നിലാവിനായ് : PART 9

നിലാവിനായ് : PART 9

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ജീവൻ ദേവ്നിക്ക് വേണ്ടി ഒരു ഹാൻഡ് ബാഗ് ചപ്പൽ പിന്നെ കുറച്ചു ഡ്രെസ്സുകൾ കൂടി എടുത്തു. ഇത്രയൊന്നും വേണ്ടായെന്നു പറഞ്ഞിട്ടും അവൻ കേട്ടില്ല. അവളാണെങ്കി കിട്ടിയ ശമ്പളം മുഴുവൻ തണൽ വീട്ടിലെ ഓരോരുത്തർക്കും ഓരോന്ന് വാങ്ങി പൊടിച്ചു. അവൾക്കായി ഒന്നും വാങ്ങിയതുമില്ല. “നിനക്കായി നീയൊന്നും വാങ്ങിയില്ല… ഞാനെങ്കിലും വാങ്ങി തരുന്നത് വേണ്ടെന്ന് പറയല്ലേ ദേവാ” ജീവൻ സ്നേഹത്തോടെ അവളോട്‌ പറഞ്ഞു. “നമുക്കായി സ്വയം നമ്മൾ തന്നെ വാങ്ങുമ്പോൾ അല്ല… ആരെങ്കിലും ഓർത്തു വാങ്ങി തരുമ്പോൾ അല്ലെ സന്തോഷം… തണൽ വീട്ടിലെ ഇന്ന് എല്ലാവരുടെയും മുഖത്തു വിരിയുന്ന സന്തോഷം മാത്രം മതിയെനിക്ക്. ഇങ്ങനെ വാങ്ങി തരാനും കൊടുക്കാനുമൊക്കെ ആരോരുമില്ലാത്തവർക്കെ അതൊക്കെ മനസ്സിലാകൂ”

“അതു എന്നെക്കാൾ നന്നായി മനസിലാകുന്ന ആരും കാണില്ല ദേവാ” ജീവൻ പറഞ്ഞ വാക്കുകളിൽ അവൻ ഇതുവരെ അനുഭവിച്ച മുഴുവൻ വേദനകളും ഉണ്ടായിരുന്നു. ദേവാ പിന്നീട് ഒന്നും സംസാരിച്ചില്ല. മൗനമായിരുന്നു കുറച്ചു നിമിഷങ്ങൾ. തണൽ വീട്ടിൽ ജീവനും ദേവ്നിക്ക് ഒപ്പം ചെന്നു. അവർക്കോരോരുതർക്കും അവൾ കരുതിയ സമ്മാനം കൈകളിൽ വച്ചു നൽകുമ്പോൾ അവരുടെ സന്തോഷത്തിന്റെ മിഴിനീർ അവളുടെ കണ്ണുകളിലും വ്യാപിച്ചു. അവനും അവർക്കൊപ്പം ദേവ്നിക്കൊപ്പം അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ദേവ്നിയും അവളുടെ സന്തോഷവും സങ്കടവും അവനുമാത്രമായി പങ്കു വയ്ക്കാനാണ് ആഗ്രഹിച്ചത്. ജീവൻ തിരികെ വീട്ടിൽ എത്തുമ്പോൾ അൽപ്പം വൈകിയിരുന്നു. ചോദ്യം ചെയ്യാനോ കഴിച്ചോ എന്നു ചോദിക്കാനോ ആരുമില്ലല്ലോ…

അവൻ കേറി ചെല്ലുമ്പോൾ ബാക്കിയുള്ളവർ ഭക്ഷണം കഴിക്കുകയായിരുന്നു. അവൻ അവരെയൊന്നു നോക്കി റൂമിലേക്ക് നടന്നു… വിശപ്പില്ല… ദേവ്നിയുടെ സന്തോഷം അവന്റെ മനസും വയറും നിറച്ചിരുന്നു. “ജീവ… ഭക്ഷണം കഴിക്കുന്നില്ലേ” ജീവനെ ഞെട്ടിച്ചു കൊണ്ട് ചോദ്യം വന്നു… പക്ഷെ ശബ്ദത്തിന്റെ ഉറവിടം ഗൗതം ആയിരുന്നു… എങ്കിലും ഗൗരവമോ ദേഷ്യമോ… എന്തൊക്കെയോ ആയിരുന്നു അവന്റെ മുഖത്തു. “ഇല്ല… വിശപില്ല… നിങ്ങൾ കഴിക്കു… ഗുഡ് നയ്റ്റ്” ജീവൻ പറഞ്ഞു കൊണ്ടു മുകളിലേക്ക് സ്റ്റപ്‌സ് കയറി. “വിശപ്പ് കാണില്ല… കണ്ടവരുടെ കൂടെ സ്ട്രീറ്റ് ഫുഡ് കഴിച്ചു നടക്കുകയായിരുന്നില്ലേ” പുച്ഛത്തോടെയുള്ള ഗായത്രിയുടെ മറുപടിയിൽ ശീതളിന്റെ ചിരിയും ഉയർന്നു കേട്ടിരുന്നു. ഗൗതമിന്റെ വലിഞ്ഞു മുറുകിയ മുഖം എന്തുകൊണ്ടെന്ന് ജീവൻ ഒരുനിമിഷം ആലോചിക്കാതെയിരുന്നില്ല. പിന്നെ ഇതൊക്കെ പതിവായത് കൊണ്ടു ജീവൻ പിന്നെ അധികം ചിന്തിക്കാൻ നിന്നില്ല.

പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിൽ വച്ചു ദേവ്നിയെ നേരിട്ട് കണ്ടിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഗൗതം കടന്ന് പോയി കൊണ്ടിരുന്നു. അവൾ നൽകുന്ന വിഷസിനുള്ള മറുപടി പോലും ദേഷ്യം നിറഞ്ഞ നോട്ടം മാത്രമായിരുന്നു ഗൗതം നൽകിയത്. അവൻ പരമാവധി അവളെ അവഗണിച്ചു. നോട്ടം കൊണ്ടും ദേഷ്യം കൊണ്ടും പലപ്പോഴും വാക്കുകൾ കൊണ്ടും. എന്തെങ്കിലും തരത്തിലുള്ള ഭാവ വ്യത്യാസം അവളിൽ കാണാനുള്ള അവന്റെ അതിയായ ആഗ്രഹമായിരുന്നു അതിനു പുറകിൽ. അവളാണെങ്കി ഇതൊക്കെയെന്തു എന്ന ഭാവത്തിൽ അവൻ കടന്നു പോകുമ്പോൾ ചുമൽ കൂച്ചി അവന്റെ നേരെ അവൻ കാണാതെ ചിറി കോട്ടി നടന്നു പോകും. ഇടം കണ്ണുകൾ കൊണ്ടു അവളുടെ ഗോഷ്ടികൾ എല്ലാം തന്നെ ഗൗതം കാണുന്നുണ്ടായിരുന്നു. അവനിൽ ഒരുതരം നിരാശയുണ്ടായി. മറ്റെല്ലാവരോടും അവൾ നല്ല അടുപത്തിലും സ്നേഹത്തിലും ചിരിച്ചും കളിച്ചും നടക്കും.

