പ്രണവപല്ലവി: PART 7

പ്രണവപല്ലവി: PART 7

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോകാൻ തുടങ്ങി.
മനസ്സിൽ ആശങ്കകൾ ഒട്ടേറെയുണ്ടെങ്കിലും അവൾ പുറമേ പ്രസന്നവതിയായി നിന്നു.
മകളുടെ ചിരിച്ചു കൊണ്ടുള്ള സമീപനം വാര്യർക്കും മറ്റുള്ളവർക്കും ആശ്വാസം പടരുന്നതായിരുന്നു.

തന്റെ വിവാഹത്തിനായി അച്ഛൻ അനുഭവിക്കുന്ന സന്തോഷവും ആശങ്കയും വെപ്രാളവുമെല്ലാം പല്ലവി അറിയുകയായിരുന്നു.

കല്യാണക്കുറി അടിച്ച് ഏവരെയും വിളിക്കാനും തുടങ്ങിയിരുന്നു.
രമ്യ എന്നും വിളിക്കുകയും പല്ലവിയോട് വിശേഷങ്ങൾ ആരായുകയും അവൾക്ക് വേണ്ട ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു.

കർക്കശക്കാരിയായ അമ്മായിയമ്മ അല്ല അവരെന്ന് പല്ലവിക്ക് ബോധ്യപ്പെട്ടു.

സ്വർണ്ണം അധികം വേണ്ടെന്ന് പല്ലവി പറഞ്ഞെങ്കിലും പ്രദീപിന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത് മാറിയേ പറ്റൂ എന്ന് വാര്യർ നിർബന്ധം പിടിച്ചു.എന്നിട്ടും
കുറച്ച് വളകൾ മാത്രമാണ് മാറ്റി വാങ്ങിയത്.
പാരമ്പര്യമായി കൈയിലുള്ള ആഭരണങ്ങൾ മതിയെന്ന് പല്ലവി പറഞ്ഞു.
പ്രണവിന് വേണ്ടിയുള്ള വിവാഹമോതിരവും മാലയുമെല്ലാം അവർ തിരഞ്ഞെടുത്തു.
ഓരോന്നെടുക്കുമ്പോഴും അച്ഛന്റെ മുഖത്തെ സംതൃപ്തി പല്ലവി ശ്രദ്ധിച്ചു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഴയ സംഭവം എല്ലാവരും മറന്ന് പുതിയവയ്ക്ക് പിന്നാലെ പോകുന്നതുകൊണ്ട് ആരുടേയും പിറുപിറുക്കലുകൾ കൂടുതലായി പല്ലവിക്ക് കേൾക്കേണ്ടി വന്നില്ല.
എന്നിരുന്നാലും ഒളിഞ്ഞും തെളിഞ്ഞും ചിലർ പറയുന്നത് അവൾ കേട്ടു.

വിവാഹത്തിന് വസ്ത്രമെടുക്കാൻ പല്ലവിയെ കൊണ്ട് പോകാനാണ് രമ്യ വന്നത്.
രമ്യയും പ്രത്യഷുമാണ് കാറുമായി വന്നത്.
ബാക്കിയുള്ളവർ ടെക്സ്റ്റെൽസിൽ വരുമെന്നും അവർ അറിയിച്ചു.
രാമനും വാര്യരും സദ്യയ്ക്കുള്ള ഏർപ്പാട് ചെയ്യാൻ പോകുന്നത് കൊണ്ട് വൃന്ദയും പാർവതിയും പല്ലവിയുമാണ് പോയത്. പൂജയെ ക്ലാസ്സ്‌ കളയേണ്ടെന്ന് പറഞ്ഞ് കോളേജിൽ അയച്ചിരുന്നു.

വലിയ ടെക്സ്റ്റെയിൽസിൽ ചെന്ന് കയറിയപ്പോൾ തന്നെ പവിക്ക് വല്ലായ്മ തോന്നി.
ദാവണിയുo പട്ടുപാവാടയുമെല്ലാം തുണിയെടുത്ത് തയ്ക്കുന്നതാണ്.
പിന്നെയിടുന്ന ചുരിദാറുകളും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ ഇതുപോലെ ഇത്രയും വലിയ കടകളിൽ കയറാറില്ല.

