രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 2

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

രുദ്രാക്ഷ
മാനേജിങ് ഡയറക്ടർ
ദ്രുവാസ് ഡിസൈൻസ്
ആൻഡ് ഇന്റീരിയൽസ്.
നെയിം ബോർഡിൽ ഒരുനിമിഷം തങ്ങിനിന്ന മിഴികൾ.

രുദ്രാ.. നീയോ.. ഒരു നിമിഷത്തെ ഞെട്ടലിന് ശേഷമയാൾ അവൾക്കടുത്തേക്ക് പാഞ്ഞെത്തി. നീ ഇവിടെ.. മാനേജിങ് ഡയറക്ടർ സംശയത്തോടെയയാൾ അവളുടെ നേർക്ക് മിഴികൾ പായിച്ചു.

റിവോൾവിങ് ചെയറിൽ നിന്നുമെഴുന്നേറ്റ് കൈകൾ മാറിൽ പിണച്ചുകെട്ടിയവൾ അവനെ സാകൂതം വീക്ഷിച്ചു.

മിസ്റ്റർ സിദ്ധാർഥ് നാരായൺ അക്കൗണ്ടിംഗ് സെക്‌ഷനിലെ പുതിയ സ്റ്റാഫ്. കമ്പനിയിലെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് വായിച്ചു നോക്കിയിട്ടല്ലേ സൈൻ ചെയ്തത്. പതിഞ്ഞ സ്വരത്തിൽ രുദ്രാക്ഷ പറഞ്ഞു നിർത്തിയതും അത് മനസ്സിലാകാത്ത മട്ടിൽ അവനവളുടെ മുഖത്തേക്കുറ്റുനോക്കി.

മാനേജിങ് ഡയറക്ടറുടെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ അതുമൊരു അന്യവ്യക്തിയോട് ബഹുമാനമില്ലാതെ സ്വന്തം സ്ഥാനം മറന്ന് പെരുമാറാൻ ആസ് എ ന്യൂ എംപ്ലോയീ തനിക്കെങ്ങനെ കഴിഞ്ഞു. എന്റെ കമ്പനിയിലെ സ്റ്റാഫ്‌ ആണ് താൻ. പെരുമാറ്റം അതാരോടാണെങ്കിലും നല്ല രീതിയിൽ ആയിരിക്കണം. അതിവിടെ നിർബന്ധമാണ്. ജോയ്‌നിങ് ലെറ്റർ ഏല്പിച്ചിട്ട് മിസ്റ്റർ സിദ്ധാർഥ് നാരായണിന് ജോലിയിലേക്ക് കടക്കാം. മനസ്സിലായോ..
അയാളുടെ മിഴികളിലേക്ക് ഉറ്റുനോക്കി പതറാതെ ഉറച്ച സ്വരത്തിലവൾ പറഞ്ഞു നിർത്തി.

യെസ് മാഡം..സിദ്ധാർഥിന്റെ വായിൽ നിന്നുതിർന്നു വീണ വാക്കുകൾ ദുർബലമായിരുന്നു.

ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങും മുൻപയാൾ വീണ്ടുമവളെ നോക്കി. മുൻപിലിരിക്കുന്ന സിസ്റ്റത്തിൽ തിരക്കിട്ട ജോലിയിലായിരുന്നവൾ.

അവിടെ നിന്നുമിറങ്ങി തന്റെ സീറ്റിലേക്കിരിക്കുമ്പോഴേക്കും അയാൾ തളർന്നിരുന്നു.
രുദ്രയാണ് മുൻപിൽ നിൽക്കുന്നതെന്നറിഞ്ഞപ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു നിറഞ്ഞുനിന്നത്. എന്നാൽ ഒരൊറ്റ നിമിഷം കൊണ്ടത് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുപോയി. രൂപം കൊണ്ടും ഭാവം കൊണ്ടും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു അവൾക്ക്.
നീണ്ട മുടി മെടഞ്ഞിട്ട് ചുരിദാർ ധരിച്ച് കുസൃതിച്ചിരിയോടെ എല്ലാത്തിൽനിന്നും പിന്നോക്കം നിന്നിരുന്ന ഒരു പെൺകുട്ടി ഇന്ത്യയിലെ മികച്ച ഫാഷൻ സ്ഥാപനങ്ങളിലൊന്നായ ദ്രുവാസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് അന്നത്തെ നീണ്ട മുടിക്ക് പകരമിന്ന് പറന്നു കിടക്കുന്ന സിൽക്ക് പോലുള്ള മുടിയിഴകളാണ്.ഭയം നിറഞ്ഞുനിന്ന മിഴികളിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു. പ്രസരിപ്പോടെയുള്ള സംസാരം. അന്നത്തെ രുദ്രയാണോ അതെന്ന് അവന് വീണ്ടും സംശയം തോന്നി. ഇത്രയേറെ മാറ്റങ്ങൾ ഒരു വ്യക്തിക്ക് സംഭവിക്കുമോ അതും വെറുമൊരു സാധാരണ പെണ്ണിന്. ചിന്തകൾ കാടുകയറിയപ്പോൾ ദീർഘമായവൻ നിശ്വസിച്ചുകൊണ്ട് മോണിറ്ററിലേക്ക് മിഴിനട്ടു.

