ശ്രാവണം- ഭാഗം 15

ശ്രാവണം- ഭാഗം 15

” ജിഷ്ണുവേട്ടൻ ഒന്നും പറഞ്ഞില്ല … ” അവൻ മിണ്ടാതിരിക്കുന്നത് കണ്ട് ശ്രാവന്തി ആവർത്തിച്ചു …. ” എന്താ തനിക്കിങ്ങനെ തോന്നാൻ ….” ” വിവാഹം കഴിഞ്ഞാൽ ഉടനെയൊരു കുഞ്ഞൊക്കെ പഴയ ആൾക്കാരുടെ നിർബന്ധബുദ്ധിയാണ് … ഇപ്പോ കാലം മാറിയില്ലേ .. നമുക്ക് പരസ്പരം നന്നായി അടുത്തിട്ട് പോരെ ഒരു കുഞ്ഞ് …” ” അത് നീ പറയുന്നത് ശരിയാ …. പക്ഷെ , എന്തോ എനിക്കൊരു കുഞ്ഞിനെ ആഗ്രഹമുണ്ട് …..” ജിഷ്ണു പറഞ്ഞിട്ട് അവളെ നോക്കി … ശ്രാവന്തിയുടെ മുഖം മ്ലാനമാകുന്നത് അവൻ കണ്ടു … “

തനിക്ക് മറ്റെന്തെങ്കിലും പ്രശ്നം പറയാനുണ്ടോ ….?” ” ഏയ് …..” അവൾ ചിരിക്കാൻ ശ്രമിച്ചു ..? ” പോട്ടെ …., തന്റെ ആഗ്രഹം ഞാൻ പൂർണമായി തളളികളയുന്നില്ല … ഈ രണ്ട് വർഷമെന്നുള്ളത് ഒന്ന് കുറയ്ക്കണം …. ഒരു ആറ് മാസം … അത്രയൊക്കെ മതി നമുക്ക് പരസ്പരം മനസിലാക്കാൻ … അത് പോരെ ? ” അവൻ അവളുടെ മുഖത്തേക്ക് നോക്കി… ” മതി ജിഷ്ണുവേട്ടാ …..താങ്ക്സ് ….” അവളുടെ മുഖം വിടർന്നു … സന്തോഷം കൊണ്ട് അവന്റെ കവിളത്ത് അവളൊരുമ്മ കൊടുത്തു … അത്രയും സമയം മതി തനിക്ക് തന്റെ ജിഷ്ണുവേട്ടനെ അടുത്തറിയാൻ എന്നവൾക്കും തോന്നി ..

അവളുടെ മുഖം തെളിഞ്ഞപ്പോൾ അവനും സമാധാനമായി .. ഒരിക്കലും ജിഷ്ണുവേട്ടനെ പിരിയാനല്ല , ജീവിതത്തോട് ചേർത്തു വയ്ക്കണം … ഇനി എന്തൊക്കെ സംഭവിച്ചാലും , ആരൊക്കെ അവകാശം പറഞ്ഞു വന്നാലും തന്റെ ജീവിതത്തിൽ നിന്നു പോകാൻ ജിഷ്ണുവേട്ടന് കഴിയരുത് .. അവൾ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു .. അവൻ കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു നെറുകിൽ ചുംബിച്ചു … ” കിടക്കണ്ടെ ….” എപ്പോഴോ അവനവളുടെ കാതിൽ മന്ത്രിച്ചു … ഒരു പ്രാവിനെ പോലെ അവനിലേക്ക് നേർത്തൊരു കുറുകലായി അവൾ പറ്റിച്ചേർന്നു …. “

ജിഷ്ണുവേട്ടാ …….. ഉറങ്ങിയോ….” രാത്രിയുടെ ഏതോ യാമത്തിൽ അവന്റെ നഗ്നമായ മാറിടത്തിലെ രോമരാചിയിൽ ,തന്റെ കൈവിരലുകളാൽ അലസതന്ത്രികൾ മീട്ടവേ അവൾ ചോദിച്ചു … ” ഇല്ല …..” ” ഞാനൊരു കാര്യം ചോദിക്കട്ടെ …? ” ” ങും …… ” ” എപ്പോഴെങ്കിലും ജിഷ്ണുവേട്ടന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് അവകാശം പറഞ്ഞു വന്നാൽ എന്തു ചെയ്യും ……?.” അവന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി …

