രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 8

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

അമ്മയെ കാണാൻ ആവേശത്തോടെ കാറിൽ നിന്നിറങ്ങി ഓടി രുദ്ര. ഗേറ്റിനരികിൽ അവിടവിടെയായി കൂടി നിൽക്കുന്ന ആളുകളെക്കണ്ട് അവളൊന്ന് നിന്നു.
കാലുകൾ തളരുന്നതുപോലെ. എന്തോ ആപത്തെന്ന് തലയ്ക്കകത്തു ഇരുന്നാരോ മന്ത്രിക്കുന്നതുപോലെ.

അമ്മ.. പെട്ടെന്നാണവൾ ഓർത്തത്.
ശക്തമായൊരു മിന്നൽപ്പിണർ ശരീരത്ത് പതിഞ്ഞതുപോലെ അവളൊന്ന് ആടിയുലഞ്ഞു.
കാലുകൾക്ക് വേഗത പോരെന്ന് തോന്നി.
പടിക്കലെത്തിയപ്പോഴേ കണ്ടു വരാന്തയിൽ കിടത്തിയിരിക്കുന്ന അമ്മയെ.
തളർന്നിരുന്നുപോയി ആ പടിക്കൽ തന്നെ.
പോയല്ലേ.. എന്നെ ഒറ്റയ്ക്കാക്കി പോയല്ലേ.. പാപിയാ അല്ലേ അമ്മേ ഞാൻ.. തലയിൽ ഇരുകൈയും അമർത്തിയവൾ അലറിക്കരഞ്ഞു.
ചിതയിലേക്ക് എടുക്കുമ്പോൾ കർമ്മം ചെയ്യാനായി ആരോ സിദ്ധുവിനെ നിർദ്ദേശിച്ചു.
വേണ്ട.. ഞാൻ മതി.. ജീവിച്ചിരുന്നപ്പോൾ എന്റമ്മയ്ക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോഴും ഞാൻ മതി.

അതൊക്കെ തെറ്റാണ് കുട്ടീ ആരോ പറയുന്നുണ്ടായിരുന്നു.

അവളത് കേട്ടില്ല.. ഒടുവിൽ ആളിക്കത്തുന്ന ചിതക്കരികിൽ ഇരിക്കുമ്പോഴും ഇടതടവില്ലാതെ ആ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

ഏഴാം ദിനം ചടങ്ങുകൾ തീർത്ത് സിദ്ധു അവളെ കൊണ്ടുപോയി.

വീട്ടിലെത്തിയപ്പോഴും അവളാ മരവിച്ച അവസ്ഥ തുടർന്നു.
ദിവസങ്ങൾ കൊഴിഞ്ഞുവീണു.

പഴയ പ്രസരിപ്പും കോലവും കെട്ട് അവളാകെ മാറിയിരുന്നു. ഇതുവരെയും അവൾ സിദ്ധുവിനോട് സംസാരിച്ചിരുന്നില്ല.

പിറ്റേന്ന് രാവിലെ കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി. ഓടിപ്പോയി വാഷ്ബേസിനിൽ ഛർദിക്കുമ്പോഴേക്കും അവളാകെ തളർന്ന് പോയിരുന്നു.
പിറകെ പോയ സിദ്ധുവിന്റെ കൈകളിലേക്കവൾ കുഴഞ്ഞു വീണു.

അവളെ വാരിയെടുത്ത് കാറിൽ കയറ്റുമ്പോഴും ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴും സിദ്ധു ആകെ പരിഭ്രമിച്ചിരുന്നു.
ബോധം തെളിഞ്ഞെന്ന് നഴ്‌സ് വന്ന് പറഞ്ഞപ്പോൾ അവൻ അകത്തേക്ക് കയറി.
ദിവസങ്ങൾക്കുശേഷം അവളുടെ മുഖം അപ്പോൾ തെളിഞ്ഞുകണ്ടു.

രുദ്രൂ.. കുഴപ്പമൊന്നുമില്ലല്ലോ മോളേ അവളുടെ തലയിൽ തലോടിയവൻ ചോദിക്കുമ്പോൾ അവളവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു.

കാര്യമറിയാതെ അമ്പരന്നിരുന്ന അവന്റെ കൈകൾ തന്റെ ഉദരത്തോട് ചേർത്ത് വച്ച് “എന്റെ സിദ്ധുവേട്ടന്റെ കുഞ്ഞിവിടെയുണ്ടെന്ന് ” നാണത്തോടെ പറയുമ്പോൾ സിദ്ധു കൈവലിച്ചിരുന്നു.

തന്റെയുള്ളിലൊരു ജീവൻ നാമ്പിട്ടുവെന്ന സുന്ദരമായ വാർത്തയിൽ മതിമറന്നിരുന്നത് കൊണ്ടാകാം അവളവന്റെ ഭാവമാറ്റം ശ്രദ്ധിച്ചതേയില്ല.

