💔 മൊഴിയിടറാതെ 💔 : ഭാഗം 22

💔 മൊഴിയിടറാതെ 💔 : ഭാഗം 22

എഴുത്തുകാരി: തമസാ

ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു …… അമ്മയില്ലാത്ത വീടുമായി അവൾ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു ….ഏഴു ദിവസം അവൾ കാത്തിരുന്നു ….സഞ്ചയനത്തെ കുറിച്ചോ ….പതിനാറിനെ കുറിച്ചോ സ്വന്തക്കാർ ആരെങ്കിലും ഒന്ന് വിളിച്ചന്വേഷിക്കും എന്ന് വെറുതെ നിനച്ചു …….ഏഴ് കഴിഞ്ഞു ….പതിനാറായി …….. അന്ന് കർമം ചെയ്യാൻ കൂടെ നിന്നവർ മാത്രം വന്നു ബാക്കി കൂടി ചെയ്തു പോയി ….. ഇത്രയേ ഉള്ളു ആളുകൾ …..തനിക്ക് കിട്ടിയത് കളക്ടർ പദവിയോ മറ്റോ ആയിരുന്നെങ്കിൽ വീടിനുള്ളം അവസാനം ഇവരെ കൊണ്ട് നിറഞ്ഞേനേ ……പക്ഷേ ……

താൻ ഒന്നുമില്ലാത്തവൾ ആണ് …..തനിക്കാരും ഇനിയൊട്ട് ഉണ്ടാവുകയുമില്ല ………. വേശ്യാവൃത്തി സ്വയം തിരഞ്ഞെടുത്തവരെ , അവർക്ക് സാമ്പത്തികമുണ്ടെങ്കിൽ പല കുടുംബക്കാരും രഹസ്യമായി ചേർത്ത് നിർത്താറുണ്ട് …….പണം ………തനിക്ക് പണവും ഇല്ലാതെ പോയി … അല്ലെങ്കിൽ തന്നെ വേശ്യകളെ എന്തിനാണ് കുറ്റം പറയുന്നത് ……?…… ഈ നാട്ടിൽ ഒരു സ്ത്രീയും സ്വന്തം ശരീരത്തെ ഏകയായി കാമിച്ചു വേശ്യകളായിട്ടില്ല ……കൂട്ടിനൊരു പുരുഷൻ ഉണ്ടാകും ……പരസ്പര സമ്മതത്താൽ അവർ ശരീരം പങ്ക് വെച്ചെങ്കിൽ മറ്റാർക്കാണ് പരാതി തോന്നേണ്ടത് …..???……

നൂറു മറകൾ തീർത്തു മറ്റാരും അറിയുന്നില്ലെന്ന് കരുതി കാമിക്കുന്നവർക്കോ ……???…….വീഴുന്നിടം വരെ തങ്കത്താലിയും അതിന് ശേഷം കൊലക്കയറും മുറുക്കുന്നവർക്കോ …………?????……. ഒരുവന്റെ ലൈംഗിക താല്പര്യങ്ങൾ പെണ്ണിന്റെ മേൽ അനുവാദമില്ലാതെ അടിച്ചേൽപ്പിച്ചു പീഡിപ്പിക്കുന്നതിലും നല്ലതല്ലേ , പണം മേടിച്ചിട്ടാണെങ്കിലും അനുവാദത്തോടെ കാമിക്കുന്നത് ……???……. വേശ്യകൾക്കും ഉള്ളിൽ ചാരിതാർഥ്യം ഉണ്ടായിരിക്കാം ഉള്ളിൽ ……..പണം വാങ്ങി പുരുഷ വൈകൃതങ്ങൾക്ക് ഇരയാകുമ്പോഴും , മറ്റൊരു പെണ്ണിനെ രക്ഷിക്കുവാൻ ചിലപ്പോൾ അവർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലോ എന്നോർത്ത് ……

