നന്ദ്യാർവട്ടം: Part 13

നന്ദ്യാർവട്ടം: Part 13

നോവൽ


നന്ദ്യാർവട്ടം: Part 13

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

വാതിൽക്കൽ നോക്കി നിൽക്കുന്ന ശബരി …!

അഭിരാമിയുടെ കണ്ണുകൾ ചടുലമായി ചുറ്റിനും സഞ്ചരിച്ചു ..

ആക്രമിക്കാനാണ് പുറപ്പാടെങ്കിൽ പ്രതിരോധിച്ചേ പറ്റൂ ….

” സോറി ബ്രേക്ക് ഫാസ്റ്റ് ഉണ്ടോ … എനിക്ക് പോകാറായി .. എവിടെയാന്ന് പറഞ്ഞാൽ മതി ഞാനെടുത്ത് കഴിച്ചോളാം ….” അവൻ പെട്ടന്ന് പറഞ്ഞു ..

അവൻ കുളിച്ച് പോകാനുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് …

” നിങ്ങൾ താഴേക്ക് പൊയ്ക്കോ .. ഞാനെടുത്തു തരാം … ” അവൻ കയറി വന്നത് തീരെ പിടിക്കാത്ത മട്ടിൽ തന്നെ അവൾ പറഞ്ഞു …

” പെങ്ങളെ ഇയാൾ കുഞ്ഞിന്റെ കാര്യം നോക്കിക്കോ .. ഞാനെടുത്ത് കഴിച്ചിട്ട് പൊയ്ക്കോളാം ….”

അവളവനെയൊന്ന് നോക്കി ..

” ഞാൻ താഴേക്ക് വരുവാ …..” അവൾ പറഞ്ഞു ..

പിന്നെയവൻ തർക്കിച്ചില്ല .. ഒന്നും പറയാതെ താഴേക്ക് ഇറങ്ങിപ്പോയി ..

പെങ്ങളോ ……!

ഇത് ശബരി തന്നെയല്ലേ …. ഇവന്റെ തലക്ക് ആരെങ്കിലും കാര്യമായിട്ട് പ്രഹരിച്ചോ ….

ഇത്ര പെട്ടന്ന് ഇവൻ നല്ലവനായോ …

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല …

അവനിൽ നിന്ന് അവളൊരിക്കലും ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചതല്ല …

അവൾ ആദിയെയും ഒക്കത്തെടുത്ത് താഴേക്ക് വന്നു ..

ശബരിക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് കൊടുത്തിട്ട് അവൾ കിച്ചണിലേക്ക് പോയി , ആദിക്ക് പാൽ തിളപ്പിക്കാനും മറ്റുമായി ..

ശബരി തനിയെ ഇരുന്ന് ഫുഡ് കഴിച്ചു ..

പോകാനായി അവൻ ബാഗുമെടുത്ത് വരുമ്പോൾ , അഭിരാമി സോഫയിലിരുന്ന് ആദിക്ക് പാൽ കൊടുക്കുന്നുണ്ട് …

” ആദിക്കുട്ടാ ….. അങ്കിൾ പോവാട്ടോ ….” ശബരി അവന്റെ തലയിൽ തൊട്ട് പറഞ്ഞു കൊണ്ട് നടന്നു …

അവൻ മലർന്ന് നോക്കി … പിന്നെ വിടർന്ന് ചിരിച്ചു ..

അത് തന്നോടു കൂടി പറഞ്ഞതാണെന്ന് അഭിരാമിക്ക് മനസിലായി .. അവൾ ഒന്നും മിണ്ടിയില്ല …..

അവൻ പോയിക്കഴിഞ്ഞപ്പോഴാണ് അവൾക്ക് ആശ്വാസമായത് …

എങ്കിലും അവനിലെ മാറ്റം …. അതവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല …

കുറച്ച് കഴിഞ്ഞ് മധുവിനെ വിളിക്കണം .. അവൾ മനസിൽ കണക്ക് കൂട്ടി ..

* * * * * * * * * * * * * *

വിനയ് അമലാകാന്തിയുടെ അരികിലുണ്ടായിരുന്നു …

അവൾക്ക് കൂടുതൽ കാര്യങ്ങളൊന്നും സംസാരിക്കാനോ മറ്റോ കഴിയുമായിരുന്നില്ല … റെസ്പോൺസുണ്ട് …

പറയുന്നതെല്ലാം മനസിലാക്കുന്നുണ്ട് …

മറുപടി പറയാൻ ശ്രമിക്കുന്നുണ്ട് ….

