തമസ്സ്‌ : ഭാഗം 45

തമസ്സ്‌ : ഭാഗം 45

എഴുത്തുകാരി: നീലിമ

അതോ എന്റെ കുഞ്ഞ്……???? ഒരു നിമിഷം മനസിൽ ഉയർന്ന ആ ചിന്ത പോലും അസ്സഹനീയമായിരുന്നു മോഹന്…. വല്ലാതെ വിയർക്കുന്നു… മനസ്സ് ആസ്വസ്ഥമാകുന്നു…. ആകെ ഒരു തളർച്ച ബാധിക്കുന്നു…… മോഹനിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ ജാനകിയും കാണുന്നുണ്ടായിരുന്നു… നാവിൽ നിന്നും അറിയാതെ പുറത്തേയ്ക്ക് ചാടിയ വാക്കുകൾ ഓർത്തവൾ ഉള്ളാലെ പരിതപിച്ചു…. ഒന്നങ്ങാൻ പോലുമാകാതെ ഇരുന്നിടത്തിരുന്നവൾ ഉരുകി….. 🍁🍁🍁🍁🍁🍁🍁🍁🍁 “”””””ജാനിയെ… കുഞ്ഞിയ്ക്ക് കൂട്ടായി എന്നാടോ നമ്മുടെ പൊന്നൂസ് വരണത്?”””””” “”””””വേണോ ജയേട്ടാ…? നമുക്ക് സ്നേഹിക്കാൻ കുഞ്ഞി മാത്രം പോരെ…?””””” ആളിന് രണ്ട് കുഞ്ഞുങ്ങൾ വേണമെന്ന് അതിയായ ആഗ്രഹം ഉണ്ടെന്ന് അറിയാമായിരുന്നിട്ടും കുറുമ്പ് നിറഞ്ഞ ചിരിയോടെ ചോദിച്ചു…..

“”””നമ്മുടെ കുഞ്ഞി മോൾക്ക് കൂടെ കളിക്കാനും ചിരിക്കാനും കുസൃതി കാട്ടാനും തല്ല് കൂടാനുമൊക്കെ ഒരു കൂടപ്പിറപ്പ് വേണം…… അതില്ലാത്തതിന്റെ വിഷമം നമ്മൾ രണ്ടാളും അറിഞ്ഞതല്ലേ?എല്ലാം തുറന്നു പറയാൻ പറ്റിയ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ വീട്ടിൽ തന്നെ ഉള്ളത് ഒരു അനുഗ്രഹം ആണ്…. ആൺ കുഞ്ഞായാലും പെൺ കുഞ്ഞായാലും ദൈവം തരുന്നത് പോലെ… എന്നാലും പെൺ കുട്ടിയോടാണുട്ടോ എനിക്ക് ഒരു പൊടി ഇഷ്ടം കൂടുതൽ….”””” ഓരോ വാക്കിലും സന്തോഷം നിറഞ്ഞു നിന്നു….പതിയെ മടിയിലേയ്ക്ക് ചാഞ്ഞു… “”””””ഞാനും താനും നമ്മുടെ രണ്ട് കുഞ്ഞ് മാലാഖമാരും…. നമ്മുടെ കുഞ്ഞിയും പൊന്നുവും…..ശരിക്കും സ്വർഗം ആയിരിക്കും അല്ലേടോ…?”””” ആ സ്വർഗം മുന്നിൽ കണ്ടിട്ടെന്ന പോലെ കണ്ണുകൾ തിളക്കത്തോടെ മനോഹരമായി പുഞ്ചിരി തൂകി ….. ആ കണ്ണുകളിൽ അപ്പോൾ രണ്ട് കുഞ്ഞ് മുഖങ്ങളും അവരോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞു നിൽക്കുന്നതായി തോന്നി …

🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓർമ്മകൾ…. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ…..! അതിശയം തോന്നുന്നു…. ഒരിക്കൽ ആസ്വദിച്ചിരുന്ന ജീവിത നിമിഷങ്ങൾ ഇന്ന് മനസിനെ പൊള്ളിക്കുന്നു….ജീവിതം എന്ന നാടകം രചിച്ച ആ രചയിതാവിന്റെ രചനാപാടവം അതിശയകരം തന്നെ…….. ഓരോ ജീവിതവും ഓരോ രചനയല്ലേ? ആ അദൃശ്യമായ തൂലിക ഇനി എങ്ങോട്ട് ചലിക്കും എന്നറിയാതെ…. ഓരോ നിമിഷവും ഇനി എന്ത്‌ എന്നറിയാതെ ജീവിത നാടകം ആടിത്തീർക്കുന്ന വിഢികളായ അഭിനേതാക്കൾ… … മനുഷ്യൻ…!!!!!! ഇന്നിന്റെ സന്തോഷം നാളെയുടെ ദുഖമാകുന്നതെങ്ങനെ? അതും അവന്റെ കരവിരുത്….. ഇന്ന് വല്ലാതെ സന്തോഷിക്കുമ്പോൾ അതേ സന്തോഷ നിമിഷങ്ങൾ നാളെ ഓർമകളായി ഹൃദയത്തെ ഞെരിച്ചുടയ്ക്കുമെന്ന്… ശ്വാസം മുട്ടിക്കുമെന്ന് ഓർക്കാറുണ്ടോ??? അന്ന് അനുഭവിച്ച ആസ്വദിച്ച സന്തോഷം ഇന്ന് മനസിനെ കൊല്ലാതെ കൊല്ലുന്നു….. ഒരിക്കൽ മധുരം നിറഞ്ഞു നിന്ന നിമിഷങ്ങളുടെ ഓർമകൾക്ക് ഇന്ന് കണ്ണ് നീരിന്റെ ഉപ്പ് രസം…..

എന്തൊരു വിരോധാഭാസം….??!!!!! കാലത്തിന്റെ കുത്തൊഴുക്കിൽ ചിരിയും കരച്ചിലായി രൂപാന്തരപ്പെടുന്നു…..!🍁🍁🍁🍁🍁🍁🍁🍁🍁 കൊതിയായിരുന്നു ജീവിതത്തിനോട്…. ജയേട്ടനും കുഞ്ഞിയും ഒപ്പമുള്ള ഓരോ നിമിഷത്തെയും പ്രണയിച്ചിരുന്നു…. അതേ…. സ്വർഗം ആയിരുന്നു…. എന്റെയും ജയേട്ടന്റെയും കുഞ്ഞിയുടെ സ്വർഗം!!!! ആ സ്വർഗത്തിൽ നിന്നും നരകത്തിലേയ്ക്കാണ് വീണു പോയത്… അത്രയും ഉയരത്തിൽ നിന്നും ആയത് കൊണ്ടാകും വീഴ്ചയ്ക്ക് ആഘാതവും കൂടുതൽ ആയിരുന്നു….. അത് നൽകിയ മുറിവിന്റെ വേദനയിൽ ഇന്നും ഹൃദയത്തിൽ നിന്നും രക്തം കിനിയുന്നുണ്ട്… ചിന്തകൾ ഹൃദയഭാരം കൂട്ടിയതെ ഉള്ളൂ…. കണ്ണുകൾ അപ്പോഴും ജയേട്ടനിൽത്തന്നെ ആയിരുന്നു. ആ കണ്ണുകൾ എന്നോട് നൂറായിരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടെ ഇരുന്നു……. 🍁🍁🍁🍁🍁🍁🍁🍁🍁🍁 മോഹന്റെയും ജാനിയുടെയും അവസ്ഥ മനസിലായത് കൊണ്ടാകണം ശരത് പതിയെ എഴുന്നേറ്റു ആൽവിയുടെ അരികിലേയ്ക്ക് ചെന്നു….

“”””””ആൽവി…. നമുക്ക് പുറത്ത് നിന്നു സംസാരിക്കാം…..”””” ആൽവിയുടെ കണ്ണുകൾ മോഹനെ തേടി ചെന്നു… പിന്നേ ജാനിയിലേയ്ക്ക് തിരിഞ്ഞു…. “””””ആശ്വസിക്കാനും ആശ്വസിപ്പിക്കാനും അവർക്ക് കഴിയും…. അതിന് നമ്മളുടെ പ്രെസൻസ് ഇല്ലാതിരിക്കുന്നതാണ് നല്ലത്….””””” ആൽവിയുടെ തോളിൽ ഒന്ന് തട്ടി പുറത്തേയ്ക്ക് നടന്നു … പിറകെ ആൽവിയും ഒപ്പം മായയും…. 💫💫💫💫💫💫💫💫💫💫 ജയേട്ടന്റെ കാലടികളുടെ ശബ്ദം അടുത്ത് വരുമ്പോൾ ശരീരം വല്ലാതെ തളരുന്നതറിയുന്നുണ്ടായിരുന്നു…. ഇരുന്നിടത്തു നിന്നും അനങ്ങാനുള്ള ശക്തി അപ്പോഴേയ്ക്കും പൂർണമായും നഷ്ടമായിരുന്നു…. ജയേട്ടൻ മുന്നിലായി മുട്ട് കുത്തി ഇരിക്കുന്നതും എന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കുന്നതും അറിയുന്നുണ്ടായിരുന്നു….ആ കണ്ണുകളിലേയ്ക്ക് നോക്കാൻ ധൈര്യം ഉണ്ടായില്ല…. “”””ജാനി…”””” തീരെ നേർത്തിരുന്നു ആ സ്വരം…. ആ വിളിയിൽ പോലും വല്ലാതെ വേദന നിറഞ്ഞിരുന്നു…. “”””ജാനി……. നമ്മുടെ മോള്….?”””””

