ജാതകം: ഭാഗം 2

ജാതകം: ഭാഗം 2

എഴുത്തുകാരൻ: ശിവ


“ഈശ്വരാ ദേവേട്ടൻ ആയിരുന്നോ എന്നെ പെണ്ണുകാണാൻ വരുന്നത് .. എനിക്കാകെ അത്ഭുതം തോന്നി..
ഈ ദേവേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു ….
ഞാൻ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ദേവേട്ടൻ ഫൈനൽ ഇയർ ..
ആളൊരു കലിപ്പൻ ആണ്..
കോളേജിൽ എന്തു പ്രശ്നം ഉണ്ടായാലും ദേവേട്ടൻ അതിന്റെ നടുക്ക് ഉണ്ടാവും കാരണം ആ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് തന്നെ ദേവേട്ടൻ ആയിരിക്കും.
അടി ഇടി എന്നുവേണ്ട എല്ലാത്തിലും പുള്ളിക്കാരൻ മുൻപന്തിയിൽ ഉണ്ടാവും.
പുള്ളിക്ക് ഞങ്ങൾ ഇട്ട പേര് കലിപ്പൻ എന്നാണ്..
ഞാനും ഏട്ടനും ആദ്യമായി കാണുന്നത് തന്നെ ഒരു റാഗിംഗ് കേസിന്റെ പേരിൽ ആണ്..
എല്ലായിടത്തും ഉള്ളത് പോലെ ഫൈനൽ ഇയർ പഠിക്കുന്ന സീനിയർസ് ഞങ്ങളെ റാഗിംഗ് ചെയ്തു അതിന്റെ പേരിൽ ഞാനും ഫ്രണ്ട്സും കൂടി പ്രിൻസിപ്പലിന് കംപ്ലയിന്റ് കൊടുത്തു .. അതിന്റെ ഭാഗമായി
അന്ന് ദേവേട്ടനും ഏട്ടന്റെ കൂട്ടുകാർക്കും
സസ്പെൻഷൻ കിട്ടി….
അന്നത്തോടെ ഏട്ടന്റെ നോട്ടപ്പുള്ളിയായി ഞാൻ മാറിയെന്നു തന്നെ പറയാം..
പ്രണയം പൂവിട്ടു നിന്ന കോളേജിലെ വാകമരചോടുകൾ ഞങ്ങളുടെ വഴക്കുകൾക്ക് ആണ് പിന്നീട് സാക്ഷിയായത്..
ദേവേട്ടനെതിരെ എന്തൊക്ക ചെയ്യാമോ അതൊക്കെ ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട്..
ഞാനൊരു പെണ്ണായതു കൊണ്ടാവാം ഏട്ടൻ എന്നെ വെറുതെ വിട്ടത് അല്ലെങ്കിൽ എന്റെ കൈയും കാലും പണ്ടേ ഏട്ടൻ തല്ലി ഓടിച്ചേനെ..
അത്രക്ക് ഒക്കെ ഞാൻ ചെയ്തു കൂടിയിട്ടുണ്ട്.
ദേവേട്ടന്റെ കൂട്ടുകാരന്റെ രണ്ടു വർഷത്തെ പ്രണയം ഒറ്റ നിമിഷം കൊണ്ടു പൊട്ടിച്ചു ഞാൻ കൈയിൽ കൊടുത്തിട്ടുണ്ട് …..
അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടന്നിട്ടുമുണ്ട് ….
അതൊന്നും അത്ര പെട്ടെന്ന് ദേവേട്ടൻ മറക്കാൻ വഴിയില്ല..
കോളേജിൽ പിന്നീട് ദേവേട്ടന്റെ ഏറ്റവും വലിയ ശത്രു ഞാൻ തന്നെയായിരുന്നു അങ്ങനെ ഉള്ള ദേവേട്ടൻ എന്നെ പെണ്ണുകാണാൻ വന്നാൽ പിന്നെ ഞാൻ എങ്ങനെ അത്ഭുതപെടാതെ ഇരിക്കും.
