ഗൗരി: ഭാഗം 1

ഗൗരി: ഭാഗം 1

എഴുത്തുകാരി: രജിത പ്രദീപ്

‘ഇയാക്കെന്താ കണ്ണു കാണില്ലേ ,
എവിടെ നോക്കിയാണ് വണ്ടിയോടിക്കുന്നത് ,റോഡിലെ കുഴിയൊന്നും കണ്ടില്ലേ ‘

”സോറി ….
കുഴി ഞാൻ ശ്രദ്ധിച്ചില്ല ”

”ഒരു സോറി പറഞ്ഞാൽ ദേഹത്ത് തെറിച്ച ചെളിയൊക്കെ ആവിയായിപ്പോകുമല്ലോ ‘

”ഞാൻ മനപൂർവ്വം കാറ് കുഴിയിൽ ചാടിച്ച് നിങ്ങളുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചതല്ല ”

‘പിന്നെ ഇയാള് കാറ് മര്യാദക്ക് ഓടിച്ചിരുന്നെങ്കിൽ വെള്ളം തെറിപ്പിക്കാതെ പോകാമായിരുന്നു ‘

‘റോഡിലൂടെ പോകുമ്പോൾ സൈഡ് ഒതുങ്ങി നടക്കണം’

‘ശരണ്യേ ഒന്നു പതുക്കെ പറയ് ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട് ,ഇത്തിരി ചെളി വെള്ളം തെറിപ്പിച്ചതിന് ഇത്രയൊക്കെ പറയണോ”

ഗൗരിയും കൂട്ടുക്കാരി ശരണ്യയും കൂടി ബാങ്കിലേക്ക് വന്നതാണ് ,ഒരു ലോണിന്റെ കാര്യത്തിന് വേണ്ടി ,ഗൗരിക്ക് ബാങ്കിലൊന്നും പോയി പരിചയമില്ല അതുകൊണ്ടാണ് ശരണ്യയെ കൂട്ടിന് വിളിച്ചത് ,ബസ്സിറങ്ങി രണ്ടു പേരും കൂടി ബാങ്കിലേക്ക് നടന്നു പോകുകയായിരുന്നു, മഴയായത് കൊണ്ട് റോഡിലെ കുഴികളിൽ നിറയെ ചെളി വെള്ളമായിരുന്നു ,ഒരു കാറ് കുഴിയിൽ ചാടി വെള്ളം തെറിപ്പിച്ചത് കാരണം രണ്ടുപേരും ആകെ നനഞ്ഞു ,കാറ് ക്കാരൻ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ കാറ് കുഴിയിൽ ചാടിക്കാതെ കൊണ്ടുപോകാമായിരുന്നു ,എന്തായാലും അയാൾ തിരിച്ച് വന്ന് സോറി പറഞ്ഞു പക്ഷേ ശരണ്യ സമ്മതിച്ച് കൊടുക്കുന്നില്ല.

‘നീ മിണ്ടാതിരിക്ക് ഗൗരി …. നമ്മുടെ ഭാഗത്ത് തെറ്റില്ല പിന്നെന്തിനാ പേടിച്ച് മിണ്ടാതിരിക്കുന്നത് ‘

”തനിക്കെന്താ വെള്ളം അലർജിയാണോ ”

”എന്നെ കളിയാക്കാതെ ഇയാളാദ്യം റോഡിലൂടെ എങ്ങനെ വണ്ടിക്കണമെന്ന് പഠിക്ക് ”

ഗൗരി ശരണ്യയുടെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു ”വാ നമ്മുക്ക് പോകാം”

‘അതേ..പെൺകുട്ടികളായാൽ ഇത്തിരി അടുക്കും ഒതുക്കവു വേണം ,അല്ലാതെ ഇങ്ങനെ ചാടികടിക്കണ സ്വഭാവം പെൺകുട്ടികൾക്ക് ഒരഭംഗിയാണ് ‘അത് അവൻ പറഞ്ഞത് ഗൗരിയുടെ മുഖത്ത് നോക്കിയാണ് എന്നിട്ടവൻ വണ്ടിയെടുത്ത് പോയി

അവനെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്നവൾക്ക് തോന്നി

പക്ഷേ അവനെന്തിനാ അത് തന്നെ നോക്കി പറഞ്ഞതെന്തിനാണെന്നവൾക്ക് മനസ്സിലായില്ല

”വെറുതെ എന്തിനാ നീ മറ്റുള്ളവരോട് വഴക്കിന് പോകുന്നത് ,ഇപ്പോ സമാധാമായില്ലേ ”

”ഇതൊക്കെ ഒരു രസമല്ലേ ടീ…
അതല്ലാ …ഞാനല്ലേ അയാളോട് ദേഷ്യപ്പെട്ട് സംസാരിച്ചത് എന്നിട്ട് ലാസ്റ്റ് മാസ്സ് ഡയലോഗ് നിന്നെ നോക്കി പറഞ്ഞതെന്നിനാ അതാ എനിക്ക് മനസ്സിലാവാത്തത് ”

”’ആവോ എനിക്കറിയില്ല ”

”സത്യം പറഞ്ഞോ ഗൗരി നിങ്ങൾ തമ്മിൽ മുൻ പരിചയം ഉണ്ടോ?”

