ബൃന്ദാവനസാരംഗ: ഭാഗം 7

ബൃന്ദാവനസാരംഗ: ഭാഗം 7

എഴുത്തുകാരി: അമൃത അജയൻ


രണ്ട് ദിവസം കഴിഞ്ഞാണ് വേദ പിന്നെ മാളുവിന്റെ അടുത്ത് പോയത് … അവളുടെ മുഖം കണുന്നത് തന്നെ വേദക്ക് ഹൃദയഭേദകമായിരുന്നു …

കുറേ സമയം അവൾ വേദയെ കെട്ടിപ്പിടിച്ചു കരഞ്ഞു ….

” നിനക്ക് വീട്ടിൽ പോകാമായിരുന്നില്ലേ .. ?” വേദ ചോദിച്ചു ..

” രാഹുലേട്ടൻ പറഞ്ഞത് ഇവിടെ നിന്നാൽ മതിയെന്നാ .. വിച്ചുവുണ്ടല്ലോ … ട്രീറ്റ്മെന്റിനും ഇവിടെയാ സൗകര്യം .. അമ്മയിടക്ക് വരും … ”

വേദ കേട്ടിരുന്നു ….

” എനിക്ക് രാഹുലേട്ടന്റെയടുത്ത് നിന്നാൽ മതി വേദ ….”

അതാണ് ശരിയെന്ന് വേദക്കും തോന്നി …

* * * * * * * * * * * * * * * * * *

ഞായറാഴ്ച ഉച്ചക്ക് ദീപക് വേദയെ വിളിച്ചു ..പെണ്ണുകാണാൻ പോയ വിശേഷങ്ങൾ അവവളെ അറിയിച്ചു … രണ്ടാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച നിശ്ചയം തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു … നിശ്ചയത്തിന് അവളെയും മുൻകൂർ ക്ഷണിച്ചു …

അവൾ സന്തോഷിച്ചു …

വൈകുന്നേരം അവൾ ഗൗതമനെ വിളിച്ചു …

” പറയൂ വേദാ ….” അയാളുടെ കാദരമായ സ്വരം അവളുടെ കാതിൽ വീണു…..

” ഞാൻ പറഞ്ഞ കാര്യം എന്തായി … ” അവൾ ചോദിച്ചു …

” ഉവ്വ് … സെലക്ട് ചെയ്ത് വച്ചിട്ടുണ്ട് വേദാ ഞാനത് … ”

” ഞാനിപ്പോൾ അമ്പലത്തിലേക്ക് വരുന്നുണ്ട് .. വിരോധമില്ലെങ്കിൽ സാറിനതൊന്ന് അവിടെയെത്തിക്കാമോ ..” അവൾ ചോദിച്ചു …

” ഈ വഴി വരുന്നുണ്ടെങ്കിൽ വേദയിങ്ങോട്ട് പോരു .. അമ്പലത്തിന് അടുത്തു തന്നെയാണ് എന്റെ വീട് .. ” അയാൾ അവളെ ക്ഷണിച്ചു …

” ശരി … ഞാൻ വരാം സർ ….” ഒന്നാലോചിച്ച ശേഷം അവൾ മറുപടി നൽകി …..

അന്നൊരൽപം നേരത്തെ തന്നെ അവൾ ക്ഷേത്രത്തിലേക്ക് പോയി ..

മാളവികയുടെ പേരിൽ പുഷ്പാർച്ചനയും ദേവിക്കൊരു ധാരയും നടത്തി …

തൊഴുതിറങ്ങിയിട്ട് അവൾ നേരെ പോയത് ഗൗതമന്റെ വീട്ടിലേക്കാണ് … ക്ഷേത്രത്തിനടുത്ത് തന്നെയാണ് വീട് .. അയാൾ വഴി പറഞ്ഞു കൊടുത്തിരുന്നത് കൊണ്ട് അവൾക്ക് എളുപ്പമായി ….

പഴയ തുരുമ്പിച്ച ഗേറ്റിൽ ” തളിര് ” എന്ന് മലയാളത്തിൽ എഴുതിയിട്ടുണ്ടായിരുന്നു … അക്ഷരങ്ങളുടെ വക്കുകൾ തുരുമ്പിച്ചടർന്നു തുടങ്ങിയിരുന്നു ..

ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു വേദ ചുറ്റും നോക്കി … വലിയൊരു കിളിമരം ആ മുറ്റത്തിന് തണൽ വിരിച്ചിരുന്നു … പിന്നെയൊരു തേന്മാവ് , രാത്രിമുല്ല ,പാരിജാതം, നാല്മണി അവയെല്ലാം ആ മുറ്റത്തിന്റെ പല ഭാഗങ്ങൾ കൈയ്യടിക്കിയിരുന്നു ..

