ജാതകം: ഭാഗം 6

ജാതകം: ഭാഗം 6

എഴുത്തുകാരൻ: ശിവ


പേടിച്ചു കണ്ണടച്ച് ചെവിയും പൊത്തി ദേവേട്ട.. എന്നൊരൊറ്റ വിളിയായിരുന്നു ഞാൻ..

എന്റെ ശബ്ദം കേട്ട് ദേവേട്ടൻ പെട്ടെന്ന് ഞെട്ടി ഉണർന്നു..
“എന്താടി എന്തുപറ്റി..
“അതുപിന്നെ ദേവേട്ട പാമ്പ്..
“പാമ്പോ എവിടെ എന്നും ചോദിച്ചു കൊണ്ടു ദേവേട്ടൻ ചാടി എഴുന്നേറ്റു..
“ദേ ഇവിടുണ്ടായിരുന്നു അത് ദേവേട്ടന്റെ കാലിൽ ആഞ്ഞു കൊത്തുന്നത് ഞാൻ കണ്ടതാണ്..
“നിനക്ക് ഭ്രാന്താണ് ഇവിടെങ്ങും ഒരു കോപ്പും ഇല്ല..
“അല്ല ദേവേട്ടാ സത്യമായും ഏട്ടന്റെ കാലിൽ കൊത്തുന്നത് ഞാൻ കണ്ടതാണ്..
“ദേ എന്റെ കാല് .. എവിടാ കൊത്തിയത് എന്നു കാണിച്ചു താടി എന്നും പറഞ്ഞു ഏട്ടൻ രണ്ടു കാലും മാറി മാറി എനിക്ക് കാട്ടി തന്നു..
ഞാൻ എത്ര നോക്കിയിട്ടും ഒരു ചെറിയ മുറിവ് പോലും ഏട്ടന്റെ കാലിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല..
ഇനിയിപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കുമോ ..
പക്ഷേ ഞാൻ വളരെ വ്യക്തമായി പാമ്പിനെ കണ്ടതാണല്ലോ..
ഇതിപ്പോൾ പല തവണയായി പാമ്പിനെ കാണുന്നു ഇനിയിപ്പോൾ ഇത് വരാനുള്ള അപകടത്തിന്റെ വല്ല സൂചനയും ആയിരിക്കുമോ..

“എന്താടി ആലോചിച്ചു ഇരിക്കുന്നത്..
“അല്ല ദേവേട്ട പാമ്പിനെ ഞാൻ കണ്ടതാണ് പക്ഷേ അതെവിടെ മാഞ്ഞു പോയെന്ന് അറിയില്ല..
“മ്മം നിനക്കങ്ങനെ പലതും തോന്നും ഇന്നലത്തെ ഹാങ്ങോവർ ആയിരിക്കും..
“ഹാങ്ങോവറോ.. പറഞ്ഞത് പോലെ നമ്മൾ ഇതെവിടാണ്….
ഇന്നലെ എന്താ ഉണ്ടായത്..
“എന്നെ കൊണ്ടൊന്നും പറയിക്കല്ലേ ആരേലും എന്തെങ്കിലും തന്നാൽ ഉടനെ വാങ്ങി മോന്തി കോളും.. ബാക്കി ഉള്ളവനെ മിനക്കെടുത്താൻ..
“ങേ അതിന് ഞാൻ ജ്യൂസ് അല്ലേ കുടിച്ചത്..
“ജ്യൂസ്.. മാങ്ങാത്തൊലി..
“ങേ അപ്പോൾ അത് ജ്യൂസ് അല്ലായിരുന്നോ….
സത്യം പറ ദേവേട്ടാ പിന്നെ എന്തായിരുന്നു അത് ..
എന്റെ ചോദ്യം കേട്ട് ദേവേട്ടൻ ഒന്ന് പരുങ്ങി.
“എന്താ ഒന്നും മിണ്ടാത്തെ..
“ഒന്നുമില്ല നീ വാ വീട്ടിലേക്ക് പോവാം.

