ജാതകം: ഭാഗം 7

ജാതകം: ഭാഗം 7

എഴുത്തുകാരൻ: ശിവ


ഏട്ടൻ പോയി കഴിഞ്ഞതും ഞാൻ നേരെ തൊടിയിലെ തൈമാവിൻ ചുവട്ടിലേക്ക് പോയി..
കിളികളുടെ കൊഞ്ചൽ നാദവും കേട്ടു കൊണ്ട് മാവിൻ ചുവട്ടിൽ ഇരുന്നെന്റെ മനസ്സ് ഓർമ്മകൾ പൂക്കുന്ന മരുപ്പച്ച തേടിയൊരു
യാത്ര പോയി..
ഏട്ടനെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ സംഭവങ്ങളും ഒഴുകുന്ന പുഴ പോലെ എന്റെ മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു..
ഏട്ടനുമായുള്ള വഴക്കും പിണക്കവും ഒക്കെ ഉള്ളിൽ ചിരി ഉണർത്തിയ പ്രണയാർദ്ധ നിമിഷങ്ങളായി എന്നിലേക്ക് വന്നു ചേർന്നു…. പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള ഓർമകളെ മനസ്സ് കൊണ്ടു തലോടുന്നതിനിടയിൽ
അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല.. അമ്മയുടെ വിളികേട്ടാണ് ഞാൻ അവിടെ നിന്നും എഴുന്നേറ്റത്..
ഏട്ടൻ പോയിട്ട് ഇപ്പോൾ സമയം കുറെ ആയല്ലോ..
എനിക്ക് ആണെങ്കിൽ ടെൻഷൻ ആയിട്ട് വയ്യ.. മനസ്സിന് എന്തോ ഒരു സമാധാനം ഇല്ല..
എന്തോ ഒരാപത്തു വരാൻ പോവുന്നത് പോലെ..
നാട്ടിൽ ആയിരുന്നു എങ്കിൽ കാവിലെ നാഗത്താന്മാരുടെ മുന്നിൽ പോയൊന്നു പ്രാത്ഥിച്ചിരുന്നു എങ്കിൽ സമാധാനം കിട്ടിയേനെ ഇതിപ്പോൾ അതും നടക്കുന്നില്ലല്ലോ ഈശ്വരാ….
പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഇവിടുത്തെ കാവിനെ കുറിച്ച് ഓർമ്മ വന്നു..
അമ്മ പറഞ്ഞത് അവിടെ പൂജയും മറ്റുമൊന്നും ഇല്ലാതെ കിടക്കുവാണ് അങ്ങോട്ടെങ്ങും കേറരുത് എന്നാണെങ്കിലും അങ്ങോട്ട്‌ പോവാൻ മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ തോന്നി..
ഞാൻ നേരെ മുറ്റത്തേക്ക് ഇറങ്ങി കാവിനെ ലക്ഷ്യമാക്കി നടന്നു..
ആരെങ്കിലും കാണുമോ എന്ന പേടിയോടെ ഇടക്കിടെ തിരിഞ്ഞു നോക്കിയാണ് ഞാൻ നടന്നത്..
അങ്ങനെ കാവിന്റെ മുന്നിൽ ഞാനെത്തി..

കാവിലേക്കു സ്വാഗതമരുളി നിൽക്കുന്ന രണ്ടു ആലുകൾക്കും ഇടയിലൂടെ കാറ്റിൽ ഇളകിയാടുന്ന ഇലകളുടെ മർമ്മരം കേട്ടുകൊണ്ട് ഞാൻ കാവിനുള്ളിലേക്ക് കടന്നു..
ആരെങ്കിലും എന്നെ കാണുമോ എന്ന പേടിയോടെയാണ് ഞാൻ നടന്നത്.. കണ്ടാൽ ഒരുപക്ഷേ വഴക്ക് കേൾക്കേണ്ടി വരും.. വളർന്നു പന്തലിച്ച പുല്ലിനെ വകഞ്ഞു മാറ്റി നടന്നു നടന്നു ഞാൻ ഒടുവിൽ നാഗത്തറക്ക് മുന്നിൽ എത്തി.
പൂജയൊന്നും നടക്കുന്നില്ല എങ്കിലും എനിക്ക് ഉറപ്പായിരുന്നു അവിടെ നാഗദൈവങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന് ..
അതുകൊണ്ട് തന്നെ
നാഗദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് കൊണ്ടു കണ്ണുകൾ അടച്ചു ഞാൻ പ്രാത്ഥിച്ചു കൊണ്ടിരുന്നു..
ചെമ്പകപ്പൂവിൻ സുഗന്ധത്തോടെ നനുത്ത സ്പർശമുള്ള ഇളം കാറ്റെന്നെ തഴുകി കടന്നു പോയി..
==========================

