ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 4

എഴുത്തുകാരി: ടീന കൊട്ടാരക്കര


വീട്ടിലെത്തിയതും ഇട്ടിരുന്ന വേഷം പോലും മാറാതെ നന്ദ കട്ടിലിൽ കയറി കിടന്നു. പല ചിന്തകൾ അവളെ അലട്ടിക്കൊണ്ടിരുന്നു. എന്തെന്നില്ലാത്ത വേദന അവൾക്ക് മനസ്സിൽ അനുഭവപെട്ടു. അവളുടെ കിടപ്പ് കണ്ടുകൊണ്ടാണ് അമ്മ കയറി വന്നത്.
” എങ്ങനെയുണ്ട് നന്ദേ പുതിയ ക്ലാസ്? ” അവൾ ഒന്നും മിണ്ടിയില്ല. അവളിൽ നിന്നും മറുപടി ഇല്ലാത്തതുകൊണ്ട് ശാരദ അവൾക്ക് അരികിലേക്ക് ചെന്നു.

” എന്താ നീ കിടക്കുന്നത്? സുഖമില്ലേ? ”
ശാരദ അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കി.
” പനിച്ചൂട് ഒന്നുമില്ലല്ലോ”
” ഒന്നുമില്ല അമ്മേ, വെയിൽ കൊണ്ടു നടന്നിട്ട് ആണെന്ന് തോന്നുന്നു.. ചെറിയ തലവേദന പോലെ. സാരമില്ല മാറിക്കോളും. ”
അവൾ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
” ഒന്നു കുളിച്ചിട്ടു വാ നന്ദേ. തലവേദന എല്ലാം മാറും. അമ്മ തലയിൽ എണ്ണ തേച്ചു തരട്ടെ? ”
വേണ്ടന്നു പറഞ്ഞുകൊണ്ട് അവൾ തലയിണയിൽ മുഖം പൂഴ്ത്തി. ഇവൾക്കിതെന്തു പറ്റിയെന്നു പിറുപിറുത്തുകൊണ്ട് ശാരദാ അപ്പുറത്തേക്ക് പോയി. ഓരോന്നൊക്കെ ഓർത്തുകൊണ്ട് അവൾ കുറച്ചു നേരം കൂടി കിടന്നു. രാത്രി അത്താഴം കഴിക്കുമ്പോഴും അവൾ മറ്റെന്തോ ചിന്തയിൽ ആയിരുന്നു. അച്ഛൻ ചോദിച്ചപ്പോൾ ഒന്നുമില്ലന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.

പിറ്റേന്നു രാവിലെ തന്നെ അവൾ അമ്പലത്തിലേക്ക് പോയി. തിരുനടയിൽ നിന്ന് തൊഴുതപ്പോൾ മനസിലെ ഭാരം അല്പം കുറഞ്ഞതായി അവൾക് തോന്നി. അല്ലെങ്കിലും തന്നെ മനസിലാക്കാൻ ദേവിയെക്കാൾ നന്നായി ആർക്കാ കഴിയുക എന്നവൾ ചിന്തിച്ചു. പ്രസാദവും വാങ്ങി തിരിച്ചിറങ്ങുമ്പോഴാണ് ലെക്ഷ്മിയമ്മയെ കാണുന്നത്. നന്ദ അവരുടെ അടുത്തേക് ചെന്നു.

“മോൾ സ്ഥിരമായി രാവിലെ അമ്പലത്തിൽ വരാറുണ്ടോ ” അവർ ചോദിച്ചു

“സമയം കിട്ടുമ്പോഴെല്ലാം വരാറുണ്ട്.. അമ്മയെ സാധാരണ ഇങ്ങനെ കാണാറില്ലല്ലോ. ഇത്രടം വരെ നടക്കാൻ പറ്റുമോ ”

“ഒറ്റക്കാണെൽ പറ്റില്ല കുട്ടി.. കാലുവേദനയ്ക് യാതൊരു കുറവുമില്ല. അവർ നെടുവീർപ്പിട്ടു. ഇന്നിപ്പോ വിഷ്ണു വന്നിട്ടുണ്ടല്ലോ. അവന്റെ കൂടെ കാറിൽ ഇങ്ങു പോന്നു. ”

“പറഞ്ഞപോലെ വിഷ്ണുവേട്ടൻ എവിടെ “നന്ദ തിരക്കി.