ഏട്ടനൊക്കെ പഠിത്തം കഴിഞ്ഞു പോയതിൽ പിന്നെ ഇന്നാണ് ഏട്ടനെ ഞാൻ കാണുന്നത്.. കാര്യം നേരിൽ കാണുമ്പോൾ വഴക്കായിരുന്നു എങ്കിലും ഏട്ടൻ പോയി കഴിഞ്ഞപ്പോൾ ഏട്ടനെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു..
എന്നെങ്കിലും കാണുമ്പോൾ അന്ന് വഴക്ക് പിടിച്ചതിനു ഒക്കെ സോറി പറയണം എന്നോർത്തിരുന്നു..
അന്ന് അതേക്കുറിച്ചൊക്കെ നാഗത്താന്മാരോട് ഒരുപാട് പറഞ്ഞിട്ട് ഉണ്ട്.. ഒരു പക്ഷേ അവരാവും ഇന്നു ഏട്ടനെ എന്റെ മുന്നിൽ ഇങ്ങനെ കൊണ്ടു വന്നു നിർത്തിയത്..
ഞാനിങ്ങനെ പഴയ ഓർമ്മകളിലൂടെ കടന്നു പോയപ്പോഴേക്കും അമ്മ വന്നു വിളിച്ചു ….
“ഡി നീ ഇതെന്തു സ്വപ്നം കണ്ടിരിക്കുവാണ് ദേ അവരൊക്കെ വന്നു പോയി ചായ കൊണ്ടു കൊടുക്ക് …..
അമ്മ പറയുന്നത് കേട്ട് ഞാൻ ചെറിയൊരു മടിയോടെ പോയി ചായ എടുത്തു.. ഈ കല്യാണം നടക്കില്ല എന്നെനിക്ക് ഉറപ്പാണ് കാരണം ഞാൻ ആണ് പെണ്ണെന്നു അറിയുമ്പോൾ ഏട്ടൻ എന്നെ വേണ്ടെന്ന് പറയും .. മാത്രമല്ല എന്നെ ഇപ്പോൾ കാണുമ്പോൾ ഏട്ടൻ എങ്ങനെ പെരുമാറും എന്നു പോലും ഉറപ്പില്ല..
എന്തായാലും വരുന്നത് വരുന്നിടത്തു വെച്ചു കാണാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ അവരുടെ മുന്നിലേക്ക് ചെന്നു….
ദേവേട്ടനും അമ്മയും മാത്രമേ വന്നിട്ടുള്ളൂ ..
അമ്മയെ കണ്ടിട്ട് ആളൊരു പാവമാണെന്നു തോന്നി .. നല്ല മുഖശ്രീ ഉണ്ട്.. ആ മുഖത്തു പുഞ്ചിരി വിടർന്നു നിൽക്കുന്നു….
ഞാൻ പതിയെ ദേവേട്ടനെ ഒന്നു നോക്കി ആൾ തല അൽപ്പം താഴ്ത്തി താഴേക്ക് നോക്കി ഇരുപ്പാണ്…. താടിയൊക്കെ വെച്ചു പണ്ടത്തേക്കാളും ആൾ അൽപ്പം ഗ്ലാമർ ആയിട്ടുണ്ട് …..
ഞാൻ ചായ കൊണ്ടു ചെന്നു നീട്ടി ..
“ഡാ ചായ എടുക്കെന്ന് അമ്മ പറയുന്നത് കേട്ടു ഏട്ടൻ ചായ എടുത്ത കൂട്ടത്തിൽ എന്നെ ഒന്നു നോക്കി….
ആ നിമിഷം പുള്ളിക്കാരൻ വായും പൊളിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നു ….
പാവം ഞാൻ ആണ് പെണ്ണെന്നു അറിഞ്ഞിരുന്നില്ല എന്നെനിക്ക് അപ്പോൾ ഉറപ്പായി….
“അല്ല ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അച്ഛൻ പറഞ്ഞു.
