ശ്രാവണം- ഭാഗം 17

ശ്രാവണം- ഭാഗം 17

” ജിഷ്ണു എന്തു ചെയ്യുന്നു ….?” ” KSEB ൽ ആണ് .. എക്‌സിക്യൂട്ടിവ് എഞ്ചിനിയർ …..” ” ഓ നൈസ് … ആം ഡോക്ടർ ആദിത്യൻ മേനോൻ … പീഡിയാട്രീഷൻ ആണ് … ഇവിടെയാ വർക്ക് ചെയ്യുന്നേ …. ” ” ഇവിടെ അടുത്താണോ താമസം …….?” “അതെ … ഒരു ഫൈവ് മിനിറ്റ് ഡ്രൈവ് .. ആക്ച്വലി ഞാൻ ഡ്യൂട്ടിക്ക് വന്നതാ … ഇല്ലായിരുന്നെങ്കിൽ രണ്ടാളെയും കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിർത്തിയിട്ടേ ബാക്കി കാര്യമുണ്ടായിരുന്നുള്ളു. …..”

ആദിത്യൻ പറഞ്ഞു … ജിഷ്ണുവും ശ്രാവന്തിയും ചിരിച്ചു … ” അല്ല .. നീയിപ്പോ എന്ത് ചെയ്യുന്നു ശ്രാവി ….?” ആദിത്യൻ ശ്രാവന്തിയെ നോക്കി …. ” അഡ്വക്കേറ്റാണ് ……..” ” വൗ …. വെരി നൈസ് …. അപ്പോ അന്ന് വെറുതെ പറഞ്ഞതല്ല … പഠിച്ച് അഡ്വക്കേറ്റ് ആകുമെന്ന് .. അച്ഛന് ഇതൊരു സർപ്രൈസ് ആയിരിക്കും …. അച്ഛന്റെ വക്കീൽ കോട്ടെടുത്ത് വച്ച് നീ കൊറെ കളിച്ചതല്ലേ ……” ശ്രാവന്തി ചമ്മലോടെ ചിരിച്ചു … ” നമ്മുടെ കുഞ്ഞാവി എന്ത് പറയുന്നു … ” ആദിത്യൻ ശിവയെ കുറിച്ച് ചോദിച്ചു … ” അവളിപ്പോ പ്ലസ്റ്റൂ ആയി .. “

” പിള്ളേരൊക്കെ വളർന്നുല്ലേ … ” ആദിത്യൻ സ്വാതന്ത്യത്തോടെ ശ്രാവന്തിയോട് സംസാരിക്കുന്നത് ജിഷ്ണു ശ്രദ്ധിച്ചു … ആ സമയം ജിഷ്ണുവിന് ഒരു ഫോൺ വന്നു … ” നിങ്ങൾ സംസാരിക്ക് … ഞാനിപ്പോ വരാം … ” ഫോൺ എടുത്തുകൊണ്ട് ജിഷ്ണു അവരോട് പറഞ്ഞിട്ട് അൽപം മാറി നിന്നു … ” ചേച്ചിയിപ്പോ എവിടെയാ … …..?” ” അവൾ വീട്ടിലുണ്ട് …..” ” മര്യേജ് കഴിഞ്ഞോ …..” ആദിത്യന്റെ മുഖം മ്ലാനമായി … ശ്രാവന്തിയത് ശ്രദ്ധിച്ചു ….. ” അവൾ …… അവൾ ഒന്നര വർഷായി കിടപ്പിലാ ……”

അവൻ വിഷാദം കലർന്നൊരു പുഞ്ചിരിയോടെ പറഞ്ഞു . ശ്രാവന്തി അമ്പരന്നു …. ” അയ്യോ …. എന്ത് പറ്റിയതാ …….” ” ഒരു സൂയിസൈഡ് അറ്റംപ്റ്റ് … പക്ഷെ ഞാൻ കണ്ടു … ജീവൻ മാത്രം പോയില്ല … തളർന്നു കിടപ്പാ .. ” അവന്റെ കണ്ണുകളിൽ ഒരു തുള്ളി നീർ പൊടിഞ്ഞു …. ശ്രാവന്തി മിഴിച്ചു നിന്നു …. കുറേ സമയത്തേക്ക് അവൾക്ക് ശബ്ദം പോലും പുറത്തേക്ക് വന്നില്ല … അപ്പോഴേക്കും ജിഷ്ണു അവർക്കടുത്തേക്ക് വന്നു …. ശ്രാവന്തിയുടെ മുഖം വല്ലാതിരിക്കുന്നത് ജിഷ്ണു ശ്രദ്ധിച്ചു …. “

