തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 2

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 2


അവിടെ എറണാകുളത്ത് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ICU വിൽ തീവ്ര പരിചരണത്തിൽ കഴിയുകയായിരുന്ന മാധവൻ നായരുടെ കൂടെ അവനും ഉണ്ടായിരുന്നു. ഒരുവശത്ത് ഡോക്ടർ അദ്ദേഹത്തെ ചികിൽസിക്കുന്ന തിരക്കിലായിരുന്നു. ഓക്സിജൻ മാസ്കിന്റെ സഹായത്താൽ ശ്വാസം വലിച്ചു വിട്ടുകൊണ്ട് അയാൾ അവനെ ദയനീയമായി നോക്കി.

“സാർ.. വിഷമിക്കണ്ട.. സാറിന്റെ മകളെ വിവരമറിയിച്ചിട്ടുണ്ട്.. എത്രയും വേഗം ഇവിടെ എത്തിക്കാനുള്ള ഏർപ്പാടും ചെയ്തിട്ടുണ്ട്.. ”

അവൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“സാർ ഒരു നിമിഷം, ”

ഡോക്ടർ കണ്ണുകൊണ്ടു അവനോട് അല്പം മാറി നിൽക്കാം എന്ന് ആഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

“ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ്, ഞങ്ങൾക്ക് ചെയ്യാനുള്ളതൊക്കെ ഞങ്ങൾ മാക്സിമം ചെയ്യുന്നുണ്ട്.. അതുകൊണ്ടൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല.. ഇനി അദ്ദേഹത്തിന്റെ മകളെ കണ്ട് എന്തെങ്കിലും മാറ്റം വരുമോ എന്ന് നോക്കാം.. ”

ഡോക്ടറുടെ വാക്കുകൾ കേട്ട് അവൻ മാധവന്റെ മുഖത്തേക്ക് നോക്കി.

ICU വിന് പുറത്ത് മാധവന്റെ സഹോദരൻ കേശവനും ഭാര്യ നളിനിയും സഹോദരി ശകുന്തളയും കാത്തു നിൽപ്പുണ്ടായിരുന്നെങ്കിലും, മാധവൻ മരണത്തോട് മല്ലിടുന്നത് കണ്ട് അവർക്കൊട്ടും സങ്കടമില്ല എന്ന് വേണം പറയാൻ.

ഇതേ സമയം തനുവും സ്വാതിയും കോയമ്പത്തൂർ എയർപോർട്ടിൽ എത്തിയിരുന്നു.അവർക്ക് പോകാനുള്ള ടിക്കറ്റും അവരെ കൊണ്ട് വന്ന കാർ ഡ്രൈവർ തന്നെ എടുത്തു കൊടുത്തു. ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ തനുവിന്റെ കൈ വിറയ്ക്കുന്നത് സ്വാതി ശ്രദ്ധിച്ചു.

“ഹേയ്..തനു.. നീ എന്തിനാ ഇങ്ങനെ കിടന്നു വിറയ്ക്കുന്നത്… നീ ഒന്ന് സമാധാനപ്പെട്… നമ്മൾ ദേ ഇപ്പൊ എത്തും..”

താൻ കൂടെ വന്നില്ലായിരുന്നെങ്കിൽ തനുവിന്റെ അവസ്ഥയെ കുറിച്ചോർത്തു സ്വാതി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അവളുടെ മനസ്സ് അവളുടെ അച്ഛനെ കുറിച്ച് ഓർത്ത് വിതുമ്പുകയായിരുന്നു.

ആശുപത്രിയിൽ,

“എന്റെ സമയം അടുത്തൂന്ന് തോന്നുന്നു.. നീ ആദ്യമേ പറഞ്ഞതാ.. പക്ഷെ ഞാൻ കേട്ടില്ല..
അവസാനമായി എന്റെ മോളെ ഒന്ന് കാണണം.. എനിക്ക് അത്രേ ഉള്ളൂ..”

മാധവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.