ഈ പതിനാറു ദിവസങ്ങൾക്കിടയിൽ പലവട്ടം ദീപൻ വീടിന്റെ അടുത്ത് കൂടി വന്നു പോയിരുന്നു …..കുഞ്ഞോളേ…….അച്ഛേടെ നന്ദൂട്ടിയേ …….. എന്ന് അവൻ ഉറക്കെ വിളിക്കും ….മോള് അത് കേട്ടിട്ടുണ്ടെങ്കിൽ ഓടിപ്പാഞ്ഞു മുൻവശത്തു വരും …..മിക്കപ്പോഴും , വാതിൽക്കൽ എത്തും മുൻപേ ഗീതു കുഞ്ഞിനെ വാരിയെടുത്ത് കൊണ്ട് പോകും ….അതാണ്‌ പതിവ് ……കുഞ്ഞു മനസ്സല്ലേ ……വിളി കേട്ട് വന്നു പോകും …….. വീട്ടിലേക്ക് കേറാൻ എന്തോ മടി ആണ് ദീപന് ….സകല തെളിവുകളും നിരത്തിക്കാണിച്ചു ചെല്ലണം എന്ന് മനസിലുണ്ട് ……ഇനിയിപ്പോൾ ഒരാഴ്ചകൂടിയേ ഉള്ളു റിസൾട്ട്‌ വരാൻ …..

വേവുവോളം കാത്തില്ലേ …..ഇനി ആറുവോളം കൂടി കാക്കാം ……… ദിവസങ്ങൾ പോയിപ്പോയി , കലണ്ടർ തിരിഞ്ഞു …അടുത്ത മാസം ……..ഇന്ന് മുതലാണ് ക്ലാസ്സിൽ പോവണം എന്ന് തീരുമാനിച്ചിരിക്കുന്നത് …..അമ്മയുടെ മരണ ശേഷം ആദ്യമായി പണിക്ക് പോകുന്നതും ഇന്നാണ് …. വെളുപ്പിനെ എഴുന്നേറ്റ് ഗീതു ഓരോ പണികളായിട്ട് ഒതുക്കിക്കൊണ്ടിരുന്നു ……..കുര്യാച്ചനൊക്കെ പറഞ്ഞത് നേരാ …..അമ്മ ഉണ്ടായിരുന്നപ്പോൾ മിച്ചം വെയ്ക്കാൻ കയ്യിൽ ഒട്ടും സമയം ഉണ്ടായിരുന്നില്ല ….

ഇപ്പോൾ എന്തിനൊക്കെയോ സമയം ബാക്കി കിടക്കുന്നു …. എണീറ്റ വഴി അടുക്കളയിലേക്ക് പോയി ,ചോറ് വെയ്ക്കാൻ ഉള്ള വെള്ളം അടുപ്പത്തു തീകൂട്ടി വെച്ചു ……കുളിച്ചു വന്നപ്പോഴേക്കും വെള്ളം തിളച്ചു … , അരി അടുപ്പത്തിട്ടു …….പിന്നെ മുറ്റമടിച്ചു , വീടും അടിച്ചു കഴിഞ്ഞു വന്നപ്പോഴേക്കും അരിയും വെന്തു …..ചോറ് വാർത്തിട്ട് കുഞ്ഞിന് കുളിക്കാൻ വെള്ളം അടുപ്പത്തു വെച്ചു …. .ഇടയ്ക്ക് ചെന്ന് മോളെണീറ്റോ എന്ന് നോക്കിയിരുന്നു ….ഏയ്‌ ….തണുപ്പ് തുടങ്ങിയില്ലേ ….അതാവും ….കുഞ്ഞിപ്പെണ്ണ് നല്ല ഉറക്കമാണ് ……….സ്റ്റവ്വിൽ കറിയും ഉണ്ടാക്കി …പാത്രവും തേച്ചു കഴുകി വന്നപ്പോഴും സമയം ഏഴേ മുക്കാല് ……ഹാവൂ ……ഇന്നൊത്തിരി സമയം ബാക്കി വന്നു …..