തന്നോടു മാത്രം എന്താ അടുത്താൽ… തന്നോടും അതുപോലെ സ്വാതന്ത്ര്യത്തിൽ സംസാരിച്ചൂടെ… അവിടെയുള്ള മറ്റ് ആളുകളോടും ഞാൻ എത്ര ഫ്രീയായാണ് സംസാരിക്കുന്നത്. അവളോട്‌ അങ്ങനെ സംസാരിക്കാൻ പോയിട്ട് ഒന്നു ചിരിക്കാൻ പോലും കഴിയുന്നില്ല. ഗൗതമിനു ഏറ്റവും ദേഷ്യം ദേവ്നി അവനെ കാണുമ്പോഴേക്കും ചുണ്ടിലെ ചിരി മാച് കളയും. അതോടെ അവൻ ഏറെ കാണാൻ കൊതിക്കുന്ന ആ നുണകുഴി തൂർന്നു പോകും. ആ നുണകുഴി കവിൾ തന്നിൽ നിന്നും ഒളിപ്പിക്കുന്ന പോലെയാണ് അവനു തോന്നുന്നത്. അതുകാണേ അവനു മുഖത്തേക്ക് ദേഷ്യം എവിടെ നിന്നൊക്കെയോ ഇരച്ചു കയറും. അതു പിന്നെ അവഗണയായി മാറുന്നതാണ്. ഇവരുടെ ഭാവമാറ്റങ്ങൾ ജീവൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു.

ഗൗതവും ജീവനും തങ്ങൾക്ക് തന്ന പ്രോജെക്ടിൽ കൂടുതൽ ശ്രെദ്ധ കൊടുത്തു ജോലി ചെയ്യാൻ തുടങ്ങി. രണ്ടുപേരിൽ ഒരാളുടെ എങ്കിലും പ്രോജക്ട് അവർക്ക് ഇഷ്ടപെടണം. ആ പ്രോജക്ട്….പ്രകാശ് രാജിന്റെ പ്രോജക്ട് തങ്ങൾക്കു തന്നെ കിട്ടണമെന്നുള്ള വാശിയുണ്ടായിരുന്നു. ഗൗതമിനു തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു… അതു പരമാവധി ഉപയോഗപ്പെടുത്താൻ ഗൗതവും ശ്രമിച്ചു. ജീവൻ ഇതുവരെ ഏറ്റെടുത്ത എല്ലാ ജോലിയും ഏറ്റവും പെര്ഫെക്ട് ആയി ചെയ്തിരുന്നതാണ്. തന്റെയ പേരു നില നിർത്താനുള്ള ഒരു വാശി ജീവനും ഉണ്ടായിരുന്നു. ദേവ്നിക്കും ശീതളിനും എല്ലാം ഇതൊരു പുതിയ അനുഭവങ്ങൾ ആയിരുന്നു. സത്യത്തിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. ദേവ്നിക്ക് ജീവ നല്ല ട്രെയിനിങ് തന്നെ കൊടുത്തിരുന്നു.

ജോലി ചെയ്യിക്കുന്ന കാര്യത്തിൽ ജീവൻ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല. ഇതിനിടയിൽ പ്രകാശ് രാജ് ആയിട്ട് ആരോഗ്യകരമായ ഒരു ബന്ധം ജീവൻ ഉണ്ടാക്കിയെടുത്തിരുന്നു. അവർ ഇടക്കിടക്ക് വിളിച്ചു പരസ്പരം ക്ഷേമം അന്വേഷിച്ചിരുന്നു. അതുപോലെ തന്നെ അർചനയും. അർച്ചന അച്ചുവായി മാറി ജീവന്. അവരുടെ ഇടയിൽ കൂടുതലും സംസാര വിഷയങ്ങൾ ആയിരുന്നത് രണ്ടുപേർക്കും പൊതുവെ താല്പര്യമുള്ള യാത്രകളും കാറുകളും ഡ്രൈവിംഗ് ഒക്കെയായിരുന്നു. ഒരേ പാതയിൽ കൂടിയുള്ള ഒരു സുഹൃത്തിനെ കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ജീവനും അച്ചുവും. ഇന്നാണ് ഓഫീസിൽ പ്രോജക്ട് പ്രെസെന്റഷൻ. കഴിഞ്ഞ കുറെ ദിവസങ്ങളായി… രാവും പകലും ചെയ്ത ജോലിക്ക് കിട്ടുന്ന പ്രതിഫലം. ഗൗതവും ശീതളും വലിയ ആത്മാവിശ്വാസത്തിലായിരുന്നു.

അവർ രണ്ടുപേർക്കും ഇതു ആദ്യത്തെ അനുഭവമായിരുന്നു. എങ്കിൽ കൂടിയും ഗൗതം നല്ല ആത്മവിശ്വാസത്തിലാണ്. ദേവ്നി സാധാരണ ഇറങ്ങുന്നതിലും നേരത്തെ തന്നെ ഇറങ്ങിയിരുന്നു. അമ്പലത്തിൽ കൂടി ഒന്നു കയറി പോകാമെന്ന് കരുതി. നല്ലൊരു കോട്ടൻ സാരിയായിരുന്നു അവളുടെ വേഷം. ജീവൻ തന്നെയാണ് ഡ്രെസ് കോഡു പറഞ്ഞു കൊടുത്തത്. അവൾ നടയിലേക്ക് കേറും മുന്നേ ജീവനും ഒപ്പം എത്തിയിരുന്നു. രണ്ടുപേരും മനസു നിറഞ്ഞു പ്രാർത്ഥിച്ചു ഇറങ്ങി. ജീവനും നേരെ ഓഫീസിലേക്ക് ആയതു കൊണ്ട് അവന്റെ കാറിൽ തന്നെ പോകാമെന്ന് ജീവൻ പറഞ്ഞു. അപ്പോഴാണ് അവിടേക്ക് അപ്രതീക്ഷിതമായി പ്രകാശ് രാജ് അച്ചുവുമായി തൊഴാൻ വന്നത്.