റൗണ്ട്സിനുള്ള സമയമായിരുന്നെങ്കിലും അവൻ അവർക്കൊപ്പം ജോയിൻ ചെയ്തില്ല …

എച്ച്ഒഡിയും മറ്റ് പ്രഫസേർസും സീനിയേർസും ജൂനിയേർസും ന്യൂറോ പിജി സും ഒക്കെ ചേർന്ന് ഒരുമിച്ച് ഉള്ള റൗണ്ട്സാണ് …

അതിനു ശേഷം ടീച്ചിംഗ് റൂമിൽ ഡിസ്കഷനും ഒക്കെയുള്ളതാണ് .. ഇന്ന് വിനയ് അതിൽ നിന്ന് വിട്ട് നിന്നു ..

അനീറ്റ സിസ്റ്റർ ആ വാർഡിലെ പേഷ്യൻസിന്റെ എല്ലാം കേസ് ഷീറ്റ് അതാത് ബെഡുകളിൽ കൊണ്ട് വച്ചിട്ട് പോയി ..

റൗണ്ട്സിന് ഡോക്ടേർസ് വരുവാണെന്ന് മനസിലായി ..

ബൈസ്റ്റാന്റേർസ് അവരവരുടെ രോഗികളുടെ ബെഡ് സൈഡ് ഒക്കെ നീറ്റാക്കി വച്ചു .. ചിലർ സ്കാനിംഗ് റിപ്പോർട്ടുകൾ ഒക്കെ , ചോദിച്ചാൽ എടുത്ത് കൊടുക്കാൻ പാകത്തിൽ വച്ചു …

ഇടനാഴിയിൽ സംസാരവും കാലൊച്ചയുടെ ശബ്ദവും കൂടി വന്നു ..

ഫസ്റ്റ് ബെഡിൽ അമലാ കാന്തിയാണ് …

അമലാകാന്തി കണ്ണ് തുറന്ന് കിടപ്പുണ്ട് ..

ഡോക്ടേർസ് കയറി വന്നു ….

അവളുടെയടുത്ത് വിനയ് ഉണ്ടായിരുന്നത് കൊണ്ട് എച്ച്ഒഡി അവന്റെയടുത്തേക്ക് വന്ന് നിന്നു സംസാരിച്ചു ..

മറ്റുള്ളവർ കൂടി വന്ന് ചേർന്നതും അമലാകാന്തി പെട്ടന്ന് കാലും കയ്യും ചലിപ്പിക്കാൻ തുടങ്ങി ..

അവൾക്കെന്തോ ബുദ്ധിമുട്ടുള്ളതുപോലെ …

അവളുടെ കൃഷ്ണമണികൾ ദ്രുതം ചലിക്കുന്നു ..

പെട്ടന്ന് ഒരു ക്രൗഡ് കണ്ടതിന്റെ റിയാക്ഷൻ ആണെന്ന് അവർ മനസിലാക്കി ..

ഒരാക്സിഡന്റ് ഷോക്കിൽ നിന്ന് വിമുക്തയാകുന്നതല്ലേയുള്ളു .. ചുറ്റുപാടുകൾ പലരീതിയിൽ സ്വാധീനിക്കുമെന്ന് അവർ സരസ്വതിയോട് പറഞ്ഞു …

ബാക്കി ഡോക്ടേർസ് അടുത്ത ബെഡുകളിലേക്ക് പോയി .. വിനയ് അമലാകാന്തിയുടെ സ്കാനിംഗ് റിപ്പോർട്ടുകൾ എടുത്ത് കൊണ്ട് ഡ്യൂട്ടി റൂമിലേക്ക് നടന്നു ..

പോകാൻ നേരം റൗണ്ട്സിലുണ്ടായിരുന്ന ശബരിയെ നോക്കി , പിന്നെ കാണാം എന്ന് ആഗ്യം കാണിച്ചു ..

* * * * * * * * * * * * * * *

ഫുഡ് ഒക്കെ റെഡിയാക്കി വച്ചിട്ട് അഭിരാമി ആദിയെയും എടുത്തു കൊണ്ട് വിനയ് യുടെ വീട്ടിലേക്ക് പോകാനിറങ്ങി …

പോകുന്ന വഴിയിൽ സേതു ടീച്ചറിന്റെ വീടിന് മുന്നിലെത്തിയപ്പോൾ ആദി അങ്ങോട്ട് വിരൽ ചൂണ്ടി ..

” ഫൂ………..”

