ശ്രാവണം- ഭാഗം 8

ശ്രാവണം- ഭാഗം 8

അവൾ പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു .. ” ഏയ് …….” അവന്റെ ഇരു കൈകളും കൂടുതൽ മുറുകി … ഒന്നെതിർക്കാൻ പോലുമാവാതെ നിന്നു കൊടുക്കേണ്ടി വരുന്നതിൽ അവൾക്ക് ക്ഷതം തോന്നി … അവൻ മെല്ലെ കൈകൾ പിൻവലിച്ചു …. അവൾ ആശ്വാസത്തോടെ പിന്മാറി .. ” ഞാൻ ആദ്യം മുതൽക്കെ ശ്രദ്ധിക്കുന്നു …. ശ്രാവന്തി എന്നിൽ നിന്ന് എന്തോ ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യുന്ന പോലെ …. ഞാൻ കരുതിയത് പരിചയക്കുറവ് … പിന്നെ ചെറിയൊരു നാണം ഇതൊക്കെ കൊണ്ടാണെന്നാ …..

ഇതല്ലാത്ത എന്തെങ്കിലും പ്രശ്നം ശ്രാവന്തിക്കുണ്ടോ ? ” അവൻ പെട്ടന്ന് ചോദിച്ചു .. അവൾ അറിയാതെ നടുങ്ങി ….. എല്ലാം … എല്ലാം തുറന്നു പറഞ്ഞാലോ … പറയുന്നതാണ് നല്ലത് … തനിക്ക് കുറച്ച് സമയം വേണം … പിന്നെ മറ്റാരെങ്കിലും പറഞ്ഞ് ജിഷ്ണു അറിയുന്നതിലും നല്ലത് തന്നിൽ നിന്ന് തന്നെ അറിയുന്നതാണ് …. അവൾ അവന്റെ മുഖത്തേക്ക് നോക്കി … ” എനിക്ക് … എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് …..” അവൾ പറഞ്ഞൊപ്പിച്ചു … ” അതിനെന്താ … സംസാരിക്കാല്ലോ ….” അവൻ ചിരിച്ചു കൊണ്ട് അവളുടെ തോളത്ത് തട്ടി …

പിന്നെ അവളെ തോളോട് ചേർത്ത് പിടിച്ച് കൊണ്ട് പോയി ബെഡിലിരുത്തി … അവനും അരികിലിരുന്നു … അവളുടെ മുഖത്തെ പരിഭ്രമം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു … ” എന്താടോ പ്രണയം വല്ലതും ആണോ ……” ” ങും …… ” അവന്റെ മുഖം വല്ലാതെയായി … ” കഴിഞ്ഞ കാര്യമോ അതോ …..? ” കഴിഞ്ഞത് …..” ആ മുഖത്തെ ആശങ്കകൾ അയയുന്നത് അവളും കണ്ടു …. അവൾ അതുവരെയുള്ള എല്ലാ കാര്യങ്ങളും അവനോട് തുറന്നു പറഞ്ഞു … ഒന്നും വിടാതെ …. ” നമുക്കിടയിൽ ഒരു ജീവിതം തുടങ്ങാൻ കുറച്ചു സമയം വേണം …

ഇതല്ലേ തന്റെയാവശ്യം …..” എല്ലാം കേട്ട് കഴിഞ്ഞിട്ട് അവൻ ചോദിച്ചു … അവൾ തല ചലിപ്പിച്ചു … ” ശരി … ഒരാഴ്ച സമയം തരാം … അപ്പോഴേക്കും എല്ലാം ഒക്കെ ആയിരിക്കണം … ” അവൾ അവനെ പാളി നോക്കി … ” തനിക്ക് തോന്നുന്നുണ്ടാകും , ഒരാഴ്ച കൊണ്ട് എല്ലാം മറക്കാൻ കഴിയുമോ എന്ന് … അയാളെ മറക്കാനല്ല .. എന്നെ ഉൾക്കൊള്ളാനുള്ള സമയമാണ് ഇത് … എത്ര സമയം വേണമെങ്കിലും എടുക്കാൻ പറയാമായിരുന്നു എനിക്ക് …. പറയാത്തത് അങ്ങനെയായാൽ താൻ സേഫ് സോണിലേക്ക് പിൻവലിയാനുള്ള സമയമായി കാണും …