ടെറസെങ്കിലും പഴയൊരു വീടായിരുന്നു അത് …. മുറ്റത്താകെ കരിയിലകൾ വീണു കിടപ്പുണ്ടായിരുന്നു .. ആദ്യമായി വന്നിട്ടും ആ വീടിനോട് എന്തുകൊണ്ടോ അവൾക്കൊരടുപ്പം തോന്നി …

സിറ്റൗട്ടിലെ ചുമരിൻമേൽ വയസായൊരു സ്ത്രീയുടെ ഫോട്ടോ മാലയിട്ട് വച്ചിരുന്നു … പുറത്ത് വച്ചിരുന്ന കോളിംഗ് ബെൽ അമർത്തിയെങ്കിലും അത് ചത്തിരുന്നു … അകത്തേക്കുള്ള വാതിൽ മലർക്കെ തുറന്ന് കിടന്നിരുന്നു ആരെയോ കാത്തെന്ന പോലെ …

അവൾ മെല്ലെ പടികൾ കയറി ..

” വരൂ വേദാ …………” അപ്പോഴേക്കും അകത്തു നിന്ന് ഗൗതമനിറങ്ങി വന്നു … കാവി നിറത്തിലുള്ള ലുങ്കിയായിരുന്നു വേഷം … മാറിടങ്ങളെ മൂടിയിരുന്ന തോർത്തിനിടയിലൂടെ അയാളുടെ നെഞ്ചി കറുത്ത രോമ രാചികൾ കാണാമായിരുന്നു …

അവളകത്തേക്കു കയറിച്ചെന്നു …

” ഇവിടെ വേറെയാരുമില്ലെ ……….” വേദ അകത്താകെ നോക്കി കൊണ്ട് ചോദിച്ചു …

ഗൗതമനൊന്നു പുഞ്ചിരിച്ചു ….

” ആരെയാ വേദ പ്രതീക്ഷിക്കുന്നത് …” ഗൗതമൻ മറു ചോദ്യമിട്ടു …

അവൾക്ക് പെട്ടൊന്നുരുത്തരം കിട്ടിയില്ല …

” ഒരു മുത്തശ്ശിയുണ്ടായിരുന്നു ….. അവർ മരിച്ചു പോയി …. മറ്റാരുമില്ല .. ഇനി വരാനുമില്ല ……” അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് ഗൗതമൻ പറഞ്ഞു …

” വേദ വരുന്നത് കൊണ്ട് ഞാനൊന്നു കുളിക്കാൻ തുടങ്ങുവാരുന്നു .. ഉച്ചക്ക് കുറച്ച് വീശിയിരുന്നേ ……”

അവൾ അതിനും പുഞ്ചിരി നൽകി …

” വിരോധമില്ലെങ്കിൽ അടുക്കളയിൽ കയറി രണ്ട് ചായയെടുക്കൂ … അതാണെന്റെ മുറി .. പുസ്തകങ്ങൾ അവിടെയുണ്ട് .. രണ്ടെണ്ണം ഞാൻ സെലക്ട് ചെയ്തിട്ടുണ്ട് .. വേറെ വേണമെങ്കിൽ വേദയ്ക്ക് നോക്കാം ….” പറഞ്ഞിട്ട് ഗൗതമൻ അവൾക്ക് അടുക്കള കാട്ടികൊടുത്തു …

” ഞാനൊന്നു കുളിച്ചു വരാം …..” അയാൾ മുറ്റത്തേക്കിറങ്ങി പിന്നാമ്പുറത്തേക്ക് നടന്നു പോയി …..

അവൾ അടുക്കളയിലേക്ക് ചെന്നു .. അങ്ങിങ്ങ് മുഷിഞ്ഞു കിടക്കുകയായിരുന്നു അവിടം … നിലത്ത് നിറയെ പൊളിച്ച ഉള്ളിത്തോട് കണ്ടു … സ്ലാബിൽ അങ്ങിങ്ങ് പാത്രങ്ങളുണ്ട് .. ഒരു സ്റ്റീൽ കലത്തിൽ കുറച്ച് കഞ്ഞിയിരുപ്പുണ്ട്…. മറ്റൊരു ടിന്നിന്റെ പകുതിയോളം ചുട്ട ചമ്മന്തിയും … ഒറ്റ നിമിഷം കൊണ്ട് അയാളുടെ ഭക്ഷണശൈലി വേദക്ക് മനസിലായി …

ഗ്യാസ് സ്റ്റൗവിന് അടുത്ത് തന്നെ പഞ്ചസാരയും തേയിലയും പാൽപ്പൊടിയും ഇരിപ്പുണ്ടായിരുന്നു …

അവൾ ഒരു പാത്രത്തിൽ വെള്ളം വച്ചിട്ട് ചൂല് തപ്പിയെടുത്തു നിലം അടിച്ചു വാരി ഒരിടത്തേക്ക് കൂട്ടി വച്ചു …

ചായയിട്ട് രണ്ട് കപ്പുകളിൽ പകർന്നു കൊണ്ട് വന്നിട്ടും ഗൗതമൻ കുളി കഴിഞ്ഞെത്തിയിരുന്നില്ല …

അവൾ ചായയുമായി ഗൗതമന്റെ മുറിയിലേക്ക് ചെന്നു … ഒറ്റ നോട്ടത്തിൽ അതൊരു വായനാമുറിയാണെന്നേ തോന്നുകയുള്ളു … അത്രയധികം പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ കണ്ടു അവൾ അത്ഭുതപ്പെട്ടു ..