” എന്താടാ ചക്കരെ …..?” അഭിരാമി ചോദിച്ചു ..

” ഈ ….. ബൂ…. ” അവൻ സേതു ടീച്ചറിന്റെ മതിലിന് പുറത്തേക്ക് വളർന്ന് നിൽക്കുന്ന നന്ദ്യാർവട്ടപ്പൂക്കളുടെ നേർക്ക് വിരൽ ചൂണ്ടി …

” പൂവേണോടാ ….” അവൾ നീട്ടി ചോതിച്ചു…

” മ് ….”

” അത്രേള്ളോ … മമ്മ പിച്ചി തരാല്ലോ …..”

അവൾ അവനെയും കൊണ്ട് മതിലിനടുത്തേക്ക് ചെന്ന് നന്ദ്യാർവട്ടപ്പൂക്കൾ പിച്ചി കൊടുത്തു ….

തൊട്ടടുത്ത് നിന്ന മൊസാണ്ടയിൽ നിന്നും കൂടി അവൾ പൂവിറുത്ത് കൊടുത്തു ..

അവനത് കൈയിൽ വാങ്ങിയെങ്കിലും , ഇഷ്ടം നന്ദ്യാർവട്ടപ്പൂക്കളോടാണെന്ന് അവൾക്ക് മനസിലായി ..

അഭിരാമി മതിലിനു മുകളിലൂടെ അകത്തേക്ക് നോക്കി ..

പുറത്തൊന്നും ആരെയും കണ്ടില്ല ….

അവൾ ആദിയെയും കൊണ്ട് നടന്നു …

* * * * * * * * * * *

വിനയ് OT യിൽ ചെന്നപ്പോൾ ഷംന സിസ്റ്റർ തീയറ്ററിൽ ആയിരുന്നു …

അവൻ നേരെ ഐസിയുവിൽ ചെന്നു ..
ഐസിയു വിൽ ജിൻസി സിസ്റ്ററുണ്ടായിരുന്നു ഡ്യൂട്ടിയിൽ …

” സാറിനെ ഇന്ന് റൗണ്ട്സിന് കണ്ടില്ലല്ലോ .. ” ശ്യാമള സിസ്റ്റർ ചോദിച്ചു ..

” കുറച്ച് ബിസിയായിരുന്നു …. ” അവൻ ചിരിച്ചു …

എന്നിട്ട് നേരെ ബെഡുകൾക്ക് നേരെ പോയി ..

പേഷ്യൻസിനെ നോക്കിയിട്ട് അവൻ തിരിച്ച് ഡ്യൂട്ടി സെക്ഷനിൽ വന്നു ..

” ജലജയുടെ കേസ് ഷീറ്റ് എടുത്തു കൊണ്ട് വന്നേ സിസ്റ്ററേ .. ” അവൻ ജിൻസി സിസ്റ്ററോട് പറഞ്ഞു ..

എന്നിട്ട് നേരെ ജലജ എന്ന പേഷ്യന്റിന്റെ അടുത്തേക്ക് പോയി ..

സിസ്റ്റർ അപ്പോ തന്നെ കേസ് ഷീറ്റുമെടുത്ത് കൂടെ ചെന്നു …

പേഷ്യന്റിനെ നോക്കുന്നതിനിടയിൽ തന്നെ ആ ഭാഗത്ത് വേറാരുമില്ലെന്ന് അവൻ ഉറപ്പ് വരുത്തി ..

” സിസ്റ്ററിന് സർജറി വാർഡിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടോ …? ”

” ബുദ്ധിമുട്ടില്ല സർ … എന്താ …”

” സിസ്റ്ററോ ഷംന സിസ്റ്ററോ ആരെങ്കിലുമൊരാൾ വാർഡിൽ വേണം .. അമലാ കാന്തിയെ ശ്രദ്ധിച്ചേ പറ്റൂ … ”

” എനിക്ക് കുഴപ്പമില്ല സർ … ബട്ട് ഡ്യൂട്ടി എങ്ങനെ മാറും .. ” ജിൻസി സിസ്റ്റർ ആശയക്കുഴപ്പത്തിലായി ..

” അത് ഞാൻ നർസിംഗ് സൂപ്രണ്ടിനെ കണ്ട് ശരിയാക്കിക്കോളാം .. ”

” ങും ……. ആ പെൻഡ്രൈവ് നോക്കിയിരുന്നോ ..?.”

അവനൊന്ന് പതറി … മിസ് ആയെന്നെങ്ങനെ പറയും ..