മുറിയിൽ ചെന്ന് നോക്കിയപ്പോൾ മോള് എണീറ്റ് കിടക്കുവാണ്‌ …..വിതുമ്പിക്കൊണ്ട് ആണ് കിടപ്പ് ….ശെടാ …..ഇതുവരെ ഇങ്ങനെ ഒരു പരിപാടി ഇല്ലായിരുന്നല്ലോ …..സാധാരണ ഉറക്കെ കരച്ചിലൊക്കെ ആണ് പതിവ് …..ഇതെന്താപ്പോ ഇങ്ങനെ ഒരു പിണക്കം ……ഗീതു കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു …. “”” അമ്മേടെ കുഞ്ഞാറ്റക്കിളി എണീറ്റാന്നോ ….???…..അമ്മ അറിഞ്ഞില്ലാർന്നല്ലോ …..എന്ത്യേ അമ്മേനെ വിളിക്കാഞ്ഞേ ……..?…..””” കുഞ്ഞിനെ കട്ടിലിൽ നിന്ന് വാരിയെടുത്ത് ഗീതു കവിളത്ത് ഉമ്മ വെച്ചിട്ട് തോളിലേക്കിട്ടു ……. “””” അമ്മേടെ കുഞ്ഞിയ്ക്ക കരയുവാണോ ….അമ്മയ്ക്കേ ……അടുക്കളയിൽ നെറച്ച് പണി ഉണ്ടാരുന്നടാ ……..അതുകൊണ്ടല്ലേ അമ്മേടെ വാവേനെ എടുക്കാൻ അമ്മ വരാഞ്ഞേ ……..

മോളെയും കൊഞ്ചിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി ചുറ്റും ഒന്നു നോക്കി ഗീതു …..വാതില്പടിയ്ക്ക് താഴെ ഇരുന്നു കുഞ്ഞിനെ മടിയിലേക്കു കിടത്തി കൊഞ്ചിച്ചു ……പിന്നെ മോള് ചിരിയ്ക്കുന്ന കണ്ടപ്പോൾ അവളെ നിലത്തേക്കിരുത്തി , അടുപ്പത്തേക്ക് വെച്ചിരുന്ന വെള്ളം ബക്കറ്റിലാക്കി കിണറിന്റെ ചോട്ടിലേക്ക് പോയി ………മോള് ഇറയത്തിരിപ്പാണ് …. തണുത്ത വെള്ളം കോരി ഒഴിച്ച് തണുപ്പിച്ചു , സോപ്പും പാരച്യൂട്ടിന്റെ കുഞ്ഞു കുപ്പി എണ്ണയും തോർത്തുമായി ഗീതു മോളെയും എടുത്ത് കിണറ്റിന്റെ ചെറുതായി പൊക്കിയ തിട്ടയിലേക്ക് കേറി നിന്നു …..കുഞ്ഞിന്റെ ഡ്രസ്സ്‌ ഊരി കിണറിന്റെ വലയുടെ മുകളിലേക്ക് വെച്ചിട്ട് ലേശം എണ്ണ നെറുകയിൽ തേച്ചു …..

നന്ദൂട്ടിക്ക് കുളിച്ചണ്ടേ ……എന്നിട്ട് പാടത്തു പോവണ്ടേ ……അമ്മ കുളിപ്പിച്ചാട്ടോ …….””” ഒന്നുകൂടി തണുത്തോ എന്ന് നോക്കിയിട്ട് , നൈറ്റി കാലിന്റെ ഇടയിലൂടെ പുറകിലേക്ക് വലിച്ചു വെച്ചിട്ട് കുഞ്ഞിന്റെ കഴുത്തിന്റെ ഇരു വശത്തും കൂടി കപ്പിൽ വെള്ളം കോരി ഒഴിച്ചു …..ആദ്യമൊന്ന് തുള്ളിയിട്ട് , പിന്നെ കുഞ്ഞാറ്റ നല്ല കുട്ടിയായി നിന്നു …..കാലിന്റെയും കയ്യുടെയും അടിയും നഖവും വിരലിന്റെ ഇടയുംഎല്ലാം വിരലുകൾ കൊണ്ട് തിരുമ്മി വൃത്തിയാക്കി ….തലയിലൂടെ വെള്ളമൊഴിച്ചു നന്നായി പിന്നെയും കുളിപ്പിച്ചിട്ട് കുഞ്ഞിത്തോർത്ത്‌ കൊണ്ട് തല നന്നായി തുവർത്തി …..