” ഹേയ് അതിന്റെ ഒന്നും ആവശ്യമില്ല .. അവന്റെ മുഖം കണ്ടാൽ അറിയാം അവനു പെണ്ണിനെ ഇഷ്ടമായെന്ന് പിന്നെ എന്റെ ഇഷ്ടം തന്നെ ആണ് അവനും അതുകൊണ്ട് നമുക്കിത് വെച്ചു താമസിപ്പിക്കണ്ട എത്രയും വേഗം പറ്റിയാൽ അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താമെന്ന് ഏട്ടന്റെ അമ്മ കേറി പറഞ്ഞു ….
എന്തോ പറയാൻ വന്ന ദേവേട്ടൻ അതു കേട്ട് പിന്നെ ഒന്നും പറഞ്ഞില്ല..
ആളിന് അമ്മയെ പേടി ആണെന്ന് തോന്നുന്നു..
“മോനെന്താ ആലോചിച്ചു ഇരിക്കുന്നത് ചായ കുടിക്കു ന്നില്ലേ എന്ന് അച്ഛൻ ചോദിച്ചതു കേട്ട് ഏട്ടൻ ധിറുതിയിൽ ചായ എടുത്തു കുടിച്ചു കൊണ്ടിരുന്നതിന് ഇടയിൽ
ഇടക്കെന്നെ ഒന്നു നോക്കി
അതുകണ്ടു ഞാൻ ചിരിച്ചു കൊണ്ടു ഏട്ടനെ ഒരു കണ്ണിറുക്കി കാണിച്ചു …..
അതുകണ്ടാവാം പെട്ടെന്ന് പുള്ളി ചുമച്ചു പോയി..
ചായ ഗ്ലാസിൽ നിന്നും തെറിച്ചു താഴേക്ക് വീണു …..
“എന്താടാ ഇത് .. എന്താ നിനക്കിത്രെ വെപ്രാളം ചൂട് ചായ അല്ലേ പതുക്കെ കുടിക്കെന്ന് ഏട്ടന്റെ അമ്മ പറഞ്ഞു ….
എനിക്കാണെങ്കിൽ അതു കണ്ടു ചിരി വന്നു …….
എന്തായാലും വിവാഹം എല്ലാം ഉറപ്പിച്ചാണ് അവർ പോയത് ….
പക്ഷേ ദേവേട്ടൻ ഈ വിവാഹത്തിന് സമ്മതിക്കുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല ..
എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു..
മകളെ നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചു വിടാൻ ആവുമല്ലോ എന്നൊരു സന്തോഷം കൂടി അവരുടെ സന്തോഷത്തിന് പത്തരമാറ്റേകി എന്നെനിക്ക് തോന്നി.
പിന്നീട് അങ്ങോട്ട് എല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു ..
വിവാഹത്തിന്റെ എല്ലാ ചിലവും വഹിക്കാമെന്ന് അവർ ഏറ്റു .. ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള കാശൊക്കെ അവർ വിവാഹത്തിന് മുൻപ് തന്നെ തന്നു തീർത്തു ……
ഒരു പക്ഷേ അഞ്ചു പൈസ പോലും സ്ത്രീധനം വാങ്ങാതെ പെണ്ണിന്റെ വീട്ടിലെ കടങ്ങൾ കാശു കൊടുത്തു വീട്ടി പെണ്ണിനെ സ്വന്തമാക്കുന്ന ഗ്രാമത്തിലെ ആദ്യത്തെ വിവാഹം ഇതായിരിക്കും.. അതും ഞാനൊരു ചൊവ്വാ ദോഷക്കാരി ആയിരിന്നിട്ടു കൂടി….
ശെരിക്കും പറഞ്ഞാൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട് ……
ഏതൊരു പെണ്ണിനേയും പോലെ എന്റെ മനസ്സിലും വിവാഹ സ്വപ്‌നങ്ങൾ മുളപൊട്ടി…..
പല വർണങ്ങൾ ഉള്ള ചിത്രശലഭങ്ങളായി അവ എന്റെ മനസ്സിൽ പാറി പറന്നു ……
ദേവേട്ടനെ ആദ്യമായി കണ്ടത് മുതൽ ഉള്ള ഓരോന്നും ഒരു ചിത്രം പോലെ മനസ്സിലേക്ക് തെളിഞ്ഞ് വന്നു കൊണ്ടിരുന്നു ……
അതോർക്കുമ്പോൾ ഒക്കെ എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടരാറുണ്ട്….