ഇപ്പോൾ ഒരു മാസം വളർച്ചയുണ്ട്. അടുത്ത ആഴ്ച വന്നാൽ മതി ടാബ്ലറ്റ്സ് അപ്പോൾ എഴുതാം.ആദ്യത്തെ പ്രെഗ്നൻസി ആയതുകൊണ്ട് കുറച്ച് ശ്രദ്ധിക്കണം. കുനിഞ്ഞുള്ള ജോലികൾ ഒഴിവാക്കാം. ഭാരം ഒട്ടും എടുക്കരുത്. നിറയെ വെള്ളം കുടിക്കുക ഫ്രൂട്ട്സ് കഴിക്കുക വിശ്രമിക്കുക.. ഗൈനക്കോളജിസ്റ് ഡോക്ടർ രുക്മ അവരോടായി പറഞ്ഞു.

വീട്ടിലെത്തുമ്പോഴും രുദ്ര അവളുടെയും കുഞ്ഞിന്റെയും ലോകത്തായിരുന്നു. തന്റേതെന്ന് പറയാൻ ഒരവകാശി അതായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നത്.

പഴയതുപോലെ സ്നേഹത്തോടെ സിദ്ധുവിനോടവൾ ഇടപെടാൻ തുടങ്ങി.

സിദ്ധുവേട്ടാ.. നാളെയല്ലേ ഡോക്ടറെ കാണാൻ പോകേണ്ടത്. നമുക്ക് രാവിലെ പോകാം കേട്ടോ. വരുന്ന വഴി കുറച്ച് ഫ്രൂട്ട്സ് കൂടി വാങ്ങണം. ഞാൻ കിടക്കട്ടെ. നല്ല ക്ഷീണം തോന്നുന്നു. അവൾ കിടക്കാനായി പോയി.
സിദ്ധു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

പിറ്റേന്ന് അവർ ഡോക്ടറുടെ അടുത്തെത്തി.
മിസ്റ്റർ സിദ്ധാർഥും രുദ്രാക്ഷയും നന്നായി ആലോചിച്ചെടുത്ത തീരുമാനമാണോ.?
കാരണം ഒരുപേർ ഇങ്ങനൊരു ഭാഗ്യം ലഭിക്കാതെ ജീവിക്കുന്നുണ്ട് നമുക്ക് ചുറ്റും. അതുമാത്രമല്ല ലീഗലി ഇത് കുറ്റകരവുമാണ്. അമ്മയ്ക്ക് അപകടകരമാകുന്ന സന്ദർഭങ്ങളിലോ വളർച്ചയില്ലെങ്കിലോ മാത്രമാണ് യൂഷ്വലി ഇങ്ങനെ ചെയ്യുന്നത്.. ഡോക്ടർ രുക്മ അവരുടെ മറുപടി അറിയാനായി അവരെ ഉറ്റുനോക്കി.

എല്ലാം തീരുമാനിച്ചതാ ഡോക്ടർ. തീരുമാനത്തിന് മാറ്റമില്ല. ഇപ്പോൾ ഇത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിദ്ധാർഥ്‌ ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോഴും രുദ്ര ആകെ അമ്പരപ്പിലായിരുന്നു.
എന്തോ തെറ്റായി സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ അവളിൽ നാമ്പെടുത്തു.

എനിക്കൊന്നും മനസ്സിലായില്ല എന്താ ഡോക്ടർ.. വിറയ്ക്കുന്ന സ്വരത്തിൽ രുദ്ര ചോദിച്ചു.

ഡോക്ടർ രുക്മ അമ്പരപ്പോടെവർ ഇരുവരെയും മാറിമാറി നോക്കി.

നിങ്ങൾ രണ്ടുപേരുമിപ്പോൾ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അബോർഷൻ വേണമെന്നും മിസ്റ്റർ സിദ്ധാർഥ്‌ ഇന്നെന്നെ വിളിച്ചു പറഞ്ഞിരുന്നു. രുദ്രാക്ഷയ്ക്ക് മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാലും പൂർണ്ണ ആരോഗ്യവതിയായതിനാലും അബോർഷൻ ചെയ്യേണ്ടെന്ന് പറഞ്ഞെങ്കിലും സിദ്ധാർഥ് അതിൽ ഉറച്ചു നിൽക്കുവായിരുന്നു. മെഡിക്കൽ എത്തിക്സിന് എതിരായിരുന്നിട്ട് കൂടി ചെയ്യാമെന്ന് ഞാൻ പറഞ്ഞത് സിദ്ധാർഥ് അതിൽത്തന്നെ ഉറച്ചു നിന്നതുകൊണ്ടാണ്… ഡോക്ടർ വ്യക്തമാക്കി.

