അപൂർവരാഗം: ഭാഗം 1

അപൂർവരാഗം: ഭാഗം 1

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“അപ്പൂ…….. അപ്പൂ…….. ഇങ്ങനെ ഒരു കുട്ടി.. നേരം എത്രയായി എന്ന വിചാരം.. മര്യാദയ്ക്ക് എണീറ്റ് വന്നില്ലെങ്കിലു തലയിൽ കൂടി വെള്ളം ഒഴിക്കും ഞാൻ…”

“ദൈവമേ… പോരാളിയുടെ ശബ്ദം ആണല്ലോ…”. കണ്ണ് തുറക്കാതെ തന്നെ ഞാന് കൈയെത്തി പിടിച്ചു ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു.
” ന്റെ കൃഷ്ണാ.. നീ എനിക്ക് പണി തന്നു കൊണ്ട് ഇരിക്കുവാണല്ലോ..”
ഒന്ന് ഞെട്ടി ഞാന് എണീറ്റ് ഇരുന്നു…. ഈ ഞാന് ആരാണെന്ന് അല്ലെ നിങ്ങൾ നോക്കുന്നതു.. പോരാളി അപ്പൂ എന്ന് വിളിക്കുന്നത് കേട്ട് ഞാന് ഒരു ആണ്കുട്ടി ആണെന്ന് നിങ്ങക്ക് തോന്നിയെങ്കിലു അത് വെറും തോന്നല് മാത്രം.

അപ്പു എന്ന് വിളിക്കുമെങ്കിലും എന്റെ ശരിക്കും ഉള്ള പേര്… പേര്.. കണ്ടോ ഇവരൊക്കെ അപ്പൂ.. അപ്പൂ.. എന്നു വിളിച്ചു സ്വന്തം പേര് ഞാന് മറന്നു പോകുന്ന അവസ്ഥ ആണ്. എന്റെ പേര് അപൂര്വ.

ഞാനേയ് നല്ല ഒരു സുന്ദരി കൊച്ചു ആണ് . സ്വയം പുകഴ്ത്തുന്നത് ആണെന്ന് നിങ്ങക്ക് തോന്നിയാല് അത് വെറും തോന്നല് മാത്രം ആണു്ട്ടാ. ഞാൻ അത്രയ്ക്കു സുന്ദരി ഒന്നും അല്ലേലും ഒരു സുന്ദരി തന്നെ ആണ്. പിന്നെ അത് അസൂയ കൊണ്ട് അധികം ആരും സമ്മതിച്ചു തരാത്തത് എന്റെ കുറ്റം അല്ലല്ലോ. നിങ്ങളോട് കഥ പറഞ്ഞ്‌ ഇനിയും ഇവിടെ ഇരുന്നാലെ പോരാളി പറഞ്ഞത് പൊലെ ചെയ്യും. എന്ത് ചെയ്യാൻ ആണ് നല്ല രീതിയില് തിന്നും ഉറങ്ങിയും കളിച്ചും നടന്നിരുന്ന ഞാന് ആണ്. വലുത് ആകേണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ?. ഞാൻ എണീറ്റു പോകട്ടെട്ടാ… കഥ വഴിയേ പറഞ്ഞു തരാം.

