിന്നീട് കണ്ണുകളിലെ തിളക്കത്തിൽ… കുറച്ചു അകലെ നിന്നിട്ട് പോലും ആ വെളുത്ത കഴുത്തിൽ കാണുന്ന കറുത്ത മറുകിലേക്കു…. അവളെ നോക്കി കൊണ്ട് തന്നെ അവൻ കാറിനടുത്തേക്കെത്തി. “എന്താ..” ഒന്നുമറിയാത്ത ഭാവത്തിൽ അവന്റെ ചോദ്യമെത്തി. “ഇതു നിങ്ങളുടെ കാർ ആണോ… എങ്കിൽ ഈ കാർ ഓടിച്ചിരുന്ന വ്യക്തി ചെയ്ത പണിയാണ് ഈ കാണുന്നത്… എനിക്ക് ഇതിനൊരു പരിഹാരം കാണണം.. അത്രയേ ഉള്ളു” വളരെ മയത്തിൽ ഒരു ചിരിയോടെ ദേവ്നി തന്റെ ഉദ്ദേശം അറിയിച്ചു. “മഴയാകുമ്പോൾ റോഡിൽ കുണ്ടും കുഴിയും കാണും… ശ്രെദ്ധിച്ചു നോക്കിയും കണ്ടും നടന്നില്ലെങ്കി ഇതുപോലെയൊക്കെ ഉണ്ടാകും… ഞങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും.

ഇത്രയും വില കൂടിയ ഈ കാർ ഈ റോഡിൽ ഓടിക്കാൻ പെടുന്ന പാട് ഞങ്ങൾക്കെ അറിയൂ” മറുപടി പറഞ്ഞത് ഗായത്രി ആയിരുന്നു. വാക്കുകളിൽ തന്നെ നിറഞ്ഞു നിന്നിരുന്നു അഹങ്കാരം. ഗൗതം ഒന്നും മിണ്ടാതെ അവരുടെ സംഭാഷണവും ദേവ്നിയുടെ ഭാവവും നോക്കി കാണുകയായിരുന്നു. “ഈ കാർ അല്ല ഇതിലും വില കൂടിയ കാർ വാങ്ങിയാലും നമ്മുടെ ഈ റോഡിലൂടെ തന്നെ ഇങ്ങനെയൊക്കെയെ പോകാൻ പറ്റു… നോക്കിയും കണ്ടും വണ്ടി ഓടിക്കാൻ കഴിയില്ലെങ്കി നീ ഒരു ഫ്ലൈറ്റ് വാങ്ങിയിട്. വഴിയിൽ കൂടി പോകുന്ന ആൾക്കാരുടെ നെഞ്ചത്തു അല്ല നിങ്ങളുടെ കാശിന്റെ വലിപ്പം കാണിക്കേണ്ടത്” ദേവ്നിയുടെ ശാന്തമായ മുഖത്തും ഗൗരവം നിറഞ്ഞ വാക്കുകൾ വരുന്നത് ഗൗതം അതിശയത്തോടെ നോക്കി. “കുട്ടി ഒരു വാക്ക് തർക്കം വേണ്ട… എന്താ വേണ്ടത്”

“എനിക്ക് ഈ ചുരിദാറിന്റെ പൈസ കിട്ടണം. പുതിയതാണ്” “അങ്ങനെ പറയു… ചേട്ടൻ ആരാണെന്നു അറിഞ്ഞു കൊണ്ട് വന്നതാ… അധികം പൈസ വാങ്ങി പോകാൻ… പൈസ അടിച്ചു മാറ്റാനും കണ്ട ഒരു വഴിയേ” ഗായത്രിയുടെ വാക്കുകൾ അത്രയും പുച്ഛം നിറഞ്ഞു തുളുമ്പി നിന്നു. “കഷ്ടപ്പാട് അറിഞ്ഞു വളരാത്ത… അധ്വാനിച്ചു ഒരു രൂപ പോലും ഇതുവരെ ഉണ്ടാക്കാത്ത… സ്വപ്നം കാണും മുന്നേ നിന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ മത്സരിക്കുന്ന വീട്ടുകാരുള്ള കാശുള്ള വീട്ടിലെ കുട്ടിയായ നിനക്ക് പറഞ്ഞ മനസിലാകില്ല ഇതിന്റെ വില… ഞാൻ ഇപ്പൊ ഇട്ടിരിക്കുന്ന ഈ ഡ്രെസ്സിന്റെ വില… പിന്നെ നിന്റെ ചേട്ടൻ ആരാ… സാധാരണ ഒരു മനുഷ്യൻ അതിനും അപ്പുറം സമൂഹത്തിൽ കുറച്ചു മാന്യതയുള്ള വ്യക്തി… അല്ലാതെ അന്യഗ്രഹ ജീവിയൊന്നുമല്ലലോ” പോരുകോഴിയെ പോലെ കണ്ണുകൾ കുറുക്കിയുള്ള ദേവ്നിയുടെ നോട്ടവും ഭാവവും കണ്ടു ഗായുവിന് ദേഷ്യം കയറി…

