ശ്രാവണം- ഭാഗം 10

ശ്രാവണം- ഭാഗം 10

” അമ്മേ ………….” അവൻ സ്റ്റെപ്പിറങ്ങി താഴെ വന്നു … ലതികയും ജയചന്ദ്രനും അവന്റെ വിളി കേട്ട് പരിഭ്രമിച്ചാണ് എഴുന്നേറ്റ് വന്നത് … ശ്രാവന്തിയും ഭയന്നു പോയി .. അവൾ അവന്റെ പിന്നാലെ സ്റ്റെയർ ഇറങ്ങി വന്നു … ” എന്താ മോനേ….. ? ” ജയചന്ദ്രൻ ആശങ്കയോടെ ചോദിച്ചു … ” ശ്രാവന്തിയോടും വീട്ടുകാരോടും ഒന്നും പറയാതെയാണോ ഈ വിവാഹം നടത്തിയത് …? ” ജയചന്ദ്രനും ലതികയും ഒരു പോലെ വിളറി …. “

അതിനിപ്പോ എന്തുണ്ടായി ….” ” അച്ഛൻ ചോദിച്ചതിന് ഉത്തരം പറ ….?” ” ലതയോട് ഞങ്ങൾ പറഞ്ഞിരുന്നതാ എല്ലാം പറയണമെന്ന് …” ജിഷ്ണുവിന്റെ മുഖം ചുവന്നു … ശ്രാവന്തി മുള്ളിൽ ചവിട്ടിയായിരുന്നു നിന്നത് … അവളുടെ നെഞ്ചിടിപ്പ് കൂടി .. … അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കിലെന്ന് അവൾ ആശിച്ച് പോയി … ” ചിറ്റ പറഞ്ഞോ ഇല്ലയോന്ന് അമ്മ ചോദിച്ചിരുന്നോ ? ” ” അത് ….. പറഞ്ഞിട്ടുണ്ടാവുംന്ന് തോന്നി …”

” എന്നിട്ട് ഞാൻ ചോദിച്ചപ്പോ എല്ലാം പറഞ്ഞു എന്നാണല്ലോ അച്ഛൻ പറഞ്ഞത് …” അവൻ ജയചന്ദ്രനെ നോക്കി .. ജയചന്ദ്രനും ലതികയും മിണ്ടാട്ടമില്ലാതെ നിന്നു …. ” ചിറ്റ പറഞ്ഞാലും ഇല്ലെങ്കിലും പറയേണ്ട കടമ നമ്മുടേതായിരുന്നു … ” അവൻ കോപമടക്കിയില്ല … ജയചന്ദ്രനും ലതികയും എന്തു വേണമെന്നറിയാതെ മകന് മൂന്നിൽ കുറ്റവാളികളെ പോലെ നിന്നു … ” എത്രയും പെട്ടന്ന് ശ്രാവന്തിയേം വീട്ടുകാരെയും എല്ലാം അറിയിക്കണം … “

ജയചന്ദ്രനും ലതികയും നടുങ്ങി … അവർ ശ്രാവന്തിയെ പാളി നോക്കി … അവൾ പകച്ചു നിൽക്കുകയാണ് …. ” മോനെ ഇനിയിപ്പോ ….. ” ” നോ …. ഒന്നും പറയണ്ട …. നാളെ തന്നെ ശ്രാവന്തിയെ കൂട്ടി അവളുടെ വീട്ടിൽ പോകണം … ” പെട്ടന്ന് ശ്രാവന്തി അവർക്കടുത്തേക്ക് ഇറങ്ങി വന്നു …. ” എന്റെ വീട്ടിൽ അറിയിക്കുന്നതിന് മുൻപ് എന്നോട് പറയൂ എന്താന്ന് ….? എനിക്കറിയണം …… “