“ഇവിടെ എവിടെയോ ഉണ്ട്. അവന്റെ കൂടെ പഠിച്ച കുട്ടിയെ കണ്ടപ്പോൾ സംസാരിക്കാൻ പോയതാ.ഇപ്പൊ വരും ”

ലക്ഷ്മി നന്ദയെ അടിമുടി നോക്കി. സെറ്റ് സാരി ആണ് വേഷം. ഈറൻ മാറിയിട്ടില്ലാത്ത മുടി കുളി പിന്നൽ കെട്ടിയിരിക്കുന്നു.ആഭരണം അധികമില്ല. ഒരു നേർത്ത മാല, കടുകുമണി പോലൊരു കമ്മൽ. നെറ്റിയിൽ ചന്ദനക്കുറി. എന്നിട്ടും അവൾക്ക് എന്തൊരു ഐശ്വര്യമാണ് എന്ന് ലക്ഷ്മി ഓർത്തു. അവർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വിഷ്ണു വന്നു.
“പോകാം അമ്മേ.”

” പോകാനോ? ഞാൻ തൊഴുതില്ല. ദേ ഈ കുട്ടിയോട് സംസാരിച്ചു നിൽക്കുകയായിരുന്നു. നിനക്കറിയില്ലേ ഇവളെ? ”

വിഷ്ണു നന്ദയുടെ മുഖത്തേക് നോക്കിനിന്നു.

“മാധവന്റെ മോളാ. നന്ദ ” അവർ പരിചയപ്പെടുത്തി.

“ആഹ്.. നന്ദ. “അവന്റെ മുഖം വിടർന്നു.
“ദേവന്റെ കസിൻ അല്ലേ ”
ആ പേര് കേട്ടപ്പോൾ നന്ദയുടെ മുഖം വിളറി. വീണ്ടും വീണ്ടും ആ പേര് കേൾക്കേണ്ടിവരുവാണല്ലോ എന്നവൾ ഓർത്തു.

“ഇയാൾ ആകെ മാറിപ്പോയല്ലോ. ഇപ്പൊ എന്ത് ചെയുന്നു ”

“ഞാൻ… ഡിഗ്രി, അഗ്രിക്കൾച്ചർ. ” നന്ദ പറഞ്ഞു

“മോൾ പോകല്ലേ, ഞങ്ങളൊന്നു തൊഴുതിട്ടു വരാം. തിരിച്ചു ഒരുമിച്ചു പോകാം കേട്ടോ ”

“വേണ്ട അമ്മേ, ഞാൻ നടന്നോളാം. ഇവിടെ അടുത്തല്ലേ ”
“എന്തായാലും നമ്മൾ ഒരുവഴിക്ക് അല്ലേ ഞങ്ങൾ ഡ്രോപ്പ് ചെയ്യമെടോ “വിഷ്ണുവേട്ടൻ എന്നോടായി പറഞ്ഞു, നന്ദ തലയാട്ടി.
അല്പസമയത്തിനു ഉള്ളിൽ ലെക്ഷ്മിയമ്മയും വിഷ്ണുവും തിരികെയെത്തി. അവരുടെ കാറിൽ വീട്ടിലേക്കു തിരിച്ചു.
“ഇവന് നാട്ടിൽ തന്നെ ജോലി ആയി മോളെ. സ്ഥിരം ആയില്ല, എങ്കിലും കുറച്ചു നാൾ എന്റെകൂടെ നാട്ടിൽ നിൽക്കട്ടെ എന്നു വിചാരിച്ചു. ലെക്ഷ്മിയമ്മ നന്ദയോടായി പറഞ്ഞു. അവൾ അവരെ നോക്കി പുഞ്ചിരിച്ചു. കുറച്ചു നേരത്തിനുള്ളിൽ അവർ നന്ദയുടെ വീടിനു അടുത്തെത്തി. കാർ നിർത്തി അവരോടു യാത്ര പറഞ്ഞു നന്ദ വീട്ടിലേക്കു നടന്നു. വയലിറമ്പിലൂടെ അവൾ നടന്നു നീങ്ങുന്നത് നോക്കി ലക്ഷ്മി നിന്നു.