തന്റെ ജീവിതത്തിലേക്ക് മെറ്റൊരു പെണ്ണോ ? തന്റെ പൂർവ്വകാലത്തിൽ അങ്ങനെയൊരുവൾ ഉണ്ടായിരുന്നുവോ …? ” എന്താ ജിഷ്ണുവേട്ടാ ഒന്നും മിണ്ടാത്തെ … ” ഏറെ നേരമായിട്ടും അവനിൽ നിന്ന് മറുപടിയൊന്നും കിട്ടാത്തതിനാൽ അവൾ ആരാഞ്ഞു .. അവൻ മെല്ലെ തിരിഞ്ഞ് അവൾക്കഭിമുഖം കിടന്നു … പിന്നെ വിയർപ്പു പൊടിഞ്ഞ ആ നെറ്റിയിൽ ചുംബിച്ചു … ” നിന്നെ വിട്ടൊരു ജീവിതം എനിക്കുണ്ടാവില്ല ……..” അവൻ പറഞ്ഞു … അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു …

അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോഴും ജിഷ്ണു കണ്ണു തുറന്ന് കിടന്നു … അവൾ ചോദിച്ച ചോദ്യം , അവന്റെ ഉറങ്ങിക്കിടന്ന സ്മൃതികളിലെവിടെയോ ചലനങ്ങൾ സൃഷ്ടിച്ചു … ഈ ലോകത്തിലെവിടെയെങ്കിലും എന്റെ വെയിൽ തിന്ന് തളിർത്തൊരു പൂമരമുണ്ടോ ..? ഉണ്ടെങ്കിൽ …… ഉണ്ടെങ്കിൽ അതെവിടെയായിരിക്കും … അതിന്റെ ചില്ലകൾ ഇന്നും എനിക്കായി മാത്രം പൂക്കാറുണ്ടോ …? അതിന്റെ വേരുകൾ എന്നെ തേടിയലയുന്നുണ്ടാമോ ..? തന്റെ നെഞ്ചിലുറങ്ങുന്ന ശ്രാവന്തിയിലേക്ക് ചുരുങ്ങിത്തീരാനാഗ്രഹിച്ചിട്ടും എന്തുകൊണ്ടോ ആ രാത്രി അവനെയതിന് അനുവദിച്ചില്ല ……

പിറ്റേന്ന് … ശ്രാവന്തിയെ ബസ്റ്റാന്റിൽ വിട്ട് വന്നിട്ട് , ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോഴും അവന്റെ മനസിൽ തലേന്ന് അവൾ ചോദിച്ച ചോദ്യമുണ്ടായിരുന്നു … കണ്ണാടിക്കു മുന്നിൽ നിന്ന് ഷർട്ടിന്റെ കൈ തെറുത്തു കയറ്റുമ്പോൾ അവൻ തന്നെ തന്നെ നോക്കി നിന്നു …. അങ്ങനെയൊരു പെൺകുട്ടിയുണ്ടായിരുന്നുവെങ്കിൽ അവളെക്കുറിച്ച് ആന്വേഷിക്കേണ്ടതല്ലെ … എവിടെയാണെന്ന് …? എന്ത് ചെയ്യുന്നുവെന്ന് …. ഇനിയൊരു പക്ഷെ അവൾ മറ്റാരുടേതെങ്കിലും ആയിട്ടുണ്ടെങ്കിൽ ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണേണ്ടതല്ലേ …

ആ മുഖം ഓർത്തു വയ്ക്കാനെങ്കിലും … അങ്ങനെ നോക്കി നിൽക്കവെ അവനൊരു കാര്യം മനസിലായി … അവൾ ചോദിച്ചത് വെറുമൊരു സംശയമായിരുന്നെങ്കിൽ താനിപ്പോൾ അടിയുറച്ചു വിശ്വസിക്കുന്നു … എന്നോ എപ്പോഴോ എവിടെയോ വച്ച് ഞാനൊരു പെൺകുട്ടിക്ക് പ്രണയം പകുത്തു നൽകിയിരുന്നുവെന്ന് … ഓഫീസിലെത്തിയിട്ടും അവന്റെ മനസ് മറ്റെവിടെയോ ചിതറി കിടന്നു … ഒടുവിൽ അവൻ ഫോണെടുത്ത് മഹേഷ് എന്ന നമ്പറിൽ കാൾ ചെയ്തു …