മറുവശത്തു ബൈക്കിൽ അതിവേഗം തന്നെ ദേവൻ ടൗണിൽ എത്തി.. ഹോട്ടലിനു മുന്നിൽ വിഷ്‌ണു ദേവനെയും കാത്തു നിൽപ്പുണ്ടായിരുന്നു..
“നീ എന്താ ദേവാ താമസിച്ചത്..
“ഒന്നും പറയേണ്ട വിച്ചു.. ഞാൻ നേരത്തെ ഇറങ്ങിയതാണ് അപ്പോൾ ദുശ്ശകുനം, ദുസ്വപ്നം എന്നൊക്കെ പറഞ്ഞു എന്റെ ഭാര്യ കേറി യാത്രക്ക് തടസ്സം നിന്നു അതുകൊണ്ടാണ് താമസിച്ചത്..
“ദുശ്ശകുനവും ദുസ്വപ്നവുമോ അതെന്താണ് സംഭവം..
“അതുപിന്നെ എനിക്കെന്തോ ആപത്തു വരാൻ പോവുന്നുണ്ടെന്ന് അവൾ സ്വപ്നം കണ്ടത്രേ.. പോരാത്തതിന് ഞാൻ ഇറങ്ങുമ്പോൾ മുന്നിലേക്ക് പാമ്പ് വീണു അതെന്തോ ആപത്തു വരാൻ പോവുന്നതിന്റെ സൂചന ആണത്രേ..
എന്താ പറയുക ഓരോരോ അന്ധവിശ്വാസങ്ങൾ എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു..
ഈ കാലത്ത് ഇതൊക്കെ ആരേലും വിശ്വസിക്കുമോ..
അതുകേട്ടു വിഷ്ണുവിന്റെ മുഖം ആകെ മാറി..
എന്തോ ഒരു പേടി അവന്റെ മുഖത്തു നിഴലിച്ചു അതു മറയ്ക്കാനായി ചെറിയൊരു പുഞ്ചിരി മുഖത്തു വരുത്താൻ അവൻ ശ്രമിക്കുന്നത് പോലെ ദേവന് തോന്നി..
“ഡാ എന്തുപറ്റിയെടാ..
“ഹേ ഒന്നുമില്ല..
“എന്താ നിനക്കും പേടിയുണ്ടോ..
“ഹേ ഇല്ല..
“എന്നാൽപ്പിന്നെ നീ എന്തു ആലോചിച്ചു നിൽക്കുവാണ് നീ കേറെടാ നമുക്ക് പോവണ്ടേ….
“അല്ലെടാ ഞാൻ എന്റെ ബൈക്കിൽ വന്നോളാം നീ സ്റ്റാർട്ട്‌ ചെയ്തോളു എന്നും പറഞ്ഞു വിഷ്ണു അവന്റെ ബൈക്കിൽ കേറി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.
“അതെന്താടാ എന്റെ കൂടെ വരാൻ നിനക്ക് പേടിയുണ്ടോ..
“ഹേ അതൊന്നും അല്ല എന്റെ ഒരു കൂട്ടുകാരൻ കൂടി വരുന്നുണ്ട് കുറച്ചങ്ങു ചെല്ലുമ്പോൾ അവനെ കാണാം.. അവനു ബൈക്ക് ഇല്ല അതാണ് ഞാൻ ഇതെടുത്തത്..
“മ്മം ശെരി എന്നും പറഞ്ഞു ദേവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അപ്പോഴേക്കും വിഷ്ണു മുന്നോട്ടു ബൈക്ക് ഓടിച്ചു പോയി പിന്നാലെ ദേവനും വണ്ടി വിട്ടു..
========================

