ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 1

എഴുത്തുകാരി: ടീന കൊട്ടാരക്കര


പതിവുപോലെ തന്നെ രാവിലെ 5മണിക്ക് നന്ദ എഴുന്നേറ്റു. അഴിഞ്ഞു കിടന്ന കാർകൂന്തൽ വാരികെട്ടി ഒരു നിമിഷം അവൾ കിടക്കയിൽ ഇരുന്ന് പ്രാർത്ഥിച്ചു. അതിനു ശേഷം പതിയെ എണീറ്റു അടുക്കളയിൽ എത്തി ചായ തയ്യാറാക്കി, അച്ഛനെയും അമ്മയെയും ഉണർത്തി.

“അച്ഛാ.. എഴുനേൽക്കുന്നില്ലേ, സമയം 5 കഴിഞ്ഞു, ഇന്ന് പണിക് പോവാൻ ഉദ്ദേശം ഇല്ലേ ”

മാധവൻ കണ്ണ് തുറന്നു, “ഇന്നലെ കിടക്കാൻ താമസിച്ചത് കൊണ്ടാണെന്നു തോനുന്നു.. നല്ല ഉറക്കക്ഷീണം ”

“ക്ഷീണമുണ്ടെങ്കിൽ ഇത്തിരി നേരം കൂടി കിടന്നോ അച്ഛാ, “നന്ദ പറഞ്ഞു.
“സാരമില്ല മോളെ, നീയാ തൂമ്പ എടുത്ത് വെക്ക്. വയലിൽ വിത്ത് വിതയ്ക്കേണ്ട ദിവസമായി. അത് മുടങ്ങാൻ പാടില്ല. ” അയാൾ പതിയെ കട്ടിലിൽ നിന്നെണീറ്റു. പിന്നാലെ അവളുടെ അമ്മ ശാരദയും ഉറക്കം ഉണർന്ന് വന്നു. മാധവൻ ചായ കുടിച്ചിട്ട് വയലിലേക്കു ഇറങ്ങി. അച്ഛൻ പാടവരമ്പത്തൂടെ നടന്നു പോകുന്നത് അവൾ നോക്കി നിന്നു.

“വിത്ത് വിതയ്ക്കാൻ ശങ്കരേട്ടനും കൂടുമായിരിക്കും അല്ലെ അമ്മേ? ”
“അറിയില്ല.. അല്ലെങ്കിലും പണിക്കു വേറെ ആരെയും കൂടെ കൂട്ടില്ലല്ലോ. എല്ലാം തനിയെ ചെയ്യണം. അസുഖം ഉള്ളതാണെന്ന് യാതൊരു ഓർമയും ഇല്ല.”അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

“പേരും പെരുമയും ഉള്ള കയ്പമംഗലത്തു തറവാട്ടിലെ മൂത്ത സന്തതിയാ, പറഞ്ഞിട്ട് എന്താ കാര്യം, എല്ലാം പോയില്ലേ.. ഇപ്പൊ 3 നേരം വല്ലതും കഴിക്കണമെങ്കിൽ സ്വന്തം വയലിൽ ഒരു വേലക്കാരനെ പോലെ പണിയെടുക്കണം.. കൂടെപ്പിറപ്പുകളെ സഹായിച്ചതിന് ഇതാകുംദൈവം വിധിച്ചത്. ” ശാരദ കണ്ണ് തുടച്ചു.