“മര്യാദക്ക് പറ ഇല്ലെങ്കിൽ ഇവിടുന്നു ഒരടി പോലും ഞാൻ അനങ്ങില്ല..
“ഓ പണ്ടാരമടങ്ങാങ്ങാനായിട്ട് ഡി അവന്മാർ അതിൽ മദ്യം മിക്സ്‌ ചെയ്തിരുന്നു.
“മദ്യമോ ചുമ്മാതല്ല എനിക്കൊന്നും ഓർമ്മയില്ലാത്തതു.. .
“മ്മം നീ ഇതൊന്നും അമ്മയോട് പറയാൻ നിൽക്കേണ്ട..
“ഓഹോ അതെനിക്കൊന്നു ആലോചിക്കേണ്ടി വരും..
“ഡി നീ ചുമ്മാ തമാശ കളിക്കരുത് അമ്മ അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാ. അവന്മാരെ ഒറ്റ ഒരാളെയും പിന്നെ അമ്മ അങ്ങോട്ട് കേറ്റില്ല..
“മ്മ്മം ശെരി ശെരി. ഇന്നല്ലേ കല്യാണം അതിന് പോവേണ്ട..
“ഓ വേണ്ട ഇനിയിപ്പോൾ നമ്മുടെ വീട്ടിലേക്ക് പോയേക്കാം. ഇന്നലെ ചെല്ലാത്തതു കൊണ്ടു അമ്മ ദേഷ്യം കേറി ഇരിക്കുവായിരിക്കും..
അപ്പോഴാണ് ഞാനും അതേപ്പറ്റി ഓർത്തത് പെട്ടെന്ന് തന്നെ ഞാൻ റെഡിയായി വന്നു ഏട്ടനും ഞാനും തോമാച്ചന് താക്കോൽ കൊണ്ടു പോയി കൊടുത്തിട്ട് നേരെ വീട്ടിലേക്കു വിട്ടു..
ബൈക്കിൽ പോവും വഴി ഞാൻ ഏട്ടനെ വട്ടം ചുറ്റി പിടിച്ചു.
ഏട്ടൻ ദേഷ്യപ്പെടുമെന്നാണ് വിചാരിച്ചത് പക്ഷേ എന്തോ ഏട്ടൻ ദേഷ്യപ്പെട്ടില്ല.
ശെരിക്കും പറഞ്ഞാൽ കാറ്റിൽ രണ്ടു ചിത്രശലഭങ്ങളെ പോലെ ഞങ്ങൾ പറന്ന് പോവുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
വഴിയോരങ്ങളിൽ തണൽ വിരിച്ചു കൊണ്ടു തല ഉയർത്തി നിൽക്കുന്ന പൂമരങ്ങൾ.. അകലെ മഞ്ഞു മൂടി കിടക്കുന്ന താഴ്‌വാരങ്ങൾ ഇളവെയിലേറ്റു കൂടുതൽ സുന്ദരിയായിരിക്കുന്നു..
യാത്രക്കിടയിൽ കാറ്റെന്തൊക്കെയോ എന്റെ കാതുകളിൽ മൊഴിയുന്നുണ്ട്.. ഒരുപക്ഷേ പ്രണയത്തിന്റെ സംഗീതം പൊഴിക്കുന്നതാവാം….
ദേവേട്ടന്റെ തോളിൽ മുഖം പൂഴ്ത്തി കാറ്റു മൂളുന്ന പ്രണയത്തിന്റെ സംഗീതം കേട്ട് ഞാൻ ചേർന്നിരുന്നു ….
ഈ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി..
സ്നേഹിക്കുന്ന പുരുഷന്റെ തോളിൽ ചാഞ്ഞു അവനോടൊപ്പം ബൈക്കിൽ ഉള്ള യാത്ര ഏതൊരു പെണ്ണിനെ പോലെയും എന്റെ ഉള്ളിലും പ്രണയത്തിന്റെ വർണ്ണ ചിറകുള്ള പൂമ്പാറ്റകളെ പറത്തി..
ഒരു ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ഒന്ന് മോഹിച്ചു..
പക്ഷേ പുറമെ മഴ ഇല്ലെങ്കിലും എന്റെ ഉള്ളിൽ ഒരു മഴ പെയ്യുന്നുണ്ട് .. പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള മഴ….
അതെന്നിൽ പെയ്തിറങ്ങുകയാണ്….
ഏട്ടനെ ഞാൻ ഒന്നൂടി മുറുകെ പിടിച്ചു കണ്ണുകൾ അടച്ചിരുന്നു ….
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ബൈക്ക് തറവാട്ട് മുറ്റത്തെത്തി..
ബൈക്കിന്റെ ശബ്ദം കേട്ടു അമ്മ വാതിൽക്കൽ വന്നു നിന്നു.
ഞങ്ങൾ ബൈക്കിൽ നിന്നും ഇറങ്ങി. ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്നു നോക്കി..
അമ്മയുടെ മുഖം കണ്ടാൽ അറിയാം ഞങ്ങൾ ഇന്നലെ വരാത്തതിന്റെ ദേഷ്യം ഉണ്ടെന്ന്..
“ഓ രണ്ടും വന്നോ കല്യാണവും കഴിഞ്ഞു അവനൊരു കൊച്ചും കൂടി ഉണ്ടായിട്ട് വന്നാൽ മതിയായിരു ന്നല്ലോ..
“അതുപിന്നെ അമ്മേ ഇന്നലെ വരാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല ….
“അതെന്താ മോളെ….