മനസിലെ നൊമ്പരമാകും ആ വാക്കുകളെ മുറിച്ചു കളഞ്ഞത്….. വീണ്ടും വേദനിപ്പിക്കേണ്ടി വരികയാണല്ലോ ഈശ്വരാ…. സ്നേഹിക്കാൻ മാത്രം അറിയുന്ന ഈ ഹൃദയത്തെ….. പുറത്തേയ്ക്ക് വരാനാകാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു…. ആ കണ്ണുകളിലെ വേദനയിലേയ്ക്ക് നോക്കാൻ ശക്തിയില്ലാതെ മുഖം കുനിച്ചു പിടിച്ചു…. വാക്കുകളെ തടഞ്ഞു വച്ചിരുന്ന ഗദ്ഗദത്തെ വിഴുങ്ങിക്കളഞ്ഞു…. പറയാനുള്ള വാചകങ്ങൾ അക്കമിട്ട് മനസ്സിൽ നിരത്തി…. ശക്തി കിട്ടാണെന്ന പോലെ ഒരു ദീർഘ നിശ്വാസമുതിർത്തു…. “”””സുരക്ഷിതയാണ്…… അവൾ…. ദൈവത്തിന്റെ അരികിൽ…. സുരക്ഷിതയാണ് ജയേട്ടാ…..മോനായിരുന്നോ മോളായിരുന്നോ….? അറിയില്ല…… മകൾ ആകണമെന്നായിരുന്നില്ലേ മോഹം….? അപ്പോൾ……”””” പറയുമ്പോൾ ശബ്ദം വിറയ്ക്കാതിരിക്കാൻ നന്നേ പ്രയാസപ്പെടേണ്ടി വന്നു…. മുറിഞ്ഞു പോയ വാക്കുകളെ പെറുക്കി വച്ച് വീണ്ടും പറഞ്ഞു തുടങ്ങി…..

“””””സന്തോഷിക്കയുകയല്ലേ വേണ്ടത്….? ഈ നശിച്ച ലോകത്ത് അവളൊരു പെണ്ണായി പിറക്കാതിരുന്നതിൽ…..സന്തോഷിക്കുകയല്ലേ വേണ്ടത് ജയേട്ടാ……….? കപടതയും ക്രൂരതയും നിറഞ്ഞ ഈ സ്മൂഹത്തിൽ അവൾക്ക് ജനിക്കേണ്ടി വന്നില്ലല്ലോ….? വിനോദ്മാരുടെ ഇടയിൽ അവൾക്ക് ജീവിക്കേണ്ടി വന്നില്ലല്ലോ…? ഒരിറ്റ് സന്തോഷവും ഒരായിരം വേദനയും തരുന്ന ഈ നശിച്ച ജീവിതം ജീവിക്കാൻ അവൾക്ക് അവസരം കിട്ടാത്തതിൽ സന്തോഷിക്കണ്ടേ ജയേട്ടാ….. സന്തോഷിക്കണ്ടേ നമ്മൾ……?”””” മുഖം ഉയർത്തി ആ കണ്ണുകളിലേയ്ക്ക് നോക്കി… ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടവിടെ….. കാണാൻ ത്രാണി ഉണ്ടായില്ല… കണ്ണുകൾ മുറുകെ പൂട്ടി മുഖം ഇരു കൈക്കുള്ളിലുമായി ഒളിപ്പിച്ചു…. കണ്ണുനീർ വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുമ്പോൾ വീണ്ടും പറയാനുള്ള വാക്കുകൾ സ്വരുക്കൂട്ടുകയായിരുന്നു…..