ഓരം ചേർന്ന് ഒരു കട്ടിലും അയാളുടെ കുറേ വസ്ത്രങ്ങളും അധികപ്പറ്റുപോലെ കിടന്നു …

ഒരടുക്കും ചിട്ടയും ഇല്ലാത്ത ജീവിതമാണയാളുടേതെന്ന് വേദക്ക് മനസിലായി ….

മേശപ്പുറത്ത് രണ്ട് പുസ്തകങ്ങൾ മാറ്റി വച്ചിരുന്നു … അത് തനിക്കുള്ളതാണെന്ന് അവൾക്ക് മനസിലായി … ചായക്കപ്പുകൾ മേശപ്പുറത്ത്‌ വച്ചിട്ട് അവളത് എടുത്തു നോക്കി ….. മേശക്കപ്പുറം ജനാല പാതി ചാരിയിരുന്നു … അവൾ പുസ്തകങ്ങൾ അവിടെ വച്ചിട്ട് പോയി ജനാല പൂർണമായി തുറന്നിട്ടു … ഇപ്പോൾ അന്തിക്കു മുന്നേയുള്ള പോക്കുവെയിൽ ജാലകത്തിനരികെ വന്ന് പയ്യാരം ചൊല്ലി നിന്നു …. ജനാലയിലൂടെ കൈ നീട്ടിയാൽ തൊടാൻ പാകത്തിൽ കനകാംബരപ്പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു ….

അവൾ മെല്ലെ പുഞ്ചിരിച്ചു … അൽപ്പം കൂടി ശ്രദ്ധിച്ചു പരിപാലിച്ചാൽ അവിടം ഒരാശ്രമം പോലെയാകുമെന്ന് അവളുടെ മനസ് പറഞ്ഞു ….

അവൾ വീണ്ടും മേശക്കരികിൽ വന്നു നിന്നു …

ടേബിൾ ലാമ്പിനു കീഴെ ചുവന്ന ബയന്റുള്ള ഡയറിയിൽ അവളുടെ നോട്ടം വീണു ….

അയാളുടെ പേർസണൽ ഡയറിയാവുമെന്ന് തോന്നി ആദ്യം അതെടുത്തില്ലെങ്കിലും പിന്നെയേന്തോ ഒരുൾപ്രേരണയാൽ അവളതെടുത്തു …..

അവളാദ്യം തുറന്ന പേജിൽ കണ്ടത് അഞ്ചിതളുകളോടെയുള്ള ഒരു തുളസിക്കതിർ ഒട്ടിച്ചു വച്ചിരിക്കുന്നതാണ് .. അതേ പേജിൽ തന്നെ ആരുടേയോ നീളൻ മുടി പലമടക്കായി ഒട്ടിച്ചു ചേർത്തിരിക്കുന്നു …

ഒപ്പം ചുവന്ന മഷി കൊണ്ട് ഇങ്ങനെയെഴുതിയിരുന്നു …

‘ ഒടുവിൽ നീയൊരു സുഗന്ധമായി എന്നിലേക്കണഞ്ഞിരിക്കുന്നു ….. ഇനിയൊരു തെന്നലായി തലോടലായി എൻ നെഞ്ചിലലിഞ്ഞു ചേരുക ……..

കാത്തിരിക്കുന്നു നിന്റെ …
നിന്റെ മാത്രം ഗൗതമൻ ……’

അവളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു …..

അവളോരോ താളുകൾ പിന്നിലേക്ക് മറിച്ചു …. ഒപ്പം അറിയാതെ അവളുടെ കണ്ണുകളിൽ നീർ തുളുമ്പി …..

ഒടുവിൽ …. ഒടുവിലായി അവളാ പേജിൽ എത്തി നിന്നു ….

‘ വേദ ……….

പൗർണമിബിംബം തോൽക്കും ചാരുത.. ഏഴു സ്വരങ്ങൾ തപസിരിക്കും നാവ് … വിധിവൈപര്യങ്ങളിലിടറാത്ത പോരാളിയായൊരു പനിനീർ പൂവ് …

അതേ … നീയൊരു പനിനീർപ്പൂവാണ് … ദേഹം മുഴുവൻ മുള്ളുകൾ നിറഞ്ഞൊരു പനിനീർ പുഷ്പം ..

വേദാ നിന്റെ മുള്ളുകൾ എന്നിൽ ആയിരം മുള്ളുകളായി തറച്ചോട്ടെ … അവയെന്നിൽ മുറിവുകൾ തീർത്തോട്ടെ … ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ … ‘

അവളുടെ കണ്ണുകളിലെ രണ്ടു തുള്ളി കണ്ണുനീരടർന്ന് അത്രയൊന്നും വടിവില്ലാത്ത ആ അക്ഷരങ്ങൾക്കു മേൽ വീണു …..