പെട്ടെന്ന് ഒന്നും പറയല്ലേ എന്ന് ദേവേട്ടൻ എന്നെ ആഗ്യം കാണിച്ചു.
“അതുപിന്നെ അമ്മേ ഇന്നലെ ഈ ദേവേട്ടൻ കൂട്ടുകാരുമായി ചേർന്നു കുടിച്ചു കുടിച്ചു അവസാനം ശർദ്ധിച്ചു ബോധം ഇല്ലാതെ കിടക്കുവായിരുന്നു..
ഞാൻ പറഞ്ഞത് കേട്ടു ദേവേട്ടൻ അന്തം വിട്ടു നിന്നു.
“ഇവൻ കുടിച്ചെന്നോ മോളെന്തൊക്കെയാ ഈ പറയുന്നത്..
“അതേ അമ്മേ ഏട്ടൻ കുടിച്ചു പൂസായി കിടന്നത് കൊണ്ടാണ് ഇന്നലെ വരാഞ്ഞത്.. ഇങ്ങനെ ഒരു കുടിക്കാരനെ ആണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്..
“എന്റെ പൊന്നമ്മേ അവൾ ചുമ്മാ പറയുന്നതാ ഞാൻ കുടിക്കില്ലാന്നു അമ്മക്ക് അറിയില്ലേ..
“നീ കൂടുതൽ ഒന്നും പറയേണ്ട എന്റെ മോൾ കള്ളം ഒന്നും പറയില്ല.. നീ കുടിച്ചു കാണും.. നിന്റെ കൂട്ടുകാർ ഓക്കെ അത്രക്ക് നല്ലവർ ആണല്ലോ..
“എന്റെ അമ്മേ സത്യം ഞാൻ കുടിച്ചില്ല..
“എങ്കിൽ പിന്നെ ഇന്നലെ എന്തുകൊണ്ടാണ് വരാഞ്ഞതെന്നു ചോദിക്കമ്മേ ..
“അതു ശെരിയാ ഇന്നലെ കുടിച്ചില്ലെങ്കിൽ പിന്നെ നീ എന്താ വരാഞ്ഞത്..
“അതു പിന്നെ അമ്മേ.. അമ്മയുടെ ചോദ്യം കേട്ടു ദേവേട്ടൻ നിന്നു പരുങ്ങി. നടന്ന കാര്യം ഏട്ടൻ പറയില്ല എന്നെനിക്ക് ഉറപ്പായിരുന്നു..
“കണ്ടോ അമ്മേ ഏട്ടൻ നിന്നു പരുങ്ങുന്നത്….
“മ്മം എനിക്കെല്ലാം മനസ്സിലായി ഇനി ഏതവന്റെ എങ്കിലും പേരും പറഞ്ഞു നീ എങ്ങോട്ട് എങ്കിലും പോയാൽ അപ്പോൾ ഞാൻ ബാക്കി പറയാം.. എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി..
അമ്മ പോയതും നിന്നെ ഇന്ന് കൊല്ലുമെടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാൻ വന്നതും ഏട്ടനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു ഞാൻ അകത്തേക്ക് ഓടി….
അന്ന് രാത്രി തലയിണകൾ കൊണ്ടൊരു യുദ്ധം തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായി.. ഒടുവിൽ തോൽവി സമ്മതിച്ചു ചെറിയൊരു ഗൗരവം കാട്ടി കൊണ്ടു ഏട്ടൻ കിടന്നു.. ഒരു നൂറു സ്വപ്നങ്ങൾ മനസ്സിൽ നെയ്തു കൊണ്ടു ഞാനും കിടന്നു..
========================