അവൾ വേഗം തന്നെ ഗൗതമിന്റെ പോക്കറ്റിൽ നിന്നും രണ്ടായിരത്തിന്റെ രണ്ടു നോട്ടുകൾ എടുത്തു ദേവ്നിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു… ദേവ്നി പെട്ടന്ന് തന്റെ ഇരു കണ്ണുകളും മുറുക്കിയടച്ചു തുറന്നു… അവൾ പെട്ടന്ന് മുന്നോട്ട് നിന്നു ഗൗതത്തിന്റെ കൈകളിൽ കരുതിയിരുന്ന കാറിന്റെ താക്കോൽ കരസ്ഥമാക്കി… നിങ്ങൾ മുന്നോട്ട് ഇവിടെ നിന്നും പോകണമെങ്കിൽ നീ വലിച്ചെറിഞ്ഞ പൈസ എടുത്തു തന്നിട്ട് പോ… അല്ലാതെ നിങ്ങൾ പോകില്ല… ആ സമയം ദേവ്നിയുടെ ശബ്ദം വല്ലാതെ കൂടിയിരുന്നു. ഗൗതം ഒന്നു ചുറ്റും നോക്കി… ആളുകൾ ശ്രെദ്ധിക്കാൻ തുടങ്ങിയെന്ന് അവിടെ കൂടിയിരുന്ന ചിലരുടെ കണ്ണുകൾ അവർക്ക് നേരെ നീണ്ടപ്പോൾ അവനു മനസിലായി. അവനു എങ്ങനെയെങ്കിലും അവിടെ നിന്നും പോയാൽ മതിയെന്നായി… “പെണ്കുട്ടികളായൽ ഇത്രക്കും അഹങ്കാരം പാടില്ല”

ദേവ്നിയെ നോക്കി അവൻ മുറു മുറുത്തു. “ഇവിടെയിപ്പോ കാശില്ലാത്തവന്റെ നേരെ കാശുള്ളവന്റെ അഹങ്കാരം കാണിച്ചത് ആരാണെന്നു കണ്മുന്നിൽ കണ്ടിട്ടും മനസിലായില്ലേ തനിക്ക്” ദേവ്നിയും വിട്ടുകൊടുക്കാൻ പോയില്ല. അതു കൂടി കേട്ടതോടെ ഗൗതം ഗായുവിന്റെ നേരെ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഗായു ശരിക്കും പേടിച്ചു. അവൾ വേഗം താഴെക്കിട്ട പൈസ കയ്യിലെടുത്തു അവളുടെ കൈകളിൽ വച്ചു കൊടുത്തു. ഗൗതം ദേവ്നിയുടെ കയ്യിൽ നിന്നും കാർ കീ പിടിച്ചു വലിച്ചു വാങ്ങി. കാറിലേക്ക് തിരികെ കയറാൻ പോയ അവരെ ദേവ്നി വീണ്ടും വിളിച്ചു. “അതേ ഒന്നു നിന്നെ… ഞാൻ നിങ്ങളോടു ഭിക്ഷയല്ല ചോദിച്ചത്… ന്യായമായ പൈസയാണ്…” ഇനിയെന്ത് എന്ന അർഥത്തിൽ ഗൗതം വീണ്ടും സംശയിച്ചു നിന്നു…