“”””പാപിയാണ്…. എന്റെ കുഞ്ഞിനെ ഞാൻ കൊന്നു കളഞ്ഞു….. പാടില്ലായിരുന്നു….. അവനോടൊപ്പം പോകാൻ പാടില്ലായിരുന്നു…. കഴിഞ്ഞില്ല… പിടിച്ചു നിൽക്കാൻ… ധീരയാകാൻ കഴിഞ്ഞില്ല…. എന്റെ പ്രിയപ്പെട്ടവരുടെ ജീവന് അവൻ വില പറഞ്ഞപ്പോൾ തളർന്നു പോയി… തോറ്റു പോയി…. ഭയമായിരുന്നു…. നിങ്ങൾക്കൊക്കെ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം…. ഭയം ചിലപ്പോൾ ധൈര്യത്തെയും ബുദ്ധിയെയും കൊല്ലും…… വിവേകത്തോടെ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിഞ്ഞില്ല… എനിക്ക് എന്ത്‌ സംഭവിച്ചാലും ജയേട്ടനും മോൾക്കും ഒന്നും ആകരുത് എന്ന് കരുതി… അന്നവൻ ജയേട്ടനെ ഉപദ്രവിക്കുന്നത് കൂടി നേരിൽ കണ്ടപ്പോൾ എന്തും ചെയ്യാനവൻ മടിക്കില്ല എന്ന് തോന്നി…. ആവിശ്വസിച്ചതല്ല ഞാൻ…… അന്നെനിക്ക് അതിനെ കഴിയുമായിരുന്നുള്ളൂ….””””

തേങ്ങലുകൾ ശബ്ദത്തിന് തടയിട്ടപ്പോൾ നിശബ്ദയായി…. മാപ്പ് പറയുന്നത് പോലെ കൈകൾ കൂട്ടിപിടിച്ചു…. ആ കണ്ണുകളിലെ ദൈന്യത കാണാൻ ആശക്ത ആയിരുന്നു. കുനിഞ്ഞിരുന്നു… ഒന്നും മിണ്ടിയില്ല…..എന്റെ കാൽ മുട്ടിലേയ്ക്ക് നെറ്റി മുട്ടിച്ചു ഇരിക്കുന്നതറിഞ്ഞു…. ആശ്വാസ വാക്കുകൾ ഉണ്ടായിരുന്നില്ല…. ആശ്വസിപ്പിക്കാനും കഴിയുമായിരുന്നില്ല…. 💔💦💔💦💔💦💔💦💔 “””””എന്തിനാ ആൾവിചായ അവർക്ക് മാത്രം കർത്താവ് ഇങ്ങനെ വേദന സമ്മാനിക്കുന്നത്….?”””” നോവ് കണ്ണുകളിൽ നിറച്ച് മായ ആൽവിയെ നോക്കി… “”””പരീക്ഷങ്ങളാണ് മായേ.. ഇത്രയൊക്കെ സഹിച്ചില്ലേ…? ഇതും സഹിക്കാൻ കർത്താവ്‌ അവർക്ക് മനക്കരുത്തു കൊടുക്കും…””””” മറ്റൊന്നും പറയാൻ ആൽവിയ്ക്കും ഉണ്ടായിരുന്നില്ല…. “”””നല്ല മനസ്സുള്ളവർക്ക് മാത്രം എന്താണ് ആൾവിചായ ഇങ്ങനെ പരീക്ഷണങ്ങൾ…?

ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം ആണത്രേ….??!!!!! ഇല്ല… നല്ല മനസ്സുള്ളവർക്കാണ് വേദന മുഴുവൻ…. അവരെ സന്തോഷിക്കാൻ ദൈവങ്ങൾ സമ്മതിക്കില്ല….””””” മായ കണ്ണുകൾ ഒന്നമർത്തി തുടച്ചു…. മറുപടി നൽകിയില്ല ആൽവി… പറയാൻ അവന്റെ പക്കൽ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല…. “””””ആവിച്ച…..മായമ്മേ…..””””” കുഞ്ഞി മോള് തൊടിയിൽ നിന്നും മുറ്റത്തേയ്ക്ക് ഓടി വന്നു…. “”””””മോളെ… ഓടല്ലേ… വീഴും…..”””” ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പിറകെ മായയുടെ അച്ഛനും അമ്മയും…. “”””നിങ്ങളുടെ പ്ലാനിങ് ഒക്കെ കഴിഞ്ഞോ? നിങ്ങളുടെ സംസാരത്തിനു കുഞ്ഞി മോള് തടസ്സം ആകണ്ട എന്ന് കരുതിയാ ഇവളേം കൊണ്ട് തൊടിയിലേയ്ക്ക് ഇറങ്ങിയത്….