ദേവേട്ടന് അപകടം പറ്റുന്നതായി ദുസ്വപ്നം കണ്ടു കൊണ്ടു പേടിച്ചാണ് പിറ്റേന്ന് പുലർച്ചെ ഞാൻ ഉണർന്നത് .
“എന്റെ ഈശ്വരാ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് പറയുന്നത് എനിക്കെന്തോ പേടിയായി..
എന്റെ നാഗത്താന്മാരെ എന്റെ ഏട്ടനെ കാത്തോളണേ എന്നു ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടു ഏട്ടനെ നോക്കി..
പാവം നല്ല ഉറക്കത്തിലാണ്..
ഞാൻ പയ്യെ ഇടതു കൈകൊണ്ടു ഏട്ടന്റെ മുടിയിലൂടെ തഴുകി കൊണ്ടു നെറ്റിയിൽ ഒരുമ്മ കൊടുത്തതും ഏട്ടൻ കണ്ണ് തുറന്നു..
“എന്താടി ഇത്..
“അതുപിന്നെ നെറ്റിയിൽ ഒരു കൊതുക് ഇരുപ്പുണ്ടായിരുന്നു.. അതിനെ കൊല്ലാൻ നോക്കിയതാണ്..
“ഓഹോ നിങ്ങളുടെ നാട്ടിലൊക്കെ ഉമ്മ വെച്ചാണോ കൊതുകിനെ കൊല്ലുന്നത്..
“ഹാ ഞങ്ങളുടെ നാട്ടിൽ ചിലപ്പോൾ അങ്ങനെയും കൊല്ലാറുണ്ട് എന്താ നിങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നു ചോദിച്ചു ചമ്മൽ മറയ്ക്കാനായി കള്ള ദേഷ്യം കാട്ടി ഞാൻ എഴുന്നേറ്റു റൂമിനു പുറത്തേക്ക് ഇറങ്ങി..
പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു അമ്മയെ സഹായിക്കുന്നതിനിടയിൽ ഏട്ടൻ അങ്ങോട്ടേക്ക് ഒരുങ്ങി വന്നു..
“നീ ഇത്ര രാവിലെ തന്നെ ഇതെങ്ങോട്ടാടാ..
“അതുപിന്നെ അമ്മേ എനിക്ക് വിഷ്ണുവിന്റെ കൂടെ ഒരു സ്ഥലം വരെ പോവാനുണ്ട്..

