ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 2

എഴുത്തുകാരി: ടീന കൊട്ടാരക്കര


“കല്യാണി.. നീ വെറുതെ ആവിശ്യം ഇല്ലാതെ ഓരോന്ന് പറയല്ലേ “നന്ദ ഗൗരവത്തിൽ പറഞ്ഞു.

“ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ, ദേവേട്ടനും അറിയാം. പിന്നെന്താ കുഴപ്പം ” കല്യാണി തിരിച്ചടിച്ചു. നന്ദ ഒന്നും മിണ്ടാതെ ബസ് സ്റ്റോപ്പിലേക് നടന്നു.

“അയ്യോടി, നീ പിണങ്ങിയോ.. ഞാനൊരു തമാശ പറഞ്ഞതല്ലേ എന്റെ നന്ദൂട്ടി ” കല്യാണി നന്ദയുടെ കയ്യിൽ പിടിച്ചു നിർത്തി.

“ഇങ്ങനത്തെ തമാശയൊന്നും വേണ്ടടി.. എനിക്ക് കേൾക്കേണ്ട ”
“എന്തൊക്കെ ആയാലും നിന്റെ മുറച്ചെറുക്കൻ അല്ലെ, ”

“മുറച്ചെറുക്കനൊക്കെ തന്നെ, ദേവകിയമ്മയുടെ ചെറുമക്കൾ ആണ് ഞാനും ദേവേട്ടനും എല്ലാം.. പക്ഷെ…ഇപ്പോൾ.. ”

“എന്ത് പക്ഷെ, നന്ദേ.. നീ സ്വയം നിന്റെ മനസിന്‌ ഒരു വേലി കെട്ടിയിരിക്കുവാ ”

“ആ ഒരു വേലി കെട്ടൽ നല്ലതാ കല്യാണി. സ്വന്തം നില മറന്ന് ഒന്നും ചിന്തിക്കാൻ എനിക്ക് വയ്യ !”
“നിനക്ക് ദേവേട്ടനോട് അല്പം പോലും ഇഷ്ടം ഇല്ലെടീ ” കല്യാണി സംശയത്തോടെ നന്ദയുടെ മുഖത്തേക് നോക്കി.. അവൾ കല്യാണിയുടെ കയ്യും പിടിച്ചു മൗനമായി ബസ് സ്റ്റോപ്പിലേക് നടന്നു. പിന്നെ കല്യാണിയും അവളോട് ഒന്നും ചോദിച്ചില്ല.

ബസ് സ്റ്റോപ്പിൽ അങ്ങിങ്ങായി ചില സ്കൂൾ കുട്ടികൾ നില്പുണ്ടായിരുന്നു. അവർക്ക് ഇടയിലായി നന്ദയും കല്യാണിയും നിന്നു.

“ദേ നമ്മുടെ ബസ് ഇങ്ങെത്തിയല്ലോ.. ”
ഹോണടിച്ചു വന്ന “കയ്പമംഗലം ” എന്ന ബോർഡ്‌ വെച്ച ബസ് വളവു തിരിഞ്ഞ് അവർക്ക് അരികിലായി വന്നു നിർത്തി. ഫ്രണ്ട് ഡോറിലൂടെ അവർ അകത്തേക്കു കയറി. സാമാന്യം നല്ല തിരക്ക് ബസിൽ ഉണ്ടായിരുന്നു. സീറ്റൊന്നും ഒഴിവില്ലാത്തതിനാൽ അവർ ഒരു വശത്തായി നില്പുറപ്പിച്ചു.
ഓരോരോ കാര്യങ്ങൾ പറയുന്നതിനിടയിൽ പിറകിൽ നിന്ന് കണ്ടക്ടർ വന്നു.

“എവിടെക്കാ ”

” 2 കോളേജ് ജംഗ്ഷൻ ” എന്നു പറഞ്ഞു തിരിഞ്ഞതും നന്ദയുടെ നെഞ്ചിൽ വെള്ളിടി വെട്ടി..

“ദേവേട്ടൻ ”

ഒരു നിമിഷം അവൾ സ്തബ്ധയായി നിന്നു.

” 2 എണ്ണം അല്ലേ ”

” ഏഹ്.. എന്താ ” അവളുടെ ശബ്ദം പുറത്തേക് വന്നില്ല.

” 2 ടിക്കറ്റ് അല്ലേന്ന് ”

” അ..അതെ ”

ടിക്കറ്റ് കൊടുത്തു ദേവൻ മുൻപിലേക് നീങ്ങി. ബസ് നീങ്ങിത്തുടങ്ങി. നന്ദ അപ്പോഴും അമ്പരപ്പിൽ നിന്നു മുക്തയായിട്ടില്ലായിരുന്നു.
ദേവേട്ടൻ എന്താ ഇവിടെ, ഈ വേഷത്തിൽ, ചെന്നൈയിൽ നിന്ന് എപ്പോൾ നാട്ടിലെത്തി. അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു.

“നിന്റെ ദേവേട്ടൻ കണ്ടക്ടർ ജോലിക്ക് വേണ്ടിയാണോ MBA വരെ പഠിച്ചത്. ” കല്യാണി ശബ്ദം താഴ്ത്തി ചോദിച്ചു.
“എങ്കിലും പുള്ളി എപ്പോ നാട്ടിലെത്തി, എന്തിനാ ഈ ബസിൽ കണ്ടക്ടർ ആയി കയറിയത്… തറവാട്ടിലെ ബസ് ആയതുകൊണ്ടാണോ.. ”

കല്യാണി ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ നന്ദ അതൊന്നും കേട്ടില്ല. അവൾ മറ്റെന്തൊക്കെയോ ചിന്തിച്ചു കൊണ്ട് പുറത്തേക് നോക്കി നിന്നു.
കുറച്ചു സമയത്തിന് ശേഷം ബസ് ടൗണിലേക് എത്തി.

“കോളേജ് ജംഗ്ഷൻ.. ഇറങ്ങാൻ ആരാ ഉള്ളത്..” ക്ലീനർ വിളിച്ചു ചോദിച്ചു.

ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് നന്ദ ബസ് ഇറങ്ങി. കൂടെ കല്യാണിയും. ഒന്നുകൂടെ അവൾ തിരിഞ്ഞ് നോക്കി. തനിക്കു ആള് മാറിയിട്ടില്ല.. ദേവേട്ടൻ തന്നെ…

നന്ദയുടെ ദേവേട്ടൻ.. അവൾ മനസ്സിൽ പറഞ്ഞു  ( തുടരും )

ദേവനന്ദ: ഭാഗം 1

Share this story