പൂക്കളോടും പക്ഷികളോടുമൊക്കെ ദേവേട്ടനെ പറ്റി പറഞ്ഞു നടന്നു.. ചേച്ചിക്ക് വട്ടായോ എന്ന് അതു കണ്ടിട്ട് അനിയത്തി ചോദിച്ചിരുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഏട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരും….
പ്രണയഗാനങ്ങൾ കേൾക്കുമ്പോ ളൊക്കെ ദേവേട്ടന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത് .. എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്.. ഗ്രാമത്തിന്റെ ഇടവഴിലൂടെ നടന്നു പോവുമ്പോൾ പോലും ഇപ്പോൾ സ്വപ്‌നങ്ങൾ കണ്ടാണ് നടക്കാറ്..

വിവാഹം ഉറപ്പിച്ചതോടെ ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ ദേവേട്ടനോടുള്ള പ്രണയം മുള പൊട്ടിയിരിക്കുന്നു.. ഒരു പൂ മൊട്ടിട്ടു വിരിയും പോലെ എന്റെ ഉള്ളിൽ പ്രണയം പതിയെ പതിയെ പൂവായി വിരിഞ്ഞു.. പല വർണ്ണങ്ങളിൽ ഉള്ള പൂവ്.. നിറമുള്ള സ്വപ്നങ്ങൾ കൊണ്ടു ഞാനതിനു ചായം പൂശി കൂടുതൽ മനോഹരമാക്കി….

സത്യത്തിൽ പ്രണയിച്ചു തുടങ്ങിയപ്പോൾ ആണ് അതിന്റെ ലഹരി എത്രമേൽ ഭ്രാന്തമാണെന്നു ഞാൻ തിരിച്ചറിയുന്നത്…
പക്ഷേ ഇതുപോലെ ദേവേട്ടന്റെ മനസ്സിലും ഞാൻ ഉണ്ടാവുമോ… ശെരിക്കും ദേവേട്ടന് എന്നെ ഇഷ്ടമായി കാണുമോ..
കാണുമായിരിക്കും ഇല്ലെങ്കിൽ പിന്നെ കല്യാണത്തിന് സമ്മതിക്കുമോ .. ഇനി കല്യാണത്തിന്റെ അന്നെന്നെ വേണ്ടെന്നു വെക്കാൻ വേണ്ടി വല്ല പ്ലാനും ഉണ്ടായിരിക്കുമോ??
എന്റെ നാഗത്താന്മാരെ അങ്ങനെ ഒന്നും ആയിരിക്കല്ലേ..
ചെറിയൊരു പേടിയോടൊപ്പം മനസ്സിനെ സംഘർഷത്തിൽ ആക്കുന്ന ഒരുപാട് ചോദ്യങ്ങളും തിരമാലകൾ പോലെ എന്റെ മനസ്സിൽ ഉയർന്നു വന്നു കൊണ്ടിരുന്നു ..
എന്തായാലും വിവാഹം നടന്നാൽ മുൻപ് ഏട്ടനെ വേദനിപ്പിച്ച കാര്യങ്ങൾക്കൊക്കെ ഒരു സോറി ചോദിക്കണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു..
പിന്നീട് അങ്ങോട്ട് കാത്തിരിപ്പ് ആയിരുന്നു ഒരു നൂറു സ്വപ്നങ്ങളും നെഞ്ചിലേറ്റി ദേവേട്ടന്റെ പാതിയായി ആ കൈയും പിടിച്ചു കതിർമണ്ഡപത്തിന് ചുറ്റും വലം വെക്കുന്ന സുന്ദരനിമിഷത്തിനായുള്ള കാത്തിരുപ്പ്..
=========================

അങ്ങനെ ശ്രീദേവിയുടെ കല്യാണദിവസം എത്തി..
അതുവരെ കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന അവളുടെ മുഖത്തു ടെൻഷൻ പതിയെ സ്ഥാനം പിടിച്ചു..