“വിഷ്ണുവോ.. അതാരാ.
“അതെന്റെ കൂട്ടുകാരനാണ്..
“മ്മം…. എന്തിനാ ഇത്ര രാവിലെ തന്നെ പോവുന്നത്..
” അതുപിന്നെ ടൗണിൽ നിന്നും കുറച്ചു ദുരോട്ടാണ് പോവുന്നത്.. അവനിപ്പോൾ റെഡിയായി എന്നെ കാത്തു ടൗണിൽ നിൽപ്പുണ്ടായിരിക്കും..
“മ്മം പോവുന്നതൊക്കെ കൊള്ളാം നേരത്തും കാലത്തും വീട്ടിൽ എത്തിക്കോണം..
“ഓ ആയിക്കോട്ടെ അമ്മേ എന്നും പറഞ്ഞു ഏട്ടൻ പുറത്തേക്കു ഇറങ്ങി ..
പിന്നാലെ ഞാനും ചെന്നു..
പോവാനായി ഏട്ടൻ മുറ്റത്തേക്ക് ഇറങ്ങിയതും ഓടിന്റെ മുകളിൽ നിന്നും ഒരു പാമ്പ് മുന്നിലേക്ക് വീണു….
ഒരു നിമിഷം ഞങ്ങൾ രണ്ടും ഒന്നു ഞെട്ടി..
ഞാൻ നോക്കുമ്പോൾ അത് ബൈക്കിന്റെ അടുത്ത് നിന്നു കൊണ്ടു ഫണം വിടർത്തി ആടുകയാണ് ..
ഞാൻ വേഗം കണ്ണടച്ചു നാഗത്താന്മാരെ വിളിച്ചു പ്രാത്ഥിച്ചു.. അടുത്ത നിമിഷം തന്നെ ആ പാമ്പ് ഫണം താഴ്ത്തി കാവിലേക്ക് ഇഴഞ്ഞു പോയി….

അപ്പോഴാണ് എനിക്ക് രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് ഓർമ്മ വന്നത്.. ഏട്ടന് എന്തോ അപകടം വരാനുണ്ട് അതു തടയാൻ എനിക്ക് തന്ന മുന്നറിയിപ്പ് ആയിരിക്കും സ്വപ്നവും ഈ നിമിത്തവും എന്നെനിക്ക് തോന്നി.
“ഏട്ടാ ഏട്ടൻ ഇന്നെങ്ങോട്ടും പോവേണ്ട….
“അതെന്താടി ഇപ്പോൾ ഇങ്ങനെ പറയുന്നത്..
“ഏട്ടൻ പോവേണ്ട അത്ര തന്നെ..
“ഓഹോ ഞാൻ പോണോ വേണ്ടയോ എന്ന് നീയല്ല തീരുമാനിക്കുന്നത് ഞാനാ തീരുമാനിക്കുന്നത്..
“ഏട്ടാ ഞാൻ പറയുന്നത് കേൾക്ക്..
“നീ ഒരു കോപ്പും പറയേണ്ട ഞാൻ പോവാണെന്നും പറഞ്ഞു ഏട്ടൻ മുറ്റത്തേക്ക് ഇറങ്ങി ബൈക്കിൽ കയറി..
ഞാൻ വേഗം ബൈക്കിനു മുന്നിൽ ചെന്നു നിന്നു..
“ഏട്ടാ ഞാൻ പറയുന്നത് കേൾക്ക് ഏട്ടൻ പോവല്ലേ ഞാൻ വിടില്ല ഏട്ടനെ..
“ഡി മര്യാദക്ക് മാറി നിൽക്കാനാ പറഞ്ഞത് എനിക്ക് പോണം സമയം പോവുന്നു..
“ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ശെരി ഏട്ടനെ ഞാൻ എങ്ങോട്ടും വിടില്ല..
ഞങ്ങളുടെ സംസാരം കേട്ട് അമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.
“എന്താടാ ഇവിടെ ഒരു ബഹളം..
“ദേ കണ്ടോ അമ്മേ ഇവളെന്നെ പോവാൻ സമ്മതിക്കുന്നില്ല..
“അതെന്താ.. എന്താ മോളെ ഇത് അവൻ പോയിട്ട് വരട്ടെ..
“അമ്മേ അതുപിന്നെ ഏട്ടൻ പോയാൽ ശെരിയാവില്ല..
“എന്താ മോളെ നീ കാര്യം പറ..
“കാര്യം ഞാൻ പറയാം അമ്മേ അവൾക്കു വട്ട് മൂത്തു അത്ര തന്നെ..
“അല്ലമ്മേ ഏട്ടന് അപകടം പറ്റുന്നതായി ഇന്ന് വെളുപ്പിനെ ഞാൻ സ്വപ്നം കണ്ടിരുന്നു..
അത് മാത്രമല്ല ഏട്ടൻ മുറ്റത്തേക്കു ഇറങ്ങാൻ തുടങ്ങിയതും ഓടിന്റെ മുകളിൽ നിന്നും ഒരു പാമ്പ് മുറ്റത്തേക്ക് വീണു….
എന്നിട്ട് ഏട്ടന് വണ്ടിയിൽ കേറാൻ പറ്റാത്ത വിധം അത് തടസ്സം നിന്നു..
ഏട്ടന്റെ ഈ യാത്ര തടയാൻ വേണ്ടിയിട്ട് ആവും അതങ്ങനെ നിന്നത്..
എന്തെങ്കിലും ആപത്ത് വരും മുൻപ് നാഗത്താന്മാർ എനിക്ക് ഇങ്ങനെയൊക്കെ സൂചന തരാറുണ്ട്..
അതുകൊണ്ട് എനിക്കെന്തോ ഒരു ഉള്ളിൽ ഒരു പേടി..
“ഹഹഹ ഇപ്പോൾ മനസ്സിലായില്ലേ അമ്മേ അമ്മയുടെ മരുമോൾക്ക് വട്ടാണെന്ന് ..
ഈ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ.. ദുശ്ശകുനം മണ്ണാങ്കട്ട….
“ഡാ എന്നാലും അവളിങ്ങനെ പറയുമ്പോൾ എനിക്കും എന്തോ ഒരു പേടി ..
നീ ഇന്നെങ്ങും പോവേണ്ട..

