ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 7

എഴുത്തുകാരി: ടീന കൊട്ടാരക്കര


നന്ദ വീട്ടിലേക്കു കയറി വന്നപ്പോൾ മാധവൻ ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു. അച്ഛനെ കണ്ടതും അവൾ അവിടെ തന്നെ നിന്നു.
“എന്താ മോളെ നീ ഇത്രയും വൈകിയത്. നിന്നെ കാണാതെ ആയപ്പോ അച്ഛൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു ”
അയാൾ ആധിയോടെ പറഞ്ഞു.
അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി.

“നിന്റെ മുഖമെന്താ വല്ലാതെ, എന്ത് പറ്റി നിനക്ക് ”

അവൾ ഒന്നും പറയാതെ പിറകിലേക്ക് തിരിഞ്ഞു നോക്കി. ദേവൻ അവൾക്കു പിറകിലായി നടന്നു വീടിന്റെ മുറ്റത്തേക്ക് കയറി. ദേവനെ കണ്ടപ്പോൾ അച്ഛന്റെ മുഖം വിളരുന്നത് നന്ദ ശ്രെദ്ധിച്ചു. ശാരദയും അപ്പോഴേക്കും പുറത്തേക്ക് ഇറങ്ങി വന്നു.

“മാധവമ്മാമേ , ഞാൻ വന്ന കാര്യം വളച്ചു കെട്ടാതെ ചോദിക്കുകയാ, ശാരദ അമ്മായിയുടെ ചേട്ടന്റെ മകനുമായി നന്ദയുടെ വിവാഹം പറഞ്ഞു വെച്ചിട്ടുണ്ടോ? ”

“മോനെ അത്… ”

“പറ അച്ഛാ, അങ്ങനെ ഒരു കാര്യം ഉണ്ടോ ” നന്ദയും അച്ഛനോട് ചോദിച്ചു.

മാധവനും ശാരദയും പരസ്പരം നോക്കി. അവർ 2 പേരും ഉത്തരമില്ലാതെ നിന്നു.

“മാധവമ്മാമേ , എന്തായാലും എന്നോട് പറയ്, എനിക്കിതിനൊരു ഉത്തരം കിട്ടണം. “ദേവൻ അക്ഷമനായി പറഞ്ഞു.

“പറയ് അച്ഛാ, “നന്ദ വിതുമ്പി.

ഒരു ദീഘനിശ്വാസം എടുത്തതിനു ശേഷം മാധവൻ പറഞ്ഞു തുടങ്ങി.
“മോനെ, നീ ചെന്നൈയിൽ പോയതിനു ശേഷം സാവിത്രി ഇവിടെ വന്നിരുന്നു. നീയുമായി എന്റെ മോളുടെ കല്യാണം നടത്താൻ താല്പര്യം ഇല്ലന്ന് അറിയിച്ചു. നിനക്ക് അറിയാലോ, പണ്ട് മുതലേ നിനക്ക് പറഞ്ഞു വെച്ചതാ നന്ദയെ. അവൾ അറിഞ്ഞോ അറിയാതെയോ അങ്ങനെ ആഗ്രഹിച്ചു പോയി. പക്ഷെ സാവിത്രി ഇവിടെ വന്നു പറഞ്ഞത് മോന്റെ മനസ്സിൽ നന്ദയോട് അങ്ങനെ ഒരു താല്പര്യമില്ല എന്നാണ്. ഇത് വരെയും അങ്ങനെ ഒരു ഇഷ്ടം ഉള്ളതായി മോൻ ഇവളോട് പറഞ്ഞിട്ടുണ്ടോ “? മാധവൻ അവനോടു ചോദിച്ചു. ഇല്ലെന്ന അർത്ഥത്തിൽ അവൻ തലയാട്ടി.
“പക്ഷെ അമ്മാമ്മേ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ പോലും.. “ദേവൻ ഇടക്ക് കയറി പറഞ്ഞു.

“ഞാൻ പറഞ്ഞു കഴിഞ്ഞില്ല ദേവാ ” മാധവൻ തുടർന്നു.