വീട്ടിൽ ആണെങ്കിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ബഹളമാണ് .. എല്ലാവരും വലിയ സന്തോഷത്തിലാണ്..
ഒരു വശത്തു കല്യാണാഘോഷം പൊടി പൊടിക്കുകയാണ്..
സ്വർണ്ണകാസവോട് കൂടിയ പട്ടുസാരിയും കാശിമാലയും കൈകകളിൽ സ്വർണ്ണ വളകളും അണിഞ്ഞു ഞാൻ വേഗം ഒരുങ്ങി വന്നു.
എന്നിട്ട് വെറ്റിലയും അടക്കയും ഒരു രൂപ നാണയവും നൽകി കാരണവന്മാരുടെ അനുഗ്രഹവും വാങ്ങി ഞാൻ വിവാഹ
സ്ഥലത്തേക്ക് ചെന്നു.
ഞങ്ങൾ ചെന്നു അൽപ്പ സമയം ആയതും ഏട്ടനും കൂട്ടരും എത്തി. അമ്മ പോയി അരിയും പൂവുമിട്ട് നെറ്റിയിൽ ചന്ദനവും തൊടുവിച്ചു ഏട്ടനെ സ്വീകരിച്ചു. സ്വർണ്ണക്കരയോട് കൂടിയ വെള്ളമുണ്ടും ക്രീം കളർ ഷർട്ടുമാണ് ഏട്ടന്റെ വേഷം..
കാല് കഴുകിച്ചു ഏട്ടനെ കതിർമണ്ഡപത്തിൽ ഇരുത്തി.
മുഹൂർത്തം അടുക്കാറായതോടെ നാദസ്വരത്തിന്റെ അകമ്പടിയോടെ അച്ഛനും അമ്മയും ചേർന്നു എന്നെ കൂട്ടി കൊണ്ടു വന്നു. നിലവിളക്കുമായി മണ്ഡപത്തിന് വലംവെച്ച ശേഷം കതിർമണ്ഡപത്തിൽ ഏട്ടന്റെ ഇടതു വശം ചേർത്ത് ഇരുത്തിച്ചു..

ഞാൻ ദേവേട്ടനെ ഒന്നു നോക്കി..
പുള്ളിക്കാരൻ പേരിനു മുഖത്തൊരു ചിരി വരുത്തിച്ചു എല്ലാവരെയും മാറി മാറി നോക്കി ഇരിക്കുകയാണ് …..
ആ മുഖത്തും എന്തോ ടെൻഷൻ ഉള്ളത് പോലെ എനിക്ക് തോന്നി.
മുഹൂർത്തം ആയെന്നു തോന്നുന്നു പെട്ടെന്ന് കൊട്ടിന്റെയും കുരവയുടെയും ശബ്ദം ഉച്ചത്തിലായി പൂജാരി പതിയെ മഞ്ഞചരടിൽ കോർത്ത താലി എടുത്തു ഏട്ടന്റെ കൈയിൽ കൊടുത്തു ……
വിറയാർന്ന കൈയ്യോടെ ഏട്ടൻ അതു വാങ്ങി എന്റെ കഴുത്തിൽ അണിയിച്ചു …..
ആ ഒരു നിമിഷം എന്റെ കണ്ണിൽ നിന്നു മെല്ലെ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.
പിന്നെ ഞങ്ങൾ എഴുന്നേറ്റു ഏട്ടൻ എനിക്ക് വിവാഹ പുടവ നൽകിയ പിന്നാലെ ഏട്ടന്റെ അമ്മ എന്റെ കഴുത്തിൽ മാല അണിയിച്ചു കൊണ്ടു എന്നെ അവരുടെ മരുമകളായി സ്വീകരിച്ചു.
അപ്പോഴേക്കും അച്ഛൻ വന്നു ഏട്ടന്റെ വലതുകൈയിൽ തളിർവെറ്റില വെച്ചു അതിനു മുകളിൽ എന്റെ കൈ വെച്ചു കന്യാദാനം നടത്തി.. അതോടെ ഏട്ടന്റെ കൈപിടിച്ച് അഗ്നിക്ക് ചുറ്റും മൂന്നു വട്ടം വലവെച്ചു അഗ്നിസാക്ഷിയായി വിവാഹചടങ്ങുകൾ പൂർത്തിയായി.
പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു. സദ്യക്ക് വേണ്ടിയുള്ള യുദ്ധം.. എല്ലാവരും തിക്കും തിരക്കുമായി നിന്നു.
ചോറ്, സാമ്പാര്, പരിപ്പ്, അവിയല്, കാളന്, തോരന്, പച്ചടി, കിച്ചടി, ഓലന്, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യക്ക് ഉണ്ടായിരുന്നു..
ചടങ്ങുകൾ എല്ലാം ശുഭമായി തീർന്നതോടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി കണ്ണീരിന്റെ നനവോടെ അവരോടൊക്കെ യാത്ര പറഞ്ഞു ഏട്ടന്റെ വീട്ടിലേക്കു ഏട്ടന്റെ ഒപ്പം കാറിൽ കയറി യാത്ര തിരിച്ചു..
ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.. എന്റെ ഗ്രാമത്തിലെ ഓരോന്നും എന്നിൽ നിന്നും അകന്നു പോവുന്നത് പോലെ.. ജനിച്ചു വളർന്ന നാടും വീടും വിട്ടു മറ്റൊരു നാട്ടിലേക്കു എന്റെ ജീവിതം ഇനി പറിച്ചു നേടുകയാണ്.. ഓരോ ഓർമ്മകൾ വന്നു നിറഞ്ഞപ്പോഴേക്കും അറിയാതെ എന്റെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
കാർ എന്റെ ഗ്രാമാതിർത്തി കഴിഞ്ഞു ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു….
ഏട്ടന്റെ ഗ്രാമത്തിലേക്ക് കടന്നിരിക്കുന്നു എന്ന് വഴിയരികിൽ കണ്ട ബോർഡിൽ നിന്നും മനസ്സിലായി..
എന്റെ നാടുപോലെ തന്നെ പ്രകൃതി പച്ചനിറത്തിലുള്ള ചായം പൂശിയപോലെ ഹരിതാഭഭംഗി നിറഞ്ഞൊരു നാട് ..
ചെറിയ തോടുകളും കുന്നും മലയും എല്ലാം ഉണ്ട്.
വയലിനെ നടുവേ കീറി മുറിച്ച റോഡിലൂടെ ആണിപ്പോൾ യാത്ര.. കണ്ണെത്താദൂരമുള്ള നെൽപ്പാടങ്ങൾ കൺകുളിർക്കെ ഞാൻ കണ്ടിരുന്നു.
നാട്ടിൻ പുറത്തിന്റെ മനോഹാരിത കൺകുളിർക്കെ ആസ്വദിച്ചു കൊണ്ടു ഞാൻ ഇരുന്നു.. അതിനിടയിൽ ഞാനും ദേവേട്ടനും തമ്മിൽ മിണ്ടുക പോയിട്ട് പരസ്പരം നോക്കുക പോലും ഉണ്ടായില്ല..
അങ്ങനെ കാർ പതിയെ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു.. ആ ഇടവഴി ഒരു പടിപ്പുരക്ക് മുന്നിൽ ആണ് അവസാനിച്ചത്…. കാർ അതിന്റെ മുന്നിൽ കൊണ്ടു ചെന്നു നിർത്തി.. പതിയെ ഞങ്ങൾ ഡോർ തുറന്നു ഇറങ്ങി …..
ഒരുപാട് മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന സ്ഥലം.. എവിടേക്ക് നോക്കിയാലും മരങ്ങൾ. ശെരിക്കും പ്രകൃതി തീർത്ത കൊട്ടാരം പോലൊരു സ്ഥലം..
ഞാൻ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോൾ അവിടുന്നു കുറച്ചു മാറി ഒരു കാവ് കണ്ടു.. ഗോപുരവാതിൽ പോൽ രണ്ടു പടുകൂറ്റൻ ആൽമരങ്ങൾ അതിന് മുന്നിൽ നിൽക്കുന്നു ..