“സാർ പ്ലീസ്.. ഇങ്ങനെ ഒന്നും പറയരുത്… ധൈര്യമായി ഇരിക്ക് സാറിനൊന്നും സംഭവിക്കില്ല..”

“വിധി എന്നൊന്നുണ്ട് മോനെ.. അതിനെ ആർക്കും തടുക്കാൻ കഴിയില്ല… ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും,എന്റെ സമയം എത്തി കഴിഞ്ഞു..”

വിറച്ച ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു.

“എന്താ സാർ ഇതൊക്കെ.. സാറിന്റെ മകളെ കുറിച്ചെങ്കിലും ഒന്ന് ആലോചിക്കാതെ.. ഇങ്ങനെയൊന്നും പറയരുത്..”

“എനിക്കറിയാം.. എന്റെ വിഷമം അവളെ ഓർത്ത് മാത്രാ.. ലോകം അറിയാത്ത കുട്ടിയാ അവള്.. അവളെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കുന്നതിന് മുൻപ് ജീവൻ പോകുമോ എന്ന പേടി മാത്രമേ എനിക്കുള്ളൂ..”

അദ്ദേഹത്തെ എന്ത്‌ പറഞ്ഞ് സമാധാനിപ്പിക്കും എന്നോർത്ത് അവൻ വിഷമിച്ചു.. വെറുതെ ഒരു കള്ളം പറഞ്ഞ് ആശ്വസിപ്പിക്കാൻ അവന് കഴിയാത്തത് കൊണ്ട് അവൻ മൗനമായി നിന്നു.

മാധവൻ കണ്ണുകൾ അടച്ചു കിടന്നു.തന്റെ മകളുടെ ഭാവിയെ കുറിച്ചോർത്ത് അദ്ദേഹം മനസ്സിൽ നീറികൊണ്ടിരുന്നു.. ഇങ്ങനെ ഒരു സാഹചര്യം തനിക്ക് നേരിടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ തന്റെ മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചേനെ. തനുവിനെ പൊന്നു പോലെ നോക്കാൻ കഴിയുന്ന ഒരാളെ, താൻ ഇത് വരെ പരിചയപ്പെട്ട മുഖങ്ങളെ മനസ്സിൽ ഓർത്തെടുത്തു.

“സാർ.. ഒരു ഇൻജെക്ഷൻ എടുക്കണമെന്ന്..കൈയൊന്ന്…”

ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ കാണുന്നത് അവന്റെ മുഖമാണ്.

മാധവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. തന്റെ മകളും അവനും തമ്മിലുള്ള വിവാഹം അദ്ദേഹം മനസ്സിൽ കണ്ടു.

ഈ കാര്യം അവനോട് പറയണോ വേണ്ടയോ എന്ന് വിഷമത്തിലായിരുന്നു അദ്ദേഹം. ശേഷം ഇനി താൻ എത്ര മണിക്കൂറുകൾ ജീവിച്ചിരിക്കുമെന്ന് ഒരു ഉറപ്പും പറയാൻ കഴില്ല എന്ന ചിന്തയിൽ,

“എസ്.പി(s.p), ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റി ധരിക്കരുത്..”

“എന്താ സാർ.. പറഞ്ഞോളൂ..”

“നീ എന്റെ മകളെ വിവാഹം കഴിക്കുമോ..? ”

“സാർ…”

അവൻ ഞെട്ടലോടെ ചോദിച്ചു..

“ക്ഷമിക്കണം എസ്.പി, ഞാൻ മരിച്ചാലും എന്റെ മകൾ അനാഥയാവരുത്.. ഞാൻ ആലോചിച്ചു നോക്കി അവളെ നോക്കാൻ നിന്നെക്കാൾ യോഗ്യനായ ഒരാളെ എനിക്ക്….
എനിക്ക് മനസിലാകും നിന്റെ അവസ്ഥ.. പക്ഷെ ഞാനിനി എത്ര നേരം ജീവനോടെ ഉണ്ടാകുമെന്ന് എനിക്കറിയില്ല.. അതിനുള്ളിൽ എനിക്കൊരു മറുപടി തരില്ലേ..
ദുരാഗ്രഹമാണെന്നറിയാം എങ്കിലും..”