” നോക്കാൻ പറ്റിയില്ല .. മാരേജ്ന്റെ തിരക്കായിരുന്നു .. അത് നോക്കാനുള്ള ഒരു പ്രൈവസി കിട്ടിയില്ല … നോക്കാം ഞാൻ … ” അവൻ പറഞ്ഞു ..

” ങും … മോൻ വൈഫുമായിട്ട് ഇണങ്ങിയോ സർ … ”

” ഓ .. അതൊക്കെ സെക്കന്റ് ഡേ തന്നെ അവർ റെഡിയാക്കി …..” അവൻ ചിരിച്ചു …

” ഫങ്ഷൻസ് ഒക്കെ വരുമ്പോ സർ വൈഫിനെ കൊണ്ട് വരണെ .. ഞങ്ങളന്ന് റിസപ്ഷന് കണ്ടതെയുള്ളു .. പരിചയപ്പെടാൻ കഴിഞ്ഞില്ല … ” സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു ..

” ഷുവർ …..” അവനും ചിരിച്ചു …

” അപ്പോ ഞാൻ സൂപ്രണ്ടിനെ കണ്ട് , സിസ്റ്ററിന്റെ ഡ്യൂട്ടി അങ്ങോട്ട് മാറ്റട്ടെ .. ”

” മാറ്റിക്കോളൂ സാർ …” ജിൻസി സിസ്റ്റർ ഉറപ്പ് കൊടുത്തു ..

” പിന്നെ …. ഒന്ന് ശ്രദ്ധിച്ചോണം .. എല്ലാവരെയും .. നമുക്കിടയിൽ തന്നെ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ … ” വിനയ് മുന്നറിയിപ്പ് കൊടുത്തു ..

” ഞങ്ങളിത് സറിനോട് പറയാനിരിക്കുകയായിരുന്നു .. കഴിഞ്ഞ ദിവസം ഷംന സിസ്റ്ററും പറഞ്ഞിരുന്നു .. ആരൊ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് .. ” ജിൻസി പറഞ്ഞു ..

” എന്തു പറ്റി .. എന്തെങ്കിലും പ്രശ്നമുണ്ടായോ …. ” അവൻ ജാഗരൂഗനായി …

” അങ്ങനെ ചോദിച്ചാൽ , കഴിഞ്ഞ ദിവസം ഞാനും ഷംന സിസ്റ്ററും കാന്റീനിൽ ഇരിക്കുമ്പോ , നമുക്ക് പിന്നിൽ ആ അരുൺ ഉണ്ടായിരുന്നു .. അയാൾ നമ്മളെ വാച്ച് ചെയ്യുവായിരുന്നു എന്ന് ഷംന സിസ്റ്റർ പറയുന്നു … ”

” ആരാ … അറ്റൻഡർ അരുൺ ആണോ …? ” വിനയ് ചോദിച്ചു ..

” അതേ … സർ …. പിന്നെ എനിക്കും തോന്നി അത് … ഇവിടെയൊക്കെ വന്നപ്പോ .. അയാളുടെ നോട്ടത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു സർ … പക്ഷെ ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല .. ” ജിൻസി സിസ്റ്റർ തന്റെയുള്ളിലെ ആശങ്ക മറച്ചു വച്ചില്ല ..

വിനയ് നെറ്റി ചുളിച്ചു …

ശരിയാണ്… അരുണിനെ ഇന്ന് പലവട്ടം താൻ വാർഡിൽ വച്ച് കണ്ടിരുന്നു …

അവൻ മെല്ലെ തലയിളക്കി …

” ശരി സിസ്റ്റർ …. ടേക് കെയർ … ” അവൻ പറഞ്ഞു ..

************ *** **

ഉച്ചയാകാറായപ്പോൾ അഭിരാമി ആദിയെയും കൊണ്ട് തിരികെയിറങ്ങി…

തിരിച്ച് സേതു ടീച്ചറിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ വീണ്ടും അങ്ങോട്ട് വിരൽ ചൂണ്ടി …

” ആഹാ ….. ഇനിയും വേണോടാ പൂവ് …. നിനക്കെന്താടാ കള്ളാ … ഇതത്രക്ക് ഇഷ്ടാണോ ….” അവളവന്റെ കുഞ്ഞു വയറ്റിൽ ഇക്കിളിയിട്ടു കൊണ്ട് ചോദിച്ചു ..

” ആ …….” അവൻ ചിരിച്ചു മയക്കി ..