ഒരു മിനിറ്റ് നിന്നിട്ടില്ല കാ‍ന്താരി… ഓട്ടം ആയിരുന്നു… ഇവളുടെ പിറകെ ഓടി ഓടി ഞങ്ങൾക്ക് വയ്യാണ്ടായി…. ജോക്കുട്ടൻ സ്കൂളിൽ പോയത് നന്നായി…. ഇല്ലേൽ രണ്ടും കൂടി ഞങ്ങളെ വട്ടം കറക്കിയേനെ…..”””” മായേടെ അച്ഛൻ നടന്ന് വന്നതിന്റെ കിതപ്പടക്കി കുഞ്ഞിക്ക് അരികിലായി വന്നു നിന്നു…. “”””കുഞ്ഞ് പിള്ളാര് പിന്നേ മിണ്ടാതിരിക്കുവോ? ഏത് നേരോം ഓട്ടോം ഒച്ചേം ബഹളോം ഒക്കെ തന്നെ ആയിരിക്കും…. എന്തായാലും കുഞ്ഞൂട്ടിയ്ക്ക് ഇവിടെയൊക്കെ നന്നായിട്ടുണ്ട് ബോധിച്ചിട്ടുണ്ട്….അല്ലേടി കുറുമ്പി…?”””” ചിരിയോടെ അമ്മയും അരികിലേയ്ക്ക് നടന്ന് വന്നു നിഞ്ഞു കുഞ്ഞിയെ ഒന്ന് കൊഞ്ചിച്ചു …… കുഞ്ഞി ചിരിയോടെ തലയാട്ടി…. “”””അച്ചായി എവിടെ ആവിച്ച…?”””” ആൽവിയുടെ ഷർട്ടിൽ പിടിച്ചു വലിച്ച് മുഖത്തേയ്ക്ക് നോക്കി നിന്നു കുഞ്ഞി…. മായ അവളെ വാരിയെടുത്തു..

. “”””അതേ മോളൂ…. അച്ചായി അകത്തുണ്ട്… അച്ചായീം റോസമ്മേം കൂടി പിണങ്ങി ഇരിക്കുവാ… മോള് വേണം അവരെ മിണ്ടിക്കാൻ…. വേഗം പൊയ്ക്കോ…. രണ്ടും കൂടി കരയുവാണെങ്കില് നല്ല തല്ല് കൊടുക്കണം.. എന്നിട്ട് കരയാതെ ചിരിക്കാൻ പറയണം…. മോള് പറഞ്ഞാൽ അവര് കേൾക്കും ട്ടൊ…”””” കുഞ്ഞിയുടെ കവിളിലേയ്ക്ക് ചുണ്ടുകൾ ചേർത്ത് പറഞ്ഞു…. “”””ചിരിപ്പിക്കാം… പച്ചേ തല്ല് കൊടുക്കൂല്ല… ന്റെ അച്ചായീം റോസമ്മേം അല്ലെ? പാവല്ലേ…? തല്ലിയാൽ നോവൂല്ലേ …?””””” മായയ്ക്ക് ഒരു ഉമ്മ കൊടുത്തു കയ്യിൽ നിന്നും ഊർന്നിറങ്ങി… “””””ചിരിപ്പിച്ചിട്ട് വരാവേ….”””” പറഞ്ഞു കൊണ്ട് ഉള്ളിലേയ്ക്ക് ഓടി…. “””””അവൾക്കേ കഴിയൂ…. അവർക്കിപ്പോൾ ആശ്വാസം പകരാൻ അവൾക്ക് മാത്രേ കഴിയൂ….””””” കുഞ്ഞി പോയിടത്തേയ്ക്ക് നോക്കി മായ കണ്ണീർ തുടച്ചു പതിയെ മൊഴിഞ്ഞു….