‘ദേ പോക്കോട്ടോ ശരണ്യേ ഞാനാളെ ആദ്യമായാണ് കാണുന്നത്”

”ആർക്കറിയാം നീ പറയുന്നത് സത്യമാണോന്ന് ”

”എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ’

”എന്തായാലും ആള് കണാൻ നല്ല സുന്ദരനാ ,പക്ഷേ കെട്ടിയിട്ടില്ലെങ്കിൽ കെട്ടുന്ന പെണ്ണിന്റെ കഷ്ടകാലമാണ്”

അതിന് മറുപടി ഗൗരി പറഞ്ഞില്ല

”ഈ വേഷത്തിൽ നമ്മളെങ്ങനെ ബാങ്കിൽ പോകും ശരണ്യ ”

”ബാങ്കിൽ പോവാതെ… നിനക്കിത് ഇന്ന് കൊടുക്കേണ്ട ഫോമല്ലേ, ലോൺ വേഗം ശരിയാവണ്ടേ ‘

”അതു സാരമില്ല ,നമ്മുക്ക് നാളെ പോകാം ”

”അച്ഛൻ വഴക്ക് പറയോ നിന്നെ ”

”ഇല്ല ‘

”എന്നാ ശരി നാളെ പോകാം, നീ ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോക്കോ ,ഞാൻ ബസ്സ് സ്റ്റോപ്പിലിരുന്നിട്ട് ഏട്ടൻ വരുമ്പോൾ പോക്കോളാം’

* * *

ഗൗരി ഓട്ടോയിൽ നിന്നും ഇറങ്ങിയപ്പോഴെക്കും അനിയത്തി ഗംഗ ഓടി വന്നു

”എന്താ ചേച്ചി തിരിച്ച് വന്നത് ,ദേഹത്തെങ്ങനെയാ ഇങ്ങനെ ചെളിയായത് ”

ഗൗരി ഓട്ടോ കൂലി കൊടുത്തു

”ഒന്നു പതുക്കെ ചോദിച്ചൂടെ നിനക്ക്, ആ ചേട്ടൻ എന്തു വിചാരിച്ചിട്ടുണ്ടാകും”

”ചേച്ചി ഞാൻ ചോദിച്ചതിന് മറുപറയ്
എന്നെ പഠിപ്പിക്കാതെ ”

”ഒരു കാറ് ചെളി തെറിപ്പിച്ചതാ ,ഇതു വച്ച് എങ്ങനെ ബാങ്കിൽ പോകും അതുകൊണ്ട് നാളെ പോകാമെന്ന് വച്ചു ‘

”എന്നാലും ഏത് കണ്ണിലാത്തവനാ ഇങ്ങനെ ചെളി തെറിപ്പിച്ചത് ”

ഗൗരി ഉണ്ടായ കാര്യങ്ങൾ ഗംഗയോട് പറഞ്ഞു

”ശരണ്യ ചേച്ചി പറഞ്ഞത് തന്നെയാണ് ശരി ,റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുമ്പോൾ ഒന്നു സൂക്ഷിച്ച് പോവണ്ടേ ‘

”ഒരബദ്ധം ആർക്കും പറ്റും ‘

‘ഇതബദ്ധമല്ല അംഹങ്കാരം ആണ് ‘

”മതീട്ടോ ഗംഗേ അതു കഴിഞ്ഞു ,ഇനി നിന്റെ ഒരു അവലോകനം വേണ്ടാ ‘

”വേണ്ടേങ്കിൽ വേണ്ട ,എന്റെ ദേഹത്തല്ലല്ലോ ചെളി തെറിച്ചത്’

‘നീ അമ്മക്ക് ഗുളിക കൊടുത്തോ”

”കൊടുത്തു ,
ചേച്ചി എവിടെക്കാണ് പോയതെന്ന് ചോദിച്ചു ,ഒറ്റക്കാണ് പോയതെന്ന് പറഞ്ഞപ്പോൾ അച്ഛനെ കുറെ ചീത്ത പറഞ്ഞു ,പാവം അച്ഛൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു ”