അതിക്രമിച്ച് കടന്നുവന്നുകൊണ്ടിരുന്ന ചിന്തകൾക്ക് കടിഞ്ഞാണിടാനോ ഓർമകൾക്ക് വിരാമമിടാനോ അവനായില്ല. മുടിയിൽ കോർത്തുവലിച്ചുകൊണ്ടവൻ ടേബിളിൽ അടിച്ചു.
എന്തിനും രുദ്രയോട് സംസാരിച്ചേ തീരുവെന്നവൻ ഉറപ്പിച്ചു.

മറ്റുള്ള ഡിസൈനേഴ്സിനിടയിൽ അവരിലൊരാളായി ചിരിച്ചുകൊണ്ട് ജോലി ചെയ്യുന്ന രുദ്രയെ അവന് ക്യാബിനിൽ ഇരുന്നാൽ കാണാമായിരുന്നു. നേരത്തെ കണ്ട മാനേജിങ് ഡയറക്ടർ എന്ന പദവിയുടെ പവർ ഇപ്പോഴാ മുഖത്തിൽ തെളിഞ്ഞു കാണുന്നില്ലെന്നൻ ഓർത്തു.

വൈകുന്നേരം മൂന്ന് മണി കഴിഞ്ഞപ്പോൾ തന്നെ മാനേജരോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചവൾ പുറത്തേക്ക് പോകുന്നതവൻ കണ്ടു. അവളെവിടെക്കാണ് പോയതെന്നറിയാനുള്ള ആകാംഷ അവനിൽ ഉറവെടുത്തു.

അക്കൗണ്ടിങ്ങിലെ സംശയം ചോദിക്കാനെന്ന വ്യാജേന അവൻ ഗോപിനാഥനരികിലെത്തി.

സാർ, രുദ്ര.. അല്ല മാഡത്തെ കാണണമായിരുന്നു. ഫയലുമായവൻ ചോദിക്കുന്നതുകണ്ട് ഗോപിനാഥൻ അവനെ സൂക്ഷിച്ചു നോക്കി.

മാഡം അത്യാവശ്യമായി പുറത്ത് പോയിരിക്കുകയാണ്. തനിക്കേതായാലും ഫയൽ നാളെ കാണിക്കാം. ഇന്നത്തേത് ക്ലോസ് ചെയ്യാറായല്ലോ ഏതായാലും. നൗ യു ക്യാൻ ഗോ.

വീട്ടിൽ പോയി കയറുമ്പോൾ ആ ഏകാന്തത അനുഭവിക്കുമ്പോൾ തനിക്കിതെല്ലാം എത്ര പെട്ടെന്നാണ് പരിചിതമായതെന്ന് ആലോചിക്കുകയായിരുന്നവൾ.

പണ്ട് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പേടിയായിരുന്നു. അത് പറഞ്ഞ് അമ്മ കളിയാക്കിയിരുന്നു പലപ്പോഴും. കോളേജിലായപ്പോഴും അമ്മയെയും ബസ് സ്റ്റോപ്പ്‌ വരെ ചിലപ്പോൾ നിർബന്ധിച്ച് കൊണ്ടുപോകുമായിരുന്നു.
എന്തുകൊണ്ടോ ആ നേരമവളെ വല്ലാത്തൊരു ശൂന്യത വേട്ടയാടി.
ബാൽക്കണിയിലെ തണുത്ത കാറ്റേറ്റവൾ കണ്ണുകളടച്ചു.

