ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

എഴുത്തുകാരി: അമൃത അജയൻ


കോടമഞ്ഞ് പുതപ്പിട്ട് നിൽക്കുന്ന കൊടൈക്കനാലിന്റെ മനോഹാരിതയിലേക്ക് ഉറ്റുനോക്കി , ഹോട്ടൽ ഡിലൈറ്റ്സിന്റെ വിസിറ്റിംഗ് റൂമിൽ , ഗ്ലാസ് ഭിത്തിയോട് ചേർന്ന് ദയാമയി നിന്നു … ഇടക്കിടക്ക് റിസപ്ഷനിസ്റ്റുമായി സംസാരിച്ചു നിൽക്കുന്ന അരുണിനെ അവൾ മുഖം തിരിച്ചു നോക്കുന്നുണ്ടായിരുന്നു … പിന്നിലേക്ക് ക്ലീപ് ചെയ്ത് വച്ച മുടിയഴിച്ച് , വിരൽ കടത്തി ഒന്ന് കൂടി ഒതുക്കി ,വീണ്ടും ക്ലിപ്പ് ചെയ്ത് വച്ചു .. എന്നിട്ടും അനുസരണയില്ലാതെ മുഖത്തേക്ക് അടർന്നു വീണ മുടിയിഴയെ അവൾ ഗൗനിച്ചില്ല …

അവൾ തന്റെ ശ്രദ്ധ കൊടൈക്കനാലിന്റെ ദൃശ്യവിരുന്നിലേക്ക് കേന്ദ്രീകരിച്ചു .. കൊടൈക്കനാൽ എന്നും മധുരപ്പതിനേഴുകാരിയെപ്പോലെ സുന്ദരിയാണെന്ന് ദയാമയി മനസിലോർത്തു .. കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന സ്കാർഫിൽ ഇടതേ വിരൽ കൊണ്ട് ചുറ്റിയും അഴിച്ചും അവൾ വിദൂരതയുടെ സൗന്ദര്യം ആസ്വദിച്ചു …

തണുപ്പിന് ശക്തിയേറി തുടങ്ങിയിരുന്നു .. അവൾ റിസപ്ഷനിലെ ക്ലോക്കിലേക്ക് നോക്കി .. ആറ് മണി കഴിഞ്ഞിരിക്കുന്നു … നേർത്തൊരു തൊണ്ടവേദന അവൾക്കനുഭവപ്പെട്ടു … തണുപ്പ് തന്നെ വളരെ വേഗം കീഴ്പ്പെടുത്തും .. പണി പാളല്ലേ എന്നവൾ പ്രാർത്ഥിച്ചു ….

” വാ പോകാം …….” വാലറ്റിലേക്ക് കാർഡ് വച്ചു കൊണ്ട് അരുൺ അവൾക്കടുത്തേക്ക് വന്ന് പറഞ്ഞു ..

” ഒക്കെയായോ …….” അവൾ ചോദിച്ചു ..

” ങും ….. രണ്ട് ദിവസം കൂടി നീട്ടിയെടുത്തു …. ”

ദയാമയിയുടെ മുഖം വിടർന്നു … സൈഡിൽ ഒതുക്കി വച്ചിരുന്ന ബാഗ് എടുത്തു കൊണ്ട് അരുൺ മുന്നേയും , അവൾ പിന്നിലുമായി നടന്നു …

സെക്കന്റ് ഫ്ലോറിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ അവിടമാകെ നിറഞ്ഞു നിന്ന
ഏലക്കായുടേത് പോലെ അഭൗമമായൊരു ഗന്ധം അവൾ മൂക്കു വിടർത്തി വലിച്ചെടുത്തു …

അടഞ്ഞു കിടക്കുന്ന ചോക്ക്ലേറ്റ്‌ നിറമുള്ള മരവാതിലുകളും , ഭിത്തിയുടെ വെളുത്ത പെയിന്റിംഗും ഗംഭീരമായൊരു കോമ്പിനേഷനാണ് .. ഭിത്തിയിലങ്ങിങ്ങായി തടികൊണ്ട് തീർത്ത ചില ശിൽപങ്ങളുണ്ട് .. അർധനഗ്നാംഗിയായ ഒരു സ്ത്രീ ശിൽപത്തിന്റെ അംഗ ലാവണ്യത്തിലേക്ക് അവളുടെ കണ്ണുകളിടറി വീണു …