ജീവൻ ചിരിയോടെ പ്രകാശ് രാജിന്റെ അരികിലേക്ക് എത്തി. “ആഹാ… മോൻ സ്ഥിരമായി വരാറുണ്ടോ ഇവിടെ” പ്രകാശിന് പെട്ടന്ന് ജീവനെ കണ്ട സന്തോഷം വാക്കുകളിലൂടെയും പ്രവഹിച്ചു. “അങ്ങനെ സ്ഥിരമായി അല്ലെങ്കിലും അത്യാവശ്യം കാര്യ സാധ്യത്തിനു ഇവിടെ വരാറുണ്ട്. താൻ പാതി ദൈവം പാതി എന്നാണല്ലോ” “അപ്പൊ ഇന്ന് കാര്യമായ എന്തോ കാര്യം സാധിക്കാനുണ്ടല്ലോ” അച്ചുവാണ് ഒരു കുസൃതി ചിരിയോടെ ചോദ്യം വിട്ടത്. അവൾക്കറിയാം ഇന്നാണ് പ്രോജക്ട് പ്രെസെന്റഷൻ എന്നു. തലേ ദിവസത്തെ സംഭാഷണങ്ങളിൽ അവൻ പറഞ്ഞിരുന്നു. “ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്… കഴിഞ്ഞ കുറെ ദിവസങ്ങളിലായി അതിനു പുറകെയാണ്. ഞങ്ങളുടെ ഭാഗം ചെയ്തിട്ടുണ്ട്…

ഇനി ദൈവത്തിന്റെ ഭാഗം അദ്ദേഹം നോക്കും… പിന്നെ ഈ ഇദ്ദേഹവും കനിയണം” ജീവന്റെ മറുപടി പ്രകാശിൽ ചിരി വിരിയിച്ചു… അയാൾ ആ ചിരി മായാതെ തന്നെ അവന്റെ തോളിൽ തട്ടി. അപ്പോഴാണ് അച്ചു ജീവന്റെ പുറകിൽ നിൽക്കുന്ന ദേവ്നിയെ കണ്ടത്. “ഇത്… “അച്ചു ഒരു സംശയത്തോടെ ദേവ്നിയെ നോക്കി ജീവനോട് ചോദിച്ചു. “സോറി… പരിചയപ്പെടുത്താൻ മറന്നു… “ദേവ്നിയെ തന്നോടു ചേർത്തു പിടിച്ചു കൊണ്ടു ജീവൻ പറഞ്ഞു “എന്റെ അനിയത്തിയാണ്… ” “ഓഹ്… ഗായത്രി ആണല്ലേ… അനിയത്തിയാണ് പ്രോജക്ട് സഹായിക്കുന്നത് എന്നു പറഞ്ഞിരുന്നു” ജീവൻ പൂർത്തിയാക്കും മുന്നേ അച്ചു പറഞ്ഞു. “ഗായത്രി അല്ല അച്ചു. ഇവൾ ദേവ്നി… എന്റെ ദേവാ”.. ജീവന്റെ അനിയത്തി ഗായത്രി ആണന്നെ അറിയൂ. ഇങ്ങനെ ഒരു അനിയത്തി ഉള്ളത് അവൻ പറഞ്ഞിട്ടില്ല.

പ്രോജക്ട് ചെയ്യാൻ സഹായിക്കുന്നതും അനിയത്തി ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അച്ചു കരുതിയത് അതു ഗായത്രി ആകുമെന്നാണ്. “ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതല്ല. എങ്കിലും എന്റെ അനിയത്തിയാണ് ഇവൾ” അവന്റെ വാക്കുകളിൽ നിറഞ്ഞ വാത്സല്യം പ്രകാശിനും അച്ചുവിനും മനസിലായി. അച്ചു കൂടുതൽ ഒന്നും ചോദിച്ചില്ല. പരിചയത്തിന്റെ ഒരു പുഞ്ചിരി ദേവ്നിക്ക് കൊടുക്കാനും അവൾ മറന്നില്ല. ഓഫീസിലേക്ക് പോകാനുള്ളത് കൊണ്ടു അധികം സൗഹൃദ സംഭാഷണത്തിന് നിൽക്കാതെ അവർ മടങ്ങി. ദേവ്നി ജീവന്റെ കാറിൽ കൃത്യമായി ഗൗതത്തിനു മുന്നിൽ തന്നെ വന്നു നിന്നു. അവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ടതോടെ അവന്റെ മുഖം ഇരുണ്ടു മൂടി.

ചവിട്ടി കുലുക്കി ശീതളിന്റെ കൈകൾ പിടിച്ചു വേഗം നടന്നു. “എന്റെ ചേട്ടാ… ആ ചവിട്ടി കുലുക്കി പോയ മനുഷ്യന്റെ മുഖത്തു പുഞ്ചിരി എന്ന സാധനം വരില്ലേ… ക്യാമറയ്ക്ക് മുന്നിൽ മാത്രമേ വരു എന്നൊന്നുണ്ടോ” “അല്ല… അവനെ കാണുമ്പോൾ നിന്റെ മുഖത്തും വരുന്നില്ലലോ നീ നേരത്തെ പറഞ്ഞ സാധനം… ഉണ്ടോ…ഉം..ഉം” ജീവൻ ചിരി കടിച്ചു പിടിച്ചു കൊണ്ടു ദേവ്നിയുടെ അടുത്തേക്ക് മുഖം താഴ്ത്തി ചോദിച്ചു. അവളുടെ കണ്ണുകളെ പിടികൊടുക്കാതെ അവൾ തിരക്കഭിനയിച്ചു അവിടെനിന്നും വേഗം നടന്നു പോയി. രാജ് ഗ്രൂപ്സിൽ നിന്നും മാനേജർ പിന്നെ അസിസ്റ്റന്റ് മാനേജർ എന്നിവർ വരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അവർക്ക് പുറമെ പ്രകാശ് രാജുവും അച്ചുവും കൂടെ വന്നിരുന്നു. പ്രകാശിന് ജീവനോടുള്ള സൗഹൃദമാണ് ഇന്ന് ഈ ചെറിയ പ്രെസെന്റഷൻ കാണുവാൻ അയാൾ ഇവിടേക്ക് വന്നതെന്നു മാധവ് മേനോൻ ഊഹിച്ചു.