എന്റെ കുഞ്ഞിനെ കൊല്ലാനോ.. തന്റെ വയറ്റിൽ കൈയമർത്തി രുദ്ര കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് പിന്നോക്കം നീങ്ങി. പെട്ടെന്നുള്ള നീക്കത്തിൽ വീഴാനായി പിന്നോക്കമാഞ്ഞ രുദ്രയെ നഴ്സ് ചേർത്തു പിടിച്ചു.

രുദ്രൂ… സിദ്ധു ഓടിയെത്തി അവളെ ചേർത്തു പിടിക്കാൻ കൈനീട്ടി.

തൊട്ടുപോകരുതെന്നെ.. എനിക്കെന്റെ കുഞ്ഞിനെ വേണം.. സമ്മതിക്കില്ല ഞാൻ അതിനെക്കൂടി നശിപ്പിക്കാൻ. നിങ്ങൾക്കെന്നെ ദ്രോഹിച്ച് മതിയായില്ലേ സിദ്ധുവേട്ടാ.. പൊട്ടിക്കരഞ്ഞുകൊണ്ട്‌ രുദ്ര ചുവരിലേക്ക് ചാരി. അതിനുശേഷം ആരെയും ഗൗനിക്കാതെ പുറത്തേക്കിറങ്ങി നടന്നു.

രുദ്രയുടെ പിന്നാലെ സിദ്ധുവും ഇറങ്ങി. കാറിലിരിക്കുമ്പോഴും അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു.

വീട്ടിലെത്തി മുകളിലെ റൂമിലേക്കവൾ പാഞ്ഞുകയറി. പിന്നാലെയെത്തിയ സിദ്ധു അവളെ പിടിച്ചുനിർത്തി.

എന്ത് ഭ്രാന്താടീ നീ കാണിച്ചുകൂട്ടിയത് അതും ഒരു ഹോസ്പിറ്റൽ ആണെന്ന് കൂടി ഓർക്കാതെ.കുഞ്ഞ്.. കുഞ്ഞ്.. കുഞ്ഞ്… എനിക്കില്ലാത്ത എന്ത് സ്നേഹമാടീ നിനക്കതിനോടുള്ളത്.. സിദ്ധു പൊട്ടിത്തെറിച്ചു.

ഭ്രാന്ത്‌ എനിക്കല്ല നിങ്ങൾക്കാ.വെറും ഭ്രാന്തല്ല മുഴുത്ത ഭ്രാന്ത്‌. സംശയമാ നിങ്ങൾക്കെന്നെ. ഈ വീട്ടിൽ ശ്വാസം മുട്ടിയാണ് ഞാൻ കഴിയുന്നത്. അതിനിടയിൽ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ദൈവം തന്നതാ എന്റെ കുഞ്ഞിനെ. അതിനെക്കൂടി കൊന്ന് എന്നെ ഒറ്റയ്ക്കാക്കാൻ ഞാൻ സമ്മതിക്കില്ല. കോളേജിൽ വച്ച് എല്ലാവരുടെയും മുൻപിൽ വച്ച് നിങ്ങൾ കാട്ടിക്കൂട്ടിയതൊന്നും മറന്നിട്ടില്ല ഞാൻ. അത് നേരിൽ കണ്ട് തകർന്നതാ എന്റെ അമ്മ. ആക്‌സിഡന്റ് എന്ന് പറഞ്ഞു അതൊഴിഞ്ഞു പോയി. പക്ഷേ എന്റെ അവസ്ഥയിൽ മനം നൊന്ത് നടന്ന എന്റെ അമ്മ വണ്ടിയുടെ മുൻപിൽ ചാടിയതാണോ എന്ന് ആർക്കറിയാം. ശരിക്കും നിങ്ങൾക്ക് സ്നേഹമല്ല വാശിയാ.. മോഹിച്ചതെന്തും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വൃത്തികെട്ട വാശി.. ആദ്യമായിട്ട് സർവ്വം മറന്ന് രുദ്ര പൊട്ടിത്തെറിച്ചു.

രുദ്രയുടെ ഭാവമാറ്റത്തിൽ ഒരുനിമിഷം അമ്പരന്നെങ്കിലും അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ ഇരുകവിളുകളിലും മാറിമാറി പതിഞ്ഞു.

താഴേക്ക് വീഴാൻ പോയ രുദ്രയെ മുടിക്ക് പിടിച്ചവൻ ഉയർത്തി.