അദ്ദേഹം അവന്റെ കൈകളിൽ അമർത്തികൊണ്ട് അപേക്ഷയെന്നോണം പറഞ്ഞു.

“എന്റെ മനസ്സ് പറയുന്നു നീ എന്റെ തനുമോളെ പൊന്നു പോലെ നോക്കുമെന്ന്..”

നിശബ്ദമായി നിന്ന അവനെ നോക്കി അയാൾ വീണ്ടും പറഞ്ഞു.

“സാർ.. പെട്ടന്ന് കല്ല്യാണം എന്നൊക്കെ പറഞ്ഞാൽ..”

“നിന്നെക്കൊണ്ട് കഴിയും… നിന്നെ നന്നായി എനിക്കറിയാം..”

അവനെ നന്നായി മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് അദ്ദേഹം അവനോട് അങ്ങയൊരു ആഗ്രഹം പറഞ്ഞത്..

ഇത് വരെ തന്റെ കല്യാണത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല, തന്റെ ഭാര്യയാവാൻ പോകുന്നവളെ കുറിച്ച് സങ്കല്പിച്ചിട്ട് പോലുമില്ല. അങ്ങനെ തന്റെ മനസ്സിനുള്ളിലേക്ക് കയറിക്കൂടാൻ ഇത് വരെ ഒരു പെണ്ണിനും കഴിഞ്ഞിട്ടില്ല എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ വാതിലിലെ വട്ടത്തിലൂടെ പുറത്തേക്ക് നോക്കി. രണ്ട് പെൺകുട്ടികൾ വാതിൽ തുറന്ന് വരുന്നത് കണ്ട് അവൻ അല്പം മാറി നിന്നു..

‘ഇതിൽ ആരായിരിക്കും തനുശ്രീ..’

അവൻ മനസിൽ ചോദിച്ചു.

വെളുത്ത ചുരിദാറിൽ ഒരു മാലാഖയെപ്പോലെ കരഞ്ഞുകൊണ്ട് വരുന്ന അവളെ കണ്ടതും അവളുടെ കണ്ണീരൊപ്പാൻ അവൻ പോലുമറിയാതെ അവന്റെ കൈകൾ ഉയർന്നു.’ അരുത് എസ്.പി’ അവന്റെ മസ്തിഷ്കം അവനെ തടഞ്ഞു.അവൻ കൈകൾ മെല്ലെ പിൻവലിച്ചു. ഹൃദയത്തിലുണ്ടായ പുതിയ മാറ്റത്തെ അവൻ മനസ്സിലാക്കി തുടങ്ങിയിരുന്നു..

“എന്താ.. എന്താ അച്ഛന് പറ്റിയെ… ആരും ഒന്നും പറയുന്നില്ല, ചെറിയച്ഛനും ചിറ്റയും ഒന്നും പറയുന്നില്ല.. എന്റെ അച്ഛന് എന്താ പറ്റിയെ..”

തനു കണ്ണീരോടെ മാധവന്റെ അടുത്ത് വന്നിരുന്നു.

“അച്ഛനൊന്നുമില്ലടാ കുട്ടാ.. ഇന്നലെ മുതൽ ഒന്നും കഴിച്ചില്ല.. അതാ… നീ പേടിക്കണ്ട..”

“അതെന്താ കഴിക്കാത്തെ.. എന്നെ വെറുതെ പേടിപ്പിക്കാൻ ഓരോന്ന് വരുത്തി വെച്ചോളും..”

“ഹേയ്.. മിസ്സ്‌ തനുശ്രീ.. അദ്ദേഹത്തിന് ഒരാശ്വാസം ആകും എന്ന് കരുതിയാണ് തന്നെ പെട്ടന്ന് ഇങ്ങോട്ടേക്കു എത്തിച്ചത്.. ഇതിപ്പോ താനിങ്ങനെ കിടന്ന് കരഞ്ഞാൽ എങ്ങനാ..”