തൊട്ടു പിന്നിൽ ഒരു നിശ്വാസം കേട്ടുകൊണ്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി ….

ഒരു ഗദ്ഗദം വന്നവളുടെ തൊണ്ടയിൽ തടഞ്ഞു നിന്നു ….

അവൾക്ക് വിശ്വസിക്കാനാകുമായിരുന്നില്ല ഒന്നും ….

എന്തു പറയണമെന്നറിയാതെ ഗൗതമനും …

അയാൾക്ക് അവളോട് സഹതാപമായിരുന്നു … ആ നിമിഷം ഒന്ന് ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിക്കാൻ അയാളാഗ്രഹിച്ചു ….

ഇരുവർക്കുമിടയിൽ മൗനം ഞെരിഞ്ഞമർന്നു നിന്നു …

എന്റെ പ്രാണനാണ് വേദാ നീ .. നിനക്കു വേണ്ടിയാണ് എന്റെ കാത്തിരുപ്പ് … അവളെ ചേർത്തണച്ച് അത്രയും പറയാൻ അയാളുടെ ഹൃദയം വെമ്പി …

ഒരു വേള അയാളുടെ കൈകൾ വായുവിൽ ഉയർന്നതും ….

” എനിക്ക് പോണം …… ” വാതിൽക്കൽ നിന്ന ഗൗതമനോടായി അവൾ പറഞ്ഞു ….

അയാൾ ഒന്നും പറയാതെ വഴിമാറിക്കൊടുത്തു ….

ഒരു യാത്ര പോലും പറയാതെ അവൾ മുറ്റത്തേക്കിറങ്ങി… ഗേറ്റ് തുറന്ന് അതിവേഗം അവളാ വഴിയിൽ മറയുന്നത് ഗൗതമൻ നോക്കി നിന്നു …

മേശമേലിരുന്ന ചായ തണുത്തിരുന്നു …. എങ്കിലും അയാളത് കൈയ്യിലെടുത്ത് ചുണ്ടോടു ചേർത്തു .. അവളാദ്യമായി അയാൾക്കു വേണ്ടി തയ്യാറാക്കിയ ചായ ..

* * * * * * * * * * * * * * * * * *

ആ രാത്രി വേദക്കുറങ്ങാനായില്ല … തന്റെ മനസിലെന്താണെന്ന് അവൾക്കപ്പോഴും അറിയില്ലായിരുന്നു …

പ്രണയം …..!

ജീവിതത്തിലൊരിക്കലും തന്നെ തേടി വരാത്ത അനുഭൂതിയെന്ന് അവളെന്നോ മനസിൽ കുറിച്ചിട്ടിരുന്നു ….

അവൾക്ക് ഗൗതമനെ ഒട്ടും തന്നെ മനസിലായില്ല …

തന്നെപ്പോലൊരു പെണ്ണിനെ അയാളെന്തിന് പ്രണയിക്കണം … ഒരു കുടുംബ ജീവിതം തനിക്കൊരിക്കലും സാത്യമല്ലെന്ന് അയാൾക്കറിയാം … എന്നിട്ടും …..

അവളുടെ മനസ് ആ ഡയറിത്താളുകളിൽ ഉടക്കിക്കിടന്നു …

തന്റെയോരോ ദിവസത്തെയും സാരിയുടെ നിറങ്ങൾ … അതിലൂടെ തന്നെക്കുറിച്ചുള്ള അയാളുടെ സങ്കൽപ്പങ്ങൾ …

താനയാൾക്കു നൽകിയ ഒരോ പുഞ്ചിരിയും ആ താളുകളിൽ അവൾ വായിച്ചു ഓരോ വർണ്ണനകളായി …

ഉറങ്ങാതെ ആ രാത്രി അവൾ ചിന്തകൾക്ക് വിട്ട് കൊടുത്തു … അറിയാതെയെങ്കിലും അവളുടെ മനസിൽ നിറയെ അയാൾ മാത്രമായിരുന്നു …

* * * * * * * * * * * * * * *

പിറ്റേന്ന് സ്കൂളിൽ വച്ച് ഗൗതമനെ കണ്ടെങ്കിലും അവളയാൾക്ക് മുഖം കൊടുത്തില്ല .. പതിവുള്ള പുഞ്ചിരി സമ്മാനിച്ചില്ല … അതയാളിൽ വേദന നിറച്ചു …

ദിവസങ്ങൾ കൊഴിഞ്ഞു വീണു ….

ഗൗതമൻ അവളോട് സംസാരിക്കാൻ ശ്രമിച്ചതൊക്കെയും വിഫലമായി …

ഇടയ്ക്കവൾ മാളുവിനെ കാണാൻ പോകും …

വിപഞ്ചിക ചേച്ചിയെ നന്നായി തന്നെ നോക്കുന്നതിൽ വേദ സന്തോഷിച്ചു …

ദീപക്കിന്റെ നിശ്ചയത്തിന് താൻ വരുമെന്ന് വേദയോട് പറഞ്ഞു …..

