ശ്രാവണം- ഭാഗം 11

ശ്രാവണം- ഭാഗം 11

” അച്ഛാ …. നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ് … തെറ്റു മാത്രമല്ല കുറ്റകരമായ ചതിയാണ് … ” ജയചന്ദ്രന്റെ മുഖം കുനിഞ്ഞു ….. ” ഇതിപ്പോ എന്റെ വീട്ടിലറിഞ്ഞാൽ അവരെങ്ങനെ റിയാക്ട് ചെയ്യുമെന്നറിയില്ല … എന്റെ അച്ഛൻ തകർന്നു പോകും …..” അവൾ സങ്കടത്തോടെ പറഞ്ഞു … ” പെണ്ണ് കാണാൻ വന്നപ്പോ ജിഷ്ണുവേട്ടനെങ്കിലും എന്നോട് പറയാമായിരുന്നു …. ” അവൾ കുറ്റപ്പെടുത്തി …

ജിഷ്ണുവിന്റെ മുഖവും കുനിഞ്ഞു …. ” തൻ പറയ് … ഈ നിമിഷം വേണങ്കിലും ഞാൻ തന്നെ തിരിച്ചയക്കാം ….” അവൻ പറഞ്ഞു… ” എത്ര എളുപ്പം … വിവാഹം കഴിഞ്ഞു പോയ മകൾ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിയെത്തുമ്പോ , എന്റെ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകുമെന്ന് നിങ്ങളോർത്തോ … ” ആർക്കും ഉത്തരമില്ലായ്രുന്നു … ” ഇതൊന്നും എന്റെ അച്ഛൻ സഹിക്കില്ല … ഹൃദയം പൊട്ടും അച്ഛന്റെ ….” അവൾക്ക് ഉദയനെ ഓർത്തായിരുന്നു സങ്കടം … ” തത്ക്കാലം ഒന്നും എന്റെ വീട്ടിൽ അറിയിക്കണ്ട ….

സാവധാനം ഞാനെല്ലാം പറഞ്ഞോളാം .. എന്തായാലും ഇതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ച് പോകാൻ എനിക്കാവില്ല …..” ശ്രാവന്തിയുടെ വാക്കുകൾ ഉറച്ചതായിരുന്നു .. ജയചന്ദ്രനും ലതികയും ആശ്വാസത്തോടെ പരസ്പരം നോക്കി .. ” മോളെ , ഇതുകൊണ്ട് നിന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല … വിവാഹം കഴിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ ഉറപ്പ് തന്നിരുന്നു …….” ലതിക പറഞ്ഞു . ” ആയിക്കോട്ടെ … പക്ഷെ എന്നോട് പറയേണ്ട കടമ നിങ്ങളുടേതായിരുന്നില്ലേ അമ്മേ ….

ഈ വീട്ടിൽ ഒരു മകളുണ്ടായിരുന്നെങ്കിൽ , അവൾക്കാണ് ഇങ്ങനെയെങ്കിൽ അച്ഛനും അമ്മയും സഹിക്കോ … പോട്ടെ , ജിഷ്ണുവേട്ടന്റെ സ്ഥാനത്ത് എനിക്കായിരുന്നു ഇങ്ങനെയെങ്കിലോ .. ? അത് മറച്ചു വച്ചിട്ടാ ഞാൻ വിവാഹം കഴിച്ച് വന്നതെങ്കിലോ ….? ” അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിശബ്ദരായി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളു …. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ശ്രാവന്തിക്ക് തോന്നി … അവൾ വേഗം സ്റ്റെപ് കയറി മുകളിൽ വന്നു .. റൂമിലേക്ക് കടന്നതും അവൾ മുഖം പൊത്തി കരഞ്ഞു ..

എന്തൊക്കെ പരീക്ഷണങ്ങളാണ് താൻ നേരിടുന്നത് .. ആദ്യം സ്നേഹിച്ച പുരുഷൻ വഞ്ചിച്ചു .. ഇപ്പോൾ താലി കെട്ടിയവനും … കുറേ കഴിഞ്ഞു ജിഷ്ണു മുറിയിലെത്താൻ … അവൻ വരുമ്പോൾ ബെഡിലേക്ക് കയറി , കാൽമുട്ടിൽ മുഖമർപ്പിച്ചിരിക്കുകയായിരുന്നു ശ്രാവന്തി … അവന് വേദന തോന്നി … ഒരിക്കലും ഒരു പെൺകുട്ടിയെ ചതിക്കണമെന്ന് കരുതിയതല്ല … പദങ്ങളിൽ ഒരു സ്പർശമറിഞ്ഞപ്പോൾ ശ്രാവന്തി മുഖമുയർത്തി നോക്കി ….. ” മാപ്പ് ……..”

അവന്റെ കണ്ണുകളിൽ നേർത്തൊരു നനവുണ്ടായിരുന്നു … തീപ്പൊള്ളലേറ്റത് പോലെ അവൾ കാൽ പിൻവലിച്ചു … ” വേണ്ട ……. ” അവൾ പെട്ടന്ന് അവന്റെ കൈ പിടിച്ചു …. ” എന്നോട് പറഞ്ഞത് എല്ലാം നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാ … വീണ്ടും അതൊക്കെ കുത്തിച്ചികയണ്ടല്ലോന്നോർത്താ പെണ്ണ് കാണലിന് ഞാനത് ചോദിക്കാതിരുന്നത് … അത് കഴിഞ്ഞു സംസാരിക്കാൻ ഞാൻ പലവട്ടം വിളിച്ചപ്പോഴും തനിക്ക് തിരക്കുകളുണ്ടായിരുന്നു …. ” അവൻ പറഞ്ഞു .. ശരിയാണ് …!