🍁🍁🍁🍁🍁🍁🍁🍁 “”””അച്ഛായീ….”””” കുഞ്ഞീടെ നീട്ടിയുള്ള വിളി കേട്ട് മുഖമുയർത്തി നോക്കി… ഒഴുകിയിറങ്ങിയ കണ്ണ്നീര് അവൾ കാണാതെ തുടയ്ക്കുമ്പോഴേയ്ക്കും അവൾ ഓടി വന്നു നെഞ്ചോട് ചേർന്ന് കഴിഞ്ഞിരുന്നു…. “”””അച്ചായി കരയാ???”””” കണ്ണുകളിൽ ഊറി നിന്ന കണ്ണുനീര് കുഞ്ഞി ക്കൈകൾ കൊണ്ട് തുടച്ചു മാറ്റി… ഹൃദയത്തിന്റെ ഭാരം പെട്ടെന്ന് കുറഞ്ഞത് പോലെ…. രണ്ട് കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിക്കുമ്പോഴേയ്ക്കും കുഞ്ഞിയുടെ കണ്ണുകൾ ജാനിയെത്തേടി പോയിരുന്നു… “”””റോസമ്മയും കരയുവാണോ ?”””” മോഹന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു ജാനിയെ നോക്കി ചോദിച്ചു… കണ്ണുകൾ പെട്ടെന്ന് തോർന്നത് പോലെ…. കുഞ്ഞിയുടെ അരികിലായി ജാനിയും മുട്ട് കുത്തി ഇരുന്നു …. “”””എന്തിനാ രണ്ടാളും കരായണേ…? നിങ്ങള് വയക്ക് കൂടിയോ?”””” നിഷ്കളങ്കമായ ചോദ്യം…. ഇരുവരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി….

“””””അച്ചായിയെ വയക്ക് പറയല്ലേ റോസമ്മേ… അച്ചായി പാവാ…””””” ഇടത് കൈ മോഹന്റെ കഴുത്തിലൂടെ ചുറ്റി ചേർത്ത് പിടിച്ചു…. പിന്നേ കണ്ണുകൾ മോഹന്റെ മുഖത്തേയ്ക്ക് നീക്കി… “””””റോസമ്മേ വയക്ക് പറയല്ലേ അച്ഛായീ… റോസമ്മേം പാവാ…..””””” പറയുന്നതിനൊപ്പം വലത് കൈ ജാനിയുടെ കഴുത്തിലൂടെ ഇട്ട് അവളെയും ചേർത്ത് നിർത്തിയിരുന്നു….. മോഹന്റെയും ജാനിയുടെയും ഹൃദയവ്യഥകൾ ഒരുപോലെ അലിഞ്ഞു തുടങ്ങി…. കുഞ്ഞിയോടുള്ള സ്നേഹവും വാത്സല്യവും ഇരു ഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പി… ഇരുവരുടെയും ചുണ്ടുകൾ ഒരേ സമയം കുഞ്ഞിയുടെ രണ്ട് കവിള്കളിലും പതിഞ്ഞു… മകളോടുള്ള വാത്സല്യത്താൽ നാല് മിഴികൾ ഒരേ സമയം ഈറനണിഞ്ഞു…. “”””അതേ… നിങ്ങൾ എന്തിനാ വയക്കൊണ്ടാക്കണേ…? കുഞ്ഞിയെ ആരും വയക്ക് പറയാറില്ലല്ലോ…?

എന്താണെന്നറിയുന്നോ?”””” ചോദ്യത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി കുഞ്ഞി…. ഇരുവരും സാകൂതം അവളെ കേട്ടിരുന്നു…. അവളിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും ഇരുവരുടെയും ഹൃദയത്തിന്റെ ചൂട് ശമിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു…. കാതുകൾക്ക് ഇമ്പമുള്ള സംഗീതം ആയിരുന്നു… ഹൃദയത്തിന് അമൃതായിരുന്നു….. “”””കുഞ്ഞിയെ.. മിടുക്കിയാ.. നല്ല കുട്ടിയാ… അമ്മൂമ്മ പറയാറുണ്ടല്ലോ കുഞ്ഞി നല്ല കുട്ടി ആയോണ്ടാ ആരും വയക്ക് പറയാത്തെന്നു… നിങ്ങളും നല്ല കുട്ടികളായാ മതി… അപ്പൊ ആരും വയക്ക് പറയൂല്ലല്ലോ….”””” “””””പിന്നേ കുഞ്ഞിയെപ്പോലെ നല്ല കുട്ടി ആയാലേ വഴക്ക് കൂടാനൊന്നും പാടില്ല ട്ടൊ….”””” താക്കീതോടെ രണ്ട് പേരെയും നോക്കി… വിതുമ്പുന്ന ചുണ്ടുകളോടെ നിറ മിഴികളോടെ ഇരുവരും ഇല്ല എന്ന് തല ചലിപ്പിച്ചു….