“സാവിത്രി അങ്ങനെ പറഞ്ഞത് അവളുടെ താൽപര്യക്കുറവ് ആണെന്നെ ഞാൻ കരുതിയുള്ളൂ. അതിനു ശേഷം മറ്റൊരു ദിവസം അവൾ എന്നെ കാണാൻ വന്നിരുന്നു. മറ്റാരും അറിയരുതെന്ന് പറഞ്ഞു ചില കാര്യങ്ങൾ എന്നെ അറിയിച്ചു. ”
ദേവനും നന്ദയും ശാരദയും അയാളെ തന്നെ നോക്കി നിന്നു.

“ദേവനു നല്ല പഠിപ്പുണ്ട്, നല്ല ജീവിത സാഹചര്യങ്ങൾ ഉണ്ട്. അവനു വേണ്ടി ഉന്നത വിദ്യാഭ്യാസവും നല്ല സ്ത്രീധനവും ഉള്ള ഒരു പെണ്ണിനെയാ വേണ്ടതെന്നു സാവിത്രി പറഞ്ഞു. പണ്ട് പറഞ്ഞ വാക്കിന്റെ പേരിൽ കല്യാണം നടത്തിയാലും നന്ദക്ക് കൊടുക്കാൻ എന്റെ കയ്യിൽ എന്തുണ്ടെന്ന് സാവിത്രി എന്നോട് ചോദിച്ചു.
എനിക്ക് ഒരു മറുപടി പറയാൻ ഇല്ലായിരുന്നു ”

“അവൾ പ്രതീക്ഷിക്കുന്ന പോലെ കൊടുക്കാൻ സമ്പത്തൊന്നും അച്ഛന് ഇല്ലന്ന് മോൾക്ക് അറിയാമല്ലോ “അയാൾ നന്ദയോട് ചോദിച്ചു.
“നന്ദയ്ക്ക് മറ്റൊരു ആലോചന ഉള്ള കാര്യം ദേവനോട് പറയാൻ നിർദ്ദേശിച്ചത് ഞാനാണ്. കാരണം ദേവൻ പുതിയൊരു ജീവിതം തുടങ്ങുമ്പോൾ പഴയ ഒരു വാക്കിന്റെ പുറത്ത് കുറ്റബോധം തോന്നാൻ പാടില്ല. ആരും ഈ ഒരു കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും തർക്കം ഉണ്ടാകാനും പാടില്ല. ”
മാധവൻ പറഞ്ഞു നിർത്തി.

“മാധവമ്മാമേ, ശെരിയ ഞാനിതു വരെ ഒരു ഇഷ്ടം ഉള്ളതായി പറഞ്ഞിട്ടില്ല, പക്ഷെ എന്റെ ഉള്ളിൽ നന്ദ എനിക്കുള്ളത് ആണെന്ന ബോധ്യം ഉണ്ടായിരുന്നു . ഞാനിതു അവളോട് പ്രകടിപ്പിച്ചിട്ടില്ല. കാരണം അവൾ കുട്ടിയല്ലേ. സമയം ആകുമ്പോൾ എല്ലാം നടത്താമല്ലോ എന്ന ധാരണ ഞാനും അച്ഛനും തമ്മിൽ ഉണ്ടായിരുന്നു. അമ്മയ്ക്ക് അതിൽ ഇഷ്ടം ഇല്ലെങ്കിൽ പോലും. പക്ഷെ, നന്ദയ്ക്ക് വേറെ വിവാഹം ആലോചിക്കുന്നെന്ന കാര്യം അറിഞ്ഞപ്പോഴാ ഞാൻ അമ്പരന്നത്. ഇതിന്റെ പിറകിൽ ഇത്രയും സംഭവം ഉണ്ടായ കാര്യം എനിക്ക് അറിയില്ല ” ദേവൻ പറഞ്ഞു നിർത്തി.