അവളവനെയും കൊണ്ട് അങ്ങോട്ട് ചെന്നപ്പോൾ , മതിലിനകത്ത് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു ..

അവരോട് ചോദിക്കണോ …. അവളൊന്നാലോചിച്ചു ..

പിന്നെ ഒരു ഐഡിയ തോന്നി ..

അവൾ ചെന്ന് ഗേറ്റിൽ തട്ടി വളിച്ചു ..

” ഹലോ … ”

അകത്ത് , മുറ്റത്ത് നിൽക്കുന്ന ചെറു പുല്ലുകൾ പിഴുതു കൊണ്ട് നിന്ന സ്ത്രീ തലയുയർത്തി നോക്കി …

” ആഹാ …. ഇതാര് ആദിക്കുട്ടനോ ….. വാ … വാ ….. ” അവർ ചിരിച്ചു കൊണ്ട് വന്ന് ഗേറ്റു തുറന്ന് കൊടുത്തു ..

അൽപം പ്രായമുള്ള സ്ത്രീയാണ് ..

” കയറി വാ മോളെ … ” അവർ ക്ഷണിച്ചു ..

അഭിരാമി ചിരിച്ചു …

” ഞാനങ്ങോട്ട് ഇറങ്ങണമെന്ന് എന്നും വിചാരിക്കും .. പക്ഷെ സമയം കിട്ടില്ല … വൈകിട്ട് കുട്ടികൾ ട്യൂഷന് വരുവേ … ” അവർ പറഞ്ഞു ..

” ഞാനെന്താ വിളിക്കേണ്ടേ .. നിക്ക് .. ” അവൾ പരിങ്ങലോടെ ചോദിച്ചു ..

” വിനയ് പരിചയപ്പെടുത്തിയില്ല അല്ലേ … അല്ലേലും അവന് സമയമില്ലല്ലോ .. എന്നെ ഇവിടെ എല്ലാവരും ടീച്ചറെന്നാ വിളിക്കുന്നേ …. മോളങ്ങനെ വിളിച്ചാ മതി .. ”
അവർ ചിരിയോടെ പറഞ്ഞു ..

” ഓ ….സേതു ടീച്ചർ … അമ്മ പറഞ്ഞ് കേട്ടാരുന്നു … ”

” അതേ … ഇവിടുത്തെ സാറും വിനയ് യുടെ അച്ഛനും തമ്മിൽ അകലത്തിലൊരു ബന്ധമുണ്ട് .. ഞാൻ ഹെഡ്മിസ്ട്രസ് ആയിട്ട് റിട്ടയേർഡ് ആയതാ …” അവർ പരിചയപ്പെടുത്തി …

” ആദിക്ക് ഈ നന്ദ്യാർവട്ടപ്പൂക്കൾ വലിയ ഇഷ്ടാണ് .. അങ്ങ്ട്‌ പോയപ്പോഴും ഇങ്ങ്ട് വന്നപ്പോഴും ഇത് വേണം ന്ന് പറയുന്നു …. ” അഭിരാമി പറഞ്ഞു …

” ഉവ്വ് … അവനത് വലിയ ഇഷ്ടാ … വിനയ് ഇത് വഴി പോകുമ്പോഴൊക്കെ ഇറുത്തു കൊടുക്കും … ” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ..

” ഇതിന്റെ കമ്പാണോ നടുന്നേ …. ” അഭിരാമി ചോദിച്ചു ..

” കമ്പും നടാം… ചോട്ടിൽ തൈ കാണും .. അത് നട്ടാലും മതി …..” സേതു ടീച്ചർ പറഞ്ഞു ..

” ഒരെണ്ണം തരോ ….” അവൾ ചോദിച്ചു ..

” പിന്നെന്താ … കമ്പ് വെട്ടിത്തരാം .. അതാകുമ്പോ വേഗം പൂക്കും …..” അവർ പറഞ്ഞിട്ട് അകത്ത് പോയി കത്തിയെടുത്തു കൊണ്ട് വന്ന് , നല്ലൊരു കമ്പ് നോക്കി വെട്ടിക്കൊടുത്തു ……

അഭിരാമി സന്തോഷത്തോടെ അത് വാങ്ങി …

” പോട്ടെ ടീച്ചറേ … ഏട്ടൻ വരാറായി .. ഫുഡ് കഴിക്കാൻ … ഞങ്ങൾ പിന്നീടിങ്ങോട്ട് വരാം … ”

” നിൽക്ക് മോളെ …..” പറഞ്ഞിട്ട് അവർ പോയി ഒരു കിറ്റിൽ എന്തോ എടുത്തു കൊണ്ട് വന്നു ..

