ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

എഴുത്തുകാരി: അമൃത അജയൻ


മയി തന്റെ കണ്ണുകൾ ഒന്നുകൂടി അടച്ചു തുറന്നു …

” ദൈവമേ ഈ മൊതലായിരുന്നോ അമ്മേടെ സർപ്രൈസ് ….” ദയാമയി അറിയാതെ പറഞ്ഞു പോയി ..

” എന്താ പറഞ്ഞെ ……” കിച്ച ചോദിച്ചു …

” ഒന്നൂല്ല …. വാ താഴേക്ക് പോകാം ….”

” ങും …. ങും ….. കണ്ടപ്പോ തന്നെ ചായകൊടുക്കാൻ തിടുക്കമായി ….” സ്വാതിയൊന്ന് താങ്ങി പറഞ്ഞു …

മയി അവളെ തുറിച്ച് നോക്കി …

” എന്തായാലും ഇനി ചായ കുടിക്കാതെ ഇതൊന്നും പോകില്ല … എന്നാപ്പിന്നെ അത് എത്രയും വേഗം നടക്കട്ടെന്ന് വച്ചിട്ടാ …” മയി കലിയോടെ പറഞ്ഞു …

കിച്ചയും സ്വാതിയും അന്തംവിട്ടു നിന്നു ..

താൻ പറഞ്ഞത് കുറച്ച് ഉച്ചത്തിലായിപ്പോയെന്ന് മയിക്കും തോന്നി …

” അതിന് ചേച്ചിയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ …. ” കിച്ച തിരിച്ചും കലിപ്പിച്ചു ..

” ഒന്നൂല്ലേ …. ഒന്നിറങ്ങി വരാൻ പറ്റ്വോ ……” അവൾ തൊഴുതു പിടിച്ചു കൊണ്ട് ചോദിച്ചു …

” നടക്ക് …….” സ്വാതി പറഞ്ഞു …

അവർ സ്റ്റെപ്പിറങ്ങി താഴെ വന്നു … അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി മനീഷയും യമുനയും സന്ധ്യയും കാത്തു നിൽപ്പുണ്ടായിരുന്നു …

” മോളിത് പിടിക്ക് ….” യമുനാ ദേവി അവളുടെ കൈയ്യിലേക്ക് ചായയടങ്ങിയ ട്രേ കൊടുത്തു …

അവൾ അമ്മയെ ഒന്ന് നോക്കി .. ആ മുഖത്ത് സന്തോഷം തിരതല്ലുന്നു .. ഒക്കെ കെട്ടുപോകാൻ അധികം സമയമില്ലെന്ന് അവളോർത്തു … അവൾക്കും വേദന തോന്നി … ഇയാളാണെന്നറിഞ്ഞിരുന്നെങ്കിൽ ആദ്യമേ തന്നെ ഒഴിവാക്കി വിട്ടേനെ … അല്ല തന്റെ ഭാഗത്തും തെറ്റുണ്ട് .. പ്രപ്പോസലിനോട് മുഖംതിരിച്ചു നിന്നപ്പോ പറ്റിയതാണ് … ആരാന്നറിയാൻ തനിക്ക് യാതൊരു ആകാംഷയുമില്ലായിരുന്നു …

” നടക്ക് മോളെ …..” മനീഷ പറഞ്ഞു …

അവൾ അമ്മയെ ഒന്നു കൂടി നോക്കിയിട്ട് ഹാളിലേക്ക് നടന്നു … മനീഷയും സന്ധ്യയും പലഹാരങ്ങളടങ്ങിയ ട്രേയുമായി ഒപ്പം ചെന്നു …

ഹാളിൽ നിഷിനും , അച്ഛൻ രാജശേഖറും അമ്മ വീണയും നിഷിന്റെ ജ്യേഷ്ടന്റെ ഭാര്യ ഹരിതയും അവരുടെ കുഞ്ഞ് അപ്സരയുമാണ് അതിഥികളായി ഉണ്ടായിരുന്നത് ..