കാവിൽ നാഗത്തറക്കു മുന്നിൽ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..
അവളുടെ കണ്ണീർ തുള്ളികൾ കവിളുകളെ ചുംബിച്ചു കൊണ്ടു താഴേക്കു വീണു മണ്ണിൽ അലിഞ്ഞു ചേർന്നു..
പെട്ടെന്ന് ഒരു ചിറകടി ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ ആണ് വന്നിട്ട് സമയം ഒരുപാട് ആയിരിക്കുന്നു എന്ന് എനിക്ക് ബോധം വന്നത്..
അമ്മ ഇപ്പോൾ എന്നെ അന്വേഷിക്കുന്നുണ്ടാവും..
ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി..
തറവാട്ടിന് മുന്നിൽ എത്തി ഉമ്മറത്തേക്ക് കാലെടുത്തു വെച്ചതും പിന്നിൽ കാറിന്റെ ഹോണടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..
അതാ പടിപ്പുരക്ക് മുന്നിൽ ഒരു കാർ വന്നു നിൽക്കുന്നു..
ഞാൻ അത് ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ നോക്കി നിന്നു..
സാമാന്യം പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ കാറിൽ നിന്നും ഡോർ തുറന്നു ഇറങ്ങി..
അയാൾ കാറിൽ നിന്ന് ആരെയോ പിടിച്ചു ഇറക്കുകയാണ്..
ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. ദേവേട്ടൻ..
ഏട്ടന്റെ തലയിൽ ഒരു കെട്ടുണ്ട്..
കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുക യാണെന്ന് തോന്നുന്നു..
ഞാൻ ഒരൊറ്റ ഓട്ടത്തിന് തന്നെ പടിപ്പുര കടന്നു ദേവേട്ടന്റെ അരുകിൽ എത്തി..
“ഏട്ടാ ഏട്ടന് ഇതെന്തു പറ്റി.. എന്താ ഇതൊക്കെ ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു.. എന്റെ കണ്ണുകളൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു..
“ഹേ ഒന്നുമില്ല.. നിന്റെ കരിനാക്ക് വല്ലോം ആണോടി പറഞ്ഞത് പോലെ തന്നെ അപകടം ഉണ്ടായി..
“അയ്യോ ഏട്ടാ ഞാൻ.. എന്നും പറഞ്ഞു ഞാൻ ഏട്ടനെ കെട്ടിപിടിച്ചു..
“ഹേ ശ്രീദേവി പേടിക്കാൻ ഒന്നുമില്ല അവന്റെ കാലിന് ചെറിയൊരു പൊട്ടൽ അത്രേയുള്ളൂ.. പിന്നെ നെറ്റിയുടെ അവിടെ ചെറിയൊരു മുറിവുണ്ട് അതു പെട്ടെന്ന് കരിഞ്ഞോളും.. എന്നു കൂടെയുള്ളവൻ പറഞ്ഞു.
അപ്പോഴേക്കും അമ്മയും ഓടി വന്നു..
“എന്താടാ ഇതൊക്കെ അപ്പോഴേ അവളും ഞാനും പറഞ്ഞതല്ലേ പോവരുതെന്നു നീ കേട്ടോ.. അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി..
“വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല അമ്മേ..
“ദേ ദേവ എന്നെക്കൊണ്ടൊന്നും പറയിക്കരുതേ.. ഇത് നീ വരുത്തി വെച്ചതല്ലേ..
“എന്റെ അമ്മേ ഇതിൽ കൂടുതൽ പറ്റേണ്ടതാണ് ദൈവാനുഗ്രഹം കൊണ്ടു രക്ഷപ്പെത്താണ്….