പിറ്റേന്ന് ബ്ലാക്ക് കളർ ജീൻസും ടോപ്പുമണിഞ്ഞ് മുടിയുയർത്തി ബൺ ചെയ്തവൾ ഓഫീസിലേക്കിറങ്ങി.

ഓഫീസിലെത്തി എല്ലാവരെയും വിഷ് ചെയ്ത് ക്യാബിനിലേക്ക് നടന്നു. അകത്തുകയറിയതും സിദ്ധാർഥ് പാഞ്ഞുവന്നു.

ഹേയ് മിസ്റ്റർ.. തനിക്ക് മാനേഴ്സ് ഇല്ലേ. അനുവാദം ചോദിക്കാതെയാണോ അകത്തു കടക്കുന്നത് അറ്റ്ലീസ്റ്റ് ഡോർ നോക് എങ്കിലും ചെയ്തുകൂടെ.. സിദ്ധാർത്ഥിന് നേരേയവൾ ശബ്ദമുയർത്തി.

തന്റെ മുൻപിൽ നിൽക്കുന്ന രുദ്രയുടെ രൂപത്തിലേക്ക് അമ്പരപ്പോടെയാണവൻ നോക്കിയത്. മോഡേൺ വേഷമിട്ട് കത്തിജ്വലിക്കുകയാണവൾ.

രുദ്ര.. പ്ലീസ്‌.. എനിക്ക് നിന്നോട് സംസാരിച്ചേ പറ്റൂ. ട്രൈ ടു അണ്ടർസ്റ്റാൻഡ് മീ രുദ്രു. അവൻ കെഞ്ചി.

നോ.. രുദ്ര അല്ല രുദ്രാക്ഷ. കാൾ മീ മാഡം. പിന്നെ തനിക്ക് പറയാനുള്ളത് കേട്ടുകൊണ്ടിരിക്കുവാനല്ല മാസാമാസം നല്ലൊരു തുക ശമ്പളമായി അക്കൗണ്ടിൽ വരുന്നത്. ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം മിസ്റ്റർ സിദ്ധാർത്ഥിന് പറയാനുണ്ടോ.. കൈകൾ പിണച്ചു കെട്ടി ഗൗരവത്തിലവൾ ചോദിച്ചു.

നോ മാഡം.. തലകുനിച്ചവൻ പുറത്തേക്ക് കടന്നു.
പുറത്തേക്കിറങ്ങിയതും അവളുടെ അധരത്തിൽ പുച്ഛത്തോടെയൊരു ചിരി തെളിഞ്ഞു. കണ്ണുകളിൽ വെറുപ്പും.

അഞ്ച് മണിക്ക് ഓഫീസ് കഴിഞ്ഞിട്ടും അന്ന് രുദ്രാക്ഷയ്ക്ക് നേരത്തെ ഇറങ്ങാനായില്ല. എൻഗേജ്മെന്റ് പാർട്ടിയുടെ വസ്ത്രത്തിന്റെ അവസാന മിനുക്കുപണിയിലായിരുന്നു അവളും ഡിസൈനറിൽ രണ്ടുപേരും.
ഒടുവിലത് തീർത്തപ്പോൾ നേരം വൈകിയിരുന്നു.
ഡിസൈനേഴ്സ് രണ്ടുപേരും പോയിരുന്നു. കാറിന്റെ ഡോർ തുറക്കാൻ കൈനീട്ടിയതും അവളുടെ കൈയിൽ ആരോ പിടിച്ചിരുന്നു.

സിദ്ധാർഥ്..
ഹേയ് കൈ വിട് അവൾ കൈ വിടുവിക്കാൻ ശ്രമിച്ചു.

എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ പോയാൽ മതി ചീറിക്കൊണ്ട് സിദ്ധാർഥ് പറഞ്ഞു.

അത് ഞാനാണ് തീരുമാനിക്കേണ്ടത്. തനിക്ക് പറയാനും കേൾക്കാനും ഞാൻ സമയം തന്നിരുന്നു. ഇന്ന് എനിക്കൊന്നും കേൾക്കണ്ട. സിദ്ധാർഥ് നാരായൺ എന്ന വെറുമൊരു വ്യക്തി മാത്രമാണ് നിങ്ങൾ. എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഒരാൾ മാത്രം. അതല്ലാതെ സിദ്ധാർഥിനെപ്പറ്റി എനിക്ക് കൂടുതലൊന്നും കേൾക്കാൻ താല്പര്യമില്ല.