“നല്ല കുട്ടിയാടാ ” തിരികെയുള്ള യാത്രയിൽ അവർ വിഷ്ണുവിനോട് പറഞ്ഞു.

“ആര് ”

“നമ്മുടെ നന്ദയെ.. ”

“നമ്മുടെയോ, അമ്മ ആ കൊച്ചിനെ ദത്തെടുത്തോ “വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു

“എനിക്ക് ഇഷ്ടം ആയി.” ലെക്ഷ്മിയമ്മ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തികൊണ്ട് പറഞ്ഞു

ഒമ്പതുമണിയോടെ നന്ദ ബസ് സ്റ്റോപ്പിൽ എത്തി. കല്യാണി അവളെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്നും ബസ്സിൽ ദേവേട്ടൻ ഉണ്ടാകുമോ എന്നുള്ള ഭയം അവളെ കീഴ്പെടുത്തി. 5 മിനിറ്റിനു ശേഷം ബസ് വളവ് തിരിയുന്നത് അവർ കണ്ടു. തങ്ങളുടെ അടുത്തേക് എത്തുംതോറും അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു ബസ് നിർത്തിയതും കല്യാണിയുടെ കൂടെ അവൾ ഉള്ളിലേക്കു കയറി. മുൻവശത്തായി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു.

“കല്യാണി.. ”

“എന്താടി “അവൾ മുഖം ഉയർത്തി നോക്കി.

“നീയൊന്ന് തിരിഞ്ഞു നോക്കിക്കേ ദേവേട്ടൻ ഇതിൽ ഉണ്ടോന്ന് ”

“ഉണ്ടെങ്കിൽ ഇപ്പോ എന്താ ” കല്യാണി പുരികം ചുളിച്ചു

“പ്ലീസ്, ഒന്നു നോക്കടി ” നന്ദ ചിണുങ്ങി

“ദേവേട്ടൻ ഉണ്ടെങ്കിൽ ഇപ്പോ എന്താ, നീ ബസിൽ നിന്ന് ഇറങ്ങി പോവോ? ”
നന്ദ മുഖം താഴ്ത്തി ഇരുന്നു.

“നന്ദേ, ദേവേട്ടൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് ഈ ബസിൽ കയറിയാൽ കോളേജിൽ ഇറങ്ങാം. അതിന് നീ ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് കാര്യമില്ല. ”

“എനിക്ക് ടെൻഷൻ ഒന്നുല്ല ”
അവൾ മുഖം തിരിച്ചിരുന്നു. കല്യാണിക്കു ഇത് കണ്ടിട്ട് ചിരിയാണ് വന്നത്. ടിക്കറ്റ് എടുക്കാൻ ദേവൻ അടുത്തേക്ക് വന്നതും അവൾ ഒന്നുകൂടി നീങ്ങി ഇരുന്നു. കല്യാണിയാണ് ടിക്കറ്റ് വാങ്ങിയത്. അത് കഴിഞ്ഞും ദേവൻ കുറച്ച്നേരം കൂടെ അവർക്ക് അടുത്തായി നിന്നു. നന്ദ ഇടക്കൊന്നു ചെരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ദേവൻ അവളെത്തന്നെ നോക്കിനില്കുന്നതാണ്. പെട്ടന്നു അവൾ മുഖം വെട്ടിതിരിച്ചു കളഞ്ഞു.

കോളേജിന് മുൻപിലായി ബസ് നിർത്തിയപ്പോൾ ബാഗും എടുത്ത് അവൾ വേഗത്തിൽ പുറത്തിറങ്ങി തിരിഞ്ഞ് നോക്കാതെ നടന്നു.

ക്ലാസിലേക്കു കയറിയപ്പോൾ ആദ്യം കണ്ടത് മീരയെ ആയിരുന്നു.
“ഹലോ, ഗുഡ് മോർണിംഗ് ”

“ഗുഡ് മോർണിംഗ് മീര ”

“നിങ്ങൾ പണ്ട് മുതലേ ഒരുമിച്ചാണോ പഠിച്ചത്? ”

“അതെ, ഞാനും ഇവളും ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ചായിരുന്നു. +2 ആയപ്പോ മാത്രം വേറെ സ്കൂളിൽ ആയി. ഇപ്പോൾ വീണ്ടും ഒരുമിച്ചായി ” കല്യാണി ഉത്സാഹത്തോടെ പറഞ്ഞു.