അവരുടെ സൗഹൃദം ഭാവിയിൽ ഒരു മുതൽകൂട്ടാകുമെന്നു മേനോൻ ഉറപ്പിച്ചിരുന്നു. ആ നിമിഷവും അയാൾ നല്ലൊരു കച്ചവടക്കാരനായി മാത്രം ചിന്തിച്ചു… ഗൂഢമായി ചിരിച്ചു. പ്രെസെന്റഷൻ നടത്താൻ നിശ്ചയിച്ചത് കോണ്ഫറൻസ് ഹാളിൽ ആയിരുന്നു. മാധവ് മേനോനോടൊപ്പം പ്രകാശ് രാജിനെയും അച്ചുവിനെയും കണ്ട ജീവന്റെ കണ്ണുകൾ വിടർന്നു. സൗഹൃദത്തിൽ പൊതിഞ്ഞ ഒരു ചിരി സമ്മാനിച്ചു കൊണ്ടു പ്രകാശ് രാജ് പ്രെസെന്റഷൻ ശ്രെദ്ധിക്കാൻ തുടങ്ങി. ആദ്യം അവതരിപ്പിച്ച പ്രോജക്ട് ജീവന്റേതായിരുന്നു. ജീവനായിരുന്നു ആ പ്രോജക്ട് നിർമ്മിച്ചത്. ട്രഡീഷണൽ രീതിയിൽ ഉള്ള കൻസ്ട്രേഷൻ ആയിരുന്നു ജീവൻ അവതരിപ്പിച്ചത്. ബുദ്ധികേന്ദ്രം മാത്രമായിരുന്നു ജീവൻ…

അതു ഭംഗിയായി അവതരിപ്പിച്ചത് ദേവ്നി ആയിരുന്നു. നല്ല വാക് ചാതുര്യമായിരുന്നു അവളുടെ വാക്കുകൾക്ക്. ഒരു നിമിഷം പോലും മറ്റെങ്ങും ശ്രെദ്ധ പോകാത്ത തരത്തിലായിരുന്നു അവളുടെ അവതരണം. കാണുന്നവരും കണ്ണു ചിമ്മാതെ അവളെ നോക്കിയിരുന്നു പോയിരുന്നു. ഗൗതം അവളെ തന്നെ വീക്ഷിക്കുകയായിരുന്നു. ഇടക്ക് ഒന്നു രണ്ടു തവണ അവളുടെ കണ്ണുകൾ അവനിൽ തങ്ങി നിൽക്കുകയും ചെയ്തു… അപ്പോഴൊക്കെ കണ്ണുകളിൽ വിടരുന്ന കുസൃതി ചിരിയും അടക്കി അവൾ പതിയെ മിഴികൾ പിൻവലിക്കും. ജീവന്റെ പ്രെസെന്റഷൻ കഴിഞ്ഞായിരുന്നു ഗൗതമിന്റെ അവസരം. ഇടയിൽ ഒരു അഞ്ചു മിനിറ്റ് ബ്രേക്ക് എടുത്തിരുന്നു. പ്രകാശിന്റെ മുഖത്തു നിന്നു ഒരു തൃപ്‌തി മേനോൻ വായിച്ചെടുത്തു. ഗൗതമിന്റെ പ്രോജക്ട് പ്രെസെന്റഷൻ തുടങ്ങിയത് ഗൗതം ആയിരുന്നു.

ഗൗതം തന്നെയാണ് മുഴുവൻ കാര്യങ്ങളും ചെയ്തത്. ശീതളിനും ഇതു ആദ്യത്തെ അനുഭവം ആയതുകൊണ്ട് അധികം സഹായങ്ങൾ ഒന്നും തന്നെ ഗൗതമിനു അവളിൽ നിന്നും കിട്ടിയില്ല. എങ്കിലും തനിക്ക് കിട്ടിയ അവസരം ഗൗതം കഴിവിന്റെ പരമാവധി തന്നെ ഉപയോഗപ്പെടുത്തി. ദേവ്നിയുടെ പ്രകടനം കണ്ടു കണ്ണു തള്ളി നിൽപ്പായിരുന്നു ഗൗതം. തനിക്ക് അതിനു കഴിയുമോയെന്ന ചിന്ത അവന്റെ വാക്കുകളെ തൊണ്ടയിൽ തന്നെ കുടുക്കി നിർത്തി. ശീതീകരിച്ച മുറിയായിരുന്നിട്ടു കൂടി ഗൗതം നിന്നു വിയർത്തു. ഗൗതം വാക്കുകൾ കിട്ടാതെ… ആത്മവിശ്വാസം നഷ്ടപെട്ടവനെ പോലെ ഒരുവേള നിന്നു… അവന്റെ കണ്ണിൽ ഒരു പരാജിതന്റെ രൂപം കാണാൻ കഴിഞ്ഞു… അവനെ തന്നെ…. മിഴികൾ അറിയാതെ ദേവ്നിയുടെ കണ്ണുകളിൽ പതിഞ്ഞു… അവൾ തന്റെ ഇരു കണ്ണുകൾ അടച്ചു കാണിച്ചു…

കൈകൾ കൊണ്ടു പതുക്കെ റിലാക്സ് എന്നു ആംഗ്യം കാണിച്ചു… അവനായി തന്റെ നുണകുഴി വിരിയിച്ച കൊണ്ട് തന്നെ ഒരു പുഞ്ചിരി നൽകി… ഒരു നിമിഷം സ്വയം മറന്നു അവൻ അവളെ തന്നെ നോക്കി… പിന്നെ പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്തു അവൻ തന്റെ പ്രോജക്ട് വിശദീകരിക്കാൻ തുടങ്ങി. ട്രഡീഷണൽ സ്റ്റൈൽ ഒപ്പം വെസ്റ്റർന് സ്റ്റൈൽ കൂടി ഗൗതം തന്റെ പ്രോജെക്ടിൽ ഉൾപ്പെടുത്തി. അതു പ്രകാശ് രാജിന് കുറച്ചു കൂടി താത്പര്യമായി തോന്നി. അയാളുടെ തിളക്കമാർന്ന മുഖം അയാളുടെ ഇഷ്ടത്തെ പ്രതിഫലിപ്പിച്ചു കാണിച്ചു. “രണ്ടു പ്രോജക്ട് എനിക്ക് ഇഷ്ടമായി മാധവ്… എങ്കിലും ഗൗതമിന്റെ പ്രോജക്ട് കൂടുതൽ ഇഷ്ടമായി… ഒരു തുടക്കകാരൻ എന്നുള്ളത് അവതരണത്തിൽ കണ്ടു… എങ്കിലും നന്നായിരുന്നു” ഗൗതമിന്റെ തോളിൽ തട്ടി പ്രശംസിച്ചു പറഞ്ഞു.