“ഈ ചുരിദാർ മെറ്റീരിയൽ വില 800 അതു തുന്നാൻ വേണ്ട പൈസ 350 ആകെ മൊത്തം 1150 രൂപ… എനിക്ക് വേണ്ടത് അത്രയും രൂപയാണ്” അവൾക്ക് കൊടുത്ത പൈസ തിരികെ കൊടുത്തുകൊണ്ട് അവൾ വീണ്ടും പറഞ്ഞു…”എന്റെ കയ്യിൽ ചില്ലറ ഇല്ല” ഗൗതമിനു ദേഷ്യം പെരുംകാല് മുതൽ അങ്ങു ഉച്ചി വരെ അരിച്ചു കയറി. അവൻ ദേഷ്യത്തിൽ പോക്കറ്റ് തപ്പി ദേവ്നി പറഞ്ഞ പൈസ എടുത്തു കൊടുത്തു. എന്നിട്ട് ദേഷ്യത്തിൽ കാറിന്റെ ഡോർ തുറന്നു വലിച്ചടച്ചു… എങ്കിലും “താങ്ക്സ്” എന്നുള്ള ദേവ്നിയുടെ ശബ്ദം ഒരു മിന്നായം പോലെ അവൻ കേട്ടു. ദേവ്നി അമ്പലത്തിൽ പോകാൻ നേരത്തെ ഇറങ്ങിയത് ഒരു കണക്കിന് നന്നായി. തിരിച്ചു തണൽ വീട്ടിൽ ചെന്നു വേറെ ചുരിദാർ എടുത്തിട്ടാണ് അവൾ ഓഫീസിലേക്ക് പോയത്. എങ്കിലും കൃത്യസമയത്തു തന്നെ എത്തി. അവൾ നേരെ ചെന്നതും ഓഫീസിലെ സ്റ്റാഫ് സ്വാതി അവളെ കൂട്ടി ജീവന്റെ ക്യാബിന് മുന്നിൽ നിന്നു.

“താൻ വന്നാലുടൻ ജീവൻ സാറിനെ കാണണമെന്ന് പറഞ്ഞിരുന്നു. ഇന്ന് ഗൗതം സർ ചാർജ് എടുക്കും. അതിന്റെ എന്തോ കാര്യം പറയാനാണ്” ഗൗതം ഇന്ന് ചാർജ് എടുക്കുമെന്ന് പറഞ്ഞതു ചെറുതല്ലാത്ത ഒരു ഉൾക്കിടിലം അവൾക്കുള്ളിലുണ്ടായി… എങ്കിലും പുറത്തു കാണിക്കാതെ അവൾ പുഞ്ചിരിച്ചു. ഒരാഴ്ചത്തെ ട്രെയിനിങ് സമയത്തു തന്നെ അവിടെയുള്ള സ്റാഫ്മാരുമായി നല്ലൊരു ബന്ധം ഉടലെടുത്തിരുന്നു. ദേവ്നി ജീവന്റെ ക്യാബിനിൽ കയറി. “ഗുഡ് മോർണിംഗ് സർ” “വെരി ഗുഡ് മോർണിംഗ് ദേവാ… അപ്പൊ ഇന്ന് തുടങ്ങുവല്ലേ…”ഒരു ചിരിയോടെ ജീവൻ സംസാരം ആരംഭിച്ചു… അതു കാണുംതോറും അവളുടെ പേടി വിട്ടൊഴിയുന്നത് അവൾ അറിഞ്ഞു. “അത്യാവശ്യമായി വിളിപ്പിച്ചത് എന്തെന്നാൽ… ഒരു ഒരാഴ്ച നീ ഗൗതമിനെ ഒന്നു അസിസ്റ്റന്റ് ചെയ്യണം. അവന്റെ അസിസ്റ്റന്റ് പോസ്റ്റ് ന്യൂ അപ്പോയിന്റിമെന്റ് കാര്യത്തിൽ ഒരു തീരുമാനം ആയില്ല. അതുകൊണ്ടാണ്…