വിശേഷങ്ങളെല്ലാം വേദ മാളുവിനോട് പങ്കു വയ്ക്കുമായിരുന്നു .. ഗൗതമനെ കുറിച്ചു മാത്രം അവൾ മാളുവിനോടും പറഞ്ഞില്ല …

* * * * * * * * * * * * * * * * *

ദീപക്കിന്റെ നിശ്ചയ ദിവസം … രാവിലെ തന്നെ അവൾ അവന്റെ വീട്ടിലെത്തി … മാളുവും രാഹുലും വിച്ചുവും കൃഷ്ണയുടെ വീട്ടിലെത്തിക്കോളാമെന്ന് അറിയിച്ചു …

ദീപക്കിന്റെ വീട്ടിൽ നിന്ന് അങ്ങോട്ടേക്ക് വാഹനം ഏർപ്പാടാക്കിയിരുന്നു…

പത്തര മണിയോടെ അവർ കൃഷ്ണയുടെ വീട്ടിൽ എത്തിച്ചേർന്നു …

എയർ ബസിൽ നിന്നിറങ്ങി നോക്കുമ്പോൾ ഒരു വശത്തായി മാളുവും രാഹുലും വച്ചുവും നിൽക്കുന്നത് കണ്ടു .. അവൾ അവർക്കടുത്തേക്ക് ചെന്നു നിന്നു …

അവരൊന്നിച്ചാണ് അകത്തേക്ക് പ്രവേശിച്ചത് ….

കല്യാണം അടുത്തു തന്നെ നടത്താൻ തീരുമാനിച്ചത് കൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ളൊരു ചടങ്ങായിരുന്നു തീരുമാനിച്ചിരുന്നത് …

വീട് കമനീയമായി അലങ്കരിച്ചിരുന്നു …

എല്ലാവരും മുറ്റത്തും ഹാളിലും പരിസരത്തുമായി … മാളുവിന് സുഖമില്ലാത്തത് കൊണ്ട് വേദയും വിപഞ്ചികയും അവളെയും കൂട്ടി അകത്ത് പോയി ഇരുന്നു …

നിശ്ചയത്തിന് സമയമായി ..

ഹാളിൽ തന്നെ വലിയൊരു ദിവാൻ കോട്ട് ദീപക്കിനും കൃഷ്ണക്കും ഇരിക്കാൻ അലങ്കരിച്ചിട്ടിട്ടുണ്ടായിരുന്നു …

ദീപക്കിനെ കൂട്ടിക്കൊണ്ട് വന്ന് അതിലിരുത്തി ..

പെൺകുട്ടിയെ വിളിക്കാൻ ആരോ പറഞ്ഞു ..

ദീപക്കിന്റെയും കൃഷ്ണയുടെയും കാരണവൻമാരെല്ലാം ഹാളിലേക്ക് കയറി വന്നു …

എല്ലാവരും സന്തോഷത്തിലായിരുന്നു …

” ഛെ ….. അയ്യേ …. ഇവളെയാരാ ഇങ്ങോട്ട് ക്ഷണിച്ചത് ……” ഒരലർച്ച കേട്ട് എല്ലാവരും അങ്ങോട്ടു തിരിഞ്ഞു നോക്കി …

കൃഷ്ണയുടെ അമ്മാവൻ സുരേന്ദ്രനാണ് …. അയാളുടെ നോട്ടം വേദയുടെ മുഖത്തായിരുന്നു …

” ഇവൾ ….. ഇവളാ എയ്ഡ്സ് രോഗിയല്ലേ … അല്ലേടി … നിന്നെയാരാടി ഇങ്ങോട്ട് ക്ഷണിച്ചത് ….” അയാൾ ഇരച്ചു കൊണ്ട് വേദയുടെ അടുത്തേക്ക് പാഞ്ഞടുത്തു ….

വേദ അപമാനഭാരത്താൽ പുളഞ്ഞു …

ഈശ്വരാ ….! എന്തൊരു വിധി ….!

അവൾ ദയനീയമായി ചുറ്റും നോക്കി … അവജ്ഞയോടെ അവളെ നോക്കുന്ന ഒരു പാട് കണ്ണുകൾ ചുറ്റുമുണ്ടായിരുന്നു ..

അവൾ വന്നപ്പോൾ മുതൽ പലരിലും മുറുമുറുപ്പുകളുണ്ടായിരുന്നു … ഇപ്പോൾ അത് ഉച്ചത്തിലായി ..

ദീപക്ക് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു എന്ത് വേണമെന്നറിയാതെ അച്ഛനെ നോക്കി …

മാളവികയും വിപഞ്ചികയും നിസഹായരായി …

” ആരെ കൊല്ലാനാ കൊച്ചേ ഇങ്ങോട്ട് വലിഞ്ഞുകയറി വന്നത് … ആ ആഹാരത്തിലൊക്കെ പോയി തൊട്ടോ ആവോ …” ഏതോ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു ..