”അമ്മക്ക് വയ്യാത്തത് കൊണ്ടല്ലേ ,മുൻപ് അമ്മ അച്ഛനോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നിനക്കറിയാലോ ,അതു കൊണ്ട് തന്നെയാണ് അച്ഛൻ ഒന്നും മിണ്ടാതെ കേട്ടിരിക്കുന്നത് ”

”നമ്മുടെ അമ്മ എന്നാ ചേച്ചി പണ്ടത്തെ പോലെ ആവാ ‘

‘അധികം വൈകാതെ തന്നെ നമ്മുടെ അമ്മയെ തിരിച്ച് കിട്ടും ‘

”ചേച്ചി … ദേ അച്ഛൻ വരുന്നുണ്ട് ”

”എന്താ മോളെ നീ ബാങ്കിൽ പോയി ഇത്രവേഗം വന്നോ ‘

”ഏതോ കാറ് ക്കാരൻ ഇവരുടെ ദേഹത്ത് ചെളി തെറിപ്പിച്ചു ,അതു കൊണ്ട് പോയില്ലച്ഛാ ‘

‘റോഡികൂടി നടക്കുമ്പേൾ സൂക്ഷിച്ച് നടക്കണ്ടേ ഗൗരി ……’

”അച്ചാ അത് ആ കാറ് ക്കാരന്റെ തെറ്റാണ് ഞങ്ങൾ സൂക്ഷിച്ചാണ് നടന്നത് ”

”നാളെ ഞാൻ പോയി കൊടുത്തോളാം”

‘വേണ്ടച്ഛാ ഞാൻ പോയി കൊടുത്തോളാം”

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഗൗരി ആലോചിച്ചത് ആ കാറുക്കാരനെ കുറിച്ചായിരുന്നു, ശരണ്യയാണ് എല്ലാം പറഞ്ഞത് എന്നിട്ട്
ഒരക്ഷരം പറയാത്ത തന്നെയാണ് അയാളങ്ങനെ പറഞ്ഞത്

* * *

പിറ്റേ ദിവസം

ബാങ്കിലെത്തിയപ്പോൾ നല്ല തിരക്കായിരുന്നു

”ഗൗരി ഈ ഫോമൊക്കെ ഏത് സാറിന്റെയടുത്ത് കൊടുക്കാനാണ് അച്ഛൻ പറഞ്ഞത് ”

”ഒരു ശരത്ത് സാറിന്റെ അടുത്ത്
ആളാണ് ലോണൊക്കെ ശരിയാക്കുന്നത് ‘

ശരണ്യ ബാങ്കിന്റെ അകത്ത് കയറി ഒന്നു നോക്കി

”മേഡം ഈ ശരത്ത് സാറ് …..’

‘ദേ അവിടെയാണ് ‘

ആ മേഡം കൈ ചൂണ്ടിയ ഭാഗത്തേക്ക് ശരണ്യ നോക്കി

ശരത്ത് സാറിനെ കണ്ടതും ശരണ്യ ഒന്നു ഞെട്ടി

അവൾ ഗൗരിയുടെ അടുത്തേക്ക് വന്നു

”ഗൗരി …. ദൈവമുണ്ടെന്ന് ഇപ്പോ എനിക്ക് മനസ്സിലായി , നിങ്ങൾക്ക് ലോൺ പാസ്സായത് തന്നെ ‘

”നീയെന്തൊക്കെയാണ് ശരണ്യേ പറയുന്നത് ഇത് അമ്പലമല്ല ബാങ്കാണ് ‘

‘നീയെ ശരത്ത് സാറിനെ കണ്ടോ ”

‘ഇല്ല ‘

‘ദേ അതാണ് ശരത്ത് സാറ് ”

ഗൗരി കണ്ടു ശരത്ത് സാറിനെ

ചെളി തെറിപ്പിച്ച കാറുക്കാരൻ ആയിരുന്നു ശരത്ത് സാറ്

ഗൗരിക്ക് ബാങ്കിൽ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്

”നമ്മുക്ക് തിരിച്ച് പോയാലോ ശരണ്യേ ,എനിക്കെന്തോ പേടിയാവുന്നു’

”നീയെന്തിനാ പേടിക്കുന്നത് നമ്മള് കൊല കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ ,നോക്കി വണ്ടിയോടിക്കാൻ പറഞ്ഞു അത്ര മാത്രം”

”ഇനിയിപ്പോ എന്തു ചെയ്യും ,നീയൊന്ന് കൊണ്ടു കൊടുക്ക് ഇത് ‘

‘എന്റെ ഗൗരി…… നീ ധൈര്യമായി കൊണ്ടു കൊടുക്ക് ,നമ്മുക്ക് വരണത് വരുന്നിടത്ത് വച്ച് കാണാം ‘

‘എനിക്ക് കൈയ്യും കാലുമൊക്കെ വിറക്കുന്നത് പോലെ ”

‘അതൊക്കെ നിന്റെ തോന്നലാണ്
ഒന്നുമുണ്ടാവില്ല ,എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കിൽ നമ്മുക്ക് മാനേജരോട് പറയാം പോരേ”

ഗൗരി ശരത്തിന്റെ അടുത്തേക്ക് ചെന്നു

അവിടെ രണ്ടു മൂന്നു പേര് നിൽക്കുന്നുണ്ടായിരുന്നു

ശരത്ത് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു

‘സാർ…….’