” ഇത് ചാണകപ്പൊടിയും തേയിലകൊത്തും പച്ചക്കറി വേസ്റ്റും കൊണ്ടുണ്ടാക്കിയ വളമാണ് .. ചെടിക്കിട്ട് കൊടുത്താൽ പെട്ടന്ന് പൂക്കും ….. ഇവിടെ ദേ ഒരുപാട് ചെടികളുണ്ട് … പിന്നിൽ ഒരടുക്കളത്തോട്ടവും ഉണ്ട് … മോൾക്ക് ആവശ്യമുള്ളത് കൊണ്ട് പോയി നട്ടോളു … ”

അഭിരാമി നോക്കി … ശരിയാണ് .. അവിടെയൊരു കൊച്ച് പൂന്തോട്ടം തന്നെയുണ്ട് …

” എന്തായാലും മോൾക്ക് താത്പര്യം ഉണ്ടെന്ന് മനസിലായി .. എന്നുമിങ്ങനെ ഇവിടുന്ന് പൂവെടുക്കുന്നതിനേക്കാൾ വീട്ടിൽ ഒന്ന് നട്ടാൽ പോരെ എന്ന് തോന്നിയല്ലോ .. എല്ലാവർക്കും അങ്ങനെ തോന്നാറില്ല .. തോന്നിയാലൊട്ട് ചെയ്യാറുമില്ല …. പക്ഷെ നമ്മൾ ഉള്ള സ്ഥലത്ത് കൃഷി ചെയ്യണമെന്ന അഭിപ്രായക്കാരിയാ ഞാൻ … കഴിയുന്നതും ഞാനിത് എല്ലാവരോടും പറയാറുണ്ട് .. നമ്മുടെ കുഞ്ഞുങ്ങൾ പൂക്കളും ചെടികളും ഒക്കെ കണ്ട് , അവയുടെ ഗന്ധമറിഞ്ഞ് വളരണം ….” അവർ പറഞ്ഞു …

അഭിരാമി അതെ എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു ….

” ഞങ്ങൾ പോട്ടെ ടീച്ചറേ … ”

” ചെല്ല് മോളെ … ഞങ്ങളങ്ങോട്ട് വരാം … ”

അവൾ തലയാട്ടി ..

തിരിച്ചു വരുമ്പോൾ അവൾ ആദിയോട് പറഞ്ഞു …

” ആദിക്കുട്ടാ … ഇനി ആദിക്കുട്ടന്റെ ഫേവറേറ്റ് പൂവ് നമ്മുടെ വീട്ടിൽ തന്നെ പൂക്കുട്ടോ… ന്റെ ആദിക്കുട്ടന് വേണ്ടീട്ട് ….”

അവൻ ചിരിച്ചു …

തിരിച്ചു വന്ന് അകത്ത് കയറി ഗേറ്റടച്ചിട്ട് അവൾ ചുറ്റും നോക്കി … ഏറെ ഭാഗവും തറയോടാണ് …

വലത് വശത്ത് കുറച്ച് ഭാഗം ഒഴിഞ്ഞ് കിടപ്പുണ്ട് .. അവിടുന്ന് പുറക് വശത്തേക്ക് തറയോട് വിരിച്ചിട്ടില്ല …

അവൾ അങ്ങോട്ട് ചെന്നു … പറ്റിയൊരു സ്ഥലം കണ്ട് പിടിച്ചു …

ആദിയെ തറയിൽ നിർത്തി ..

പിന്നെ പിന്നിൽ പോയി ചെറിയ മൺവെട്ടി എടുത്തു കൊണ്ട് വന്നു .. ആദി അവൾക്ക് പിന്നാലെ അങ്ങോട്ടുമിങ്ങോട്ടും ഓടി …

” ആദിക്കുട്ടൻ മാറി നിന്നേ …..” അവൾ പറഞ്ഞു ..

അവൻ നോക്കി നിന്നു ..

അവളവനെ അൽപം മാറ്റി നിർത്തിയിട്ട് , വന്ന് ഒരു ചെറിയ കുഴിയെടുത്തു …

” ഇനി ആദിക്കുട്ടനിങ്ങ് വാ …. ” അവൾ വിളിച്ചപ്പോൾ അവൻ ഓടി ചെന്നു ..

നന്ദ്യാർവട്ടത്തിന്റെ കമ്പ് അവളെടുത്ത് അവന്റെ കൈയിൽ വച്ച് കൊടുത്തു ..