മേലൊന്ന് തുടച്ചിട്ട് കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് ചെന്നു …….. അടങ്ങി നിൽക്കില്ലാത്ത കുഞ്ഞിന് പാല് കൊടുത്തുകൊണ്ട് ചെവിയും കഴുത്തും തുടയുമെല്ലാം അവൾ വൃത്തിയായി തുടച്ചു …..ഉച്ചിയിൽ രാസ്നാദിപ്പൊടി ഇട്ടു ………പെട്ടെന്ന് തന്നെ പൗഡർ ഇട്ട് കണ്ണും വാലിട്ടെഴുതി ഊത്തക്കവിളിൽ ഒരു കറുത്ത വട്ടവും കുത്തി …… വിശപ്പ് പകുതി ഒന്ന് ആറിയപ്പോൾ നന്ദു എണീറ്റു …..കഞ്ഞി കൂടി കൊടുത്തേക്കാം എന്ന് വിചാരിച്ചു മോളേ ഹാളിൽ ഇരുത്തി അടുക്കളയിലേക്ക് നടന്നു ….മോളോട് ചുമ്മാ ഓരോന്ന് വിളിച്ചു പറഞ്ഞു താനിവിടെ ഉണ്ടെന്ന് അറിയിച്ചു കൊണ്ട് അവൾ ഒരു പ്ലേറ്റിലേക്ക് ചോറ് ഇട്ട് അതിലേക്ക് കഞ്ഞിവെള്ളം ഇത്തിരി ഒഴിച്ചു …

മേലെ കറിയും ഉപ്പും ഇട്ട് ഇളക്കി ഊതിക്കൊണ്ട് ഹാളിൽ വന്നപ്പോൾ മോള് മുറ്റത്തേക്കിറങ്ങാതെ പിടിപ്പിച്ച വാതിൽപ്പടിയിൽ പിടിപ്പിച്ച ഉരുളൻ തടിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട് …….പുറത്തേയ്ക്ക് പോകാനാണ് പെണ്ണിന് …. .സമയം നോക്കി ….ഇനിയും പതിനഞ്ചു മിനിട്ടുണ്ട് ….. കുഞ്ഞിനെ അവിടെ ഇരുത്തി , പക്ഷികളെ കാണിച്ചു കൊടുത്ത് അവളും കുഞ്ഞും കഞ്ഞി കുടിച്ചു …..കഴിച്ചിട്ടും വിശപ്പ് മാറുന്നില്ല എന്ന് തോന്നിയപ്പോഴാണ് , രണ്ടു കാലും നീട്ടി പുറത്തേക്ക് നോക്കി ഇരിക്കുന്ന മോളോട് അവിടെ തന്നെ ഇരിക്കണം എന്നും പറഞ്ഞിട്ട് അടുക്കളയിലേക്ക് ചെന്നത് …..