വേദ നിന്നുരുകി … കണ്ണിലുറത്തു വന്ന കണ്ണുനീരിനെ അവൾ ബലമായി തടഞ്ഞു നിർത്തി …

ഇല്ല ….. ഈ അപമാനം സഹിക്കേണ്ടതില്ല …..

” ഞാൻ വലിഞ്ഞുകയറി വന്നതല്ല … എന്ന ക്ഷണിച്ചിട്ടു തന്നെയാ വന്നത് ……” പിന്നെയുമെന്തോ പറയാനാഞ്ഞവരുടെ മുഖത്ത് നോക്കി അവൾ ഉച്ചത്തിൽ പറഞ്ഞു ….

” നിന്നെയാരാടി ക്ഷണിച്ചത് ….” സുരേന്ദ്രൻ അലറി … അയാൾക്ക് അത് ഒട്ടും ദഹിച്ചില്ല …

” ഞാൻ ……….” പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടു എല്ലാവരും അങ്ങോട്ടു നോക്കി …

ദീപക്ക് ……!

അപ്പോഴേക്കും കൃഷ്ണയെയും അകത്ത് നിന്ന് ആനയിച്ച് കൊണ്ടു വന്നിരുന്നു .. ഹാളിൽ ഉച്ചത്തിലുള്ള സംസാരം കേട്ട് അവളും മുന്നിലേക്ക് കയറി വന്നു നോക്കി …

ദീപക്ക് വേദക്കരികിലേക്ക് വന്നു ….!

” മോനേ ….” അവന്റെയച്ഛൻ തടയാൻ ശ്രമിച്ചെങ്കിലും അവൻ നിന്നു കൊടുത്തില്ല ..

” ഞാൻ … ഞാനാ ഇവളെ ക്ഷണിച്ചത് .. എന്റെ ബെസ്റ്റ് ഫ്രണ്ടാണിവൾ .. ആറേഴ് വർഷം അടുത്തടുത്തിരുന്ന് ഒരേയിലയിൽ ഉണ്ട് ഒരുമിച്ച് പഠിച്ചു വളർന്നവരാ ഞങ്ങൾ .. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ ഇവളുണ്ടാകും .. ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട് ….” അവൻ ഉറപ്പിച്ച് പറഞ്ഞു …

മാളവികക്കും വിപഞ്ചികക്കും അവന്റെ ഇടപെടൽ നന്നേ ബോധിച്ചു …

സുരേന്ദ്രന്റെ മുഖം ചുവന്നു ..

” ദേവാ …. നീയറിഞ്ഞു കൊണ്ടാണോ ഇതൊക്കെ …” അയാൾ കൃഷ്ണയുടെ അച്ഛന്റെ നേർക്ക് തിരിഞ്ഞു ..

അയാൾ വല്ലാതായി ..

കൃഷ്ണയുടെ അമ്മ ബിന്ദുവിനും അതൊട്ടും ദഹിച്ചില്ലെന്ന് അവരുടെ മുഖഭാവം വിളിച്ചു പറഞ്ഞു …

കൃഷ്ണ കടിച്ചു പിടിച്ചു നിന്നു .. അവൾക്ക് വേദയെ കൊല്ലാൻ തോന്നി …

” മോളെ നിനക്കറിയാമായിരുന്നോ ഇവനും ഇവളും തമ്മിലുള്ള ബന്ധം … ”

” ഒരുമിച്ച് പഠിച്ചവരാ അമ്മാമേ അവര് … ” അവൾ പറഞ്ഞു …

” എന്നിട്ടാണോടീ നീയിവനെ വേണമെന്ന് പറഞ്ഞത് …. ” സുരേന്ദ്രന്റെ ഒച്ചയുയർന്നു …

” വേണ്ട .. എന്റെ പേരിൽ ചടങ്ങ് മുടക്കണ്ട … ഞാൻ പോകുന്നു .. ”

വേദ പോകാൻ തുനിഞ്ഞതും ദീപക്ക് അവളെ കൈപിടിച്ചു നിർത്തി ….

” നീയെവിടെയും പോകണ്ട … ”

കൃഷ്ണക്കത് ഒട്ടും പിടിച്ചില്ല … അവൾ പല്ല് ഞെരിച്ചു …

” ദീപു … ഇത് നിന്റെ വിവാഹ നിശ്ചയം ആണ് .. വാശി ഉപേക്ഷിക്ക് .. ഞാൻ പൊയ്ക്കോളാം … ”

” ഫാ …… വിവാഹ നിശ്ചയോ … ഇത് നടക്കില്ല .. നടത്താൻ ഞാൻ സമ്മതിക്കില്ല …. അല്ലെങ്കിൽ ഇവൻ തെളിയിക്കട്ടെ ഇവന് എയ്ഡ്സില്ലന്ന് … ” സുരേന്ദ്രൻ പ്രഖ്യാപിച്ചു ..