ജിഷ്ണു അവളെ നോക്കി …. അവന് അവളോട് സഹതാപം തോന്നി …. ലതികയും ജയചന്ദ്രനും മുഖം കുനിച്ച് നിന്നു ….. ” പറയമ്മേ അവളോട് …. എല്ലാം തുറന്നു പറയണം ………. ” ലതിക ഉമിനീരിറക്കി … എങ്ങനെ തുടങ്ങുമെന്ന് ലതികക്ക് ഒരെത്തും പിടിയും കിട്ടിയില്ല …. ജയചന്ദ്രൻ മുന്നോട്ട് വന്നു …. ശ്രാവന്തിയുടെ മുന്നിൽ വന്ന് അവളെ തോളത്ത് ചേർത്തു പിടിച്ചു …. അവൾ മുഖം കുനിച്ചു കളഞ്ഞു …. അവരെല്ലാം അഭിനയിക്കുകയാണെന്ന് അവൾക്ക് തോന്നി … “

മോളെ …. ഭയപ്പെടാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല … എഞ്ചിനിയറിംഗ് കഴിഞ്ഞ് കുറച്ച് നാൾ , ജിഷ്ണു തിരുവനന്തപുരത്ത് വർക്ക് ചെയ്തിരുന്നു .. അവിടെ വച്ച് അവനൊരു ആക്സിഡന്റ് സംഭവിച്ചു … അവന്റെ ബൈക്ക് ഒരു ലോറിയിൽ ഇടിച്ചു .. നാൽപ്പത് ദിവസം അവൻ മരണത്തോട് മല്ലിട്ട് കിടന്നു … തലയിൽ രണ്ട് സർജറി …. എല്ലാം കഴിഞ്ഞ് അവൻ കണ്ണ് തുറന്നപ്പോ , ഞങ്ങളെയൊന്നും ഓർമയില്ല …

പല കാര്യങ്ങളും അവന്റെ ഓർമയിൽ നിന്ന് മാഞ്ഞു പോയി .. അങ്ങനെ സംഭവിച്ചേക്കുമെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞിരുന്നു … രണ്ട് മാസത്തോളം ട്രീറ്റ്മെൻറും കൗൺസിലിംഗും ഒക്കെ നടന്നു .. അവൻ പഠിച്ച കാര്യങ്ങൾ , ചെയ്ത ജോലി ഒക്കെ അവൻ ഓർത്തെടുത്തു .. ഞങ്ങളെയാരെയും ഓർത്തെടുക്കാൻ കഴിഞ്ഞില്ല , ബന്ധുക്കൾ , സുഹൃത്തുക്കൾ ഒന്നും പഴയ ഓർമകളിൽ നിന്ന് ഓർത്തെടുത്തില്ല .. പകരം ഒന്നേന്ന് മനസിലാക്കി എടുത്തു … തനിയെ ഓർത്തെടുക്കുമായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത് …

പക്ഷെ ഞങ്ങളോടെല്ലാം ഇടപഴകുന്നത് കൊണ്ട് , അതിന് മുൻപേ ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി കൊടുക്കേണ്ടി വന്നു .. രണ്ടര വർഷം ട്രീറ്റ്മെന്റ് വേണ്ടി വന്നു .. ആ സമയം എല്ലാം അവൻ പഠിക്കാനുപയോഗിച്ചു .. ഇടയ്ക്ക് എപ്പോഴോ അവൻ പഠിച്ച കോളേജ് ഓർത്തെടുത്തു , പിന്നെ ഒന്ന് രണ്ട് ടീച്ചേർസ് ഒക്കെ …. ഇപ്പോഴും മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പും കൗൺസിലിംഗും ഉണ്ട് …

ദൈനം ദിന ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ല … പലരെയും മറന്നു പോയി എന്ന് മാത്രം …. ചിലരെയൊക്കെ വീണ്ടും കണ്ട് കഴിഞ്ഞപ്പോൾ അവൻ ഓർത്തെടുക്കുകയും ചെയ്തു …. ” ശ്രാവന്തി മിണ്ടാതെ നിന്നു … ഒരു നേരിയ ആശ്വാസവും അവൾക്ക് തോന്നി … താൻ ഭയപ്പെട്ടത് പോലെ ഒന്നുമില്ല …. ജിഷ്ണു അവളെ നോക്കി നിൽക്കുകയായിരുന്നു …. ” ഇത് ഞങ്ങളോട് നേരത്തെ പറയാമായിരുന്നു …