അതുകഴിഞ്ഞു പ്രകാശ് നേരെ നോക്കിയത് ദേവ്നിയുടെ നേർക്കായിരുന്നു. “മിടുക്കിയാണ്” അത്രമാത്രം പറഞ്ഞു. “അപ്പൊ നമുക്ക് കാര്യങ്ങൾ ഇനി ഒഫീഷ്യൽ ആയി മുന്നോട്ട് കൊണ്ടുപോകാം. എൻഗ്രിമെന്റ് തയ്യാറാക്കിയിട്ടു വിളിക്കൂ” മാധവന് നേരെ കൈനീട്ടി കൊണ്ടു പ്രകാശ് രാജ് പറഞ്ഞു. തിരികെ ഹസ്തദാനം ചെയ്തു മേനോൻ തന്റെ സന്തോഷം അറിയിച്ചു. മാധവ് മേനോൻ ഗൗതമിനേയും ജീവനെയും കൂടെ ദേവ്നിയെയും ശീതളിനെ കൂടിയും ക്യാബിനിലേക്ക് വിളിപ്പിച്ചു. അയാൾ ഒരുപാട് സന്തോഷത്തിലായിരുന്നു. ഗൗതമിനെ പുണർന്നു കൊണ്ടു കുറച്ചു നിമിഷങ്ങൾ അയാൾ നിന്നു തന്റെ സന്തോഷം അറിയിച്ചു. അയാളുടെ കണ്ണുകളിൽ നീര് പൊടിഞ്ഞു. ഗൗതം എങ്ങനെ ആകണമെന്ന് കരുതിയോ തനിക്ക് വേണ്ടി അവൻ പരിശ്രമിക്കുന്നു… അതിൽ വിജയം കണ്ടെത്തുന്നു….

അയാൾ മതി മറന്നു സന്തോഷിച്ചു. ജീവനും ഗൗതത്തിനെ പുണർന്നു കൊണ്ട് തന്റെ സന്തോഷം അറിയിച്ചു. “ഞാൻ തന്നോടും നന്ദി പറയണം ജീവ… ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്… അതുപോലെ തന്നെ എന്നെ സ്വാധീനിക്കുന്നുമുണ്ട് തന്റെ ബിസിനെസ്സിലുള്ള പരിചയവും അറിവും താത്പര്യവുമെല്ലാം. ഇനിയും എന്റെ കൂടെയുണ്ടാകണം. എങ്കിലേ എനിക് ഇവിടെ വളരാൻ കഴിയൂ” ഗൗതമിന്റെ മനസ്സിലുള്ളത് തന്നെയായിരുന്നു അവൻ പറഞ്ഞതു. ജീവന് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു. തന്റെ പ്രവൃത്തികളിലും കഴിവിലും ആദ്യമായി വാക്കുകൾകൊണ്ട് ഒരു അംഗീകാരം കിട്ടിയിരിക്കുന്നു. ഗൗതമിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകൾ ആത്മാര്ഥമായായിരുന്നു. മേനോൻ ഒപ്പം തന്നെ ശീതളിനെയും ദേവ്നിയെയും അഭിനന്ദിക്കാൻ മറന്നില്ല.

“ഈ എൻഗ്രിമെന്റ് കിട്ടി കഴിഞ്ഞാൽ എന്തായാലും ചെറിയ ഒരു ആഘോഷം നടത്തണം. സ്റ്റാഫിനും മറ്റുമായി ഒരു ചെറിയ പാർട്ടി… എന്താ ഗൗതം അഭിപ്രായം” മേനോൻ ഗൗതമിന്റെ പേരു പറഞ്ഞു വിളിച്ചെങ്കിലും നോട്ടം ജീവന്റെ അഭിപ്രായം അറിയാനായിരുന്നു. “എനിക്ക് തോന്നുന്നു ഈ എഗ്രിമെന്റ് ചെയുന്ന അന്ന് തന്നെ ഒരു പാർട്ടി ആയാലോയെന്നാണ്. എല്ലാവർക്കും സന്തോഷമാകും” “ജീവൻ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. നമുക്ക് അന്ന് തന്നെ നടത്താം” ജീവന്റെ അഭിപ്രായം ഗൗതവും ശരി വച്ചു. “എങ്കിൽ ജീവൻ എഗ്രിമെന്റ് പപ്പേഴ്‌സ് എല്ലാം ശരിയാക്കണം. കൂടാതെ പ്രകാശിനെ വിളിച്ചു ഏത് ദിവസം ഫ്രീയാകുമെന്നു കൂടി ചോദിക്കണം. അന്ന് തന്നെ നമുക്ക് പാർട്ടി നടത്താം” മാധവ് മേനോൻ നിർദ്ദേശം കൊടുത്തു കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാൻ കാന്റീനിൽ പോകും വഴി തനിക്ക് എതിരായി ഗൗതം വരുന്നത് ദേവ്നി കണ്ടു.

അന്നത്തെ പ്രെസെന്റഷൻ ശേഷം ആ കണ്ണുകളിൽ നിന്നും ഒരു ഒളിച്ചു കളി നടത്തുകയായിരുന്നു അവൾ. മുന്നിൽ പോയി പെടാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. പിന്നെ ദേവ്നിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല… ശീതൾ അവളെ അടുപ്പിച്ചിരുന്നില്ല. ഗൗതത്തിനെ ചുറ്റി പറ്റി തന്നെ അവൾ നടന്നിരുന്നു… മറ്റു പെണ്കുട്ടികളുടെ കണ്ണിൽ പോലും ഗൗതമിന്റെ മുഖം പതിയാതിരിക്കാൻ ഒരു സുരക്ഷാ കവചമൊരുക്കി അവൾ കൂടെ തന്നെയുണ്ടായിരുന്നു. ഇന്നിപ്പോ എവിടെ പോയോ എന്തോ… ഗൗതം മാത്രമേയുണ്ടായിരുന്നുള്ളൂ. ദേവ്നി അവനെ ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു. “ദേവ്നി”അവന്റെ വിളിയിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടു അവൾ പതിയെ തിരിഞ്ഞു നോക്കി. “താങ്ക്സ്… താങ്ക്സ് എ ലോട്ട്” ഈയൊരു നന്ദി പറച്ചിലിന് വേണ്ടി അന്ന് തൊട്ടു തന്നെ അന്വേഷിച്ചു നടക്കുവാണെന്നു അവൾക്കറിയാമായിരുന്നു. നന്ദി സ്വീകരിച്ചു കൊണ്ടു മറുത്തൊന്നും പറയാതെ അവളുടെ നുണകുഴി വിരിയിച്ചു നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.

അവൻ അവളെ തന്നെ നോക്കി നിൽക്കുമ്പോഴേക്കും അവൾ നടന്നകന്നിരുന്നു… അവൾ പോകുന്നത് തന്റെ മനസിൽ നിന്നും കൂടിയാണെന്ന് അവനു തോന്നി പോയി. എപ്പോൾ അടുക്കാൻ ശ്രമിച്ചാലും അവളുടെ മനസിനെ പിടി തരാതെ തെന്നി മാറി പോകുകയാണവൾ. ഒരു വൈകുന്നേരം ആയിരുന്നു എൻഗ്രിമെന്റ് ഒപ്പിടാനും സ്റ്റാഫിനും വേണ്ടിയുള്ള പാർട്ടി നടത്താനും തീരുമാനിച്ചത്. ഗായത്രിയും ശീതളും ആവശ്യത്തിൽ അധികം ചമയങ്ങളുമായി മുന്നിൽ തന്നെയുണ്ടായിരുന്നു. ശീതളിന്റെ അച്ഛൻ കൃഷ്ണൻ മേനോനും രാധികയും നേരത്തെ എത്തിയിരുന്നു. ഒരു ഫാമിലി പാർട്ടി കൂടിയായിരുന്നു. സുഭദ്രയും മാധവ് മേനോനും കുറച്ചു താമസിച്ചാണ് വന്നത്. പാർട്ടി ഓർഗനൈസർ ചുമതല ജീവനും ദേവ്നിക്കും ആയിരുന്നു. അവർ അതു നന്നായി തന്നെ ചെയ്തു.