ആദ്യം വിവാഹസാരിയാണ് എടുക്കാൻ പോയത്.
പവിയോട് അവളുടെ ഇഷ്ടം ചോദിച്ചപ്പോൾ
അമ്മയ്ക്കിഷ്ടമുള്ളത് എടുക്കാൻ അവൾ പറഞ്ഞു.
അവളുടെ അമ്മ എന്ന വിളിയും സൗമ്യമായ പെരുമാറ്റവും രമ്യയിൽ സന്തോഷം വർധിപ്പിക്കുകയാണുണ്ടായത്.

പ്രണവ് ഇതെല്ലാം കണ്ട് ഒതുങ്ങി നിന്നതേയുള്ളൂ. അവൻ പല്ലവിയെ sശ്രദ്ധിക്കുകയായിരുന്നു. പതിവുപോലെ മുടി മെടഞ്ഞിട്ടിരുന്നു.
പച്ച നിറത്തിലെ ചുരിദാറാണ് വേഷം. ഒതുങ്ങിയ ശരീരമാണവളുടേതെന്നവൻ ശ്രദ്ധിച്ചു.
മൂക്കിൻത്തുമ്പിലെ പൊടിഞ്ഞു നിന്ന
വിയർപ്പുകണങ്ങളും നെറ്റിയിലെ ചന്ദനവും. ഇമചിമ്മാതെ നോക്കിനിന്നു പ്രണവ്.
ഇടയ്ക്കെപ്പോഴോ മിഴികൾ ഉയർത്തിയ പല്ലവിയുടെ പ്രണവിന്റെ മിഴികളുമായി കോർത്തു.
നെഞ്ചിലൂടെ മിന്നൽപ്പിണർ കടന്നു പോയതായി അവൾക്ക് തോന്നി.
പെട്ടെന്നുതന്നെ അവൾ മിഴികൾ വെട്ടിച്ചു.

പല്ലവിയോട് സംസാരിച്ചതിനുശേഷം പ്രത്യഷും പ്രരുഷും ജെൻസ് സെക്‌ഷനിലേക്ക് പോയി.

വൃന്ദയും രമ്യയും പാർവതിയും ചേർന്ന് സാരി നോക്കാൻ തുടങ്ങി.

പ്രദീപ്‌ വന്നപ്പോൾ പ്രണവ് ഫോണിൽ ഒരു വശത്ത് സംസാരിച്ചു നിൽക്കുന്നു.
ഓരോ സാരിയെയും ഡിസൈനിനെയും താരതമ്യo ചെയ്യുന്ന രമ്യയെയും വൃന്ദയെയും ചെറുചിരിയോടെ നോക്കിയിരിപ്പുണ്ട് പല്ലവി.

അതേയ്.. കല്യാണപ്പെണ്ണിന് അഭിപ്രായം ഒന്നുമില്ലേ.. പ്രദീപ് ചോദിച്ചു.

മറുപടി പവി ഒരു പുഞ്ചിരിയിലൊതുക്കി.

അയാൾ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചുകൊണ്ട് ഇരിക്കാനുള്ള സെറ്റിയിലേക്കിരുന്നു.

മോൾക്ക് എന്തൊക്കെയോ ആശങ്കകൾ ഉണ്ടല്ലേ ഇനിയും. എന്ത് പറ്റി. അച്ഛനോട് പറയാൻ പറ്റുന്നതാണോ.. പ്രദീപിന്റെ ചോദ്യം കേട്ട് തന്നെ എത്ര നന്നായി അദ്ദേഹം മനസ്സിലാക്കി എന്ന ആശ്ചര്യഭാവത്തിൽ അവൾ അയാളെ നോക്കി.