“ആഹാ കൊള്ളാലോ, നന്ദ എന്തെ ഒന്നും മിണ്ടാത്തത്. അധികം സംസാരിക്കുന്ന ടൈപ് അല്ലേ. ”

“അങ്ങനെ ഒന്നും ഇല്ല മീര. ചെറിയൊരു തലവേദന “നന്ദ മറുപടി പറഞ്ഞു.

“അതെയോ, ഞാൻ ഇത്തിരി സംസാരിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിലാ, മീര ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ വളരെ ഓപ്പൺ മൈൻഡഡ്‌ ആണെന്ന് കല്യാണിക്കും നന്ദയ്ക്കും തോന്നി. 1 ദിവസത്തെ പരിചയം മാത്രേ ഉള്ളെങ്കിലും വളരെ നാളായി ഉള്ള കൂട്ടുകാരിയെപോലെ അവളോട് അടുപ്പം തോന്നിപ്പിച്ചു . അവളോട് സംസാരിക്കുമ്പോൾ ഒരു തരം പോസിറ്റിവിറ്റി അനുഭവപ്പെടുന്നുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ 3 പേരും നല്ല കൂട്ടായി.

10മണിക്ക് ക്ലാസ്സ്‌ ആരംഭിക്കാനുള്ള ബെൽ മുഴങ്ങി. ഫസ്റ്റ് അവർ ക്ലാസിലേക്കു സർ കയറി വന്നപ്പോൾ മീര അവരോട് സംസാരിച്ചോണ്ട് ഇരിക്കയാർന്നു. ക്ലാസിലെ കുട്ടികൾ എല്ലാം എഴുന്നേറ്റു ഗുഡ് മോർണിംഗ് പറഞ്ഞു. ക്ലാസിലേക്കു വന്ന സാറിനെ കണ്ടു നന്ദയും കല്യാണിയും അമ്പരന്നു. വിഷ്ണുവേട്ടൻ ആയിരുന്നു അത്.

“ഗുഡ് മോർണിംഗ് ഓൾ, സിറ്റ് ഡൌൺ.”

അയാൾ മുൻപിലേക് നിന്നു. ” ഞാൻ വിഷ്ണു. ഗസ്റ്റ് ലെക്ച്ചറർ ആണ്. ഫസ്റ്റ് സെമിൽ നിങ്ങളെ പഠിപ്പിക്കാൻ ഞാൻ ഉണ്ടാകും. ആദ്യം നമുക്കൊന്നു പരിചയപ്പെടാം. ഓക്കേ? ”

കുട്ടികൾ ഓരോരുത്തരായി എഴുനേറ്റു അവരുടെ പേര് പറഞ്ഞു. നന്ദയും കല്യാണിയും എഴുനേറ്റു അവരുടെ പേരും പറഞ്ഞു. തുടർന്ന് വിഷ്ണു ക്ലാസ്സ്‌ എടുത്തു.

വിഷ്ണുവേട്ടനെ രാവിലെ അമ്പലത്തിൽ പോയതും അവരുടെ കാറിൽ ലിഫ്റ്റ് കിട്ടിയതുമെല്ലാം നന്ദ ലഞ്ച് ബ്രേക്ക്‌ ആയപ്പോ കല്യാണിയോടും മീരയോടും പറഞ്ഞു.

“അത് ശെരി, നിങ്ങൾ ഒരു നാട്ടുകാർ ആയിട്ടാണോ സർ നിങ്ങളെ മൈൻഡ് ചെയ്യഞ്ഞത്. ഇത്രക് ജാഡ വേണോ, “മീര അത്ഭുതം പ്രകടിപ്പിച്ചു

“ഇന്ന് രാവിലെ നിന്നെ കണ്ടിട്ടും വിഷ്ണുവേട്ടൻ നിന്നോട് ഒന്നും പറഞ്ഞില്ലേ” കല്യാണി സംശയിച്ചു.

“ഇല്ലടി, ഞാൻ ഇവിടെ ആണെന്ന് വിഷ്ണുവേട്ടന് അറിയാം. സർ ആണെന്ന് നമ്മളോട് പറഞ്ഞാൽ ഇപ്പോ എന്താ… എന്നിട്ടും . “നന്ദ പൂർത്തിയാകാതെ നിർത്തി.