ആ കാഴ്ച്ചകളൊക്കെ കണ്ടു കൊണ്ടു ഞാൻ ദേവേട്ടന്റെ ഒപ്പം പതിയെ നടന്നു പടിപ്പുര കടന്നു അകത്തേക്ക് ചെന്നു ..

പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ഒരു തറവാട്…. വിശാലമായ മുറ്റം..
നേരെ നടുമുറ്റത്തൊരു തുളസിത്തറ.. അവിടുന്നു കുറച്ചങ്ങു മാറി വടക്ക് വശത്തു ഒരു പടുകൂറ്റൻ മാവ് തണൽ വിരിച്ചു നിൽക്കുന്നു .. ഏട്ടന്റെ ബന്ധുക്കൾ ആണെന്ന് തോന്നുന്നു കുറച്ചു പേർ കുട്ടികളും ഒക്കെയായി തറവാട്ട് മുറ്റത്തു നിൽക്കുന്നുണ്ട്..
കൂട്ടത്തിൽ ഒരു മുത്തശ്ശിയും. ഏട്ടന്റെ മുത്തശ്ശി ആണ്. ഏട്ടനും അമ്മയും മുത്തശ്ശിയും മാത്രമേ തറവാട്ടിൽ താമസിക്കുന്നുള്ളു എന്നാണ് അച്ഛൻ പറഞ്ഞത്..
ഞങ്ങൾ മെല്ലെ നടന്നു തറവാടിന്റെ ഉമ്മറ പടിക്ക് മുന്നിൽ എത്തിയതും അമ്മ ഞങ്ങളെ സ്വീകരിക്കാൻ നിലവിളക്കുമായി വന്നു ……
ഞാൻ അത് വാങ്ങി വലതു കാൽ വെച്ചു അകത്തേക്ക് കേറാൻ ഒരുങ്ങിയതും എന്റെ കൈയിലേക്ക് പെട്ടെന്ന് എവിടെ നിന്നോ ഒരു പല്ലി ചാടി വീണു. അതുകണ്ടു പേടിച്ചെന്റെ കൈയിൽ നിന്നും നിലവിളക്കു താഴേക്ക് വീണു….
ഒരു നിമിഷത്തേക്ക് എല്ലാവരും സ്തബ്ധരായി നിന്നു പോയി..
പേടിയോടെ ഞാൻ എല്ലാവരെയും ഒന്നു നോക്കി എന്തോ മഹാപരാധം ചെയ്തപോലെ അവരെല്ലാം എന്നെ തുറിച്ചു നോക്കുന്നു.
“ചൊവ്വാദോഷം ഉള്ള പെണ്ണിനെ കെട്ടരുതെന്ന് അപ്പോഴേ ഞാൻ പറഞ്ഞതാണ്..
അവള് വലതു കാൽ വെച്ചതും കണ്ടില്ലേ കണ്മുന്നിൽ തന്നെ അപശകുനം, ഇവൾ കാരണം ഈ തറവാട് മുടിയും എന്നാരോ കൂട്ടത്തിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു..
അയാളുടെ വാക്കുകൾ ഒരു ശരം കണക്കിന് എന്റെ മനസ്സിനെ കീറി മുറിച്ചു കൊണ്ടു പോയി..
ഒരു പക്ഷേ അയാൾ പറഞ്ഞത് പോലെ ഇതെന്റെ ചൊവ്വാദോഷം കാരണംആയിരിക്കുമോ.. എനിക്കാകെ പേടിയായി എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു.
എന്റെ നാഗത്താന്മാരെ ഞാൻ കാരണം ഈ തറവാടിനോ തറവാട്ടിൽ ഉള്ളവർക്കോ ഒരാപത്തും വരുത്തരുതേ എന്ന് നിന്ന നിൽപ്പിൽ നിറകണ്ണുകളോടെ മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നതിനിടയിൽ ഞാൻ ഏട്ടന്റെ അമ്മയെ ഒന്നു നോക്കി..
എന്തു പറയണം എന്നറിയാതെ ഒരാധിയോടെ പകച്ചു നിൽക്കുകയാണ് അമ്മ.

ജാതകം: ഭാഗം 1 

Share this story