ഹാളിനപ്പുറത്ത് കർട്ടൻ ചലിക്കുന്നത് കണ്ടപ്പോൾ എല്ലാവരുടേയും കണ്ണുകൾ അങ്ങോട്ടു തിരിഞ്ഞു …

ട്രേയുമായി മയിയായിരുന്നു മുന്നിൽ .. പൈൻ ഗ്രീൻ കളർ സിൽക് സാരി വിത്ത് റെഡ് ബ്ലൗസ് കോമ്പിനേഷനായിരുന്നു അവളുടെ വേഷം … അവളുടെ വെളുത്ത നിറത്തിന് ഏറ്റവും നന്നായി ഇണങ്ങുന്ന വസ്ത്രം … യമുനാ ദേവിയുടേതായിരുന്നു ആ സെലക്ഷൻ … സ്‌ട്രയ്റ്റൻ ചെയ്ത മുടിയെങ്കിലും , ചെവിയുടെ ഇരു വശത്തു നിന്നും പിന്നിലേക്കെടുത്ത് ക്ലിപ്പ് ചെയ്തു വച്ചിരുന്നു ….

കഴുത്തിൽ അധികം കനമില്ലാത്ത സ്വർണ ചെയ്ൻ ചേർന്നു കിടന്നു .. അറ്റത്തായി D എന്ന ഇംഗ്ലീഷ് ആൽഫബെറ്റ് പെന്റന്റും …

അതിഥികളുടെ മുഖത്തെ തെളിച്ചം വീട്ടുകാരെല്ലാം ശ്രദ്ധിച്ചു ..

അവൾ ചായകൊണ്ടു വന്ന് ടീപ്പോയിൽ വച്ചു .. ഒരു കപ്പെടുത്ത് നിഷിന് നേരെ നീട്ടി … അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് തോന്നിയില്ല ..

എന്നാൽ അവന്റെ കണ്ണുകൾ ,തന്റെ നേർക്കു നീട്ടിപ്പിടിച്ചിരുന്ന സ്വർണ രോമരാജികൾ മയങ്ങുന്ന അവളുടെ വെളുത്ത കൈത്തണ്ടയിലായിരുന്നു … ഒരു ചെറു പുഞ്ചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചായ വാങ്ങി …

* * * * * * * * * * * * * * * * * * * *

” ഹരിമാമാ ഞാൻ പറയുന്നതൊന്ന് മനസിലാക്ക് … ചെറ്യച്ഛാ ചെറ്യച്ഛനെങ്കിലും ഒന്നു മനസിലാക്ക് …..” അവൾ ഹരിയുടെയും ദേവന്റെയും മുന്നിൽ നിന്ന് കെഞ്ചി ….

യമുനാ ദേവി സോഫയിലിരുന്ന് കരച്ചിലും പിഴിച്ചിലും തുടങ്ങിയിരുന്നു … അവരെ സമാധാനിപ്പിക്കാൻ മനീഷയും സന്ധ്യയും ശ്രമിച്ചു …

കിച്ചയും സ്വാതിയും സ്വരാജും വിഷണ്ണരായി അതെല്ലാം നോക്കി നിന്നു …

” ഹരിയേട്ടാ … ദേവേട്ടാ … നിങ്ങളിവളുടെ താളത്തിനൊത്ത് തുള്ളരുത് … അവൾക്ക് കല്ല്യാണത്തിന് സമ്മതമല്ല … അതിന് കള്ളകഥയുണ്ടാക്കി പറയുന്നതാ ഇതൊക്കെ …..”

” അമ്മേ ഞാൻ …….”

” വേണ്ട … നീയെന്നോട് ഒന്നും പറയണ്ട ….” അടുത്തേക്കു വന്ന മയിയെ യമുന തടഞ്ഞു നിർത്തി ….

” മോളെ …. നീ മറ്റാരെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഞാൻ വീശ്വസിച്ചനേ … പക്ഷെ ഈ പയ്യനെ കുറിച്ച് …. മോളെ നീ വർക്കു ചെയ്യുന്ന ചാനലിൽ പോലും ഇന്നു വരെ ആ പയ്യനെ കുറിച്ച് എന്തെങ്കിലും മോശം വാർത്ത വന്നിട്ടുണ്ടോ …. ജോലിയിൽ ആത്മാർത്ഥതയുള്ള പയ്യനായതുകൊണ്ടല്ലേ സർക്കാര് തന്നെ അവനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത് … ”

” ചെറ്യച്ഛാ .. ചില ബിംബങ്ങളൊക്കെ ഒടഞ്ഞു വീഴാൻ വലിയ താമസമൊന്നുമില്ല .. അയാൾക്കിപ്പോ കിട്ടിക്കൊണ്ടിരിക്കുന്നത് മീഡിയ പബ്ലിസിറ്റിയാണ് … എന്നെപ്പോലെയുള്ള ജേർണലിസ്റ്റുമാർ വിചാരിച്ചാൽ ഉടഞ്ഞു വീഴാനുള്ളതെയുള്ളു ഇയാളുടെയൊക്കെ ഇമേജ് …”

” അതിന് വേണ്ടി നിങ്ങൾ എന്ത് കള്ളത്തരവും എഴുതി പിടിപ്പിക്കേം ചെയ്യും …. ” അതുവരെ മിണ്ടാതെ നിന്ന കിച്ച ഇടയ്ക്കു കയറി ഗോളടിച്ചു ..