“എല്ലാം എന്റെ മോളുടെ പ്രാത്ഥന കൊണ്ടാണ്..
അതുകേട്ടു ദേവൻ ശ്രീദേവിയെ നോക്കി ഒന്നു ചിരിച്ചു..
“പിന്നെ അമ്മേ ഇതാണ് വിഷ്ണു ഇവനും ഞാനും പോയപ്പോഴാണ് അപകടം ഉണ്ടായത്.. ഇവനുണ്ടായിരുന്ന കൊണ്ടു പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു..
അമ്മയും ശ്രീയും വിഷ്‌ണുവിനെ നോക്കി അവൻ അവരെ നോക്കി പുഞ്ചിരിച്ചു…..
“മ്മം ബാക്കി ഒക്കെ അകത്തു പോയിരുന്നു പറയാം അകത്തേക്ക് നടക്ക് എന്നും പറഞ്ഞു അമ്മ നടന്നു..
അമ്മയുടെ പിന്നാലെ ദേവനെ താങ്ങി പിടിച്ച് കൊണ്ടു ശ്രീദേവിയും നടന്നു..
വിഷ്ണു ചുറ്റുപാടും നോക്കി കൊണ്ടു അവിടെ തന്നെ നിന്നു..
“ഡാ നീ കേറുന്നില്ലേ വാ ഇനിയിപ്പോൾ ഇന്ന് ഇവിടെ കൂടിയിട്ടു നാളെ പോവാം എന്നും പറഞ്ഞു ദേവൻ വിഷ്ണുവിനെ വിളിച്ചു..
അതുകേട്ടു വിഷ്ണു പടിപ്പുര കടന്നു തറവാടിന് മുന്നിൽ എത്തി..
വിഷ്ണു ചുറ്റും വീണ്ടും കണ്ണോടിച്ചു.. അവന്റെ കണ്ണുകൾ കാവിൽ ഉടക്കി..
ആ കണ്ണുകളിൽ എന്തോ ഒന്ന് കണ്ടെത്തിയ പോലെ ഒരു തിളക്കം..
അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു..
അവൻ തറവാടിന്റെ ഉമ്മറപടിയിലേക്ക് മെല്ലെ കാലെടുത്തു വെച്ചതും..
പ്രകൃതിയാകെ മാറി മറിഞ്ഞു.. സൂര്യനെ കാർമേഘം വിഴുങ്ങി ചുറ്റും ഇരുൾ പരന്നു..
എവിടെ നിന്നോ അതിശക്തമായ കാറ്റു വീശി തുടങ്ങി..
കാറ്റിൽ മരങ്ങൾ ആകെ ആടിയുലഞ്ഞു..
മുറ്റത്തു നിന്ന മാവിന്റെ വലിയൊരു കൊമ്പൊടിഞ്ഞു വീണു..
ശ്രീദേവി വിഷ്ണുവിനെ സൂക്ഷിച്ചു നോക്കി..
ഒരു പുഞ്ചിരിയുമായി എല്ലാം കണ്ടു കൊണ്ടവൻ നിൽക്കുകയാണ്..
പിന്നെ മെല്ലെ അവൻ തന്റെ കണ്ണുകൾ മുകളിലേക്കു ഉയർത്തി കണ്ണുകൾ മെല്ലെ അടച്ചപ്പോളേക്കും ചുറ്റും ശാന്തമായി മാറി..
ശ്രീദേവിക്ക് അവനിൽ എന്തോ ഉള്ളതായി തോന്നി..
കുറ്റിത്താടിയും നീട്ടിവളർത്തിയ മുടിയും തിളങ്ങുന്ന പൂച്ച കണ്ണുകളുമായി കണ്ടാൽ ആളൊരു സുന്ദരൻ ആണെങ്കിലും അവനു ചുറ്റും എന്തോ ഒരു നിഗൂഢത തളം കെട്ടി കിടക്കുന്നത് പോലെ എനിക്ക് തോന്നി.. ആ മുഖത്തു നിന്നും അതെനിക്ക് വ്യക്തമായി വായിച്ചെടുക്കാൻ ആയി..
അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കുള്ളിൽ പോലും എന്തോ ഒന്നു ഒളിഞ്ഞിരിപ്പുണ്ട്..
ഇവനെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് വല്ലാതെ പിടക്കുന്നു വലം കണ്ണ് തുടിക്കുന്നു എന്തോ അപകടം വരാൻ പോവുന്നെന്ന് മനസ്സ് പറയുന്നു..
========================