” വിടടാ….. എടാ ദുഷ്ടാ വിടാൻ ……………” ആരോ മലയാളം സംസാരിക്കുന്നത് കേട്ടപ്പോൾ അവൾ അറിയാതെ കാതോർത്തു .. അരുണും അത് ശ്രദ്ധിച്ചെന്ന് അവൾക്ക് തോന്നി …

തൊട്ടു മുന്നിലായുള്ള റൂമിൽ നിന്നാണ് .. ആ ഡോർ തുറന്നു കിടപ്പുണ്ടെന്ന് , ഡോറിലൂടെ ഇടനാഴിയിലേക്ക് വീണു കിടക്കുന്ന വെളിച്ചത്തിൽ നിന്ന് അവൾക്ക് മനസിലായി …

അതിനു മുന്നിലെത്തിയതും അവൾ ആ റൂമിലേക്ക് നോക്കി … പത്ത് പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി … ചൂരൽ കസേരയിലിരുന്ന് എന്തോ മറച്ചു പിടിച്ചിരിക്കുന്നു . അവളിൽ നിന്ന് അത് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നൊരു പയ്യൻ .. അവനൊരു പത്തിരുപത്തഞ്ച് വയസ് തോന്നിക്കും … തൊട്ടടുത്ത് അത് കണ്ട് കൈകൊട്ടിച്ചിരിക്കുന്ന മറ്റൊരു പെൺകുട്ടി … ആ രണ്ടു പെൺകുട്ടികൾക്കും ഒരേ പ്രായമാണെന്ന് തോന്നുന്നു … അടുത്ത നിമിഷം അവനാ പെൺകുട്ടിയുടെ കൈയിൽ നിന്ന് ബിയർ ബോട്ടിൽ പിടിച്ചു വാങ്ങി ..

” ഓ ……..” അവൾ ചുണ്ട് വക്രിച്ച് പിടിച്ചു ..

നിമിഷങ്ങൾക്കുള്ളിൽ ദയാമയിയുടെ കണ്ണിലൂടെ മിന്നി മാഞ്ഞ ദൃശ്യങ്ങളായിരുന്നു അതെല്ലാം .. ഏറ്റവും ഒടുവിലായി അവളാ കാഴ്ച കൂടി കണ്ടു .. ഡോറിന്റെ മറവിനപ്പുറം അതെല്ലാം ചിരിയോടെ ഫോണിൽ പകർത്തുന്ന മറ്റൊരു യുവാവിനെയും …

എന്ത് കൊണ്ടോ ആ കാഴ്ച മയിക്ക് ഇഷ്ടമായില്ല .. ഏതോ കോളേജ് സ്റ്റുഡൻസ് ആകുമെന്ന് അവൾ ഊഹിച്ചു ….

റൂം നമ്പർ 202 നു മുന്നിൽ അരുൺ നിന്നു ..

ആ നിമിഷം , മയിയുടെ കൈയിലിരുന്ന് ഫോൺ ചിലച്ചു .. അവൾ ഫ്ലാപ് മാറ്റി നോക്കി ….

അമ്മ കാളിംഗ് …….

അവൾ അരുണിനെ ഒന്നു നോക്കിയിട്ട് , കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു ….

” നീയിതെവിടെയാ മയീ .. ഞാനെത്ര വട്ടം വിളിച്ചു … ?” മറുവശത്ത് നിന്ന് അമ്മയുടെ പരിഭവം നിറഞ്ഞ സ്വരം അവളുടെ കാതിൽ വീണു …

ശരിയാണ് , ഇതിനോടകം അമ്മയൊരു പത്തുവട്ടം വിളിച്ചിട്ടുണ്ടാകും .. അപ്പോഴൊക്കെ താനാ കോൾ അവഗണിച്ചു …

” വർക്ക് ബിസിയാണമ്മാ ……..” അവൾ പറഞ്ഞു ….

” ഇത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് , വർഷം മൂന്നായില്ലെ … ”

അവൾ മിണ്ടാതെ നിന്നു …

” ഞാൻ വിളിച്ചതെന്തിനാണെന്ന് നിനക്കറിയാമല്ലോ ….”