കോളേജിൽ തന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നവൻ … മറഞ്ഞു പോയ ഓർമകൾക്കിടയിൽ നിന്ന് താൻ തന്നെ ചികഞ്ഞെടുത്ത കൂട്ടുകാരൻ .. മറുതലയ്ക്കൽ ബെല്ല് തീരാറായപ്പോൾ മഹേഷ് ഫോണെടുത്തു … ” എന്താടാ രാവിലെ തന്നെ ….?” ” എനിക്ക് നിന്നെയൊന്ന് കാണണം …. ” ” ഞാനൊരു ഏഴ് മണിയാകും ഫ്രീയാകാൻ … നിന്നെപ്പോലെ സർക്കാരോഫീസിലല്ലല്ലോ നമ്മൾ … ” അവൻ ചിരിച്ചു … ” ഏഴ് മണിക്ക് എവിടെ വരണം … ” ” എന്റെ ഒഫീസിലേക്ക് പറ്റുമോ … ?” ” ഷുവർ …” ” OK … അപ്പോ രാത്രി 7 മണിക്ക് ….” അവൻ ബൈ പറഞ്ഞു ഫോൺ കട്ട് ചെയ്തു ….

എന്തായി ശ്രാവി കാര്യങ്ങൾ ….” ഉച്ചയ്ക്ക് കോർട്ടിൽ നിന്ന് ഓഫീസിലേക്ക് നടക്കുമ്പോളാണ് സീനത്തിനും ശ്രാവന്തിക്കും സംസാരിക്കാൻ അവസരം കിട്ടിയത് … ” ജിഷ്ണുവേട്ടൻ സമ്മതിച്ചു ….” അവൾ പറഞ്ഞു …. ആറുമാസമാണ് തനിക്ക് തന്ന സമയമെന്ന് അവൾ പറഞ്ഞില്ല .. അത് പറയേണ്ട എന്ന് അവൾക്ക് തോന്നി … ” ഇത്താ …. ഇന്നലെ ആലോചിച്ചപ്പോ ,എന്റെ മനസിൽ തോന്നിയൊരു കാര്യം പറയട്ടെ … ” ” പറയ്‌ ….” ” ഇനി ഇത്ത പറഞ്ഞതുപോലെ ,ഒരു പെണ്ണ് വന്നു എന്ന് തന്നെയിരിക്കട്ടെ ,

എനിക്കും ജിഷ്ണുവേട്ടനുമിടയിൽ ഒരു കുഞ്ഞുണ്ടെങ്കിൽ ജിഷ്ണുവേട്ടന് എന്നെ വിട്ട് പോകാൻ കഴിയോ .. ? ” ” ചിലപ്പോ കുഞ്ഞിനു വേണ്ടി അഡ്ജസ്റ്റ് ചെയ്യുമായിരിക്കും … പക്ഷെ അതൊരു ജീവിതമാകുമോ കുട്ടി … അയാൾ നിനക്കു വേണ്ടിക്കൂടി ജീവിക്കുമ്പോഴല്ലേ നിങ്ങളുടെ ജീവിതത്തിൽ നിറമുണ്ടാകു … നീയൊന്നോർത്തു നോക്കിയേ , ഒരു കുഞ്ഞുള്ളത് കൊണ്ട് മാത്രം നിന്റെയൊപ്പം നിൽക്കേണ്ടി വരുന്ന ജിഷ്ണുവിനെക്കുറിച്ച് .. അപ്പോഴും നിന്റെ സ്ഥാനത്ത് അയാളുടെ മനസിലെ പ്രഥമ സ്ഥാനം മറ്റൊരുത്തിക്കാണെങ്കിൽ ?