അവിടെ ചെന്നപ്പോൾ ആണ് കഞ്ഞി വാർത്തു വെച്ച അലുമിനിയം ചെരുവത്തിന് ഓട്ട പിടിച്ചെന്ന് മനസിലായത് ….അടുപ്പും തറയിൽ നിന്ന് വെള്ളം തറയിലേക്ക് വീണുകൊണ്ടിരിക്കുകയാണ് …. “”” അമ്മ ഇപ്പൊ വരാട്ടോ നന്ദൂ ……”” തറയിലേക്ക് അവിടെ കിടന്ന ഒരു തുണി എടുത്ത് ഇട്ടിട്ട് , കഞ്ഞി വെള്ളം ഇരുന്ന ചെരുവം കൊണ്ട് പോയി വെള്ളം കമിഴ്ത്തിക്കളഞ്ഞു .. അതെല്ലാം കഴിഞ്ഞിട്ട് ഇത്തിരി കൂടി ചോറും എടുത്തു മുൻവശത്ത് വന്നപ്പോൾ നന്ദൂട്ടി മുറ്റത്തുണ്ട് …..ചെറുതായ് പറിച്ചു പറിച്ചു കാലു വെച്ചു നടക്കുന്നുണ്ട് ….നോക്കിയപ്പോൾ റോഡിന്റെ അങ്ങോട്ടാണ് പോകുന്നത് ….. “”” നന്ദൂട്ട്യേ ……വഴീലേക്ക് പോണ്ടാട്ടോ ….പാമ്പിച്ചി വരും …….”””

ചോറ് വായിലേക്ക് വെച്ചു കൊണ്ട് ഗീതു വിളിച്ചു പറഞ്ഞു …..പിന്നെ മോള് നടക്കുന്നത് കാണാമല്ലോ എന്ന് വിചാരിച്ചിട്ട് എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് അവൾ ചിരിച്ചു കൊണ്ടിരുന്നു ….. തുള്ളിത്തുള്ളി മോളുടെ പോക്കും വീഴ്ചയും എല്ലാം പെട്ടെന്നായിരുന്നു …….വീഴേണ്ട താമസം …..കൂവി കരച്ചിലായി ……. “”” കരയണ്ടാട്ടോ ……അമ്മ വരുവാ ……””” തിരിഞ്ഞു ചോറും പാത്രം തറയിൽ വെച്ചിട്ട് കുഞ്ഞിന്റെ അടുത്തേക്ക് നടന്നതും താഴെ നിന്ന് ദീപൻ ഓടിക്കയറി വരുന്നതും മോളേ വാരി എടുക്കുന്നതും കണ്ടു …… പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ഗീതു ……..

അവിടെ തന്നെ അവൾ നിന്നു പോയി ….. “”” അച്ഛേടെ മോള് വീണോ …..അച്ഛ നോക്കട്ടെട്ടോ എന്നാ പറ്റിയേന്ന് ….””” മോളേ എളിയിൽ വെച്ചിട്ട് കയ്യും കാലുമെല്ലാം പിടിച്ചു നോക്കി അവൻ ….കയ്യും കാലും കുത്തി വീണിട്ട് കാൽമുട്ടിലെ തൊലി ചെറുതായി പൊട്ടിയിട്ടുണ്ട് ……നല്ല നിറമായത് കൊണ്ട് ചുവന്ന കൈവെള്ളയും കാൽമുട്ടുകളും പെട്ടന്ന് എടുത്തു കാണിക്കുമായിരുന്നു … “”” സാരല്ല്യാട്ടോ …..പോട്ടെ ……അച്ഛ ചോദിക്കാട്ടോ …….ആഹാ ……അച്ഛേടെ കൊച്ചിനെ ആരാടാ ഉന്തിയിട്ടത് ……”””” കുഞ്ഞിന്റെ കവിളും കണ്ണും തുടച്ചു കൊണ്ട് ദീപൻ ചോദിച്ചു …… “”” നീയാണോഡാ …..ഇനി നീയെന്റെ കൊച്ചിനെ വീഴിക്കുവോ …..””” ചരലിനു മേലേക്ക് ചവിട്ടിക്കൊണ്ട് ദീപൻ ചോദിച്ചു ……