“ചിലപ്പോൾ ക്ലാസ്സിൽ ആയതുകൊണ്ട് ആകും മൈൻഡ് ചെയ്യഞ്ഞത്. അല്ലാതെ എന്താ “കല്യാണി അഭിപ്രായപ്പെട്ടു.
ആഹാരം കഴിച്ച പാത്രം കഴുകാനായി അവർ ടാപ്പിനു അടുത്തേക് ചെന്നപ്പോൾ അവിടെ വിഷ്ണു ഉണ്ടായിരുന്നു. അവരെ നോക്കി അവൻ ഒന്നു ചിരിച്ചു. അവരും ചിരിച്ചു.
തിരിഞ്ഞു നടക്കുന്നതിനിടയിൽ വിഷ്ണുവിന്റെ കർചീഫ് താഴെ വീണു.

” വിഷ്ണുവേട്ടാ.. ദേ കർചീഫ് താഴെ വീണു ”
കല്യാണി അതെടുത്തു കൊടുത്തു.

” താങ്ക്സ് കല്യാണി.. പിന്നെ ഏട്ടൻ അല്ല സർ ആണ് ” 3 പേരുടെയും മുഖത്തേക് നോക്കി ഗൗരവത്തിൽ അതും പറഞ്ഞു വിഷ്ണു നടന്നു.

കല്യാണി അന്തം വിട്ടു നന്ദയെ നോക്കി. അവളും ഞെട്ടി നികുവാർന്നു. ഇതെന്തു മനുഷ്യൻ ആണെന്നും പറഞ്ഞു മീര തിരിച്ചു ക്ലാസിലേക്കു പോയി.പിന്നാലെ നന്ദയും കല്യാണിയും.

“അത്രക്കൊന്നും ജാഡ പാടില്ല. ക്ലാസ്സിനു പുറത്ത് വെച്ചല്ലേ വിളിച്ചത്. അതിനെന്താ കുഴപ്പം പണ്ടൊക്കെ പറഞ്ഞു ശീലിച്ചത് അല്ലേ വായിൽ വരുള്ളൂ “.കല്യാണി പാത്രം ബാഗിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

“ഇഷ്ടായികാണില്ല. നമ്മൾ പുറമെ കാണുന്ന പോലെ അല്ലല്ലോ ആരും. “നന്ദ അവളോടായി പറഞ്ഞു. “ആണുങ്ങളൊക്കെ ഇങ്ങനെ തന്നെയാ ” അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറി.

“വെയിറ്റ് വെയിറ്റ്, അതെന്താടി അങ്ങനെ പറഞ്ഞത്. ” മീര ഇടക്ക് കയറി ചോദിച്ചു. നന്ദ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും മീരയുടെ മുന്നിൽ പിടിച്ചു നിക്കാൻ സാധിച്ചില്ല. ദേവേട്ടനെ കുറിച്ചുള്ള കാര്യങ്ങൾ ഇന്ന് രാവിലേ വരെ ഉള്ളത് അവളെ അറിയിച്ചു.

” ഓ ഐ സീ.. അപ്പോൾ അങ്ങനെയൊക്കെയാ കാര്യങ്ങളുടെ കിടപ്പ്. നമുക്ക് വഴി ഉണ്ടാക്കാം ” മീര കുറച്ചു നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു.

“എന്ത് വഴി ”

“അതൊക്കെ ഉണ്ടെന്നേ ” മീര അവരെ നോക്കി കണ്ണിറുക്കി.

വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു അവർ ബസിൽ കയറിയപ്പോ ദേവൻ ഉണ്ടായിരുന്നു. ബസിന്റെ മുൻവശത്തായി കല്യാണിക്ക് സീറ്റ് കിട്ടി. നന്ദ മറ്റൊരു സീറ്റിനു അടുത്തായി കമ്പിയിൽ പിടിച്ചു നിന്നു. ദേവൻ പതിയെ അവൾക്കരികിലെത്തി.

“നന്ദേ എനിക്ക് നിന്നോട് സംസാരിക്കണം. ” അവൻ അവൾക്കു മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു…

തുടരും…

 

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story