പഴയ കാലത്ത് സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇതൊക്കെ സഹിച്ചിരുന്നു .. അല്ലെങ്കിൽ സമൂഹം അവരെ പ്രേരിപ്പിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി .. ഇന്നത്തെ കാലത്ത് അതിന്റെയാവശ്യമില്ല … സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന പെണ്ണ് , ആത്മാഭിമാനം വൃണപ്പെടുത്തി ആരുടേയും കൂടെ നിൽക്കേണ്ട കാര്യമില്ല … ” ശരിയാണെന്ന് ശ്രാവന്തിക്കും തോന്നി .. ” ഞാൻ വീണ്ടും നിന്നെ ഓർമിപ്പിക്കുകയാ … ഞാനിതൊക്കെ പറയുന്നത് നീ ജിഷ്ണുവിനെ പിരിയാനോ , നിങ്ങളെ തല്ലിക്കാനോ …

ഇതിലെ ശരികൾ നീ മനസിലാക്കി നിന്റെ മനസിൽ തന്നെ വയ്ക്കുക … ആവശ്യം വന്നാൽ മാത്രം , വേണ്ടതു പോലെ കൈകാര്യം ചെയ്യുക … ജിഷ്ണുവിനോട് ദേഷ്യമോ വൈരാഗ്യമോ തോന്നാനല്ല ഇത്ത പറഞ്ഞത് … അയാൾ നല്ലൊരു മനുഷ്യനായിരിക്കും … നിന്നെ നന്നായി സ്നേഹിക്കുന്നവനുമായിരിക്കും .. പക്ഷെ ജിഷ്ണുവിന്റെ സാഹചര്യം സാധാരണ പോലെയല്ല … സോ നമുക്കൊരു മുൻകരുതൽ വേണം .. എന്ത് സംഭവിച്ചാലും നേരിടുവാൻ സജ്ജമായിരിക്കണം നമ്മുടെ മനസ് ..

ഇല്ലെങ്കിൽ എല്ലാ മുറിവുകളും ഒടുക്കം നമ്മുടെ ഹൃദയത്തിൽ മാത്രം വന്നു വീണാൽ , താങ്ങി നിർത്താൻ കഴിഞ്ഞുവെന്ന് വരില്ല .. ” സീനത്ത് പറഞ്ഞു … ” എനിക്ക് മനസിലാകുന്നുണ്ടിത്താ …” അവൾ പറഞ്ഞു … * * * * * * * * * * * * * * വൈകിട്ട് ജിഷ്ണു ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്നു കൂട്ടി വീട്ടിലേക്ക് കാറോടിച്ചു .. ” നിന്നെ വീട്ടിൽ വിട്ടിട്ട് ഞാനൊരു സ്ഥലത്ത് പോകും … ” ജിഷ്ണു പറഞ്ഞു .. ” എവിടെ ?” ” എന്റെയൊരു ഫ്രണ്ടിനെ കാണാൻ ….” ” ഏത് ഫ്രണ്ടാ …? ” ” കോളേജിൽ ഒപ്പം പഠിച്ചതാ … “

” വിശേഷിച്ച് എന്തെങ്കിലുമുണ്ടായിട്ടാണോ .. അതോ മാര്യേജിന്റെ പാർട്ടി വല്ലതുമാണോ .. ?” അവൾ ചിരി വിടാതെ ചോദിച്ചു … ” ആ … ചെറിയൊരു പാർട്ടി കൊടുക്കണം … ” അവൻ എങ്ങും തൊടാതെ പറഞ്ഞു … ” ജിഷ്ണുവേട്ടൻ കഴിക്കോ …? ” ” ഇപ്പോഴത്തെ ഞാൻ മദ്യം കൈകൊണ്ടു തൊട്ടിട്ടില്ല … പഴയ ഞാൻ എന്തായിരുന്നു എന്നറിയില്ല … ” അവനങ്ങനെ പറഞ്ഞപ്പോൾ അവൾക്കൊരു വല്ലായ്മ തോന്നി … ” ജിഷ്ണുവേട്ടൻ ഒരിക്കലും ഇനി പഴയ ജിഷ്ണുവേട്ടനെ തിരയണ്ട … ” ഒരു നിമിത്തം പോലെ അവളതു പറഞ്ഞപ്പോൾ അവനവളെ തല ചരിച്ചൊന്നു നോക്കി ..