“അമ്മക്കും തുടങ്ങിയോ വട്ട്.. വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടാൽ ഫലിക്കും, പാമ്പ് തടസ്സം നിന്നാൽ പോവരുത്.. എന്തൊക്കെ ഊളത്തരങ്ങളാണ് ഇതൊക്കെ..
എന്റെ അമ്മേ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ ആണ്..
“ഡാ എന്നാലും..
“ഒരു എന്നാലും ഇല്ല അവൻ എന്നെ നോക്കി നിൽക്കുവാണ് എനിക്ക് പോയെ പറ്റു..
“ദേവേട്ട പ്ലീസ് ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കു…..
“നീ ഒന്നു പോയേടി എന്നും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഏട്ടൻ പോയി….
കണ്മുന്നിൽ നിന്നും ബൈക്ക് മറയും വരെ ഏട്ടൻ പോവുന്നത് നോക്കി ഞാൻ നിന്നു..
പ്രഭാതസൂര്യനെ കാർമേഘം മെല്ലെ വിഴുങ്ങി കൊണ്ടിരുന്നു..
ആകെ ഒരു മൂകത ചുറ്റും പരന്നത് പോലൊരു തോന്നൽ..
എന്തോ ഒരു ഭയം മെല്ലെ എന്റെ മനസ്സിനെ കീഴടക്കി കൊണ്ടിരുന്നു..

“എന്റെ നാഗത്താന്മാരെ എന്റെ ഏട്ടന് ഒന്നും വരുത്തരുതേയെന്നു
താലിയിൽ പിടിച്ച് മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടു ഞാൻ നിന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ജാതകം: ഭാഗം 1 

ജാതകം: ഭാഗം 2

ജാതകം: ഭാഗം 3

ജാതകം: ഭാഗം 4

ജാതകം: ഭാഗം 5

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story