ശരത്ത് തലയുയർത്തി നോക്കി

ഗൗരിയെ കണ്ടപ്പോൾ ശരത്തിന്റെ മുഖത്ത് ഒരു ആശ്ചര്യ ഭാവ മുണ്ടായി

”തനെന്താ ഇവിടെ …… തല്ലുണ്ടാക്കാൻ വന്നതാണോ ”

”ഞാൻ ….. അച്ഛൻ ഇവിടെ ലോണിന് അപേഷിച്ചിട്ടുണ്ടായിരുന്നു ‘

”ഓ ….’

ഗൗരി ഫോമുകളെടുത്ത് അവന് കൊടുത്തു

‘അച്ഛന് ബാങ്കില് ലോണിന് വേണ്ടി നടക്കാ ,മകള് വഴിയിൽ കാണുന്നവരോട് തല്ലുണ്ടാക്കി നടക്കാ എന്താ ലേ ”

‘എന്റെ സാറെ ഇപ്പോഴത്തെ കുട്ടികൾ എല്ലാം അങ്ങനെയാണ് മൂത്തവരെയൊന്നും ബഹുമാനമില്ല ,അവര് വല്യ ആളുകളാണെന്നാ ഭാവമാണ്”

അവിടെ നിന്നിരുന്ന ചേട്ടൻ ശരത്തിനോടായി പറഞ്ഞിട്ട് ശരത്ത് കൊടുത്ത ഫോമുകളുമായി പോയി.

ശരത്തിന്റെ അടുത്ത് ഗൗരി മാത്രമായി

”ദേ ഈ ഫോമും കൂടി ഒന്നു ഫിൽ ചെയ്യണം ഒരു ഫോം ഗൗരിക്ക് കൊടുത്തിട്ട് പറഞ്ഞു ”

ഗൗരി ഫോം വാങ്ങി തിരിഞ്ഞു

”താനെവിടെക്കാ പോകുന്നത് ”

‘ഫോം ഫിൽ ചെയ്യാൻ … ‘

‘അധികമൊന്നുമില്ല ഫിൽ ചെയ്യാൻ ,ഇവിടെ നിന്ന് ചെയ്താൽ മതി’

ഗൗരിക്ക് കൈയ്യൊക്കെ വിറക്കുന്നത് പോലെ തോന്നി ,ഗൗരി ഫോം ഫിൽ ചെയ്ത് ശരത്തിന് കൊടുത്തു

”ഒരു ഫോം പൂരിപ്പിക്കാൻ ഇത്രയും നാളായിട്ട് താൻ പഠിച്ചിട്ടില്ലേ ‘
ആ ഫോമെടുത്ത് അവളുടെ അടുത്തേക്ക് എറിഞ്ഞിട്ട് ഉറക്കെ ദേഷ്യത്തിലാണ് ശരത്ത് ചോദിച്ചത്

ബാങ്കിലുണ്ടായിരുന്ന എല്ലാവരും നിശബ്ദരായി ,അവരൊക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി

ശരണ്യക്ക് കാര്യം മനസ്സിലായി ശരത്ത് സാറ് ഇന്നലത്തെ ദേഷ്യം തീർക്കുന്നതാണെന്ന്

ഗൗരിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി

കൈയ്യിൽ നിന്നും പേന താഴെ വീണു

പേന വീഴുന്നത് കണ്ട് ശരത്ത് ഗൗരിയുടെ മുഖത്തേക്ക് നോക്കി

കണ്ണൊക്കെ മേൽപ്പോട്ട് മറഞ്ഞ്
അവൾ നിന്നാടുന്നതു പോലെ തോന്നി അവന്

അവൻ ചാടി എഴുന്നേറ്റ് പിടിച്ചു ഗൗരിയെ ,ടേബിൾ ഉള്ള കാരണം കൈ എത്തിച്ചാണ് പിടിച്ചത്

അപ്പോഴേക്കും ഗൗരി അവന്റെ കൈയ്യിൽ നിന്ന് ഊർന്ന് താഴെക്ക് വീണു… തുടരും

Share this story