ഈ കാരണം കൊണ്ട് വിവാഹം മുടങ്ങുമായിരുന്നു എന്നൊന്നും എനിക്ക് തോന്നുന്നില്ല … ” അവൾ മനസിൽ തോന്നിയത് മറയില്ലാതെ പറഞ്ഞു … ” നാലഞ്ച് പ്രപ്പോസൽസ് നിശ്ചയം വരെ എത്തിയിട്ട് മുടങ്ങിപ്പോയി … കാരണങ്ങളില്ലാതെ … അവനെ അത് വല്ലാതെ വേദനിപ്പിച്ചു … ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ വിഷമം ഞങ്ങൾക്ക് അറിയാമായിരുന്നു … അത് കൊണ്ടാ …. ഞങ്ങളിത്തിരി സ്വാർത്ഥത കാണിച്ചു പോയി ……….”

ലതിക ദയനീയമായി ശ്രാവന്തിയെ നോക്കി പറഞ്ഞു …. ” മോൾടെ അച്ഛനോടും അമ്മയോടും ഞങ്ങളെല്ലാം പറയാം … നാളെത്തന്നെ ..” ജയചന്ദ്രൻ പറഞ്ഞു …. ” പക്ഷെ ഈയൊരു കാരണം കൊണ്ട് മോള് എന്റെ മോനെ വിട്ടിട്ട് പോകരുത് … നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല … അവൻ സാധാരണ നിലയിൽ തന്നെയാണ് … കുറച്ച് നാളു കൂടി മെഡിസിൻ തുടരാമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാ … ചിലപ്പോ ഓർമകൾ പൂർണമായി തിരിച്ചു കിട്ടിയേക്കും …..”

ലതിക ശ്രാവന്തിയുടെ കൈപിടിച്ച് യാചിക്കും പോലെ പറഞ്ഞു … ” അമ്മേ … അമ്മയവളെ നിർബന്ധിക്കണ്ട … അതിനുള്ള അവകാശം അമ്മയ്ക്കില്ല … തീരുമാനമെടുക്കേണ്ടത് അവളാണ് ….” ജിഷ്ണു അമ്മയെ തിരുത്തി … ലതിക മുഖം കുനിച്ചു … ശ്രാവന്തി അൽപ്പനേരം മിണ്ടാതെ നിന്നു … പിന്നെ ജയചന്ദ്രന്റെ അടുത്തേക്ക് ചെന്നു …. അവളെന്ത് തീരുമാനം എടുക്കുമെന്നോർത്തു ജിഷ്ണുവിനും ആശങ്കയുണ്ടായിരുന്നു … അവളെ നഷ്ടപ്പെടുന്നത് അവന് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു … അവൾ ജയചന്ദ്രനെ നോക്കി …

ആ മുഖത്തെ ഭാവമെന്തെന്ന് ആർക്കും മനസിലായില്ല ….. ലതികയും ജയചന്ദ്രനും ഉൾഭയമുണ്ടായിരുന്നു … ശ്രാവന്തി എടുക്കുന്ന തീരുമാനത്തിലാണ് മകന്റെ ജീവിതമിരിക്കുന്നത് … അവളുടെ തീരുമാനം അനുകൂലമല്ലെങ്കിൽ …. തങ്ങളുടെ സ്വാർത്ഥത അവനെ പ്രതികൂലമായി ബാധിക്കരുതേയെന്ന് അവർ പ്രാർത്ഥിച്ചു ….. “അച്ഛാ ……..” ശ്രാവന്തി വിളിച്ചു … അവളുടെ മുഖം നിർവികാരമായിരുന്നു … ( തുടരും )

ശ്രാവണം- ഭാഗം 11

Share this story