പ്രകാശ് രാജ് വരും മുൻപ് മാധവ് മേനോനും ഗൗതവും മുന്നിൽ തന്നെയുണ്ടായിരുന്നു സ്വീകരിക്കാൻ. പ്രകാശ് തന്റെ ഏറ്റവും പുതിയ പോർഷ് കാറിലായിരുന്നു വന്നിറങ്ങിയത്. കൂടെ അച്ചുവും കൂടിയുണ്ടായിരുന്നു. മേനോൻ ഒരു ഭംഗിയുള്ള പൂ ചെണ്ടു നൽകി അവരെ സ്വാഗതം ചെയ്തു. അവർക്ക് പുറകിലായി ജീവനും ദേവ്നിയും നിൽക്കുന്നുണ്ടായിരുന്നു. ജീവനെ കണ്ടപ്പോഴാണ് പ്രകാശിന്റെ കണ്ണിൽ തിളക്കം കൂടിയത്. അകത്തേക്ക് നടന്നു കൊണ്ടു തന്നെ സൗഹൃദ സംഭാഷണങ്ങളിൽ മുഴുകി അവർ. “പ്രകാശ്… ഇതാണെന്റെ കുടുംബം… ഭാര്യ സുഭദ്ര… മകൾ ഗായത്രി ” പ്രകാശിനെ കണ്ട സുഭദ്രയുടെ കണ്ണിലും മുഖത്തും രക്തമയം വറ്റി വെളുപ്പ് പടരുന്നത് പ്രകാശ് ക്രൗര്യമായ ചിരിയോടെ നോക്കി കണ്ടു. ശില പോലെ നിന്നു പോയി അവർ… സുഭദ്ര മാത്രമല്ല… തൊട്ടടുത്തു നിന്നിരുന്ന കൃഷ്ണന്റെ അവസ്തയും ഇതു തന്നെ. “സുഭദ്ര… ഇത് പ്രകാശ് രാജ്…

നമ്മുടെ പുതിയ ബിസിനസ് കൊണ്ട്രാക്ട രാജ് ഗ്രൂപ്‌സ് ആയിട്ടാണ്” പ്രകാശ് എന്നാൽ ഒരു ഭാവഭേതവുമില്ലാതെ അവർക്ക് നേരെ കൈകൾ കൂപ്പി ചിരിച്ചു… ആ ചിരിയിൽ മറഞ്ഞിരുന്ന വെറുപ്പ് കൃഷ്ണനും സുഭദ്രക്കും മാത്രമേ മനസിലായുള്ളൂ. “ഞാൻ ചോദിക്കണമെന്നു കരുതി ഇരിക്കുവായിരുന്നു… ജീവനും നിങ്ങളുടെ ഫാമിലി ആണോ… നിങ്ങളുടെ പല ബിസിനസ് മീറ്റിലും ഞാൻ കണ്ടിട്ടുണ്ട്… അന്ന് ഓഫീസിൽ വന്നപ്പോഴും.. ഒരു മാനേജർ മാത്രമാണെന്ന് തോന്നിയില്ല കണ്ടപ്പോൾ” പ്രകാശ് മനപൂർവ്വം തന്നെ അങ്ങനെയൊരു ചോദ്യം എറിഞ്ഞു നോക്കിയതാണ്. വ്യക്തമായ ഒരു മറുപടി ആ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗമെങ്കിലും പറയുമെന്ന് കരുതി. മേനോൻ സുഭദ്രയെ നോക്കി… അയാൾ മനസുകൊണ്ട് അംഗീകരിക്കാത്ത മകൻ എന്ന പദവിയാണ് ജീവന്…

ജീവൻ ചിരിയോടെ തന്നെ നിന്നു. പ്രകാശ് രാജിന് ചോദ്യത്തിനുള്ള മറുപടി ആരും നല്കാനില്ലെന്ന നോവോടെ. “അതേ സർ… ഞങ്ങൾ ഒരു ഫാമിലിയാണ്. എന്റെ സഹോദരൻ ആണ് ജീവൻ” ജീവനെ ചേർത്തണച്ചു കൊണ്ടു ഗൗതം ഒരു സങ്കോചം കൂടാതെ തന്നെ പറഞ്ഞു. ഗൗതത്തിനെ ഒരു നിമിഷം നോക്കി കൊണ്ടു പ്രകാശ് നിന്നു. ജീവനും വല്ലാത്ത അവസ്ഥയിലായിരുന്നു. സുഭദ്രയും കൃഷ്ണനും ഒന്നിലും ശ്രെദ്ധിക്കാൻ കഴിയാതെ മാറി നിന്നു. അവർക്ക് തമ്മിൽ ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സന്ദർഭം ശരിയല്ലലോ. ഗായത്രിയും ശീതളും അച്ചുവിന്റെ മേലെയായിരുന്നു കണ്ണു. സിംപിൾ ആയ ഒരു ഗൗണ് ആയിരുന്നു അച്ചുവിന്റെ വേഷം. അതേപോലെ ചമയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞു പൊട്ടിൽ അവസാനിക്കുന്ന ചമയം മാത്രം..

അതിൽ പോലും അവൾ വളരെ സുന്ദരിയായിരുന്നു. ഗായത്രിയും ശീതളും കൂടി അച്ചുവിന്റെ ഇടം വലം ഇരുന്നു കൊണ്ടു പുതിയ പുതിയ കോസ്മെറ്റിക്സ് കുറിച്ചു വസ്ത്രങ്ങളെ കുറിച്ചു ആഭരണങ്ങൾ സിനിമ മാളുകൾ തുടങ്ങിയവ ആയിരുന്നു സംസാര വിഷയമാക്കിയത്. അച്ചു ആകെ പെട്ടുപോയ അവസ്ഥ. ഇതിനോടൊന്നും ഒട്ടും താത്പര്യമില്ലത്ത ഒരാളാണ് അർച്ചന. ഗായത്രിയുടെയും ശീതളിന്റെയും സംസാരത്തിൽ നിന്നും അച്ചുവിനു ഒരു കാര്യം മനസിലായി കാണാൻ മാത്രമേ മോഡർൻ ലുക്ക് ഉള്ളു… അവർക്കിപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ബസ് കിട്ടിയിട്ടില്ല… കുശുമ്പും അസൂയയും അഹങ്കാരവും നിറഞ്ഞവർ. സ്റ്റേജിൽ എഗ്രിമെന്റ് ഒപ്പിടുന്ന സമയം മാധവ് മേനോനും പ്രകാശ് രാജുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രകാശ് ഒപ്പിട്ടുകൊണ്ടു നോക്കിയത് കൃഷ്ണന്റെ മുഖത്തേക്ക് ആയിരുന്നു.