മയിയുടെ വായടഞ്ഞ് പോയി ..

അവൾ കിച്ചയുടെ നേർക്ക് ചീറിക്കൊണ്ട് ചെന്നു..

” ദേ … നീയിതിൽ ഇടപെടണ്ട … ”

എന്നിട്ട് എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു …

” ഈ കാര്യത്തിൽ , നിങ്ങളാരെക്കാളും അയാളെ കുറിച്ച് അറിയാൻ പറ്റുന്നത് എനിക്കാണ് … നിങ്ങളിതുവരെ കണ്ടിട്ടുള്ള വ്യക്തിയല്ല നിഷിൻ രാജശേഖർ IAS … അയാൾക്ക് മറ്റൊരു മുഖമുണ്ട് .. വിത്തിൻ ടു മന്ത്സ് .. ഞാൻ നിങ്ങളെയത് ബോധ്യപ്പെടുത്തും …..”

” ശരി … സമ്മതിച്ചു .. അയാൾ കുഴപ്പക്കാരനാണ് … പക്ഷെ എന്തുകൊണ്ടാ മോളെ , ഇന്ന് വരെ നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾക്ക് പോലും അയാളെ കുറിച്ച് യാതൊരു മോശം വാർത്തയും കിട്ടാതെ പോയത് .. അയാളോട് വിരോധമുള്ള പാർട്ടി ചാനലുകാർക്ക് പോലും ഇതുവരെ ഒന്നും കിട്ടിയിട്ടില്ല … ”

” അയാളുണ്ടാക്കി വച്ചിരിക്കുന്ന ഇമേജ് ബിൽഡപ്പ് അതാണ് .. അത് മാത്രമല്ല , നിഷ്പക്ഷ ചാനലെന്നറിയപ്പെടുന്ന ഞാൻ വർക്ക് ചെയ്യുന്ന ചാനലിന്റെ തലപ്പത്ത് പോലും അയാൾക്ക് ഹോൾഡുണ്ട് … അതിന് വ്യക്തമായ തെളിവ് എന്റടുത്തുണ്ട് ഹരിമാമാ …..” അവൾ പറഞ്ഞു …

” ശരി .. എന്തോ ആകട്ടെ … നിനക്കിത് വേണ്ടെങ്കിൽ വേണ്ട … ഇനി ഇതിന്റെ പേരിൽ നിയോരോ കുഴപ്പങ്ങളിൽ ചെന്ന് ചാടണ്ട .. ആ വീട്ടുകാരെ വിളിച്ച് ഞങ്ങൾ സംസാരിക്കാം …… ” ഹരീന്ദ്രൻ പറഞ്ഞു

” ഹരിയേട്ടാ …….” യമുന ചാടിയെഴുന്നേറ്റു …

” ഇവൾടെ താളത്തിനൊത്ത് തുള്ളാനാണോ നിങ്ങൾ വന്നത് … ഇവളീ പറയുന്നതൊക്കെ നുണയാ … ലോകത്ത് ഇവള് മാത്രമാണോ സത്യസന്ധയായ ജേർണലിസ്റ്റ് … ദേവേട്ടാ ഇവളീ വിവാഹം മുടക്കാൻ ഓരോരോ കള്ളങ്ങൾ പറയുന്നതാ … എനിക്കത് അറിയാവുന്നത് കൊണ്ടാ , ഇവളോട് ആളാരാന്ന് പറയാതിരുന്നത് .. പറഞ്ഞിരുന്നെങ്കിൽ , ഇവൾ കള്ള തെളിവുകൾ ഉണ്ടാക്കിക്കൊണ്ട് വന്നേനെ ….” യമുന നിന്ന് കിതച്ചു …

മയിക്ക് സങ്കടം വന്നു …

” യമുനേ .. അവളിത്രയൊക്കെ പറയുമ്പോ …. ” .