“ദേവാ, എന്റെ കുടുംബത്തെ ഞാൻ ഇന്ന് വരെ സ്നേഹിച്ചിട്ടേ ഉള്ളു. എന്റെ കൂടപ്പിറപ്പുകൾ എനിക്ക് മക്കളെ പോലെയാ. അവർക്ക് വേദന ഉണ്ടാകുന്നതൊന്നും ഞാൻ ചെയ്യില്ല. സാവിത്രി ഈ കാര്യം എന്നോട് ആവിശ്യപെട്ടപ്പോഴും എനിക്ക് എതിർക്കമായിരുന്നു. കാരണം ഇങ്ങനെ ഒരു വാക്ക് പറഞ്ഞത് അവൾ ആണ്. ഞാൻ അല്ല. പക്ഷെ, പാടില്ല. എന്റെ ഇന്നത്തെ സാഹചര്യം വെച്ചു നന്ദയെ അങ്ങോട്ടേക്ക് പറഞ്ഞു അയക്കാൻ സാധിക്കില്ല. സാവിത്രി അത് ആഗ്രഹിക്കുന്നില്ല. എന്റെ 10മത്തെ വയസ്സിൽ ഞാൻ അധ്വാനിക്കാൻ തുടങ്ങിയത് അവർക്കൊക്കെ വേണ്ടിയാ. അന്ന് മുതലേ മനസിൽ ഉള്ള ചിന്ത അവർക്ക് അനിഷ്ടം ആയത് ചെയ്യില്ല എന്ന. അത് കൊണ്ട് തന്നെ എന്റെ കുഞ്ഞനിയത്തി ആഗ്രഹിക്കാത്ത കാര്യം ഞാൻ തുടരാൻ ആഗ്രഹിച്ചില്ല. അത്രേ ഉള്ളു ”
“ദേവനു കൂടി താല്പര്യമില്ല എന്ന് അറിഞ്ഞപ്പോ ഏതൊരു അച്ഛനെയും പോലെ ഞാനും വിചാരിച്ചു സ്വന്തം മകളെ അര്ഹതയില്ലാത്തിടത്തു പറഞ്ഞു അയക്കില്ലന്ന്. അതിനായ് ഒരു ചെറിയ കള്ളം പറയേണ്ടി വന്നു ”

“അച്ഛാ ഇതൊക്കെ എന്നോട് പറയരുന്നില്ലേ, എനിക്ക് മനസിലാക്കാൻ പറ്റുമല്ലോ എന്റെ അച്ഛനെ ” നന്ദ ഒരു പൊട്ടിക്കരച്ചിലോടെ മാധവന്റെ നെഞ്ചിലേക് വീണു. ശാരദ അവളുടെ അടുത്തേക്ക് വന്നു അവരും കണ്ണു തുടച്ചു.

“ദേവനു വേണ്ടി ആതിരയെ കല്യാണം ആലോചിക്കുന്ന കാര്യം ഇവിടെ അറിയിച്ചു. അത് നടക്കട്ടെ എന്ന് ഞങ്ങളും കരുതി. അതിൽ ഇടപെട്ട് ബന്ധങ്ങളിൽ വിള്ളൽ വീഴണ്ട എന്ന ഞങ്ങൾ തീരുമാനിച്ചത് “ശാരദ അവനോട് പറഞ്ഞു.

കുറച്ചു നേരം ദേവൻ മൗനമായി നിന്നു.

“അതിരയുമായ് കല്യാണം ആലോചിച്ചത് ഞാൻ അല്ല. എന്റെ അച്ഛനും അല്ല. ഞങ്ങളോട് തീരുമാനിക്കാതെ അമ്മയും ഇളയ അമ്മാവന്മാരും കാണിച്ച എടുത്ത് ചാട്ടം. ”
” മാധവമ്മാമ്മേ, ഞാൻ ഇപ്പോ പോകുവാ, ഒരു കാര്യം ഉറപ്പ് തരാം, നന്ദയെ വിവാഹം ചെയുന്നത് ഞാൻ ആയിരിക്കും. അവൻ അവരോടായി പറഞ്ഞുകൊണ്ട് നടന്നകന്നു.