മക്കളുടെ മനസ്സ് അച്ഛനമ്മമാർക്ക് അറിയാൻ സാധിക്കും. നീയും എന്റെ മകളാണ്. എന്റെ പ്രകൃതിയെപ്പോലെ തന്നെയാണ് എനിക്ക് മോളും.
ഒട്ടും വിചാരിക്കാത്ത സമയത്ത് നേരിടേണ്ടി വന്ന അപമാനം.. ആത്മഹത്യാശ്രമം..അതിൽ നിന്നൊക്കെ മനസ്സ് മുക്തമാകുന്നതിന് മുൻപ് മനസ്സ് കൊണ്ട് ആലോചിച്ചിട്ട് പോലുമില്ലാത്ത വിവാഹം.
പ്രണവിന് നീ അനുയോജ്യയാണോ എന്ന ആശങ്ക.
മറ്റൊരു കുടുംബത്തിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ എങ്ങനെ പെരുമാറണം എന്നൊക്കെയുള്ള പരിഭ്രമം അല്ലേ.. പ്രദീപ്‌ ഇളം ചിരിയോടെ അവളോട് ചോദിച്ചു.

തന്റെ മുൻപിലിരിക്കുന്ന അച്ഛനോട് ആ നിമിഷം സ്നേഹവും ബഹുമാനവും കൂടി പല്ലവിക്ക്.

അതേയെന്നർത്ഥത്തിൽ തല ചലിപ്പിച്ചു കൊണ്ടവൾ അയാളെ നോക്കി.

പ്രണവ് സാറിനെ എനിക്കറിയാം. സാറിന്റെ രീതികൾ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെ പോലൊരാൾക്ക് ഇഷ്ടപ്പെടാൻ വേണ്ട ക്വാളിറ്റീസ് ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ.
അന്നത്തെ ആ സംഭവം അതുകാരണം മാത്രമാണ് എല്ലാവരുടെയും നിർബന്ധത്തിൽ സാർ വിവാഹത്തിന് സമ്മതിച്ചിരിക്കുക അല്ലേ.. ആശങ്കയോടവൾ ആരാഞ്ഞു.

മോളേ.. നീ അവനിലേക്ക് എത്തിച്ചേരുവാനുള്ള ഒരു മാർഗ്ഗം അതായിരുന്നു അന്നത്തെ ആ സംഭവം. അതിൽ നിങ്ങൾ രണ്ടുപേരും നിരപരാധികളാണ്.
അതുകൊണ്ട് മാത്രമല്ല ഞങ്ങൾ പൂർണ്ണ മനസ്സോടെ തിരഞ്ഞെടുത്ത പെൺകുട്ടി തന്നെയാണ് മോൾ.
അവനും മോളോട് ഇഷ്ടക്കേടില്ല അത് മോൾക്കും അറിയാം.
മോളുടെ മനസ്സിൽ ഉള്ളതുപോലെ പല ആശങ്കകളും അവന്റെ മനസ്സിലും കാണാം. അത് മനസ്സിലാക്കണമെങ്കിലും പരിഹരിക്കണമെങ്കിലും നിങ്ങൾ മനസ്സ് തുറന്ന് സംസാരിക്കണം.
പെട്ടെന്നുള്ള വിവാഹം കാരണം നിങ്ങൾക്ക് സംസാരിക്കാനുള്ള സാവകാശം അധികം ലഭിച്ചിട്ടില്ല.
നീ എങ്ങനെയാണോ അങ്ങനെ ആയിരുന്നാൽ മതി. മോൾ കയറി വരുന്നത് നിന്റെ വീട് തന്നെയാണ്. അമ്മ, അച്ഛൻ, സഹോദരി, സഹോദരന്മാർ, ഭർത്താവ് അങ്ങനെ കുറേ ബന്ധങ്ങൾ നിന്നെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
സ്വന്തം വ്യക്തിത്വം ആർക്കുവേണ്ടിയും അടിയറവ് വയ്‌ക്കേണ്ടതില്ല. പ്രദീപ്‌ പറഞ്ഞുനിർത്തി.

മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് പല്ലവി അത് കേട്ടിരുന്നതും.