എന്നിട്ട് അവൾ കൂടി പിടിച്ചു കൊണ്ട് അത് മണ്ണിലേക്ക് താഴ്ത്തി വച്ചു …

ചുറ്റിനുമുള്ള മണ്ണ് അവൾ നീക്കിയിടുന്നത് കണ്ടപ്പോൾ അവനും അവന്റെ കുഞ്ഞ് കൈകൊണ്ട് അത് പോലെ ചെയ്തു …

പിന്നെ അവൾ തന്നെ പോയി ഹോസ് എടുത്തു കൊണ്ട് വന്ന് , അവന്റെ കൈ കൊണ്ട് പിടിപ്പിച്ച് , അവൾ കൂടി പിടിച്ചു കൊണ്ട് വെള്ളമൊഴിച്ചു കൊടുത്തു ….

പിന്നെ അവളവനെ കൈയിൽ എടുത്തു …

” നമ്മളിവിടെ … ഒത്തിരിയൊത്തിരി പൂക്കൾ നടുമല്ലോ … എന്നിട്ട് നമ്മളതിന് ഒരോ പേരിടും … ദേ ഈ നന്ദ്യാർവട്ടത്തിന് നമ്മളെന്ത് പേരാ ഇടണേന്നറിയോ ആദിക്കുട്ടന് …. ”

അവൻ അവളെ നോക്കി …

” ആദി ……. ഇഷ്ടായോ ” അവൾ ചോദിച്ചു ..

അവൻ ചിരിച്ചു…

” വിളിച്ചേ … ആദീന്ന് …..”

” ആരീ……………” അവൻ വിളിച്ചു …

” ഇനി നമ്മളിവിടെ ഓരോന്നിനും മമ്മയുടേം പപ്പയുടേം ഒക്കെ പേരിടൂലോ …. പിന്നെ ഈ ഗാർഡനും ഒരു പേരിടും .. ആദിസ് ഗാർഡൻ … ” അവൾ അവനെ കൊഞ്ചിച്ചു …

അവൻ മതിമറന്ന് ചിരിച്ചു കൊണ്ടേയിരുന്നു ..

* * * * * * * * * * * * * * * * * * * * * *

ശബരി വരുമ്പോൾ വിനയ് ഡ്യൂട്ടി റൂമിലുണ്ടായിരുന്നു ..

ശബരിയെ കണ്ടപ്പോൾ അവൻ പോക്കറ്റിൽ നിന്ന് ഒരു വിസിറ്റിംഗ് കാർഡ് എടുത്തു ..

” ഡാ … ഇത് എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ അഡ്രസാണ് .. അവർ റെന്റിന് വീട് കൊടുക്കുന്നുണ്ട് .. നീ പറഞ്ഞ റെയ്ഞ്ചിലുള്ള വാടകയേ ഉള്ളു .. നീയൊന്ന് പോയി കണ്ടു നോക്ക് … ഇത് നല്ല ഫെസിലിറ്റിയൊക്കെയുള്ള വീടാണ് .. ഇവിടുന്ന് 20 മിനിട്ട് പോകാനേയുള്ളു ..” അവൻ പറഞ്ഞു ..

ശബരിയുടെ മുഖം കറുത്തു ..

വീട്ടിൽ നിന്ന് മാറിക്കോളാൻ അവൻ തുറന്ന് പറഞ്ഞില്ല എന്നേയുള്ളു … പക്ഷെ പറഞ്ഞത് അത് തന്നെയാണ് .. തനിക്ക് പ്രതിരോധിക്കാൻ പഴുതില്ലാത്ത വിധം എല്ലാം റെഡിയാക്കിയിട്ട് പറയുന്നു ..

” പോകാടാ … ഞാനിപ്പോ നിന്റെ കൂടെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു .. ഈ ഡ്രസ് ഒന്നു ചെയ്ഞ്ച് ചെയ്യണം .. ആ പന്ത്രണ്ടിലെ കുട്ടിയുടെ റിഫ്ലക്സ് നോക്കുന്നതിനിടെ വൊമിറ്റ് ചെയ്തു .. കുറച്ച് എന്റെ പുറത്തും വീണു … ” ശബരി പറഞ്ഞു …

” എടാ … എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ട് … അത് കഴിഞ്ഞേ ഇറങ്ങാൻ പറ്റൂ .. നീ പോയ് ഡ്രസ് മാറ്റി ഫുഡും കഴിച്ചിട്ട് പൊയ്ക്കോ .. ഞാൻ ആമിയെ വിളിച്ച് പറഞ്ഞോളാം ….” വിനയ് പറഞ്ഞു ..