ഒകെ… അവൻ വന്നിട്ടുണ്ട്. മുകളിൽ ആണ് അവന്റെ ക്യാബിൻ. നീ ജസ്റ്റ് ഒന്നു പരിചയപ്പെടു. പിന്നെ അതുകഴിഞ്ഞു ഒരു പത്തരയോടെ മീറ്റിങ് ഉണ്ട്. അതിൽ നീയും വേണം അവന്റെ കൂടെ. ചെയ്യാനുള്ള കാര്യങ്ങളൊക്കെ അറിയാമല്ലോ… കുറച്ചു തിരക്കുണ്ട്….അപ്പൊ ഓൾ ദി ബെസ്റ്റ്” തംസപ് കാണിച്ചു കൊണ്ടു ജീവൻ പറഞ്ഞു. “താങ്ക് യൂ സർ” ഒരു ചിരിയോടെ തന്നെ അവൾ സീറ്റിൽ നിന്നും എഴുനേറ്റു…ക്യാബിന് പുറത്തേക്കു ഗൗതമിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. ഗൗതമിന്റെ ക്യാബിനിൽ നിന്നും ഇറങ്ങി വരുന്ന മാധവ് മേനോനെ കണ്ടു അവളൊന്നു നിന്നു. അയാളും അവളെ നോക്കി കാണുകയായിരുന്നു. അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അവളിൽ നിന്നും ചിരി പോലും തനിക്കായി നൽകില്ലെന്ന് ഉറപ്പായിരുന്നു… എന്നിട്ടും.. പക്ഷെ അയാളെ ഞെട്ടിച്ചു കൊണ്ടു അയാളുടെ അരികിലെത്തിയ ദേവ്നി കുമ്പിട്ടു കൊണ്ടു അയാളുടെ കാലിൽ വീണു അനുഗ്രഹം വാങ്ങി.

അവളെ അനുഗ്രഹിക്കാൻ ഉയർത്തിയ തന്റെ കൈകൾ വിറയ്ക്കുന്നത് അയാളറിഞ്ഞു. ഒരു നിമിഷത്തിനു ശേഷം അവൾ എഴുന്നേൽക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അയാളുടെയും… എന്തെങ്കിലും അയാൾ പറയും മുന്നേ അവൾ മുന്നോട്ട് നടന്നിരുന്നു… എന്നെങ്കിലും തന്നോട് പൊറുക്കാനാകും അവൾക്കെന്നു അയാൾ ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ടു അവളെ നോക്കി നിന്നു. ക്യാബിന് പുറത്തു അവൾ ഒരു നിമിഷം നിന്നു. ശ്വാസം വലിച്ചു വിട്ടു. റിലാക്സ്… റിലാക്സ് എന്നു മനസ്സിനോട് പറഞ്ഞു കൊണ്ടു അവൾ ഒന്നു ചിരിക്കാൻ ശ്രമിച്ചു… സ്വതവേയുള്ള ചിരി വരുന്നില്ല… ഒന്നു കൂടി പരിശ്രമിച്ചപ്പോൾ വന്നു… നുണകുഴി തെളിഞ്ഞ പുഞ്ചിരി… ഡോറിൽ നോക്ക് ചെയ്തു… “എസ്… കമിങ്” “ഗുഡ് മോർണിംഗ് സർ… മൈ സെല്ഫ് ദേവ്നി… യുവർ ന്യൂ അസിസ്റ്റന്റ്” കേട്ടു മറന്ന ശബ്ദം ഒന്നുകൂടെ കേട്ടപോലെ… ഗൗതം മുഖമുയർത്തി നോക്കി… ആകാംക്ഷയോടെ തന്നെ…

അതേ നുണകുഴി… കണ്ണുകളിലെ തിളക്കം… തെളിഞ്ഞു കാണുന്ന കഴുത്തിലെ കറുത്ത മറുക്… പക്ഷെ അവളുടെ മുഖഭാവം… അതിൽ ഒരു പതർച്ചയോ ജാള്യതയോ ചമ്മലോ ഒന്നും തന്നെയില്ല… ദേവ്നി നീട്ടിയ കൈകളിൽ കൈ ചേർക്കാൻ തന്റെ കൈകൾ അറിയാതെ ഗൗതം നീട്ടി പോയി…!! പെട്ടന്നാണ് ക്യാബിൻ തുറന്നു രണ്ടുപേർ അകത്തേക്ക് വന്നത്…. ദേവ്നിയെ നോക്കി കണ്ട കണ്ണുകളിലും ഗൗതമിന്റെ അതേ ഭാവമായിരുന്നു… ഒപ്പം അവളെ തല്ലാനുള്ള ദേഷ്യവും …തുടരും

Share this story