അപ്പോഴാണ് ആ മുറിയിൽ തന്നെക്കൂടാതെ വേറൊരാൾ ഉണ്ടെന്ന ബോധം അവൾക്ക് വന്നത്. ഇവനാരാ.. നല്ല പൊക്കമുള്ള അവനെ ഒന്ന് നോക്കിയതിനു ശേഷം അവൾ വീണ്ടും അച്ഛനെ നോക്കി.

മാധവൻ കണ്ണുകൾ കൊണ്ട് വീണ്ടും അവനോട് അപേക്ഷയോടെ ചോദിച്ചു.

“ശരി സാർ.. എനിക്ക് എതിർപ്പൊന്നുമില്ല.. സാർ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.. ഇപ്പൊ സാർ വിശ്രമിക്ക്..”

അവൻ അദ്ദേഹത്തിന്റെ കൈകൾ അമർത്തികൊണ്ട് പറഞ്ഞു.

“ഇല്ല.. ഇപ്പൊ… ഇവിടെ വെച്ച്.. ഈ നിമിഷം…”

മാധവൻ ഓക്സിജൻ മാസ്ക് മാറ്റിക്കൊണ്ട് പറഞ്ഞു..

“സാർ.. ഇപ്പൊ എങ്ങനാ..? ”

അവൻ സംശയത്തോടെ ചോദിച്ചു..

“ഇവിടുത്തെ ഡോക്ടറും, എന്റെ ആത്മ സുഹൃത്ത് രാഘവനും, ഇഷ്ടം ഇല്ലെങ്കിൽ കൂടി ആ മൂന്ന് പേരും പിന്നെ നിന്റെ ഫ്രണ്ട് കാർത്തിക്കും മാത്രം മതി..എന്റെ കൺ മുന്നിൽ വെച്ച് മോതിരം മാറ്റിയാൽ മാത്രം മതി..”

അവൻ അല്പനേരം ഒന്നാലോചിച്ച ശേഷം മാധവന്റെ നില മോശമാണെന്നു മനസ്സിലാക്കിയ അവൻ ശരി എന്ന് പറഞ്ഞ് പുറത്ത് പോയി തന്റെ കൂട്ടുക്കാരൻ കാർത്തിക്കിനോട് എത്രയും വേഗം ആശുപത്രിയിൽ എത്താൻ പറഞ്ഞു.

കുറച്ച് സമയത്തിന് ശേഷം അവൻ എല്ലാവരുമായി ICU വിലേക്ക്‌ കയറി വന്നു. കാര്യം എന്തെന്നറിയാതെ മാധവന്റെ കൂടപ്പിറപ്പുകൾ സംശയത്തോടെ മുഖാമുഖം നോക്കി നിന്നു. തനുവിനും ICU വിൽ ഇത്രയും പേരെ ഒരുമിച്ചു കണ്ടപ്പോൾ ഭയം തോന്നി..അച്ഛന്റെ നില താൻ കരുതിയതിനെക്കാൾ മോശമാണെന്നു അവൾക്ക് മനസ്സിലായി..

അവളുടെ ജീവിതത്തിൽ ഇതാ ഒരു സൂര്യാസ്തമയം നടക്കാൻ പോകുന്നു.. പക്ഷെ നാളെ മറ്റൊരു സൂര്യൻ അവൾക്ക് വേണ്ടി ഉദിച്ചുയരും.. കാരണം ജീവിതം അങ്ങനെയാണ്.

“അച്ഛാ എന്താ ഇതൊക്കെ.. എന്താ ഇവിടെ നടക്കുന്നത്..”

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു..

“പറയാം മോളെ.. നീ വിഷമിക്കാതെ ഇരിക്ക്..”

എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കട്ടിലിൽ ചാരി ഇരിക്കാൻ ശ്രമിച്ചു, അവനും ഡോക്ടറും ചേർന്ന് അദ്ദേഹത്തെ സഹായിച്ചു.ശേഷം മാധവൻ തന്റെ മുന്നിൽ നിൽക്കുന്നവരെ നിസ്സഹായതയോടെ നോക്കി..

“ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല..കഴിഞ്ഞ കാര്യങ്ങൾ കുറിച്ച് പറയാനല്ല.. എല്ലാരോടും ഇങ്ങോട്ട് വരാൻ പറഞ്ഞത്.ഇത് എസ്.പി, എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു. ഇവൻ എന്റെ മകൾ തനുശ്രീയെ വിവാഹം ചെയ്യാൻ പോകുന്നു. അതിനു സാക്ഷിയാകാനാണ് നിങ്ങളെ വിളിപ്പിച്ചത്.”

മാധവൻ പറഞ്ഞ് തീർന്നതും..

“അച്ഛാ..”

തനു ഒരു ഞെട്ടലോടെ വിളിച്ചു..

“തനു നിന്റെ നല്ലതിന് വേണ്ടിയാണ് അച്ഛൻ പറയുന്നത്.. ഇത് അച്ഛന്റെ അവസാന ആഗ്രഹമാണ് മോളെ..”

ദയനീയമായ സ്വരത്തിലുള്ള അച്ഛന്റെ അപേക്ഷ കേട്ട് അവൾ ഒന്നും മിണ്ടാതെ മൗനമായി നിന്നു.

“സാർ… സാർ സുഖമായി വന്നിട്ട് നമുക്ക് കല്ല്യാണം നടത്താം..”

അവൻ മെല്ലെ അദ്ദേഹത്തിന്റെ അടുത്ത് വന്നു പറഞ്ഞു.

“പോരാ.. മോതിരം ഇട്ട് അവളെ ഭാര്യയായി നീ ഏറ്റെടുക്കണം.. വേറൊന്നും വേണ്ട.. അത് മാത്രം മതി.. ഞാൻ സമാധാനത്തോടെ സന്തോഷത്തോടെ കണ്ണടക്കും..”

ഒന്ന് ചിന്തിച്ച ശേഷം അവൻ അതിനു തയ്യാറായിക്കൊണ്ട് തന്റെ കയ്യിലെ s എന്ന് എഴുത്തുള്ള മോതിരം ഊരി, അവളുടെ നടു വിരലിൽ അണിയിച്ചു. അവൻ ഊഹിച്ചത് പോലെ തന്നെ അവൾക്ക് ആ വിരലിലാണ് മോതിരം പാകമായത്.

“തനു.. നീയും നിന്റെ മോതിരം അവന്റെ വിരലിൽ ഇട്…”

ഒരു പാവയെ പോലെ എന്ത്‌ ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിന്നു..

“തനു.. ഇനി നീ ഇട്..”

സ്വാതി അവളുടെ ചെവിയിൽ പറഞ്ഞു.
യാന്ത്രികമായി അവൾ മോതിരം അഴിച്ചു അവന്റെ മോതിര വിരലിൽ അണിയാൻ കയ്യുയർത്തി. അവൻ തന്റെ ചെറു വിരൽ അവൾക്ക് നേരെ നീട്ടി.. ആ മോതിരം അവന്റെ ചെറു വിരലിലാണ് പാകമായത്..
ശേഷം രണ്ട് പേരും മാധവന്റെ കാലിൽ തൊട്ട് വണങ്ങി.

ആ അമൂല്യ നിമിഷം സാക്ഷ്യം വഹിച്ച ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, ചുണ്ടിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു.. പിന്നെ മെല്ലെ കണ്ണുകളടച്ച് കിടക്കയിലേക്ക് ചാഞ്ഞു.

“അച്ഛാ… എഴുന്നേൽക്ക്.. എന്നെ ഒറ്റക്കാക്കി പോവണോ.. ഈ തനുമോൾക്ക് ഇനി…..”

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ അച്ഛനെ വിളിച്ചു.. ഇനി ഉണരാനാവാത്ത ഉറക്കത്തിലേക്കാണ് അദ്ദേഹം പോയിരിക്കുന്നത്.

സ്വാതിയും കൺ നിറച്ചുകൊണ്ട് അവളുടെ അടുത്ത് പോയി ഇരുന്നു.അവൾ സ്വാതിയുടെ മാറിൽ വീണുകൊണ്ട് ഏങ്ങി ഏങ്ങി കരഞ്ഞു.