കൃഷ്ണ ഞെട്ടിപ്പോയി …

” അമ്മാമേ … ” അവൾ വിളിച്ചു …

” എന്താടി നിനക്ക് എയ്ഡ്സ് പിടിച്ചു ചാവണോ … ലോകത്ത് വേറെ ഏത് പെണ്ണിന്റെ പിറകേ പോകുന്നവനെ വേണമെങ്കിലും നീ കെട്ടിക്കോ .. ആൺ പിള്ളേരല്ലേ ..പോട്ടെന്ന് വയ്ക്കാം .. പക്ഷെ ഇവളെപ്പോലൊരുത്തിയെ പരസ്യമായി വച്ചോണ്ടിരിക്കുന്ന ഇവനെ നീ കെട്ടണ്ട .. ”

” ഛീ … നിർത്തടോ ……” വേദയായിരുന്നു അത് …

അവളുടെ ചുണ്ടുവിരൽ സുരേന്ദ്രന്റെ മുഖത്തിന് നേരെ നിന്ന് വിറച്ചു ..

” തന്നെപ്പോലെയുള്ളവർക്ക് ഒരു വിചാരമുണ്ട് .. ലോകത്ത് ഒരാണും പെണ്ണും തമ്മിൽ ഈയൊരു ബന്ധമേയുണ്ടാകുള്ളു എന്ന് … തന്നേപ്പോലുള്ളവരോട് ഞാനും ഇവനും തമ്മിലുള്ള ബന്ധം വിശദീകരിക്കാൻ നിന്നാൽ അതിന്റെ പവിത്രത പോകും .. ഒന്ന് താനറിഞ്ഞോ ഇവന് ഞങ്ങൾ മുൻ കൈയ്യെടുത്താൽ ഇതിലും നല്ല അന്തസും വിവരവും ബോധവും ഉള്ളവരുടെ വീട്ടിൽ നിന്ന് പെണ്ണു കിട്ടും .. പിന്നെ ഇവനീ വിവാഹത്തിന് സമ്മതിച്ചത് ഞാൻ പറഞ്ഞിട്ടാ .. അതും നിങ്ങളുടെ മകൾ ഇവന് പിന്നാലെ കരഞ്ഞ് പിഴിഞ്ഞ് നടക്കുന്നത് അറിയാവുന്നത് കൊണ്ട് സമ്മതിപ്പിച്ചതാ .. ”

കൃഷ്ണയുടെ കണ്ണിൽ കനലെരിഞ്ഞു .

തന്റെ മകളെ ഇടിച്ചു താഴ്ത്തി വേദ സംസാരിച്ചത് ബിന്ദുവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല ..

” സൂക്ഷിച്ചു സംസാരിക്കണം … ” ബിന്ദു അവളുടെ നേർക്കടുത്തു ..

” എന്താ … നിങ്ങൾക്കുമറിയുന്ന കാര്യമല്ലേ മകളിവന്റെ പിന്നാലെ നടന്നത് …. ” വേദയവരെ തറപ്പിച്ചു നോക്കി …

ബിന്ദുവിന്റെ മുഖം വിളറി …

വേദ നേരെ കൃഷ്ണയുടെ അടുത്ത് ചെന്നു ..

” ഞാനും ഇവനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് നിനക്കറിയാമായിരുന്നല്ലോ .. ഞാൻ വരണ്ടായിരുന്നെങ്കിൽ നിനക്കിവനെ അറിയിക്കാമായിരുന്നില്ലേ .. അല്ലെങ്കിൽ എന്നോടെങ്കിലും പറയാമായിരുന്നില്ലേ .. ”

കൃഷ്ണയവളെ തറപ്പിച്ചു നോക്കി …

ഇറങ്ങിപ്പോകാൻ തുനിഞ്ഞിട്ട് അവൾ നേരെ തന്നെ കുറ്റപ്പെടുത്തിയ സ്ത്രീയുടെ മുന്നിൽ ചെന്ന് നിന്നു ..

” പിന്നെ നിങ്ങടെ ഭക്ഷണത്തിലൊന്നും ഞാൻ തൊട്ടിട്ടില്ല .. അത് കൊണ്ട് പേടിക്കണ്ട .. പിന്നെ ഉരുട്ടി കഴിക്കുമ്പോ ഒന്ന് സൂക്ഷിച്ചേക്ക് വല്ല കാക്കയും കാഷ്ടിച്ചിട്ടുണ്ടോന്ന് .. മുറ്റത്തു വച്ചല്ലേ പാചകം ചെയ്തത് …”പുച്ഛത്തോടെ പറഞ്ഞിട്ടു അവൾ പുറത്തേക്കിറങ്ങി നടന്നു ..

ആ സ്ത്രീ വിളറി വെളുത്തു .. .

മാളവികയും വിപഞ്ചികയും പിന്നെയവിടെ നിന്നില്ല .. അവരും വേദക്കൊപ്പമിറങ്ങി ..

” നമുക്ക് തിരിച്ച് പോകാമച്ഛാ …..” ദീപക്ക് അച്ഛനോട് പറഞ്ഞു ..

” നമുക്കൊന്നുകൂടി ആലോചിക്കാം .. ” ആരൊക്കെയോ അനുനയിപ്പിക്കാൻ മുന്നോട്ട് വന്നു ..