എന്നാൽ പോകാം നമുക്ക് ….?” ജിഷ്ണു ചോദിച്ചു … ശ്രാവന്തി തലയാട്ടി … പോകാൻ നേരം ജിഷ്ണുവിന്റെ നമ്പർ ആദിത്യൻ വാങ്ങി … ” രണ്ടാളും വീട്ടിലേക്ക് വരണം .. അക്കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല .. ” ആദിത്യൻ പറഞ്ഞു .. ജിഷ്ണുവും ശ്രാവന്തിയും സമ്മതത്തോടെ ചിരിച്ചു … ആദിത്യനോടു യാത്ര പറഞ്ഞു ഇരുവരും പാർക്കിംഗിലേക്ക് നടന്നു .. അവർ പോകുന്നത് നോക്കി നിന്നിട്ട് ആദിത്യൻ തന്റെ ഡ്യൂട്ടികളിലേക്ക് ഊളിയിട്ടു …. കാറിലിരിക്കുമ്പോൾ ശ്രാവന്തിയുടെ മുഖം ജിഷ്ണു ശ്രദ്ധിച്ചു … “

എന്തു പറ്റി തന്റെ മുഖത്തൊരു വാട്ടം ….” ” ജിഷ്ണുവേട്ടാ ആദിയേട്ടന് ഒരു അനുജത്തിയിണ്ട് .. എന്നെക്കാൾ മൂത്തതാ … അനഘ … ആ ചേച്ചി സൂയിസൈഡ് അറ്റംപ്റ്റ് നടത്തി .. ഇപ്പോ തളർന്നു കിടക്കാത്രേ ……..” ” ഓ … സാഡ് ….” ജിഷ്ണു ഡ്രൈവിംഗിനിടയിലും അവളുടെ മുഖത്തേക്ക് പാളി നോക്കി …. ” എന്തിനാ സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയേ ….?” ” അതൊന്നും ചോദിക്കാൻ തോന്നിയില്ല .. ഞാൻ ഷോക്ക്ഡ് ആയി പോയി …

എന്റെ മനസിൽ ഇപ്പോഴും ചേച്ചീടെ ആ പഴയ രൂപം ണ്ട് … എന്തൊരു സ്മാർട്ടായിരുന്നു … ചേച്ചി അങ്ങനെ ചെയ്യാൻ ശ്രമിച്ചു എന്നു പോലും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .. ” അവൾ അമ്പരപ്പ് വിടാതെ പറഞ്ഞു … ” ചില സാഹചര്യങ്ങളിൽ മനുഷ്യന്റെ നില വിട്ട് പോകും ….” ” എന്നാലും ……….” ” നീ ഇത് പോലെ എത്ര വിഷയങ്ങൾ ഫേസ് ചെയ്യുന്നതാ .. ആ നീ ഇങ്ങനെ ഡെസ്പ് ആയാലോ ….?” ജിഷ്ണു ചോദിച്ചു … “

ശരിയാ ജിഷ്ണുവേട്ടാ … ക്ലയൻസിന്റെ കൂട്ടത്തിൽ ആത്മഹത്യ ശ്രമം നടത്തിയവരും , അതിനു പ്രേരണ കൊടുത്തിട്ടുള്ളവരും ഒക്കെയുണ്ട് … എന്നാലും അടുത്തറിയുന്നവർക്ക് ഇങ്ങനെ വരുമ്പോ .. അതാ.. .” അവൾക്കാ വിഷയം വല്ലാതെ ഫീലിയിട്ടുണ്ടെന്ന് ജിഷ്ണുവിന് മനസിലായി … ” ഇതാ തന്റെ ആറ്റിറ്റ്യൂഡെങ്കിൽ എങ്ങനെ ആ വീട്ടിൽ പോയി ആ കുട്ടിയെ കാണും …? ” ജിഷ്ണു ചോദിച്ചു … ” ആറ്റിറ്റ്യൂഡ് എന്തായാലും എനിക്ക് പോയി കാണണം ജിഷ്ണുവേട്ടാ …. പാവം ചേച്ചി ….” അവളുടെ തൊണ്ടയിടറി …