“”””നല്ല അച്ചായയീം നല്ല റോസമ്മേം….”””” പറയുന്നതിനൊപ്പം ഇരുവർക്കും ഓരോ ഉമ്മയും കിട്ടി….. ജാനി മിഴികൾ തുടയ്ക്കാതെ തന്നെ മോഹനെ നോക്കി…. “”””ഈ ഹൃദയത്തിലെ സ്നേഹം മുഴുവൻ ഇവൾക്ക് മാത്രമായി പതിച്ചു നൽകണമെന്നാകും…. പകുത്തു പോകരുത് എന്നാകും ദൈവത്തിന്റെ തീരുമാനം…. ഈ ഒരു നിധിയെ ദൈവം കരുതി വച്ചിരുന്നുള്ളൂ….. “””” രണ്ട് കൈകൾ കൊണ്ടും കുഞ്ഞിയെ മുറുകെ പിടിച്ചു ജാനി….. അവളുടെ കൈകൾക്കൊപ്പം മോഹന്റെ കൈകളും കൂട്ട് ചേർന്നു … പിറക്കാതെ പോയ മകൾക്കു വേണ്ടിയൊരു പിടപ്പ് ആ നെഞ്ചിൽ അപ്പോഴും അണയാതെ അവശേഷിച്ചിരുന്നു…… 🌸🌸🌸🌸🌸🌸🌸🌸🌸🌸 “””””അപ്പൊ ജാനകി പറഞ്ഞ വഴിയേ നമുക്കും സഞ്ചരിക്കാം അല്ലെ? മാതു അമ്മ……. അവരുടെ കോൺടാക്ട് നമ്പർ കിട്ടാനുള്ള വഴി തേടാം….

വിനോദിന്റെ ഫോണിൽ ഉണ്ടെങ്കിൽ രെക്ഷപെട്ടു . ഇല്ലെങ്കിൽ ആൽവിയുടെ സുഹൃത്തിന്റെ സഹായം തേടേണ്ടി വരും…… വിനോദിന്റെ ശബ്ദത്തിൽ രുഗ്മിണിയോട് സംസാരിക്കേണ്ടി വരും… അവരിൽ നിന്നും സൂത്രത്തിൽ സംഘടിപ്പിക്കേണ്ടി വരും….. എന്ത്‌ തന്നെ ആയാലും നമ്മൾ ഒരുപാട് സൂക്ഷിക്കേണ്ടിയിരിക്കുന്നു…. വിനോദിന്റെ മുഖം കണ്ടാലേ സെക്യൂരിറ്റി അകത്തേയ്ക്ക് വിടുള്ളൂ…. പക്ഷെ വിനോദിനെ നമ്മുടെ ഒപ്പം കൂട്ടാൻ കഴിയില്ല… ഒന്നാമത് അവന്റെ ഇപ്പോഴത്തെ അവസ്ഥ… രണ്ടാമത് സെക്യൂരിറ്റിയെ കാണുന്ന സമയത്ത് ഒരു നോക്ക് കൊണ്ടെങ്കിലും അവൻ അയാളോട് സംവദിച്ചാൽ….? നമ്മൾ ഇത്രയും കഷ്ടപ്പെട്ടതൊക്കെ ഇല്ലാതാക്കാൻ അത് മതിയാകും…. അത് കൊണ്ട് വിനോദുമായൊരു യാത്ര പോസിബിൾ അല്ല… അപ്പൊ അവിടെ കയറണമെങ്കിൽ കുറച്ചു കായികാധ്വാനം വേണ്ടി വരും….