മനുഷ്യ സഹജമാണത് … ഇതങ്ങനെയല്ല … തന്നെ തനിയെ വിടാനല്ല ഒരാഴ്ച … ഈ ഒരാഴ്ച നമ്മൾ ഒരുമിച്ച് യാത്ര പോകും , സംസാരിക്കും … ഒരുമിച്ച് ഭക്ഷണം കഴിക്കും .. ഒരേ ബെഡിൽ ഉറങ്ങുകയും ചെയ്യും … സമ്മതമാണോ തനിക്ക് …? ” അവൻ ചോദിച്ചു … ” ങും …….” അവൾക്കത് സമ്മതിക്കേണ്ടി വന്നു …. ” എങ്കിൽ പിന്നെ നമുക്ക് ഉറങ്ങാം ….” അവൻ ചോദിച്ചു … ” ങും…..” അവൾ മൂളി …. അവൻ എഴുന്നേറ്റപ്പോൾ , ശ്രാവന്തിയും എഴുന്നേറ്റു …. ” പാല് തനിക്ക് വേണമെങ്കിൽ കുടിച്ചോളു …. ”

അവൾ ബാത്ത് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ അവൻ വിളിച്ചു പറഞ്ഞു … ” ഞാൻ രാത്രി പാൽ കുടിക്കാറില്ല … ” സൗമ്യമായി പറഞ്ഞിട്ട് അവൾ ബാത്ത് റൂമിലേക്ക് കയറി … തിരികെ വരുമ്പോൾ ബെഡിന്റെ ഒരറ്റത്തേക്ക് നീങ്ങി കമിഴ്ന്നു കിടക്കുന്ന ജിഷ്ണുവിനെ അവൾ കണ്ടു …. പാൽഗ്ലാസ് ശൂന്യം … ഒന്ന് മടിച്ചു നിന്നിട്ട് , അവൾ വന്ന് ബെഡിൽ ഇരുന്നു … ബെഡിന്റെ മററ്റത്ത് അവൾ കിടന്നതും , ലൈറ്റ് അണഞ്ഞു … അവൾ ഇരുട്ടിലേക്ക് നോക്കി കിടന്നു…. എപ്പോഴോ മയങ്ങി ….

പിറ്റേന്ന് ഉണരുമ്പോൾ അവൾ അവനോട് ചേർന്നാണ് കിടന്നിരുന്നത് … ഒരു കൈ കൊണ്ട് അവന്റെ മുതുകിലൂടെ ചുറ്റി പിടിച്ചിരിക്കുന്നു ….. അവൾ പെട്ടന്ന് അകന്ന് മാറി … ജാള്യതയോടെ അവൾ നാവ് കടിച്ചു … വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു … അവൾ വേഗം എഴുന്നേറ്റു …. അവനെ ഒന്ന് നോക്കിയിട്ട് ബാത്ത് റൂമിലേക്ക് നടന്നു ….. * * * * * * * * * * * അന്ന് വൈകുന്നേരം ആഡിറ്റോറിയത്തിൽ വച്ച് അവരുടെ റിസപ്ഷൻ ആയിരുന്നു … ശ്രാവന്തിയുടെ ലഹങ്കയുടെ അതേ നിറത്തിലുള്ള കുർത്തിയായിരുന്നു ജിഷ്ണുവിനും ….

ഇരുവരുടെയും ബന്ധുക്കളെല്ലാവരും എത്തിയിരുന്നു …. ശിവയെ , നിളക്കും വിന്ധ്യക്കും ശ്രാവന്തി പരിചയപ്പെടുത്തി …. ശിവ വളരെ പെട്ടന്ന് തന്നെ അവരോട് കമ്പനിയായി ….. ശ്രാവന്തിയുടെ ബന്ധുക്കൾ തിരിച്ചു പോകാറായപ്പോൾ , ചന്ദ്രിക മകളെ അടുത്ത് വിളിച്ചു …. ” ഇനി ഈ കുടുംബവും മോൾടേതാണ് … അച്ഛനെയും അമ്മയെയും പോലെ തന്നെ ഇവിടുത്തെ അച്ഛനമ്മമാരെയും മോൾ കാണണം …..” ചന്ദ്രിക അവളുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു … ” എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ അമ്മയെ അറിയിക്കുകയും വേണം …. കേട്ടോ ….”