************************

ദേവൻ വീട്ടിലേക്കു ചെല്ലുമ്പോൾ സാവിത്രി tv കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു.
“ചോർ എടുക്കട്ടേ ദേവാ “അവർ ചോദിച്ചു.
“വേണ്ട ” അവൻ മറുപടി പറഞ്ഞു.
“അമ്മ നിന്നോട് ഒരു കാര്യം പറയട്ടെ ” അവർ അവനോട് ചേർന്നിരുന്നു
“എനിക്ക് കേൾക്കേണ്ട “ദേവൻ എടുത്തടിച്ചു പറഞ്ഞു.

“എന്താ നീ ഇങ്ങനെ “സാവിത്രി അമ്പരന്നു.
അവൻ അമ്മയെ ഒന്നു തറപ്പിച്ചു നോക്കിയതിനു ശേഷം നടന്ന കാര്യങ്ങൾ എല്ലാം അവരോട് ചോദിച്ചു.. അച്ഛനും അപ്പോഴേക് അവിടെ എത്തി.. സാവിത്രി നിന്ന് വിയർത്തു. ദേവൻ അറിയരുതെന്ന് കരുതിയ കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കുന്നു. ഇനി ഒന്നും മറച്ചു വെക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോ അവർ സമ്മതിച്ചു.
“നീ ഇങ്ങനെ ദേഷ്യം കാണിക്കേണ്ട ആവിശ്യം ഇല്ല. നീ എന്റെ ഒറ്റ മോനാ. കുറച്ചു സ്ത്രീധനം ഉള്ള പെണ്ണിനെ വേണമെന്ന് ഞാൻ വാശിപിടിച്ചാൽ എന്താ ”

“നിനക്ക് നാണം ഉണ്ടോ സാവിത്രി.. അവർക്ക് വാക്ക് കൊടുത്തിട്ട് ഇപ്പോ ഇങ്ങനെ മാറ്റിപറയാൻ ” അച്ഛൻ ഇടപെട്ടു.

“ഒരു വാക്ക് അല്ലേ, മാറിയാൽ കുഴപ്പമില്ല “അവർ നിസ്സാരമായി പറഞ്ഞു. അമ്മയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത്കൊണ്ട് ദേവൻ കൂടുതലൊന്നും പറയാതെ അകത്തേക്കു കയറി പോയി.
അവൻ ഉള്ളിൽ ചില തീരുമാനങ്ങൾ ഒക്കെ എടുത്തു.

പിറ്റേന്നു ഞായറാഴ്ച ആയതിനാൽ നന്ദ പുറത്തേക്കൊന്നും പോകാതെ വീട്ടിൽ ഇരുന്നു. അവൾ തലേന്ന് ദേവനും അച്ഛനുമായി സംസാരിച്ചത് ഓർത്തു. അപ്പോൾ ദേവേട്ടന് തന്നോട് ഇഷ്ടം ഉണ്ട്.. എന്നിട്ടെന്താ പറയാഞ്ഞത്. അവൾ മുറിയിലൂടേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പുറത്ത് അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് അവൾ അങ്ങോട്ട് ചെന്നത്. നോക്കുമ്പോൾ കല്യാണി ആണ്. തലേന്നത്തെ വിശേഷം അറിയാനുള്ള വരവാണ്. “ദേവേട്ടൻ എന്താ പറഞ്ഞെ “അവൾ പതിയെ ചോദിച്ചു.
നടന്ന കാര്യങ്ങൾ എല്ലാം നന്ദ അവളോട് പറഞ്ഞു. അവൾക് അമ്പരപ്പും അത്ഭുതവും തോന്നി. “ഇത്രയൊക്കെ കാര്യങ്ങൾ എനിക്ക് ചുറ്റും നടന്നിട്ടും ഞാൻ അറിഞ്ഞില്ലടി ” നന്ദ വിഷമിച്ചു.
“നീ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ട് ” കല്യാണി അവളെ നോക്കി പറഞ്ഞു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story