അവൻ തന്നെ മുന്നിട്ട് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ നടത്തി.

“തനുമോളെ.. നിനക്ക് ഞങ്ങളൊക്കെ ഇല്ലേ.. പിന്നെന്തിനാ വിഷമിക്കുന്നത്..അച്ഛൻ പോയാലും ഒരു രാജ്ഞിയെ പോലെ കഴിയാനുള്ളതൊക്കെ നിനക്ക് ഉണ്ടാക്കി ഇട്ടിട്ടില്ലേ.. പിന്നെ കൊട്ടാരം പോലുള്ള ഈ വീടും..ചുമ്മാ മോതിരം മാറ്റിയെന്ന് കരുതി അത് കല്ല്യാണം ആകുമോ? താലി കെട്ടാതെ എന്ത്‌ കല്ല്യാണം.അത് കൊണ്ട് ആ മോതിരം ഊരി കൊടുത്തിട്ട് നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം..”

അവളുടെ അമ്മായി ശകുന്തള അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“അതെ മോളെ..നീ ചെറിയച്ഛന്റെ വീട്ടിലേക്ക് വാ..”

നളിനിയും അതെ ആവശ്യവുമായി അവളുടെ അടുത്തേക്ക് വന്നു.

“അതിന്റെ ആവശ്യമെന്ത.. ഇവൾ എന്റെ മകന്റെ ഭാര്യ അവൻ പോകുന്നവളാ.. ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാം..”

ശകുന്തള അല്പം ഗൗരവത്തോടെ പറഞ്ഞു..

“അതൊക്കെ ശരിയാ.. പക്ഷെ കല്ല്യാണം കഴിയുന്നത് വരെ അവൾ ഞങ്ങളുടെ വീട്ടിൽ നിൽക്കട്ടെ..”

നളിനിയും വിട്ടുകൊടുത്തില്ല.

തനു എന്ത്‌ ചെയ്യണം എന്നറിയാതെ വിഷമിച്ചു നിന്നു. സ്വാതിക്കും അവളോട്‌ എന്ത്‌ പറയണം എന്ന ചിന്തയായിരുന്നു.
തനുവിന് അമ്മായിയുടെ കൂടെ പോകണോ? ചെറിയച്ഛന്റെ വീട്ടിൽ പോകണോ? അതൊ വിവാഹമെന്ന പേരിൽ മോതിരം മാറിയ പേരുപോലും അറിയാത്ത അവന്റെ കൂടെ പോകണോ? എന്ന് തീരുമാനമെടുക്കാനാവാതെ വിഷമിച്ചു.
ഒടുവിൽ അമ്മായി പറഞ്ഞത് പോലെ മോതിരം ഊരി കൊടുത്ത് ചെറിയച്ഛന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. രണ്ട് ദിവസം സ്വാതി തനുവിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഇനിയും വീട്ടിൽ നിന്നും മാറി താമസിക്കാൻ അവളുടെ അച്ഛനും അമ്മയും സമ്മതിക്കില്ല എന്നത് കൊണ്ട് മൂന്നാം നാൾ അവൾ അവളുടെ വീട്ടിലേക്ക് മടങ്ങി. അതോടെ തനു ഒറ്റയ്ക്കായി.

മോതിരം അണിഞ്ഞവൻ അതിനു ശേഷം അവളെ തിരിഞ്ഞു പോലും നോക്കിയില്ല.. അവൻ വീട്ടിലെ മറ്റു കാര്യങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. ഇടയ്ക്ക് ഫോണിൽ ആരോടോ മയത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത് കാണാം, മറ്റുചിലപ്പോൾ വളരെ ദേഷ്യത്തോടെയാവും സംസാരിക്കുക. അതിൽ ഏതാണ് അവന്റെ ശരിയായ സ്വഭാവം എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ശകുന്തളയും നളിനിയും അവളെ അവരുടെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.. തനു എല്ലാം കേട്ട് കൊണ്ട് കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു.