ശ്രാവന്തി തലയാട്ടി …. അവർ പോകാനിറങ്ങിയപ്പോൾ , അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു …. കൊച്ച് കൊച്ച് തമാശകളും , സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെയായി റിസപ്ഷൻ അവസാനിച്ചു …. തിരിച്ചു വീട്ടിലെത്തുമ്പോൾ , വീട്ടിൽ ഒരുക്കിയിരുന്ന പന്തലും ലൈറ്റുമൊക്കെ അഴിച്ച് മുറ്റത്തിന്റെ പലഭാഗങ്ങളിലായി വച്ചിട്ടുണ്ടായിരുന്നു …. ആഘോഷങ്ങൾ അവസാനിക്കുകയാണ് …. ഇനിയങ്ങോട്ട് ജീവിതമാണ് …. ശ്രാവന്തിക്ക് എന്തുകൊണ്ടോ ഒരു ഭയം തോന്നി …. ഈശ്വരാ തോറ്റു പോകരുതേ ……

അവൾ മനസുരുകി പ്രാർത്ഥിച്ചു …… വന്നു ചേർന്ന ബന്ധുക്കളൊക്കെ റിസപ്ഷനു കൂടി പങ്കെടുത്തിട്ട് മടങ്ങിയിരുന്നു …. ” ഞങ്ങളും പോകുവാ ചേച്ചി …..” ലത ചേച്ചിയോട് പറഞ്ഞു … അവരുടെ വീട് അടുത്ത് തന്നെയാണ് … ഏതാണ്ട് രണ്ട് കിമോ ദൂരമേയുള്ളു …. ലതയും കൂടുംബവും കൂടി മടങ്ങിക്കഴിഞ്ഞപ്പോൾ ,വീട് നിശബ്ദമായി … ” ലതികയും ജയചന്ദ്രനും ശ്രാവന്തിയും ജിഷ്ണുവും മാത്രമായി വീട്ടിൽ ….. കുറേ സമയം , ശ്രാവന്തി ലതികയോട് സംസാരിച്ചിരുന്നു … ഇടയ്ക്ക് ജിഷ്ണുവും അവർക്കൊപ്പം കൂടി …

പിന്നെ എഴുന്നേറ്റു പോയി … ” ഇനി കിടക്കാം മോളെ …. വിവാഹം കാരണം , എത്ര ദിവസത്തെ ഉറക്കമാ ബാക്കി കിടക്കുന്നത് … ഇനി വേണം ഒന്നുറങ്ങി തീർക്കാൻ ….” ലതിക പറഞ്ഞപ്പോൾ ശ്രാവന്തി പുഞ്ചിരിച്ചു … അളന്നു മുറിച്ചു സംസാരിക്കുന്ന കൂട്ടത്തിൽ ആണ് ശ്രാവന്തിയെന്ന് ലതികക്ക് മനസിലായി … ” എങ്കിൽ മോൾ ചെല്ല് , അവൻ വെയ്റ്റ് ചെയ്യുന്നുണ്ടാവും .. അച്ഛന് നല്ല ക്ഷീണമുണ്ടായിരുന്ന കൊണ്ട് , നേരത്തെ കിടന്നു …. ”

” ഗൂഢ് നൈറ്റ് അമ്മ …” അവൾ പറഞ്ഞിട്ട് മെല്ലെ സ്റ്റെപ്പ് കയറി … അവൾ റൂമിലെത്തുമ്പോൾ ജിഷ്ണു ടേബിളിനു മുന്നിലായിരുന്നു … മുന്നിൽ ഒരു ബോക്സ് തുറന്നു വച്ചിരുന്നു … അതിൽ നിന്ന് എന്തൊക്കെയോ രണ്ട് മൂന്ന് ടാബ്ലറ്റ്സ് അവൻ കഴിക്കുന്നു … ബോക്സടച്ച് , കബോർഡിൽ ചെറിയൊരു ഡ്രോയർ തുറന്ന് അതിൽ വച്ച് ലോക്ക് ചെയ്തു ……. ശ്രാവന്തി ഒന്നും മനസിലാകാതെ വാതിൽക്കൽ തറഞ്ഞു നിന്നു… ( തുടരും )

ശ്രാവണം- ഭാഗം 9

Share this story