ആ മുഖത്തെ പരിഭ്രമം അതൊന്നു കാണുവാൻ വേണ്ടി മാത്രം. നിന്റെ സമയം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നു കൃഷ്ണനോട് തന്റെ കണ്ണുകളിലെ തീഷ്ണ നോട്ടത്തിലൂടെ പ്രകാശ് പറയാതെ പറഞ്ഞു. പിന്നീട് സ്റ്റാഫുകളുടെ ചെറിയ ചെറിയ കലാ പരിപാടികൾ… അവരുടെ പാട്ടും നൃത്തവുമായി സമയം പോയി കൊണ്ടിരുന്നു. അപ്പോഴാണ് ഗൗതമിനെ ഒരു പാട്ടുപാടാൻ ക്ഷണിച്ചത്. ശീതളുമായി ഒരു ഡ്യുയറ്റ് സോങ് തന്നെ ആകട്ടെയെന്നു എല്ലാവരും കയ്യടിച്ചു… “പൊന്നു ശീതൾ വാ തുറക്കരുത് പാടുവാൻ” ശീതളിന്റെ മൂളി പാട്ടു കേട്ടു ശീലമുള്ളത് കൊണ്ട് ഗൗതം കൈ കൂപ്പി പറഞ്ഞു. എന്ന പിന്നെ ഡാൻസ് ആകാം… അതിനു ഗൗതമിനു സമ്മതിച്ചു കൊടുക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. ശീതളും ഗൗതവും ഒരുമിച്ചു ഡാൻസ് ചെയ്തു… ശീതൾ ഗൗതമിനോട് വളരെ ഇഴുകി ചേർന്നായിരുന്നു കളിച്ചത്.

അവനാണെങ്കി ഒഴിവാക്കാനും കഴിയാത്ത പോലെ… ഇടക്ക് എപ്പോഴോ ദേവ്നിയുടെ മുഖത്തേക്ക് നോട്ടം വീണപ്പോൾ… ആ കണ്ണുകളിൽ ആദ്യമായി ഒരു ദേഷ്യം കണ്ടു… ഒരു അസൂയയാണോ… ഇഷ്ടകേടാണോ… കുശുമ്പ് ആണോ… തന്റെ മിഴികൾ അവൾ കണ്ടപ്പോൾ അവൾ പെട്ടന്ന് തന്നെ നോട്ടം മാറ്റി… മതി… ഇത്രയും മതിയെനിക്ക്… ഗൗതം മനസിൽ പറഞ്ഞു പുഞ്ചിരിച്ചു. അടുത്ത ഊഴം ജീവനും ദേവ്നിക്കും ആയിരുന്നു. ജീവൻ ആത്മവിശ്വാസത്തോടെ ദേവ്നിയുടെ കൈകളിൽ പിടിച്ചു സ്റ്റേജിലേക്ക് കയറി…. പാതി ജീവൻ കൊണ്ട് ദേഗം വാഴ്ത് വന്തതോ …ആ… ജീവൻ ദേവ്നിയെ നോക്കി പാടി… മീതി ജീവൻ എന്നൈ പാർത്തു പോതു വന്തതോ.. ദേവ്നിയുടെ സ്വരം ഗൗതമിന്റെ നെഞ്ചിലാണ് പതിച്ചത്. ഏതോ സുഗം ഉള്ളൂരുതേ അടുത്ത വരിയിൽ ജീവന്റെ കണ്ണുകൾ അച്ചുവിൽ ആയിരുന്നു…

ഏനോ..മനം തള്ളാടുതെ ഏതോ സുഗം ഉള്ളൂരുതേ ഏനോ..മനം തള്ളാടുതെ വിരൽകൾ തൊടവാ.. വിരുന്തയ്‌ പെറവ… മാർബോട്‌ കൺകൾ മൂടവാ… മലരേ.. മൗനമാ.. മലർകൾ… പേസുമാ.. അവർ പാടി നിർത്തുമ്പോൾ എല്ലാവരും കണ്ണുകൾ അടച്ചു ഒരു നിർവൃതിയിൽ കേട്ടു കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഗൗതത്തിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ അലയൊലികൾ ആഴ്ന്നുകൊണ്ടിരുന്നു… അവന്റെ കണ്ണുകൾ ഇട തടവില്ലാതെ ദേവ്നിയെന്ന വൃത്തത്തിൽ കുരുങ്ങി കറങ്ങി കൊണ്ടിരുന്നു. അച്ചുവും ജീവനും ഒരു ഒളിച്ചു കളിയിലായിരുന്നു… അതാണെങ്കി ആരും ശ്രെദ്ധിച്ചതുമില്ല… അവർക്ക് മാത്രം പരിചിതമായ മനസുകൊണ്ടും കണ്ണുകൾകൊണ്ടുമുള്ള ഒരു ഒളിച്ചു കളി. “നമ്മൾ തമ്മിൽ ഒരു ബിസിനെസ്സ് വേണ്ടി മാത്രമല്ല ഇപ്പൊൾ കൈകൾ കോർത്തത്…

ഇതൊരു പുതിയ തുടക്കമാകട്ടെ… പുതിയ ബന്ധത്തിലേക്ക്… സൗഹാർദപരമായി തന്നെ പോകാമല്ലേ” പാർട്ടി കഴിഞ്ഞു പോകാൻ ഇറങ്ങും മുന്നേ മാധവ് മേനോനെ ആശ്ലേഷിച്ചു കൊണ്ടു പ്രകാശ് ചോദിച്ചു. “തീർച്ചയായും പ്രകാശ്” മേനോനും തിരികെ പുണർന്നു. പ്രകാശിന്റെ കൗശലം നിറഞ്ഞ കണ്ണുകൾ സുഭദ്രയിലും കൃഷ്ണനിലും ഒഴുകി നടന്നു… മൗനമായി അയാൾ അലറുന്നുണ്ടായിരുന്നു.. സുഭദ്രക്ക് മാത്രം മനസിലാകുന്ന ഭാഷയിൽ… അതു മനസിലാക്കിയ പോലെ സുഭദ്ര നിന്നു വിറ കൊണ്ടു. അന്നത്തെ പാർട്ടിക്ക് ശേഷം ദേവ്നി പാടെ ഗൗതമിനെ അവഗണിക്കാൻ തുടങ്ങി. അവളുടെ കണ്മുന്നിൽ ശീതളിനൊപ്പം ഇഴുകി ചേർന്നു നിൽക്കുന്ന ഗൗതമിനെയാണ് കാണുന്നത്. മാത്രവുമല്ല നാഴികക്ക് നാല്പതു വട്ടം എന്ന കണക്കിൽ ശീതൾ തന്റെ മാത്രം ഗൗതം എന്ന പാരായണം മാത്രവും…