നിന്റെ കമ്പനിയും സ്റ്റാഫും..
ത്ഫൂ.. അങ്ങനൊരു സ്ഥാനം എനിക്ക് വേണ്ടെങ്കിലോ. വലിച്ചെറിയുവാ ഞാൻ നേടിയെടുത്ത നിന്റെ ഓഫീസിലെ ജോലി ഈ സിദ്ധാർഥ് നാരായൺ. നിന്നെപ്പോലൊരു പീറപ്പെണ്ണിന്റെ കീഴിൽ ജോലി ചെയ്യാൻ മാത്രം അധഃപതിച്ചിട്ടില്ല ഞാൻ.

ഹ ഹ ഹ.. തിളച്ചു മറിയാതെ സിദ്ധാർഥേ. നീ പറഞ്ഞല്ലോ നേടിയെടുത്തെന്ന് ജോലി. ഞാൻ അറിഞ്ഞു തന്നതാടാ നിനക്കീ ജോലി.നിന്റെ ബയോഡാറ്റ കണ്ടപ്പോൾ തന്നെ ഗോപിയേട്ടനോട് ഞാൻ പറഞ്ഞതാ നീ എന്റെ കൺമുമ്പിൽ എന്റെ ഓഫീസിൽ വേണമെന്ന്. പിന്നെ പോകണമെങ്കിൽ ആരും തടയില്ല നിന്നെ. എട്ടുലക്ഷം രൂപ കെട്ടിവച്ചിട്ട് സിദ്ധാർഥിന് പോകാം. തകർന്നടിഞ്ഞ ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമയ്ക്ക് നാട്ടുകാരുടെ പൈസ തിരിച്ചു കൊടുക്കാൻ കഴിവില്ലാത്തവന് ഈ എട്ടുലക്ഷം രൂപ കെട്ടിവയ്ക്കാൻ കഴിയുമോ.
പിന്നെ നീ പറഞ്ഞല്ലോ പീറപ്പെണ്ണെന്ന്. അതേടാ ആ പീറപ്പെണ്ണ് തന്നെയാ ഇന്ന് നിനക്ക് സാലറി തരുന്നത്. അഷ്ട്ടിക്ക് വകയില്ലാതായിട്ടും പെണ്ണിനോടുള്ള നിന്റെ കാഴ്ചപ്പാട് മാത്രം മാറിയില്ലല്ലേ. പരിഹാസത്തോടെയവൾ പറഞ്ഞു നിർത്തി.

പക തീർക്കുവാണല്ലേടീ പന്നമോളേ.. അവനവളെ കൈയിൽ പിടിച്ചു തിരിച്ചു .

അതേടാ.. പക തന്നെയാ. നിന്നോടെനിക്ക് പക തന്നെയാ. എനിക്കുണ്ടായ നഷ്ടങ്ങൾക്ക് നിന്നെ എത്ര ദ്രോഹിച്ചാലും എനിക്ക് മതിയാകില്ല. അതെനിക്കൊരു ലഹരിയാടാ.. നിന്നോടുള്ള പക.. ചീറിക്കൊണ്ടവൾ അവന്റെ കൈ തട്ടിത്തെറിപ്പിച്ചു.

എന്നാൽ നീ കേട്ടോ ഇവിടുന്നെനിക്കൊരു മടക്കമുണ്ടെങ്കിൽ അത് രുദ്ര എന്ന നിന്നെയും കൊണ്ടാകും. സിദ്ധാർഥ് നാരായണിന്റെ വാക്കാ ഇത് പല്ല് ഞെരിച്ചു കൊണ്ടവൻ പറഞ്ഞു.

കാണാം.. പുച്ഛത്തോടെ പറഞ്ഞു കൊണ്ടവൾ കാറിൽ കയറി.

ഛേ.. പാഞ്ഞുപോകുന്ന കാറിനെ നോക്കി തൂണിൽ ആഞ്ഞടിച്ചു സിദ്ധാർഥ്‌ നാരായൺ.

(തുടരും )

Nb: ഒലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

Share this story