അതേയ്.. മോൾ വന്നേ. ഞങ്ങൾക്ക് ഈ രണ്ടു സാരിയും ഇഷ്ടമായി. മോൾ തന്നെ തിരഞ്ഞെടുക്ക് ഇഷ്ടമുള്ളത്.. കൈയിൽ രണ്ടു സാരികളുമായി രമ്യ വിളിച്ചു.

പുഞ്ചിരിയോടെ പ്രദീപും പല്ലവിയും എഴുന്നേറ്റ് അവർക്കരികിലെത്തി.

റോയൽ ബ്ലൂ നിറത്തിൽ പീലിവിടർത്തി നിൽക്കുന്ന മയിലിന്റെ രൂപം ഗോൾഡൻ വർക്ക് ചെയ്ത സാരിയും മറ്റൊന്ന് ചില്ലി റെഡ് നിറത്തിൽ സ്വർണ്ണനിറത്തിലെ നൂലിഴകൾ പാകിയ മനോഹരമായ മറ്റൊരു സാരിയും.

രണ്ടും പവിക്കിഷ്ടമായി.
അവളുടെ ചൂണ്ടുവിരൽ ചില്ലി റെഡിൽ എത്തിയതും പ്രണവ് ചില്ലി റെഡ് മതിയെന്ന് വിളിച്ചു പറഞ്ഞതും ഒരേ സമയത്തായിരുന്നു.

വിസ്‌മയത്തോടവൾ അവനെ നോക്കി.
ചിരിയോടെ എല്ലാവരും നോക്കുന്നത് കൊണ്ടാകാം പ്രണവിന് ചമ്മൽ അനുഭവപ്പെട്ടു.

വിവാഹസാരി തിരഞ്ഞെടുത്ത ശേഷം അവൾക്ക് വേണ്ട മറ്റു സാരികൾ അവർ നോക്കാൻ തുടങ്ങി.

അമ്മേ.. റിസപ്ഷനുള്ളത് ഞാൻ സെലക്ട്‌ ചെയ്യാം.. പ്രണവ് പറഞ്ഞു.

രമ്യ ചിരിയോടെ സമ്മതിച്ചു.

പല്ലവി വാ.. അവനവളെ വിളിച്ചു.

അവൾ അമ്പരന്ന് നിൽക്കെ അവൻ അവളെ കൈയിൽ പിടിച്ചു കൊണ്ടുപോയി.
പ്രദീപിന്റെയും മറ്റുള്ളവരുടെയും മനസ്സ് നിറഞ്ഞു. പവി ആണെങ്കിൽ ആകെ ചൂളി.
ആദ്യമായാണ് പൊതുസ്ഥലത്ത് വച്ചൊരു പുരുഷൻ കൈയിൽ പിടിക്കുന്നത്.
അവൾക്ക് അന്നത്തെ ദിവസം എന്തുകൊണ്ടോ ഓർമ്മ വന്നു. തന്നെ നെഞ്ചോട് ചേർത്തുപിടിച്ച് കൊണ്ടുപോകുന്ന പ്രണവ്.
ഒരു വിറയൽ തന്നെ ബാധിച്ചിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു.

ലഹങ്ക നോക്കിയെങ്കിലും പ്രണവിന് അതൊന്നും ഇഷ്ടമായില്ല.
ഗൗൺ സെക്‌ഷനിലേക്കാണ് അവർ പിന്നെ പോയത്.

പിങ്ക് നിറത്തിൽ സിൽവർ വർക്ക്‌ ചെയ്ത മനോഹരമായ ഒരു ഗൗൺ ആണ് പ്രണവ് സെലക്ട്‌ ചെയ്തത്. ട്രയൽ നോക്കാനായി പല്ലവിയെയും സെയിൽസ് ഗേളിനെയും ഏൽപ്പിച്ചു.

അത് ധരിച്ചു വന്ന പല്ലവിയെ ബാർബി ഡോൾ പോലെ അവന് തോന്നി.
എന്നാൽ പല്ലവിക്ക് ആകെ അസ്വസ്ഥത തോന്നി.