” ഇല്ല ഹരിയേട്ടാ … എന്റെ മോളെ എനിക്ക് നന്നായിട്ടറിയാം … ഇനി ഞാനൊന്നും മറച്ചു വയ്ക്കുന്നില്ല ….. ഇവൾക്കൊരു അഫയറുണ്ടായിരുന്നു .. കോളേജിൽ ഇവൾടെ സീനിയറായിരുന്നു അവൻ . ഒരു പ്രത്യേക സാഹചര്യത്തിൽ വച്ച് അവന്റെ വിവാഹം നടന്നു .. അവനെയാരൊക്കെയോ പെടുത്തിയതാണെന്നൊക്കെ ഇവൾ പറയുന്നുണ്ട് … ഇവൾടെ മനസിലിപ്പോഴും അവനാ … അവന് വേണ്ടിയാ ഈ കള്ളങ്ങളൊക്കെ ഇവൾ പറയുന്നത് …”

എല്ലാവർക്കും അത് പുതിയൊരറിവായിരുന്നു ..

ദയാമയിയുടെ കണ്ണു നിറഞ്ഞു .. അമ്മ ഇപ്പോ ഇതെല്ലാം വിളിച്ചു പറയുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല …. അവൾ നിസഹായയായി നിന്നു …

” യമുന പറഞ്ഞതൊക്കെ സത്യമാണോ … ” ഹരീന്ദ്രൻ മയിയുടെ മുന്നിൽ വന്നു നിന്നു …

” ഹരിമാമാ … അത് …..”

” വിശദീകരണം വേണ്ട … ചോദിച്ചതിന് മാത്രം ഉത്തരം പറയുക …. ”

” ഉവ്വ് …..” അവൾ സമ്മതിച്ചു ..

” ഒന്ന് കൂടി …. അവനിപ്പോഴും നിനക്കു വേണ്ടി കാത്തിരിക്കുകയാണോ ….”

മയിയുടെ നെഞ്ച് പെരുമ്പറ കൊട്ടി ..

” ഹരിമാമാ … അത് … കുറച്ചധികം പറയാനുണ്ട് … എല്ലാം അറിഞ്ഞിട്ട് …..”

” മയി … ചോദ്യത്തിന് മാത്രം ഉത്തരം പറയുക ….. നിനക്കു വേണ്ടി അവൻ കാത്തിരിക്കുന്നുണ്ടോ … നിന്നെ വിവാഹം ചെയ്യാൻ ഇനി അവന് കഴിയുമോ ….? ”

” ചില കുരുക്കുകൾ എടുത്താൽ ചിലപ്പോൾ….”

” എന്താ ഒരു ചിലപ്പോൾ … ഉറപ്പുണ്ടോ ഇല്ലയോ ……..”

അവൾ തേങ്ങിപ്പോയി …

” മയീ…… ” ദേവൻ കടുപ്പിച്ചു വിളിച്ചു …

” എനിക്കറിയില്ല … എനിക്കറിയില്ല … പക്ഷെ അതൊന്നും കൊണ്ടല്ല ഞാനിത് വേണ്ടാന്ന് വച്ചത് … അമ്മക്ക് ഞാൻ വിവാഹത്തിന് സമ്മതം കൊടുത്തതാ ….”

” ഇനി നീ കൂടുതലൊന്നും പറയണ്ട … ഈ വിവാഹം നടക്കും … ഞങ്ങൾ നടത്തും … ഞങ്ങളെ മോൾക്ക് തോൽപ്പിക്കണമെങ്കിൽ , എല്ലാവരുടേയും മുന്നിൽ അപമാനിക്കണമെങ്കിൽ അതാവാം … ” ഹരീന്ദ്രൻ പറഞ്ഞു …

” ഒന്നുകൂടി അവളോട് പറഞ്ഞേക്ക് ഹരിയേട്ടാ … ഈ വിവാഹം നടന്നില്ലെങ്കി , ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട് … ജോലി രാജി വച്ച് ,ആശ്രമത്തിലേക്ക് പോകും ഞാൻ … എന്നെ അനുസരിക്കാൻ കഴിയാത്ത മക്കൾക്കൊപ്പം ഇനി ഞാനുണ്ടാവില്ല … ഇത് വെറും വാക്കല്ല … യമുനക്ക് തീരുമാനം ഒന്നേയുള്ളു ……”

” അമ്മേ …..” മയി അറിയാതെ വിളിച്ചു പോയി …

” അങ്ങനെ ഇനി എന്നെ വിളിക്കണമെങ്കിൽ , ഞാൻ പറയുന്നത് നീ അനുസരിക്കണം ….” യമുന കണ്ണു തുടച്ചു ..