അതേടീ എനിക്ക് വാശിയാ. ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കും ഞാൻ. എന്നെ ആദ്യമായി മോഹിപ്പിച്ച പെണ്ണാ നീ. പെണ്ണ് കാണാൻ വന്നപ്പോൾ നീ വിവാഹം വേണ്ടെന്ന് പറഞ്ഞപ്പോൾ വാശിയായിരുന്നു നിന്നെ എന്റെ സ്വന്തമാക്കാൻ. നിന്നെ ആദ്യത്തെ രാത്രി തന്നെ ബലമായി അറിഞ്ഞതും അതുകൊണ്ട് തന്നെയാ. പക്ഷേ നീയില്ലാതെ എനിക്ക് പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാ മോളേ സിദ്ധുവേട്ടന് നിന്നെ.അതുകൊണ്ട് എന്റെ രുദ്രു പറയുന്നത് കേൾക്ക് ഇപ്പോൾ നമുക്കൊരു കുഞ്ഞ് വേണ്ട . സിദ്ധു പറഞ്ഞു നിർത്തി.

നമ്മുടെ കുഞ്ഞല്ലേ സിദ്ധുവേട്ടാ.. എന്റെ സിദ്ധുവേട്ടന്റെ രക്തമല്ലേ. എനിക്ക് പറ്റാഞ്ഞിട്ടാ. എന്റെയുള്ളിൽ വളരുന്ന ആ പിഞ്ചുജീവനെ ഇല്ലാതാക്കി കളയാൻ എനിക്ക് പറ്റാഞ്ഞിട്ടാ. ഞാൻ കാലുപിടിക്കാം. മറ്റൊന്നും ആവശ്യപ്പെടില്ല ഞാനീ ജീവിതത്തിൽ. എനിക്കെന്റെ കുഞ്ഞ് മാത്രം മതി.. അവളവന്റെ കാൽക്കൽ വീണു കരഞ്ഞു.

എന്തൊക്കെ പറഞ്ഞാലും പറ്റില്ല രുദ്രൂ.. ഞാനിത് തീരുമാനിച്ചു കഴിഞ്ഞു. ഇത് സിദ്ധാർഥ് നാരായണിന്റെ വാക്കാണ്. എന്റെ കൂടെ ജീവിക്കുന്ന കാലം ഞാൻ പറയുന്നത് അനുസരിച്ചേ പറ്റൂ.. അവളുടെ വാക്കുകൾ ഒന്നും അവനെ ബാധിക്കാതെ അവൻ പറഞ്ഞു നിർത്തി.

എങ്കിൽ സിദ്ധാർഥ്‌ നാരായണിന്റെ കൂടെയൊരു ജീവിതം ഇനി രുദ്രയ്ക്ക് വേണ്ട.. എനിക്കെന്റെ കുഞ്ഞ് മതി. നിങ്ങളെപ്പോലൊരു ഭ്രാന്തന്റെ കൂടെ ജീവിക്കാൻ എനിക്കിനി പറ്റില്ല. അവന്റെ കാൽക്കൽ നിന്നും എഴുന്നേറ്റുകൊണ്ടവൾ പുറത്തേക്ക് പാഞ്ഞു.

രുദ്രൂ… നിന്നോടല്ലേ പറഞ്ഞത്. എത്ര പറഞ്ഞാലും മനസ്സിലാകാത്തതെന്താ.. പിന്നാലെ പാഞ്ഞെത്തിയവൻ അവളെ വലിച്ചുനിർത്തി വീണ്ടും കവിളിൽ അടിച്ചു.

പുറത്തിറങ്ങരുത് എന്റെ അനുവാദമില്ലാതെ.. പറഞ്ഞുകൊണ്ടവൻ അവളെ പിടിച്ചു തള്ളിയതും പിടി കിട്ടാതവൾ പടികളിലൂടെ ഉരുണ്ടു വീണു.

അത്രയും സിദ്ധാർഥും പ്രതീക്ഷിച്ചില്ലായിരുന്നു.

അലറിക്കരഞ്ഞുള്ള ശബ്ദം പുറത്തു വരുമ്പോൾ അവളറിഞ്ഞു കാലിൽ നനവ് പടരുന്നത്. വേദനയോടെ വയറമർത്തിയവൾ അലറി.

ഓടിയെത്തിയ സിദ്ധുവും കണ്ടു വെളുത്ത ടെയിൽ പതിച്ച നിലത്തുകൂടൊഴുകുന്ന കൊഴുത്ത രക്തം.

(തുടരും )

അബോർഷൻ ക്രിമിനൽ കുറ്റമാണ്. രുദ്രയെ പോലുള്ളവർ നമ്മുടെ സമൂഹത്തിലും എവിടെയൊക്കെയോ ഉണ്ട്. ചിലർ ഡിവോഴ്സ് എന്ന മാർഗത്തിലൂടെ രക്ഷ പ്രാപിക്കുമ്പോൾ ഒന്നിനും കഴിയാതെ നിസ്സഹായതയോടെ ജീവിക്കുന്നവരുമുണ്ട്. ഒരുപാട് വേദനിച്ചെഴുതിയ പാർട്ട്‌ ആണിത്.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

Share this story