അന്ന് രാത്രിയിൽ കിടന്നിട്ടു എന്തോ എനിക്ക് ഉറക്കം വന്നില്ല.. വിഷ്ണുവിനെ കണ്ടത് മുതൽ മനസ്സിൽ എന്തൊക്കെയോ ഒരു തോന്നൽ അവനു പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് പോലെ ഒരു തോന്നൽ..
ഇതിന് മുൻപ് ഒരിക്കൽ പോലും ഞാൻ അവനെ കണ്ടിട്ട് ഇല്ല അവനെക്കുറിച്ചു ഒന്നും അറിയത്തമില്ല..
പിന്നെ എന്താണ് അവനെ കണ്ടത് മുതൽ ഉള്ളിൽ ഒരു ഭയം.. അതുകൊണ്ടാവും ഉറക്കം വരുന്നേയില്ല..
ഓരോന്നു ആലോചിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന് ഇടയിൽ ഭിത്തിയിലേക്ക് നോക്കുമ്പോൾ ആരുടെയോ നിഴൽ രൂപം.. ജന്നലിന്റെ അവിടെ ആരോ നിൽപ്പുണ്ട്..
ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അവിടെങ്ങും ആരെയും കണ്ടില്ല..
വേഗം എഴുന്നേറ്റു ജന്നലിന്റെ അടുത്തെത്തി പുറത്തേക്കു നോക്കി നേരിയ നിലാവെട്ടം ഉണ്ട്.. പുറത്തെങ്ങും ആരെയും കാണാനില്ല..
ഇനിയിപ്പോൾ എനിക്ക് തോന്നിയതാവുമോ..
ആയിരിക്കും അവനെ കുറിച്ച് ആലോചിച്ചു കിടന്നത് കൊണ്ടു തോന്നിയതാവും
പോയി കിടന്നേക്കാം എന്നു വിചാരിച്ചപ്പോൾ വീടിനകത്തു ഏതോ മുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു..
രാത്രിയുടെ നിശബ്ദത കൊണ്ടാവും ആരോ നടക്കുന്ന കാൽ പെരുമാറ്റം വ്യക്തമായി കേൾക്കാമായിരുന്നു..
ഇതാരാണ് ഈ സമയത്തു വീടിനുള്ളിൽ കൂടി നടക്കുന്നത്.. അമ്മയും മുത്തശ്ശിയും ഉറങ്ങാൻ കിടന്നാൽ പിന്നെ രാവിലെയെ എഴുന്നേൽക്കാറുള്ളു..
അപ്പോൾ പിന്നെ ഇതവൻ തന്നെ ആയിരിക്കും.. വിഷ്ണു..
പുറത്തേക്ക് ഇറങ്ങി നോക്കാൻ എന്റെ മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ ഒരു തോന്നൽ.. ഞാൻ പോയി പതിയെ വാതിൽ തുറന്നു..
വെളിച്ചം എല്ലാം കെടുത്തിയതിനാൽ വീടിനകത്താകെ ഇരുട്ട് പരന്നിരിക്കുന്നു.. എങ്കിലും ജന്നൽ തുറന്നു കിടന്നിരുന്നതിനാൽ അതിലൂടെ നേരിയ വെട്ടവും അകത്തേക്ക് വരുന്നുണ്ട്..
പതിയെ പതിയെ ഭിത്തിയിൽ പിടിച്ചു കൊണ്ടു ഞാൻ വിഷ്‌ണു കിടക്കുന്ന മുറിക്കു മുന്നിൽ എത്തി..
മുറിയുടെ കതക് തുറന്നു കിടക്കുന്നു.
അതിലൂടെ ഞാൻ അകത്തേക്ക് നോക്കി.
ആ മുറിയുടെ ജന്നൽ തുറന്നു കിടന്നിരുന്നതിനാൽ പുറത്തെ നിലാവെട്ടം ചെറുതായി മുറിക്കുള്ളിൽ ഉണ്ട്..
ആ വെട്ടത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി അവനെ അവിടെങ്ങും കണ്ടില്ല..
ഇവനിതു എവിടെ പോയി..
ഞാൻ അവിടെ നിന്നും ഇടനാഴിയിലൂടെ മുന്നോട്ടു മെല്ലെ നടന്നു.. നടന്നു നടന്നു നിലവറയിലേക്കു പോവുന്ന വാതിലിനു മുന്നിൽ എത്തിയതും അതിനു മുന്നിൽ ഒരു രൂപം..
അതു വിഷ്ണു ആയിരിക്കും എന്നെനിക്കു ഉറപ്പായി.. പക്ഷേ അവനവിടെ എന്തിന് നിൽക്കുന്നു..
എന്റെ ഉള്ളിൽ സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു ..
ഈ പാതിരാത്രിയിൽ നാഗമാണിക്യം ഇരിക്കുന്ന നിലവറയിലേക്കു പോവുന്ന മുറിക്കു മുന്നിൽ ഇവനെന്തു കാര്യം..