പെട്ടന്ന് അവൻ മുറിയിലേക്ക് കയറി വന്നു..ശകുന്തളയും നളിനിയും എഴുന്നേറ്റു മാറി നിന്നു.അവനെ കണ്ടതും അവളും മെല്ലെ എഴുന്നേറ്റു.

“തനുശ്രീ ഇന്ന് രാത്രി നമ്മൾ നാട്ടിലേക്ക് പോകും.. എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്ത് റെഡി ആയി ഇരുന്നോ..? ”

അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും,

“ഞാൻ എങ്ങോട്ടും വരുന്നില്ല.. ഈ മോതിരം ഊരി തന്നാൽ എല്ലാം കഴിഞ്ഞില്ലേ.. ഞാൻ ഇവിടെ….”

അവളുടെ മുഴുവൻ ധൈര്യവും എടുത്തുകൊണ്ട് പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ മുഖത്ത് അവന്റെ കൈ പതിഞ്ഞു. വേദനയോടെ കവിളിൽ കൈ വെച്ച് അവൾ അവനെ നോക്കി മിഴി നിറച്ചു.

“എന്താ കളിയാക്കുവാണോ നീ.. ഇത് എന്താ വളയോ കമ്മലോ വല്ലതുമാണോ തോന്നുമ്പോ ഊരി കളയാൻ.. നമ്മുടെ കല്യാണം കഴിഞ്ഞു.. താലിക്ക് പകരം ഞാൻ അണിഞ്ഞതാണ് ഈ മോതിരം, അതും നിന്റെ അച്ഛന്റെ സമ്മതത്തോടെ.. ഞാൻ 6 മണിക്ക് വരും റെഡി ആയി ഇരുന്നോണം..”

ദേഷ്യത്തോടെ അവൻ തിരിഞ്ഞു നടന്നതും എല്ലാവരും ഭയത്തോടെ പുറത്തേക്ക് നടന്നു. അവളിൽ ആകെ ഉണ്ടായിരുന്ന ധൈര്യവും അതോടെ ഇല്ലാതായി. അവളുടെ പക്ഷത്തു നിന്നും സംസാരിക്കാൻ ആരും ഇല്ലാതിരുന്നത് കൊണ്ട് വേറെ വഴിയില്ലല്ലോ എന്നോർത്ത് അവൾ തന്റെ പെട്ടിയിൽ തുണികൾ എടുത്ത് അടുക്കി വെച്ചു. അവൻ വന്നു പോയതിനു ശേഷം ആരും അവളുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കുക പോലും ചെയ്തില്ല. ആദ്യമായി അവൾക്ക് ഒറ്റപ്പെടുന്നത് പോലെ തോന്നി.

സമയം പോയത് അറിയാതെ അവൾ ആ മുറിയിൽ ചുരുണ്ടു കിടന്നു.

“റെഡി അല്ലെ… പോകാം..”

അവൻ വന്നു വിളിച്ചപ്പോൾ അവൾ ഭയത്തോടെ എഴുന്നേറ്റു.. പുറത്ത് ഇറങ്ങിയപ്പോഴാണ് ആ വീട്ടിൽ താൻ തനിച്ചായിരുന്നു എന്ന് അവൾക്ക് മനസ്സിലായത്. തന്നോട് ഒരു വാക്ക് പോലും പറയാതെ എല്ലാവരും എങ്ങോട്ട് പോയി എന്ന് ചിന്ത അവളെ കൂടുതൽ വേദനിപ്പിച്ചു..
അവൻ വീട് ലോക്ക് ചെയ്ത് പുറത്തിറങ്ങി അവൾ അവനെ പിന്തുടർന്നു.

യാത്ര പറയാൻ ആരുമില്ല എങ്കിലും സ്വാതിക്ക് മാത്രം മെസ്സേജ് അയച്ചു. എത്തിയിട്ട് വിളിക്കാൻ അവളും മറുപടി അയച്ചു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

തനുഗാത്രി: ഭാഗം 1

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

തനുഗാത്രി: ഭാഗം 2

Share this story