അവളുടെ നോട്ടം പോലും തന്നിലേക്ക് ഇല്ല എന്നു കാണുമ്പോൾ ഗൗതം വീണ്ടും പഴയ ഗൗരവക്കാരന്റെ മുഖം മൂടിയണിഞ്ഞു. ഗൗതത്തിനു ദേഷ്യം കൂട്ടാൻ എന്നോണം ജീവന്റെ അടുത്തു കൂടുതൽ സ്വാതന്ത്ര്യത്തിൽ പെരുമാറാനും ദേവ്നി മറന്നില്ല. പതിവുപോലെ കാലത്തെ ജോലികൾ വേഗം തീർത്തുകൊണ്ടിരിക്കുകയായിരുന്നു ദേവ്നി. അപ്പോഴാണ് സ്റ്റാഫ് സ്വാതി വന്നു പറഞ്ഞതു മേനോനും കുടുംബവും എത്തിയിട്ടുണ്ടെന്നു. ജീവൻ പുറത്തു പോയതായിരുന്നു. അതുകൊണ്ടു ഇപ്പോഴാണ് ഓഫീസിലേക്ക് എത്തിയത്. അവൾ കാലത്തു മുതൽ ജീവനെ കാത്തിരിക്കുകയായിരുന്നു. ശീതളിന്റെ റിസൾട്ട് വന്നു… ഫർസ്റ്റ് ക്ലാസ് ഉണ്ട് പോലും.. അതിന്റെ ആഘോഷം. അതുകേട്ടപ്പോൾ ദേവ്നിക്ക് ഒരു പുച്ഛമാണ് തോന്നിയത്. ദേവ്നി കയ്യിൽ കരുതിയിരുന്ന ഒരു ഗിഫ്റ്റ് ബോക്സ് പിന്നെ പനിനീർ പൂവുകളാൽ അലങ്കരിച്ച ഒരു ചെറിയ ബൊക്കയും എടുത്തുകൊണ്ടു ജീവന്റെ ക്യാബിനിലേക്ക് നടന്നു. ദേവ്നി പോകുന്നതെല്ലാം cctv നോക്കി കാണുകയായിരുന്നു ഗൗതം.

ഗൗതം മുഖം കൂർപ്പിച്ചു അവരുടെ ഭാവങ്ങൾ നോക്കി കണ്ടു. ദേവ്നി നോക്ക് ചെയ്തു കൊണ്ട് ജീവന്റെ അടുത്തേക്ക് ചെന്നു. “ഇതെന്താ മോളെ കയ്യിൽ ബൊക്കയൊക്കെ ആയി… ഇതാർക്ക ഗിഫ്റ്റ്” ജീവൻ അതിശയത്തോടെ ചോദിച്ചു. “എന്റെ ഏട്ടന് പിറന്നാൾ ആശംസകൾ” അവൾ പറയുന്നത് കേട്ടു ഒരു നിമിഷം സ്തംബദ്ധനായി ജീവൻ. താൻ പോലും മറന്നു പോയ തന്റെ പിറന്നാൾ. ഓര്മവച്ചിട്ടു ഇതുവരെ ആരും… ആരും തന്നെ ആശംസകൾ പറഞ്ഞിട്ടില്ല. ഒരു സമ്മാനം തന്നിട്ടില്ല. ഗൗതമിന്റെയും ഗായുവിന്റെയുമെല്ലാം പിറന്നാൾ ആഘോഷം കാണുമ്പോൾ കണ്ണുനിറച്ചു കാണാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവന്റെയ നിൽപ്പ് എന്തുകൊണ്ടാണെന്ന് മനസിലാക്കിയ ദേവ്നി അവനരികിൽ ചെന്നു അവന്റെ നെഞ്ചോടു ചേർന്നു നിന്നു.

അവന്റെ കണ്ണുനീർ അവളുടെ മൂർധാവിൽ പതിക്കുന്നത് അവൾ അറിഞ്ഞു… പക്ഷെ പെട്ടന്ന് ഡോർ തള്ളി തുറന്നു ഗൗതം കേറി വന്നു… അവൻ വരുമ്പോൾ കാണുന്നത് ജീവനോട് ചേർന്നു നിൽക്കുന്ന ദേവ്നി. അവൻ കാറ്റുപോലെ വന്നു അവളെ പിടിച്ചു മാറ്റി കവിളിൽ തന്റെ കൈകൾ പതിപ്പിച്ചു. ഒരു നിമിഷം കൊണ്ട് അവൾ വേച്ചു വീണുപോയി. ജീവന് എന്താ നടക്കുന്നതെന്നു മനസിലാകുനില്ലായിരുന്നു. ഗൗതം പിന്നെയും അവളെ കൈകളിൽ പൊക്കിയെടുത്തു… അവന്റെ കണ്ണുകളിൽ തീയാണെന്നു ഒരു നിമിഷത്തേക്ക് അവൾക്കു തോന്നി. ഗൗതത്തിനു തൊട്ടു പുറകിൽ സുഭദ്രയും മാധവ് മേനോനും ഗായത്രിയും ശീതളും കൃഷ്ണനും ഭാര്യയുമൊക്കെ ഉണ്ടായിരുന്നു. ഗൗതം അവളുടെ കൈകളിൽ വലിച്ചു കൊണ്ടു ചോദ്യം തുടങ്ങി. “എന്താ നിന്റെ ഉദ്ദേശം… ഇവനെ കല്യാണം കഴിച്ചു എന്റെ വീട്ടിലെ കെട്ടിലമ്മയായി കഴിയാനാണോ… പറ… പറയടി” അവന്റെ നോട്ടത്തിനെക്കാൾ ചൂട് ഉണ്ടായിരുന്നു അവന്റെ വാക്കുകൾക്ക്… ആ വാക്കുകൾക്ക് മുന്നിൽ തന്റെ മനസും ശരീരവും പൊള്ളുന്നതുപോലെ അവൾക്കു തോന്നി… ഗൗതമിന്റെ കൈകൾ ശക്തിയിൽ തട്ടിയെറിഞ്ഞു അവൾ ആക്രോശിച്ചു. “അതേ… അതു തന്നെയാണ് ഉദ്ദേശം. അതിനു നിങ്ങൾക്ക് എന്താ…” …തുടരും

Share this story