ശ്രീദേവി നോക്കി നിൽക്കെ ആ വാതിൽ തുറന്നവൻ അകത്തേക്ക് കയറി..
പൂട്ടി ഇട്ടിരുന്ന വാതിൽ എങ്ങനെ ഇവൻ തുറന്നു.. എനിക്ക് ആകെ അത്ഭുതമായി..
എന്തായാലും അവന്റെ പിന്നാലെ പോയാൽ അത് അപകടം ആയിരിക്കും..
അതുകൊണ്ട് അവൻ വരുന്നത് വരെ തൂണിന്റെ പിന്നിൽ മറഞ്ഞു നിൽക്കാൻ ഞാൻ തീരുമാനിച്ചു..
കുറച്ചു സമയങ്ങൾക്ക് ശേഷം അവൻ തിരികെ വന്നു കതക് അടയുന്ന ശബ്ദം കേട്ടു..
ഞാൻ നോക്കുമ്പോൾ പതിയെ നടന്നു നടന്നു അവൻ കിടന്നിരുന്ന മുറിയിലേക്ക് അവൻ കയറുന്നത് കണ്ടു ..
അവൻ കേറി കതക് അടച്ചതും ഞാൻ പതിയെ നടന്നു പൂട്ടി ഇട്ടിരുന്ന മുറിയുടെ മുന്നിൽ എത്തി..
ഞാനാ കതകിൽ പിടിച്ചു തള്ളി നോക്കി അത് പൂട്ടി തന്നെ കിടക്കുവാണ്.. താഴും ഉണ്ട്.. അപ്പോൾ പിന്നെ ഇവൻ എങ്ങനെ അകത്തു കയറി..
ഇനി ഇതിന്റെ താക്കോൽ ഇവന്റെ കൈയിൽ ഉണ്ടാവുമോ പക്ഷേ പറഞ്ഞു കേട്ടിടത്തോളം മുത്തശ്ശിയുടെ കൈയിൽ മാത്രമാണ് ഇതിന്റെ താക്കോൽ അപ്പോൾ പിന്നെ ഇവൻ അതെങ്ങനെ തുറന്നു..
ഇവന് പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞു കിടപ്പുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു..

എന്തിനായിരിക്കും നാഗമാണിക്യം ഇരിക്കുന്ന നിലവറയിലേക്ക് ഇവൻ പോയത്..
ഇനി ഇവന്റെ വരവിനു പിന്നിൽ പോലും എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരിക്കുമോ….
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാൻ റൂമിലേക്ക്‌ മടങ്ങി.. (തുടരും… ) 

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ജാതകം: ഭാഗം 1 

ജാതകം: ഭാഗം 2

ജാതകം: ഭാഗം 3

ജാതകം: ഭാഗം 4

ജാതകം: ഭാഗം 5

ജാതകം: ഭാഗം 6

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story