ആൽവിയുടെ സുഹൃത്തുക്കളുടെ കൂടി സഹായം വേണ്ടി വരും… എന്റെ ചില പോലീസ് സുഹൃത്തുക്കളെയും കൂട്ടാം… പിന്നേ ഒരു സമാധാനം ഉണ്ട്‌…. രുഗ്മിണിയുടെ വീട്ടിൽ നിന്നും എന്ത്‌ ഒച്ച കേട്ടാലും അടുത്ത വീട്ടുകാരാരും ശ്രദ്ധിക്കുക പോലും ഇല്ല എന്ന് പറഞ്ഞില്ലേ? പരിസരത്ത് അധികം വീടുകളും ഇല്ല എന്ന് പറഞ്ഞില്ലേ? അതാണ്‌ ഒരാശ്വാസം….. നമ്മൾ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടക്കാൻ കുറച്ചധികം വിയർക്കേണ്ടി വരും… ഒപ്പം സ്ട്രോങ്ങ്‌ ആയൊരു പ്ലാനും വേണം ….”””” ചർച്ചകൾക്കൊടുവിൽ ആൽവിയോടായി ശരത് പറഞ്ഞു നിർത്തുമ്പോൾ ഉള്ളിൽ നിന്നും കുഞ്ഞിയുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് തുടങ്ങിയിരുന്നു… 🍁🍁🍁🍁🍁🍁🍁🍁🍁🍁 ഞായറാഴ്ച രാത്രി….. പത്തു മണിയോടടുക്കുന്ന സമയം… രുഗ്മിണിയുടെ വീടിന്റെ ഗേറ്റിനു ഇരു വശവുമായി രണ്ട് സെക്യൂരിറ്റികൾ ഇരിപ്പുണ്ട്…. രണ്ട് പേരും ഇരുളിലേയ്ക്ക് കണ്ണ് നട്ട് ജാഗരൂകരായി ഇരിക്കുകയാണ് ….

ഗേറ്റിനു പുറത്ത് കൂടി ഒരാൾ വേഗത്തിൽ നടന്നു മറയുന്നത് ഇരുവരുടെയും ശ്രദ്ധ ആകർഷിച്ചു…. ഇരുന്നവരിൽ ഒരാൾ എഴുന്നേറ്റു ഗേറ്റ്റിനരികിൽ പോയി റോഡിനിരുവശവും നിരീക്ഷിച്ചു…. ഇരുളിന്റെ മറവിൽ ഒരു നിഴൽ രൂപം വീടിന്റെ മതിലിനൊരു വശത്തേയ്ക്ക് മറയുന്നത് കണ്ടു… ഒപ്പം ഒരു വലിയ ശബ്ദവും…. അയാൾ ധൃതിയിൽ മറ്റേ ആളുടെ അടുത്തേയ്ക്ക് നടന്നു …. കന്നഡയിൽ എന്തൊക്കെയോ സംസാരിച്ചു…. കത്തിയും മറ്റ് ആയുധങ്ങളുമായി ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങി….. അഞ്ച് മിനിറ്റോളം ഭയാനകമായ നിശബ്ദത തുടർന്നു … രണ്ടാമൻ എഴുന്നേറ്റു ഗേറ്റ്റിനരികിലേയ്ക്ക് നീങ്ങി….. ഗേറ്റ് തുറക്കാതെ തന്നെ ആദ്യത്തെ ആൾ പോയ ഭാഗത്തേയ്ക്ക് നോക്കി നിന്നു…. അമർത്തിയ ഒരളർച്ച കെട്ടു…. അലറിക്കരയാൻ തുടങ്ങിയപ്പോൾ ആരൊ ശക്തമായി വായ പൊത്തിപ്പിടിച്ചത് പോലെ….

അയാൾ ഒന്ന് ഞെട്ടി…. തിരിഞ്ഞോടി എന്തൊക്കെയോ ആയുധങ്ങൾ കയ്യിൽ എടുത്തു….. വേഗത്തിൽ ഗേറ്റ് തുറന്നു അലർച്ച കേട്ട ഭാഗത്തേയ്ക്ക് വേഗത്തിൽ എന്നാൽ സൂക്ഷ്മതയോടെ നടന്ന് പോയി….. അല്പ സമയത്തിന് ശേഷം ഒരളർച്ച കൂടി മുഴങ്ങിക്കേട്ടു…. 💫💥💫💥💫💥💫💥💫 അക്ഷമയോടെ ബെഡിൽ കൈകൾ പിണച്ചും വിടർത്തിയുമിരുന്നു മാതു അമ്മ… അവരുടെ മുഖത്ത് പരിഭ്രാന്തി പ്രകടമായിട്ടുണ്ട്…… ബെഡിൽ തോട്ടരികിലായിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ കണ്ണുകൾ അതിലേക്ക് നീണ്ടു….. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ മുഖത്തെ അസ്വസ്ഥത മാറി പുഞ്ചിരി വിടർന്നു….. വിവേചിച്ചറിയാനാകാത്തൊരു മുഖഭാവത്തോടെ അവര് കൈ എത്തിച്ചു ഫോൺ എടുത്തു……………………… തുടരും………….

തമസ്സ്‌ : ഭാഗം 44

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story