ജിഷ്ണു നെടുവീർപ്പിട്ടു … ” നമുക്കൊരു മൂവി കണ്ടിട്ട് പോയാലോ … തന്റെയീ മൂടൊക്കെയൊന്നു മാറട്ടെ …. ” ജിഷ്ണു പറഞ്ഞപ്പോൾ അവനെ വിഷമിപ്പിക്കേണ്ടന്ന് കരുതി അവൾ എതിർത്തില്ല … അവളുടെ ഓർമകൾ ഭൂതകാലത്തിൽ കുരുങ്ങിക്കിടന്നു …. ” യുവർ ഓണർ … ഈ വീട്ടിൽ എന്റെ കക്ഷി അനഘക്ക് വേണ്ടി ചിക്കനോ മട്ടണോ ബീഫോ വയ്ക്കാതെ , സഹോദരൻ ആദിത്യൻ ലീവിന് വരുമ്പോൾ മാത്രം വയ്ക്കുന്നത് , എന്റെ കക്ഷിയോടുള്ള കടുത്ത അനീതിയും നീതി നിഷേധവും തികഞ്ഞ സ്ത്രീവിരുദ്ധതയുമാണെന്ന് തെളിഞ്ഞിട്ടുണ്ട് ..

ആയതിനാൽ , എന്റെ കക്ഷിക്ക് അനുകൂലമായൊരു നടപടി ഈ കോടതി കൈക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ……..” കിച്ചണിലിരുന്ന് ചിക്കൻ കട്ട് ചെയ്യുന്ന അനഘയുടെ അമ്മ പ്രവീണയുടെ മുന്നിലാണ് ഈ പ്രകടനം … ഊറിച്ചിരിച്ചു കൊണ്ട് , ശ്രാവന്തിയുടെ പ്രകടനം നോക്കി പ്രവീണയിരിക്കും … ” അമ്മേ ദേ അച്ഛൻ വരുന്നു ……” പിന്നിൽ നിന്ന് ആദിത്യൻ വിളിച്ചു പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി , കോട്ടും ഊരിപ്പിടിച്ച് താനോടും പിന്നാലെ അനഘ ചേച്ചിയും …

കോട്ട് യാഥാസ്ഥാനത്ത് തൂക്കിയിട്ട് ഹാളിൽ വന്ന് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ താനും അനഘ ചേച്ചിയും ഇരിക്കും … കിച്ചണിൽ പ്രവീണയുടെയും ആദിത്യന്റെയും പൊട്ടിച്ചിരി കേൾക്കുമ്പോളാണ് , വിശ്വനാഥൻ വരുന്നു എന്ന് പറഞ്ഞ് കബളിപ്പിച്ചതാണെന്ന് മനസിലാകുന്നത് …. ” എടോ താനേത് ലോകത്താ ….” ജിഷ്ണു തൊട്ട് വിളിച്ചപ്പോൾ അവൾ പകച്ച് ചുറ്റും നോക്കി … കാർ തീയറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു … ” എന്തൊരാലോചനയാടോ ഇത് … “