” നടക്കില്ല .. ഇനിയീ ബന്ധം നടക്കില്ല .. എനിക്ക് എയ്ഡ്സില്ലായെന്ന് തെളിയിച്ചിട്ട് കല്യാണം കഴിക്കേണ്ട ഗതികേടൊന്നും ഇല്ല …. ”

കൃഷ്ണ നടുങ്ങി പോയി …

” ദീപു ….. ” അവളോടി അവന്റെയടുത്തേക്ക് വന്നു ..

” വേണ്ട … നിനക്കറിയാമായിരുന്നല്ലോ ഞാനും അവളും എങ്ങനെയാണെന്ന് .. പിന്നെന്തിനാ നീയി നാടകത്തിന് ഒരുങ്ങിയത് .. അവളെ കൂട്ടാൻ പാടില്ലാന്ന് പറഞ്ഞിരുന്നെങ്കിൽ ഇത് ഇവിടം വരെ എത്തില്ലായിരുന്നല്ലോ …” അവളെ രൂക്ഷമായി നോക്കി പറഞ്ഞു ..

” അമ്മേ … വാ …… നമുക്കിറങ്ങാം .. ഇതിവിടം കൊണ്ടവസാനിച്ചത് നന്നായി .. ഇല്ലെങ്കിൽ മുറിക്കാൻ പറ്റാത്ത ക്യാൻസറായേനേ ……” അവൻ അമ്മയെ നോക്കി പറഞ്ഞു …

അവരുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു .. എങ്കിലും മകനാണ് ശരിയെന്ന് ആ അമ്മക്ക് ഉറപ്പുണ്ടായിരുന്നു .. അവർ അവനൊപ്പം നടന്നു …

പിന്നാലെ ദീപക്കിന്റെയച്ഛനും … മറ്റ് ബന്ധുക്കളും ….

അവർ പോകുന്നത് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് കൃഷ്ണ അകത്തേക്കോടി .. അവളുടെ മനസിൽ വേദയോടുള്ള പകയെരിഞ്ഞു ….

* * * * * * * *

വേദയെ മാളുവും രാഹുലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി …

നിശ്ചയം മുടങ്ങിയെന്ന് ദീപക് തന്നെ രാഹുലിനെ വിളിച്ചു പറഞ്ഞു …

വേദക്ക് ഒന്നു പൊട്ടിക്കരഞ്ഞാൽ മതിയായിരുന്നു …. അത്രകണ്ട് അവൾ അപമാനിക്കപ്പെട്ടിരുന്നു ..

” വിഷമിക്കണ്ട …. ഇത് നടന്നിരുന്നെങ്കിലും നാളെ വേദയുടെ പേരും പറഞ്ഞ് പൊട്ടിത്തെറിയുണ്ടാകും .. അതിലും ഭേദം ഇത് തന്നെയാ .. ” രാഹുൽ ഡ്രൈവിംഗിനിടയിൽ തിരിഞ്ഞു നോക്കി പറഞ്ഞു ..

മാളവികയും അത് ശരി വച്ചു …

അവരെ വീട്ടിൽ ഇറക്കിവിട്ടിട്ട് രാഹുൽ ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായി ..

വിപഞ്ചിക അകത്ത് പോയി അവന്റെ ബാഗ് എടുത്തു കൊണ്ട് വന്നു …

മാളവിക വേദയെയും കൂട്ടി അകത്തേക്ക് കയറിപ്പോയി …

മാളുവിന് നല്ല ക്ഷീണമുണ്ടായിരുന്നു … അവൾ നേരെ ബെഡ് റൂമിൽ പോയി കിടന്നു …

വേദ അവൾക്കൊപ്പം ചെന്നിരുന്നു … മാളു അവളുടെ കൈയ്യിൽ തന്റെ കൈ ചേർത്തു വച്ചു …..

കുറച്ചു കഴിഞ്ഞപ്പോൾ വിച്ചു അങ്ങോട്ടു വന്നു ….

” ഏട്ടൻ പോയോ വിച്ചു … ” മാളു ചോദിച്ചു …

” പോയി ….” അവൾ പറഞ്ഞു …

” വേദേച്ചി വിഷമിക്കണ്ട … രാഹുലേട്ടൻ പറഞ്ഞ പോലെ ദീപുച്ചേട്ടന്റെ ഈ കല്യാണം മുടങ്ങിയത് നന്നായി … ”

വിച്ചു പറഞ്ഞത് കേട്ട് വേദയും മാളുവും അവളെ മിഴിയുയർത്തി നോക്കി …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ബൃന്ദാവനസാരംഗ: ഭാഗം 1 

ബൃന്ദാവനസാരംഗ: ഭാഗം 2

ബൃന്ദാവനസാരംഗ: ഭാഗം 3

ബൃന്ദാവനസാരംഗ: ഭാഗം 4

ബൃന്ദാവനസാരംഗ: ഭാഗം 5

ബൃന്ദാവനസാരംഗ: ഭാഗം 6

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story