നന്ദൂട്ടിയും ദീപൻ ചവിട്ടുന്നത് നോക്കിക്കൊണ്ട് എളിയിൽ ഇരിക്കുകയാണ് …. “”” അച്ഛ ചോദിച്ചൂട്ടോ …..ഇനി മുത്ത് വീഴൂലാട്ടോ …..””” കുഞ്ഞിന്റെ തലയോട് കൂടി മോളേ , വലിച്ചു തന്നിലേക്ക് അടുപ്പിച്ചു ദീപൻ അവന്റെ ചുണ്ടും മൂക്കും ചേർത്ത് ആ ഊത്തക്കവിളിൽ അമർത്തി ഉമ്മ വെച്ചു …. അതെല്ലാം കണ്ട് പകച്ചു നിൽക്കുകയായിരുന്നു ഗീതു …..ദീപൻ എടുത്തപ്പോൾ ഒരുവട്ടം എങ്കിലും അമ്മേ എന്ന് നന്ദു വിളിക്കുമെന്ന് അവൾ വിചാരിച്ചിരുന്നു ……പക്ഷേ ………… മുഖം വലിയ കാര്യമായി തെളിഞ്ഞിട്ടൊന്നും ഇല്ലെങ്കിലും ദീപനിൽ ആണ് കുഞ്ഞാറ്റയുടെ ശ്രദ്ധ മുഴുവൻ ……ഗീതു വേഗം ദീപന്റെ അടുത്തേക്ക് ചെന്നു ….

ഗീതുവിനെ കണ്ടിട്ട് കുഞ്ഞു പെട്ടെന്ന് തന്നെ ദീപനിൽ നിന്നും അവളുടെ കഴുത്തിലേക്ക് ചാടി ….. “”” കൊച്ചു പോവാണോ ……അച്ഛയ്ക്ക് ഉമ്മ തരുന്നില്ലേ ……ഉമ്മ താ അച്ഛയ്ക്ക് …….””” മോളുടെ കുഞ്ഞു കൈയിൽ പിടിച്ചു കൊണ്ട് ദീപൻ പറഞ്ഞു …….ഗീതുവിന്റെ കയ്യിൽ നിന്ന് ചാടി ദീപന്റെ കവിളിലേക്ക് ഉമ്മ വെക്കാനായി ആഞ്ഞു , നന്ദൂട്ടി ….അത് മനസിലായിട്ടെന്ന പോലെ ദീപനും കുനിഞ്ഞു നിന്നു …ആ കുഞ്ഞ് , ദീപന്റെ കവിളിൽ ഉമ്മ വെച്ചു പിന്നെയും ഗീതുവിന്റെ മേലെ തിരിഞ്ഞു ……. കുഞ്ഞിനെ ധൃതിയിൽ , വാരിക്കൂട്ടി എന്ന പോലെ ഗീതു ഇപ്പുറത്തെ തോളിൽ ഇട്ടു …… “അച്ഛൻ …..

അത് കേട്ട വഴി ഉമ്മ കൊടുക്കാൻ ഇവിടെ വേറൊരെണ്ണവും ……” അകത്തേക്ക് പോകുന്ന വഴി പിറുപിറുത്തുകൊണ്ട് നന്ദൂട്ടിയുടെ തുടയിൽ നല്ലൊരു നുള്ള് വെച്ചു കൊടുത്തു ,ഗീതു ……. “”” ഇനി അമ്മയെ വേണോന്ന് ഞാനൊന്ന് നോക്കട്ടെ …..””” അച്ഛ എന്ന് ദീപൻ പറഞ്ഞപ്പോൾ കുഞ്ഞ് ചാടിച്ചെന്നതിന്റെ പകപ്പ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളു ഗീതുവിന്‌ ….. മോള് പിന്നെയും കരച്ചിലായി ……അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി വാതിലടയ്ക്കുന്ന ഗീതുവിനെ നോക്കിക്കൊണ്ട് ദീപൻ പുറത്തേക്കിറങ്ങി നടന്നു ……. അവന്റെ കൈവെള്ള നന്ദുവിന്റെ ചുണ്ടമർന്ന കവിളിൽ തൊട്ടു …… ” അച്ഛേടെ മോള് ………..”” അവൻ മെല്ലെ ഉരുവിട്ടു ….

© തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 21

Share this story