ജിഷ്ണു അവളെ തന്നെ നോക്കി ചോദിച്ചു …. ” ഒന്നൂല്ല ജിഷ്ണുവേട്ടാ ……” അവൾ ചിരിക്കാൻ ശ്രമിച്ചു … ” ഹ്മ് …………” അവനൊന്ന് മൂളിക്കൊണ്ട് അവളെ നോക്കി തലയാട്ടി … ” വാ ഇറങ്ങ് ……” അവൾ ഒന്നും പറയാതെ കൂടെയിറങ്ങിച്ചെന്നു ….. സിനിമ കാണുമ്പോഴും അവളുടെ മനസ് അതിലൊന്നുമായിരുന്നില്ല … * * * * * * * * * * * * * * തീയറ്ററിൽ നിന്നിറങ്ങിയിട്ട് അവർ ബീച്ചിൽ പോയി കുറേ സമയം ചിലവഴിച്ചു … അപ്പോഴേക്കും അവളുടെ വീണ്ടും പോയ പ്രസരിപ്പ് തിരിച്ചെത്തിയിരുന്നു …

ജിഷ്ണുവിന്റെ തോളിൽ ചാരി , കടലിലേക്ക് നോക്കി അവളിരുന്നു … ” എത്ര പെട്ടന്നാല്ലേ ജിഷ്ണുവേട്ടാ ആളുകളുടെ മനസൊക്കെ മാറുന്നേ …? ” അവൾ അവന്റെ കണ്ണിലേക്ക് നോക്കി … ” താനാ വിഷയം വിട്ടില്ലേ …. ” ” എടയ്ക്കിടക്ക് മനസ്സിലേക്ക് വരുവാ …..” ”നീ അത് തന്നെ ഓർത്തിരുന്നിട്ടാ … ഇനി എന്നെക്കുറിച്ചോർക്ക് ….” അവൻ അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി ചുംബിച്ചു …. അവൾ പുഞ്ചിരിച്ചിട്ട് , അവന്റെ തോളിൽ നിന്ന് മുഖം അൽപ്പമുയർത്തി അവനെ നോക്കി … “

ജിഷ്ണുവേട്ടനെ കുറിച്ച് ഞാനെന്തിനാ ഓർക്കണെ … എന്റെയുള്ളിൽ തന്നെ കുടികൊള്ളുന്ന ആളെ ……” അവൻ ആർദ്രമായി അവളെ നോക്കി … മുന്നിലുള്ള കടൽ അവളുടെ കണ്ണുകളിലാണെന്ന് അവന് തോന്നി … ” നമുക്കൊരു ഹണിമൂൺ ട്രിപ്പ് പോയാലോ …? ” ” എങ്ങ്ടാ ജിഷ്ണുവേട്ടാ …..” ” താൻ പറ …….. തനിക്കെവിടെ പോകണം ….” ” ജിഷ്ണുവേട്ടന് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്താ നിക്ക് പോകേണ്ടെ … അതാ എനിക്കു ഏറ്റവും ഇഷ്ടള്ള സ്ഥലം … ” ” ഉറപ്പാണോ ….?” അവൻ ചോദിച്ചു … ” ങും …………” അവൾ പറഞ്ഞു ..

” നമുക്ക് മൂന്നാറിന് വിട്ടാലോ ….?” ” അവിടെയാണോ ജിഷ്ണുവേട്ടന് ഏറ്റവും ഇഷ്ടം …..?” ” അവിടെയും ഇഷ്ടാണ് … വേറെയും ഒരുപാടിഷ്ടങ്ങളുണ്ട് … സോ തുടക്കം അവിടുന്നാകാം ….. ഇടയ്ക്കിടക്ക് നമ്മളൊരുമിച്ച് , ആ സ്ഥലങ്ങളോരോന്നായി കാണാൻ പോകുന്നു .. അങ്ങനെയങ്ങനെ നമ്മുടെയീ ജീവിതയാത്രയവസാനിക്കുന്ന കാലം നിന്നെ ഈ ലോകത്തിന്റെ ഏറിയ പങ്കും ഞാൻ കാണിച്ചിരിക്കും ….” ” ശരിക്കും ….?” അവൾ വിശ്വാസം വരാതെ അവനെ നോക്കി … ” ഗോഡ് പ്രോമിസ് … “