എന്തുകൊണ്ടോ അതവന്റെ നെഞ്ചിൽ തറച്ചു … അവൾ പറഞ്ഞതു പോലെ പഴയ തന്നെ , ഇനി തിരയണ്ട എന്ന് ഒരു വേള അവനും തോന്നി … പക്ഷെ പിന്നെയും ഉള്ളിന്റെയുള്ളിലെ തൃഷ്ണ അവനെയതിന് അനുവദിച്ചില്ല … എന്തായാലും ശ്രാവന്തിയെ മറന്നു കൊണ്ട് തനിക്കൊരു ജീവിതം ഉണ്ടാവില്ലെന്ന് അവൻ അടിയുറച്ചു വിശ്വസിച്ചു … അവൾ കഴിഞ്ഞിട്ടേ തനിക്കിനിയാരും ഉള്ളു .. ഇത് ജിഷ്ണുവിന്റെ രണ്ടാം ജന്മമാണ് .. ഈ ജന്മത്തിൽ , തന്നെ വിശ്വസിച്ച് ജീവിതവും മനസും ശരീരവും പങ്കിട്ടു തന്ന പെണ്ണാണ് അവൾ …

അവളെ വീട്ടിൽ വിട്ടിട്ട് അവൻ യാത്ര ചോദിച്ചു … ” ചായ കുടിച്ചിട്ട് പോകാം ജിഷ്ണുവേട്ടാ …” ” വേണ്ട .. ഞാൻ പോയിട്ട് വരാം … ” ” ഒത്തിരി ലേറ്റാകല്ലേ ജിഷ്ണുവേട്ടാ … ഞാനിവിടെ കാത്തിരിക്കുവാന്നോർമ്മ വേണം …” ” വേഗം വരാം … ” അവൻ കൈവീശി കാണിച്ചിട്ട് കാർ തിരിച്ച് , ഓടിച്ചു പോയി ….. ആറേ മുക്കാലായപ്പോൾ തന്നെ അവൻ മഹേഷിന്റെ ഓഫീസിനു മുന്നിൽ എത്തി .. കാർ പാർക്ക് ചെയ്ത് , മഹേഷിന് മെസേജ് വിട്ടിട്ട് കാത്തിരുന്നു .. ഏതാണ്ട് പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ മഹേഷ് ഇറങ്ങി വന്നു ..

ജിഷ്ണു കാറിലിരുന്ന് സിഗ്നൽ കൊടുത്തു .. അവൻ വന്ന് , കോ ഡ്രൈവർ സീറ്റ് തുറന്ന് കയറിയിരുന്നു … ” പറയ് …. എന്തൊക്കെയാ വിശേഷങ്ങൾ … പുതിയ ലൈഫൊക്കെ എങ്ങനെ പോകുന്നു … ” മഹേഷ് ചോദിച്ചു … ” ലൈഫൊക്കെ അടിപൊളിയാ …” ” എങ്ങനെയുണ്ട് ഭാര്യ … ” ” ഒരു പാവം … ” ” രണ്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നീ ഇത് തന്നെ പറയണം … ” മഹേഷ് കളിയാക്കി … ” അതറിയില്ല … ഇപ്പോഴത്തെ കാര്യമാണ് പറഞ്ഞത് …” ജിഷ്ണു ചിരിച്ചു … ” അത് വിട് … നീയെന്താ എന്നെ കാണണമെന്ന് പറഞ്ഞത് ..?”

” പറയാം … എവിടെയാ ഒന്ന് സേഫായി സംസാരിക്കാൻ … ” ” നീ ക്ലബ്ബിലേക്ക് വിട് ……..” മഹേഷ് പറഞ്ഞു … ജിഷ്ണു കാർ സ്റ്റാർട്ട് ചെയ്തു നിരത്തിലേക്കിറങ്ങി … * * * * * * * * * ക്ലബ്ബിൽ അവർ മുഖാമുഖമിരുന്നു … ജിഷ്ണു ഒരു ജ്യൂസും , മഹേഷ് ബിയറും ഓർഡർ ചെയ്തു … ” പറ … എന്താ നിന്നെ അലട്ടുന്നത് …” ” ഞാൻ ചോദിക്കുന്നത് കൊണ്ട് നീ തെറ്റിദ്ധരിക്കരുത് .. വൈഫ് ഇന്നലെയൊരു കാര്യം പറഞ്ഞപ്പോൾ മുതൽ എന്തോ ഒരു കൗതുകം .. അതാ ചോദിക്കുന്നേ …? ” ജിഷ്ണു മുഖവുരയോടെ തുടങ്ങി ” നീ കാര്യം പറയ് …” ” നിന്റെയറിവിൽ ഞാനാരെയെങ്കിലും പ്രണയിച്ചിരുന്നോ …. ?” മഹേഷ് അവന്റെ മുഖത്തേക്ക് നോക്കി… ( തുടരും )

ശ്രാവണം- ഭാഗം 16

Share this story