“എന്തിനാ അമ്മേ അതൊക്കെ പറഞ്ഞു വിഷമിക്കുന്നത്. നമുക്ക് ഈ ചെറിയ വീടും ഇത്തിരി പറമ്പും തന്നെ സ്വർഗം അല്ലെ. അത് മതി നമുക്ക് ” നന്ദ അമ്മയെ ആശ്വസിപ്പിച്ചു.
കുറച്ചു നേരം അമ്മയെ അടുക്കളയിൽ സഹായിച്ചിട്ട് അവൾ പശുവിനെ കറക്കാനായി തൊഴുത്തിലേക് പോയി. പശുവിനോട് ഓരോന്ന് മിണ്ടിയും പറഞ്ഞും കറന്നെടുത്ത പാലുമായി അവൾ അടുക്കളയിലെത്തി. ആ പരിസര പ്രദേശത്തെ വീടുകളിൽ പാലെത്തിക്കുന്നത് നന്ദ ആണ്.
“നന്ദേ.. ഇന്ന് മുതൽ ആ വടക്കേടത്തു വീട്ടിലേക്കും നാഴി പാൽ കൊടുക്കണം. അവിടുത്തെ കുട്ടി പഠിത്തം കഴിഞ്ഞ് നാട്ടിൽ വന്നിട്ടുണ്ടത്രെ “അമ്മ പറഞ്ഞു.
“ആര്.. വിഷ്ണുവേട്ടനോ. ”
“അതെ, നീയെന്തായാലും മറക്കാതെ അവിടെ ഒന്ന് കയറണം ”
ശെരി അമ്മേ,
അവൾ പാലുമായി വയലിരമ്പത്തൂടെ നടന്നു. രാവിലത്തെ തണുപ്പും വയലിറമ്പിലൂടെ ഉള്ള നടത്തവും അവൾ ആസ്വദിച്ചു.. തന്റെ അച്ഛന്റെ ആയിരുന്നു ഈ വയൽ. ചെറിയ പ്രായം മുതലേ ഇവിടെ അധ്വാനിച്ചിട്ട് ആണ് അച്ഛന്റെ സഹോദരങ്ങളെ നല്ല നിലയിൽ ആക്കിയത്. അതിനു വേണ്ടി ബാധ്യത ഏറ്റെടുത്തു അവസാനം കടവും കാര്യങ്ങളുമായി സ്വന്തം വയൽ അനിയനായ ശേഖരന് വിറ്റു. ഇപ്പോ അവിടെ ഒരു വേലക്കാരനെ പോലെ പോയി പണിയെടുക്കുന്നു. ഓരോ കാര്യങ്ങളും ഓർത്തു നടക്കവേ അവളുടെ കണ്ണു നിറഞ്ഞു..
അച്ഛന് താഴെ 4പേര് ആണ്. ശേഖരൻ, അച്യുതൻ, രാഘവൻ, സാവിത്രി.
4പേർക്കും വേണ്ടി സ്വയം ജീവിതം ഉഴിഞ്ഞു വെച്ചു, അവരെ നല്ല നിലയിലാക്കി.. അവസാനം കടവും ബാധ്യതകളും ആയപ്പോ കൂടെപ്പിറപ്പുകൾ ആരും ഉണ്ടായില്ല സഹായിക്കാൻ. അച്ഛന്റെ വിഹിതം ആയ വയൽ വിൽക്കേണ്ടി വന്നു. ശേഖരമാമ്മ അത് വാങ്ങി. അച്ഛന് ജോലി ചെയ്യാൻ സമ്മതം നൽകി. കയ്പമംഗലത്തു വീട്ടിൽ ഇപ്പോൾ താനും കുടുംബവും അന്യരായി. കുടുംബത്തിൽ എന്തേലും വിശേഷം വന്നാലും അവർക്കു അച്ഛനെ വിളിക്കാൻ മടിയായി. അല്ലെങ്കിലും യാതൊരു സമ്പത്തും ഇല്ലാത്ത ഞങ്ങളെ എന്തിനാ അവർ ക്ഷണിക്കുന്നത്.. ഇടക്ക് മുത്തശ്ശിയെ കാണാൻ അവിടെ ചെല്ലാൻ പറ്റുന്നത് തന്നെ വെല്യ കാര്യമായി അവൾക് തോന്നി.

എട്ടരയോട് കൂടി നന്ദ കോളേജിൽ പോകാൻ തയ്യാറായി. കോളേജിൽ അവളുടെ ആദ്യത്തെ ദിവസം ആണ് ഇന്ന്. ടൗണിൽ ഉള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. B.sc അഗ്രിക്കൾച്ചർ.
“അമ്മേ.. ഞാൻ ഇറങ്ങുവാ ” അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി. വയലിലൂടെ നടക്കുമ്പോൾ ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്.

“നന്ദേ….പോകല്ലേ, ഞാനും ഉണ്ട്.. ” കല്യാണി ആണ്.. നന്ദയുടെ ഏറ്റവും അടുത്ത കൂട്ടുകാരി. അവൾക്കും നന്ദയുടെ അതെ കോളേജിൽ തന്നെയാണ് അഡ്മിഷൻ കിട്ടിയത്.

“എന്ത് സ്പീഡാ നന്ദേ ഇത്, ഞാൻ പിറകെ ഓടുവായിരുന്നു ” കല്യാണി അവളുടെ അടുത്തെത്തി കിതച്ചു കൊണ്ട് പറഞ്ഞു.

 

“വേഗം പോകണ്ടേ കല്യാണി, ബസ് മിസ്സ്‌ ആകും. ” നന്ദ വേഗം കൂടി നടക്കാൻ തുടങ്ങി.
“നിന്നെ കയറ്റാതെ അങ്ങനെ പോകുമോ കയ്പമംഗലത്തെ ബസ് “കല്യാണി ചിരിച്ചു. ”

“കയ്പമംഗലത്തെ തറവാട്ട് പേര് മാത്രേ എനിക്ക് സ്വന്തമായിട്ട് ഉള്ളു മോളെ. ” നന്ദ പറഞ്ഞു

“ഓഹ്.. കയ്പമംഗലത്തുകാർക് നിന്നെ ചതുർഥി ആകും.. പക്ഷെ ദേവേട്ടനോ..? ”

നന്ദ പെട്ടന്ന് നടത്തം നിർത്തി. ദേവേട്ടൻ..അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങി.  (തുടരും )

ദേവനന്ദ: ഭാഗം 1

Share this story