മയി മുഖം പൊത്തി പൊട്ടിക്കരഞ്ഞു ..

” സമ്മതിക്ക് ചേച്ചി … ” കിച്ച മയിയുടെ കൈത്തണ്ടയിൽ പിടിച്ചു …

” എനിക്കെന്റെ അമ്മേ വേണം … ചേച്ചി സമ്മതിക്ക് … പ്ലീസ് ….. ” അവൾ കെഞ്ചി ….

എല്ലാവരുടെയും കണ്ണുകൾ അവളുടെ മുഖത്തായിരുന്നു … അവളുടെ ദയ കാത്ത് നിൽക്കുന്നത് പോലെ അവരെല്ലാം നിന്നു …

” നിങ്ങടെ ഇഷ്ടം നടക്കട്ടെ …..”

പറഞ്ഞിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് മയി മുകളിലേക്കോടി ….

* * * * * * * * * *

റൂമിൽ കയറി വാതിലടച്ച് അവളിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മണിക്കൂറായി ….

സ്വാതിയും കിച്ചയും ഇതിനോടകം പല വട്ടം ആ വാതിൽക്കൽ വന്നു പോയി …

ഇത്തവണ അവർ രണ്ടും കൽപ്പിച്ച് മുട്ടി വിളിച്ചു ..

നാലഞ്ച് മിനിറ്റിനു ശേഷം ആ വാതിൽ തുറക്കപ്പെട്ടു ….

പാറി പറന്ന മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന കവിളുമായി പ്രേതം പോലെ അവൾ നിന്നു….

കിച്ചയും സ്വാതിയും പരസ്പരം നോക്കി …

” ഇതെന്ത് കോലമാ ചേച്ചി …..” സ്വാതി ചോദിച്ചു ….

മയി ഒന്നും മിണ്ടാതെ ബെഡിലേക്ക് പോയി ഇരുന്നു …

” ചേച്ചിക്ക് അതൊക്കെ വെറുതെ തോന്നുന്നതാ … നിഷിനേട്ടൻ അങ്ങനൊരാളല്ല … ആ വീട്ടുകാരും എന്തു നല്ല ആൾക്കാരാ …..” കിച്ച പറഞ്ഞു ..

നിഷിനേട്ടനോ… അതിനിടക്കവൾ ഏട്ടനും ആക്കിയോ …. മയി മനസിൽ പറഞ്ഞു ..

” ശരിയാ …. എന്റെ കോളേജിലൊക്കെ എത്ര ഫാൻസാ നിഷിനേട്ടന് … എല്ലാരുടേം ഹീറോയാണ് ….. ” സ്വാതിയും വാചാലയായി …

അയ്യേ ….. ആ മരത്തലയനും ഫാൻസോ … എല്ലാം കൂടി ഞാൻ പൊളിച്ചടുക്കി കാണിച്ചു തരാം ..

” ചേച്ചി…. എന്താ തനിച്ച് തലകുലുക്കുന്നേ … ” കിച്ച ചോദിച്ചു ..

” എന്നാ നീ കൂടി കുലുക്ക് ഒരു കൂട്ടിന് ….. ”

” നല്ല ഊള ചളി …..” കിച്ചയും വിട്ടില്ല …

സ്വാതി വാ പൊത്തിച്ചിരിച്ചു ..

” നീയിന്നലെ ക്ഷേത്രത്തിൽപ്പോയി എനിക്ക് വേണ്ടി എന്ത് പൂജ നടത്തിയെന്നാ പറഞ്ഞെ …. ?” മയി കിച്ചയോട് ചോദിച്ചു ..

” പുഷ്പാഞ്ജലി ……”

” ഹാ … എന്നാ ഇനി മുതൽ ഓരോ മൃത്യുഞ്ജയഹോമം കൂടി നടത്തിക്കോ …. ” പറഞ്ഞിട്ട് ടവ്വലുമെടുത്ത് അവൾ ബാത്ത്റൂമിലേക്ക് നടന്നു ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

NB : മയിയുടെ ജീവിതം ഒരു വെല്ലുവിളിയാണ് .. നിങ്ങൾക്ക് മയിയെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് അഭിപ്രായങ്ങളായി അറിയിക്കണെ…  (തുടരും)

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story