ധാവണിയും പട്ടുപാവാടകളും ചുരിദാറും മാത്രമേ ഇതുവരെ ധരിച്ചിട്ടുള്ളൂ. ആദ്യമായാണ് മറ്റൊരു ഡ്രസ്സ്‌. ഒതുങ്ങിയതെങ്കിലും വൈഡ് നെക്ക് ആയിരുന്നു അതിന്.
എന്നാൽ പ്രണവിന്റെ നോട്ടത്തിൽ നിന്നും അതിഷ്ടമായെന്ന് മനസ്സിലാക്കി അവൾ സമ്മതം പറഞ്ഞു.

അതേയ്.. ഇത്തിരി കൂടി മോഡേൺ ആകാം തനിക്ക്. ഈ ചുരിദാറും ദാവണിയും ഒക്കെ വിട്ടിട്ട് കേട്ടോ പ്രണവ് അവളുടെ അടുത്തായി മെല്ലെ പറഞ്ഞു.

പുഞ്ചിരിയോടെ അവൾ കേട്ടുനിന്നു. കാഷ്വൽ വെയേഴ്സ് എടുക്കാൻ പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.

അവൾക്കാവശ്യമുള്ള സ്കർട്ടും ടോപ്പും ലെഗ്ഗിൻസും എടുക്കാൻ അവൻ കൂടെക്കൂടി.
അവൾ ഒഴിഞ്ഞു നിന്നതേയുള്ളൂ. പല പ്രാവശ്യം വേണ്ടെന്ന് പറഞ്ഞ് തടയാനും ശ്രമിച്ചു.

അവനപ്പോൾ ഓർമ്മ വന്നത് നന്ദനയെ ആണ്.
എത്ര എടുത്താലും അവൾക്ക് മതി വരില്ലായിരുന്നു.
ഷെൽഫിൽ ഉള്ളതെല്ലാം വാരിവലിച്ച് ഇട്ടതിനുശേഷം എത്രയോ പ്രാവശ്യം ഒന്നും ഇഷ്ടമായില്ലെന്ന് പറഞ്ഞു പോയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയാണ് പല്ലവിയെന്നവൻ മനസ്സിലാക്കി.

ഈ മുടിയൊക്കെ എണ്ണമയമില്ലാതെ ഭംഗിയാക്കാത്തതെന്താ താൻ.. അവൻ ചോദിച്ചു.

അത്.. ശ്രദ്ധിച്ചിട്ടില്ല ഇതുവരെ. പണ്ട് മുതലേ ഇങ്ങനെയാ ചെയ്യുന്നത്.. പല്ലവി മറുപടി പറഞ്ഞു.

തനിക്ക് നല്ല ഭംഗിയായിരിക്കും മുടി വിടർത്തിയിട്ടാൽ.
നിറവും ഷെയ്പ്പുമൊക്കെ ഉണ്ടല്ലോ അതുകൊണ്ട് നന്നായി ഒരുങ്ങി നടക്കണം.. പ്രണവ് തന്റെ അഭിപ്രായം പറഞ്ഞു.

ഷെയ്പ്പ് എന്ന് കേട്ടപ്പോൾ അവൾ ഞെട്ടലോടെ അവനെ നോക്കി.

അത് മനസ്സിലാക്കിയെന്നോണം അവനൊരു കുസൃതി ചിരി അവൾക്ക് സമ്മാനിച്ചു.

നാണം കൊണ്ട് മുഖം കുനിഞ്ഞുപോയി. എന്നാൽ മനസ്സ് നിറഞ്ഞു തന്നെ അവളത് സ്വീകരിച്ചു.

അത്രയും സമയം കൊണ്ട് അവൾക്ക് അവനെ കുറച്ചൊക്കെ മനസ്സിലാക്കുവാനും സാധിച്ചു.
എന്നിരുന്നാലും മുന്നോട്ടെങ്ങനെയാകുമെന്നുള്ള ആകുലതയും നിറഞ്ഞു നിന്നിരുന്നു.