അവനവളുടെ കൈപിടിച്ചു …. അവളവന്റെ താടിക്കു കീഴേ തലവയ്ച്ചിരുന്നു …. ” ഒന്നുറപ്പാ …. ഏത് ലോകത്ത് പോയാലും , എത്ര സുന്ദര ഭൂമിയായാലും ആ സൗന്ദര്യം എന്റെ പെണ്ണിന്റെ കണ്ണിലെനിക്ക് കാണാൻ കഴിയും …. ” അവൻ അവളുടെ കാതിൽ പറഞ്ഞു … ” പോകാം ജിഷ്ണുവേട്ടാ …..” അവൾ പെട്ടന്ന് ചോദിച്ചു … ” എന്തേ …. എന്തു പറ്റി …..” ” ഇപ്പോ വേണ്ടെനിക്ക് ജിഷ്ണുവേട്ടനെ … എനിക്ക് മാത്രായിട്ട് ….” . അവനവളെ ചേർത്തു പിടിച്ചു … പിന്നെ എഴുന്നേറ്റ് കൽപ്പടവ് കയറി , പൂഴി മണ്ണിലൂടെ നടന്നകന്നു … ദൂരെ കടലിന്റെ മാറിൽ ചുവപ്പ് കലർന്നു തുടങ്ങിയിരുന്നു … പ്രണയാതുരനായ പകലവൻ അവളിലേക്ക് മുങ്ങിത്താണു അവളിലെ പ്രണയത്തിന്റെ ആഴങ്ങൾ തേടി ……..

മൂന്നാല് ദിവസങ്ങൾ കടന്നു പോയി … ആ വീക്കെന്റിൽ അവരിരുവരും മൂന്നാറിലേക്ക് പോകാൻ പ്ലാനിട്ടിട്ടുണ്ടായിരുന്നു … ” വീട്ടിലെത്തിയിട്ട് വേഗം റെഡിയാക് കേട്ടോ …. നമുക്കൊരു സ്ഥലത്ത് പോകാനുണ്ട് ….” ബുധനാഴ്ച വൈകിട്ട് , ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി കാറിലിരുന്ന് ജിഷ്ണു പറഞ്ഞു … ” എങ്ങോട്ടാ ജിഷ്ണുവേട്ടാ ….?” ” ആദിത്യൻ വിളിച്ചിരുന്നു … അയാളിന്ന് ഫ്രീയാണത്രെ .. അയാളുടെ ഫാദറും … നമ്മൾ ഫ്രീയാണെങ്കിൽ അങ്ങോട്ട് ചെല്ലാൻ …. ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തു …..” അവൻ പറഞ്ഞു …

അവൾ മൂളി … അനഘയെ കാണുന്നതോർത്തപ്പോൾ അവൾക്ക് നേരിയ വിഷമം തോന്നി …. വീട്ടിലെത്തി , ഫ്രഷായി ചായ കുടി കഴിഞ്ഞിട്ട് , ഇരുവരും പോകാൻ റെഡിയായി … ജയചന്ദ്രനോടും ലതികയോടും യാത്ര പറഞ്ഞ് അവരിറങ്ങി .. ആദിത്യൻ ജിഷ്ണുവിന് ലൊക്കേഷൻ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു …. ജിഷ്ണു കാർ റോഡിലേക്കിറക്കി …. ആദിത്യൻ പറഞ്ഞതനുസരിച്ച് , ഹിമ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ റോഡിലേക്ക് ജിഷ്ണു വണ്ടി വിട്ടു …

ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ , ഉദയ നഗർ എന്ന റസിഡൻസിലേക്ക് അവരെത്തി … ജിഷ്ണു കാർ അങ്ങോട്ടിറക്കി , സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്തു … ഇരുട്ട് വീണു തുടങ്ങിയിരുന്നു … വഴി വിളക്കുകൾ കണ്ണ് മിഴിച്ച് തുടങ്ങിയിരുന്നു … കുറച്ച് മുന്നോട്ട് ചെന്നപ്പോൾ തന്നെ കണ്ടു , റോഡിൽ അവരെ പ്രതീക്ഷിച്ച് നിൽക്കുന്ന ആദിത്യനെ … ജിഷ്ണു കാർ പതിയെ സ്ലോ ചെയ്തു …. ( തുടരും )

ശ്രാവണം- ഭാഗം 18

Share this story