” ഒക്കെ ഡാ ….” പറഞ്ഞിട്ട് അവൻ തന്റെ ബാഗെടുത്തു കൊണ്ടിറങ്ങി ..

കോറിഡോറിലേക്കിറങ്ങിയിട്ട് അവൻ തിരിഞ്ഞ് ഡ്യൂട്ടി റൂമിലേക്ക് നോക്കി .. പകയോടെ …

വിനയ് ആ സമയം ഫോണെടുത്ത് അഭിരാമിയുടെ നമ്പർ കോളിലിട്ടു ..

അവൾ ഹാപ്പിയാകും .. അവളെ കുറ്റം പറയാൻ പറ്റില്ല ..

അത് കഴിഞ്ഞിട്ട് ജിൻസി സിസ്റ്ററെ വാർഡ് ഡ്യൂട്ടിയിലേക്ക് മാറ്റാനുള്ള കാര്യങ്ങൾ ചെയ്യണം … നരസിംഗ് സൂപ്രണ്ടിനോട് അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ അവൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു ..

* * * * * * * * * * * * * * * *

ശബരി മുറിയിലിരുന്ന് ആലോചനയിലാണ്ടു….

ഒരു വഴി കണ്ടു പിടിച്ചേ പറ്റൂ ….

അവൻ വേഗം എഴുന്നേറ്റ് ഡ്രസ് ചെയ്തു .. പിന്നെ തന്റെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് ഒരുക്കി വച്ചു …

പിന്നെ ബെഡിലേക്ക് കയറിക്കിടന്നു …

വിനയ് വരുമ്പോഴേക്കും എന്തെങ്കിലും ഒന്ന് ചെയ്യണം …

സമയമങ്ങനെ ഇഴഞ്ഞു നീങ്ങി …

ഗേറ്റിനടുത്ത് ഹോൺ കേട്ടതും അവൻ ചാടിയെഴുന്നേറ്റു ..

അവൻ വിൻഡോയിലൂടെ നോക്കി … ഗേറ്റ് തുറന്നു കിടപ്പുണ്ട് .. വിനയ് യുടെ കാർ അകത്തേക്ക് കയറ്റാനായി വളക്കുന്നു .. അതൊരൽപം സമയമെടുക്കുമെന്ന് അവനറിയാം ..

ശബരി വേഗം ഡോറിന്റെ താഴ് മാത്രം മാറ്റി വച്ചു ..

എന്നിട്ട് തിരിച്ച് വന്നു …. ആമിയെ നോക്കി ..

താഴെയെങ്ങും അവളില്ലായിരുന്നു .. അവൻ സ്റ്റെപ് കയറി മുകളിൽ ചെന്നു … ടെറസിലേക്കിറങ്ങാനുള്ള ഡോർ തുറന്ന് കിടക്കുന്നു ..

അവൻ ശബ്ദമുണ്ടാക്കാതെ വിനയ് യുടെ റൂമിൽ ചെന്ന് നോക്കി ..

അവിടെ ആദി കിടന്നുറങ്ങുന്നുണ്ട് …

അവൻ ചുറ്റും നോക്കി .. അഭിരാമി അവിടെയെങ്ങുമില്ല ..

അവൻ ടെറസിലേക്കുള്ള ഡോറിനടുത്തേക്ക് ചെന്നു … അവിടെയും അവളില്ല …

അവൻ മെല്ലെ പുറത്തിറങ്ങി ടെറസിലേക്കുള്ള ഒന്ന് രണ്ട് സ്റ്റെപ്പ് കയറി നോക്കി ..

യെസ്‌ … അഭിരാമി മുകളിൽ തുണി വിരിച്ചു കൊണ്ട് നിൽപ്പുണ്ട്..

അവൻ വേഗം തിരിച്ചു വന്നു …

പിന്നെ വിനയ് യുടെ റൂമിലേക്ക് കയറി … ആദി ഉരുണ്ട് വിഴാതിരിക്കാൻ അവൾ വച്ചിരുന്ന രണ്ട് പില്ലോയും എടുത്ത് മാറ്റി വച്ചു …

പിന്നെ ആദിയെ കൈയിലെടുത്തു ….

തറയിൽ നിന്ന് അൽപം ഉയർത്തിപ്പിടിച്ചിട്ട് നിലത്തേക്കിട്ടു ……

🚫 കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ് …(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story