ദിവസങ്ങൾ കടന്നുപോയി.
വേണ്ടെന്ന് പറഞ്ഞിട്ടും പല്ലവിയെ നിർബന്ധിച്ച് ബ്യൂട്ടിപാർലറിൽ കൊണ്ട് പോയത് വൃന്ദയും പൂജയുമാണ്.
മുടി ഹെന്ന ചെയ്യുകയും ഫേഷ്യൽ ചെയ്യുകയും പുരികം ത്രെഡ് ചെയ്യുകയുമൊക്കെ ചെയ്തു.

വിവാഹം പ്രമാണിച്ച് പ്രകൃതിയും ഭർത്താവും കുഞ്ഞും ഒരാഴ്ച മുൻപ് ദുബായിയിൽ നിന്നും എത്തിയിരുന്നു. പല്ലവിയെ വീട്ടിൽ വന്ന് കാണുകയും അവർ തമ്മിൽ കൂട്ടാകുകയും ചെയ്തിരുന്നു. രമ്യയെപ്പോലെ തന്നെ നല്ല പെരുമാറ്റമായിരുന്നു പ്രകൃതിയുടേതും. കുസൃതിക്കുടുക്ക ഋഷിയെയും അവൾക്ക് ഒരുപാട് ഇഷ്ടമായി.

വിവാഹത്തലേന്ന് പൊതുവെ എല്ലാ പെൺകുട്ടികൾക്കും ആശങ്കയാണല്ലോ. പല്ലവിയുടെ കാര്യത്തിലും അതുതന്നെയായിയുന്നു അവസ്ഥ.
നാളെ മുതൽ താൻ ഈ വീട്ടിൽ കാണില്ല എന്നത് അവളിൽ വേദന പടർത്തി .
പൂജ അവളുടെ കൂടെ ഉണ്ടായിരുന്നു.
നാളെ മുതൽ ചേച്ചിയോടൊപ്പം പഴയതുപോലെ ഇടപെടാൻ തനിക്ക് കഴിയുമോ എന്നായിരുന്നു അവൾക്ക് ആശങ്ക.

പല്ലവിയുടെ അവസ്ഥ മനസ്സിലാക്കിയിട്ടെന്നവണ്ണം വൃന്ദയും പാർവതിയും അവൾക്കരികിൽ ഇരുന്നു.

അവരെല്ലാം നല്ല സ്നേഹമുള്ള ആളുകളാണ്. മോൾക്കും അറിയാമല്ലോ. പിന്നെ പ്രണവ്. ഭർത്താവിനെ സ്നേഹിച്ച് കഴിയണം. നിസ്സാര കാര്യങ്ങൾ ഒരിക്കലും ഊതിപ്പെരുപ്പിക്കരുത് മോളേ . പരസ്പരം സ്നേഹിച്ചു ജീവിക്കണം. രണ്ടുപേരും പരസ്പരം താങ്ങായി കഴിയേണ്ടവർ ആണ്.
ക്ഷമിച്ചുo സ്നേഹിച്ചും സഹിച്ചും വിശ്വാസം നൽകിയുമൊക്കെയാണ് ദാമ്പത്യജീവിതം നയിക്കേണ്ടത്.
ഭർത്താവിനെ സ്നേഹിച്ചും അവനെ അനുസരിച്ചും ന്റെ കുട്ടി ജീവിക്കണം..
എനിക്കറിയാം ന്റെ കുട്ടിക്ക് പറഞ്ഞ് തരേണ്ടതില്ലെന്ന്. എന്നാലും അമ്മയല്ലേ ഞാൻ.. വിതുമ്പിക്കൊണ്ട് അവർ അവളെ ചേർത്തു പിടിച്ചു.
ഏതൊരമ്മയ്ക്കും തന്റെ മകളുടെ ജീവിതത്തെ കുറിച്ചുള്ള ഉൽകണ്ഠ അവരിലും നിറഞ്ഞു നിന്നിരുന്നു.

രാത്രി വൈകി ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് പ്രണവ് ഉറക്കത്തിനിടെ ചെവിയോട് ചേർത്തത്.

പ്രണവ്.. ഞാൻ നന്ദുവാണ്.. നിന്റെ നന്ദു.. മറുവശത്ത് നിന്നും നന്ദനയുടെ സ്വരം മുഴങ്ങി കേട്ടു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

Share this story