പ്രണവിന്റെ വിഷയത്തിൽ മനസ് ശാന്തമല്ലാതിരുന്നത് കൊണ്ട് അവനോട് ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു … ” സാരമില്ല ……” അവൾ നിർവികാരയായി പറഞ്ഞു …. വിശ്വസിക്കുന്നവരെല്ലാം വഞ്ചിക്കുന്നു എന്നൊരു തോന്നൽ അവളിൽ ഉടലെടുത്തു … ” എനിക്കൊന്നു കിടക്കണം …..” അവൾ പറഞ്ഞു …. ” ങും……. താൻ കിടന്നോളു …” അവൾ ബെഡിലേക്ക് കിടന്നു …

ജിഷ്ണു എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു ….. അവൻ പോകുന്നത് അറിഞ്ഞെങ്കിലും അവൾ പിന്നാലെ ചെന്നില്ല … കണ്ണുകളടച്ച് അവൾ കിടന്നു …. * * * * * * * * * * * * * പിറ്റേന്ന് ശ്രാവന്തി ഉണർന്നു നോക്കുമ്പോൾ അരികിൽ ജിഷ്ണു കിടപ്പുണ്ടായിരുന്നു … അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു …. താടിയിൽ കുറ്റി രോമങ്ങൾ വളർന്നു നിൽപ്പുണ്ടായിരുന്നു .. നിഷ്കളങ്കമായ മുഖം ….

അവൾക്കെന്തു കൊണ്ടോ സഹതാപം തോന്നി …. ആ നെറ്റിയിലേക്ക് വീണു ചിതറി കിടന്ന മുടി കൈവിരൽ കടത്തി മാടിയൊതുക്കി വയ്ക്കാതിരിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല … നെറ്റിയിലെ തണുത്ത സ്പശർമറിഞ്ഞ് ജിഷ്ണു മെല്ലെ കൺ തുറന്നു … കൺമുന്നിൽ , ഒരു ബ്രെയ്സ്ലേറ്റിന്റെ തൊങ്ങലാണ് ദൃശ്യമായത് … അത് ശ്രാവന്തിയുടെ കൈയാണെന്ന് അവൻ തിരിച്ചറിഞ്ഞു … അവന്റെ കണ്ണുകൾ തന്റെ നേർക്ക് ചലിക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് കൈ പിൻവലിച്ചു ….

അപ്പോഴേക്കും ആ കൈയിൽ അവൻ പിടുത്തമിട്ടു … അവളുടെ മുഖത്ത് ഒരു ചമ്മൽ കാണാമായിരുന്നു .. അവൻ അവളെ കണ്ണെടുക്കാതെ നോക്കിക്കിടന്നു … അവന്റെ നക്ഷത്ര കണ്ണുകളുടെ കാന്തിക ശക്തി നേരിടാനാവാതെ അവൾ മിഴികൾ പിൻവലിച്ചു …. ഒരു വേള ആ കവിളുകൾ ചുവന്നു തുടുത്തു … അവൻ മെല്ലെ എഴുന്നേറ്റു … അവൾക്കരികിൽ , ബെഡിൽ ചാരിയിരുന്നു … ” തനിക്ക് എന്നോട് വെറുപ്പാണോ ….?” അവൻ ചോദിച്ചു … ആ വാക്കുകളിൽ ഒരു നീറ്റലുണ്ടായിരുന്നു .. “

വെറുപ്പല്ല …. പക്ഷെ … എന്തോ ഒരു സങ്കടം … അതുണ്ട് … ” അവളിൽ ഒരു ഗദ്ഗദമുണർന്നു … ” സോറി ……” അവൻ ആത്മാർത്ഥമായി പറഞ്ഞു …. ” സാരമില്ല … കഴിഞ്ഞത് കഴിഞ്ഞു … ” അവൾ പറഞ്ഞു … അവർ പരസ്പരം നോക്കിയിരുന്നു … അവന്റെ കുറ്റിത്താടിയിൽ അവൾ മെല്ലെ തലോടി . .. ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ..

പെട്ടന്നാണ് അത് സംഭവിച്ചത് .. അവളൊട്ടും പ്രതീക്ഷിക്കാതെ അവനവളെ ,തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു … ആ കണ്ണുകളിലും മുഖത്തും ചുണ്ടിലും അവൻ തുരുതുരെ ചുംബിച്ചു … അവളുടെ കൊച്ചു കൊച്ചെതിർപ്പുകൾ അവന്റെ കരുത്തിനു മുന്നിൽ ഇല്ലാതാവുകയായിരുന്നു … അവളുടെ ഉടലിൽ ഒരു ചൂട് പടർന്നു … പെട്ടന്ന് തീക്കാറ്റ് പോലെ അവളുടെ മനസിലേക്ക് പ്രണവിന്റെ മുഖം കടന്നു വന്നു …. ( തുടരും )

ശ്രാവണം- ഭാഗം 12

Share this story