” ങും …….” താത്പര്യമില്ലാത്ത മട്ടിൽ അവൾ മൂളി ….

” പതിനെട്ടാം തീയതി , എന്റെ മോളിവിടെ എത്തിയിരിക്കണം .. ഇതു വരെ വന്ന പ്രപ്പോസൽസ് ഉഴപ്പിയത് പോലെയല്ല .. ഇത് ഞാൻ തീരുമാനിച്ചതാ … പഴയത് പോലെ , തലേ ദിവസം വിളിച്ചിട്ട് , വരാൻ കഴിയില്ലമ്മ … ഇത് വിട്ടേക്ക് എന്ന് പറയാനാ നിന്റെ ഭാവമെങ്കിൽ ഞാനും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് ….” അമ്മയുടെ ശബ്ദത്തിലെ കർക്കശ്യം മയി തിരിച്ചറിഞ്ഞു ….

അവൾ റൂമിന് നേർക്ക് നോക്കി … അരുൺ അകത്തേക്ക് കയറി പോയിരുന്നു … കോറിഡോറിന്റെ എന്റിലായി ഒരു ബാൽക്കണിയാണ് …. അവൾ ആ ഭാഗത്തേക്ക് നടന്നു … ബാൽക്കണിയിലേക്കിറങ്ങാതെ കോറിഡോറിന്റെ കോർണറിലേക്ക് നീങ്ങി നിന്ന് അവൾ ഫോണിൽ സംസാരിച്ചു ….

അൽപം കഴിഞ്ഞപ്പോൾ , തൊട്ടു മുൻപ് കണ്ടതിൽ ബിയർ ബോട്ടിലുമായി പിടിവലി കൂടിയ പെൺകുട്ടിയും പയ്യനും അവൾക്ക് മുന്നിൽ കൂടി ബാൽക്കണിയിലേക്ക് നടന്നു … ആ പെൺകുട്ടിയെ അവൻ താങ്ങി നടത്തുന്നത് പോലെയാണ് അവൾക്ക് തോന്നിയത് … അവളുടെ കാലുകൾ നിലത്ത് ഉറയ്ക്കാത്തത് പോലെ …

ഒരുനിമിഷം ദയാമയി അത് ശ്രദ്ധിച്ചു … പിന്നെയും ഫോൺ സംഭാഷണം തുടർന്നു ..

ബാൽക്കണിയിലേക്കിറങ്ങിയ പെൺകുട്ടിയെ അവൻ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു .. അവളുടെ കവിളിൽ ഉമ്മ വച്ചു … ഇടയ്ക്കെപ്പോഴോ അവന്റെ വിരലുകൾ അവളുടെ വസ്ത്രങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ദയാമയി മുഖം തിരിച്ചു കളഞ്ഞു ..

അൽപ നേരം കൂടി സംസാരിച്ചിട്ട് , അവൾ ഫോൺ കട്ട് ചെയ്‌തു … പിന്നെ റൂമിന് നേർക്ക് നടന്നു … റൂമിലേക്ക് കയറാൻ നേരം അവൾ ഒരിക്കൽക്കൂടി ബാൽക്കണിയിലേക്ക് നോക്കി …

ഏതോ മായിക ലോകത്ത് വിഹരിക്കുന്ന പെൺകുട്ടി … അതിർവരമ്പുകളുടെ എല്ലാ സീമകളും ലംഘിച്ച് അവളാസ്വദിക്കുന്നത് പ്രണയമോ കാമമോ ….

” ദയാ …….” അരുൺ അകത്തു നിന്നു വിളിച്ചു …

” വരുന്നു …. ” പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറിച്ചെന്നു …..( തുടരും )

NB : അമ്മൂട്ടീടെ പിറന്നാളായിട്ട് , നിങ്ങൾക്കു വേണ്ടി പുതിയൊരു കഥ തുടങ്ങീട്ട്ണ്ടേ …. മുന്നത്തെ കഥകളെപ്പോലെ തന്നെ എല്ലാ കുരിപ്പും ഇതിലും ഞാനുണ്ടാക്കും .. അഭിപ്രായം അറിയിക്കണേ .. അത് മോശമാണെങ്കിൽ അങ്ങനെ …

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

Share this story