ഇങ്ങനെ മടി ഒക്കെ ആണേലും എനിക്ക് വൃത്തി കുറച്ചു അധികം ആണു്ട്ടാ.. ഡെയ്ലി രണ്ട് നേരം കുളിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല. അതായത് എന്റെ ഏറ്റവും വല്യ വീക്നെസ്സ് മനസ്സിലായല്ലോ. സമാധാനമായി ഉറങ്ങുക. നന്നായി ഉറങ്ങുന്ന കുട്ടികളുടെ ബുദ്ധി നന്നായി വികസിക്കും എന്ന് കേട്ട് പഠിച്ച ഞാന് നമ്മുടെ കലാം സർന്റെ ഡയലോഗ് കേട്ട് കിളി പോയത് ആണ്. സർ പറഞ്ഞില്ലേ നമ്മൾ ഉറങ്ങുമ്പോള് കാണുന്നത് അല്ല സ്വപ്നം മറിച്ച് ഉണര്ന്നു ഇരിക്കുമ്പോള് കാണുന്നത് ആണ് സ്വപ്നം എന്ന്. അതില് പിന്നെ എന്റെ ഉറങ്ങാൻ ഉള്ള സ്വാതന്ത്ര്യവും പോയി. നല്ല രീതിയില് 8 മണിക്കൂര് ഒക്കെ ഉറങ്ങി കൊണ്ടിരുന്ന ഞാന് ആണ് ഇപ്പൊ 7 മണിക്കൂര് ഒക്കെ ഉറങ്ങുന്നത്.

“അപ്പൂ…”…
“യ്യോ പോരാളി…”.കൈയിൽ കിട്ടിയ ഡ്രസും എടുത്തു ഞാന് ബാത്റൂമിലേക്ക് ഓടി. നന്നായി നീരാടി ഇറങ്ങി മുടി ഒക്കെ ഉണക്കി പിന്നിയിട്ട് പതിയെ താഴേക്കു ഇറങ്ങി. പഴയ മോഡല് വീട് ആണ് എന്റേത്. തറവാട് വീട് തൊട്ടു അടുത്ത് തന്നെ ആണ്. ഒരു പറമ്പില് തന്നെ 4 വീടുകൾ. അങ്ങനെ ആണ്. പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ പഴയ വീട് ആണ്. സൗകര്യം ഒക്കെ കുറവാണ്. അച്ഛനും അമ്മയും താഴെയാണ് കിടക്കുക. എന്റെ സാമ്രാജ്യം മുകളില് ആണ്. അങ്ങോട്ടു ഞാന് ആരെയും അടുപ്പിക്കാറില്ല എന്നതാണ് സത്യം.

സാമ്രാജ്യം അത്ര വലുത് ഒന്നും അല്ല.. എന്നാലും എന്റെ എല്ലാ കുരുത്തക്കേടിനും പറ്റിയ സ്ഥലം അതാണ്. വൃത്തി ആക്കാന് കൂടി ഞാന് ആരെയും അങ്ങോട്ടു കയറ്റില്ല എന്നതാണ് സത്യം.

പതിയെ താഴോട്ട് ഇറങ്ങി മുന്നിലേ വരാന്തയിലേക്ക് എത്തി നോക്കി.. എന്റെ സ്രഷ്ടാവ് കാര്യമായ പത്രം വായനയിൽ ആണ്. എനിക്ക് പിന്നെ ആ ശീലം ഇല്ലാത്തത് കൊണ്ട് രാവിലെ പത്രത്തിന് വേണ്ടിയുള്ള അടിപിടി ഇല്ല. സ്രഷ്ടാവിന്റെ മുന്നില് ആവി പറക്കുന്ന കോഫീ ഉണ്ട്. ഈ വീട്ടില് രാവിലെ തന്നെ കോഫീ വേണ്ടാത്ത ഒരേ ഒരു വ്യക്തി ഞാന് ആണ്. അടുക്കളയിലേക്കു തലയിട്ട് നോക്കിയപ്പോള് പോരാളി കാര്യമായി ദോശ ചുട്ടു എടുക്കുവാണ്. പതിയെ സോപ്പ് ഇട്ടു നോക്കാൻ ഉള്ള എന്റെ ആഗ്രഹം ഒറ്റ അടിക്കു പോരാളി തകർത്തു.

“ആഹ്.. പതുങ്ങി നിക്കണ്ട.. കേറി പോരേ..”

ഞാന് ഒരു ചമ്മിയ ചിരിയോടെ പോരാളി ക്ക് ഒരുമ്മ കൊടുത്തു. ഇതാണെന്റെ ലോകം.. അച്ഛൻ മാധവന് ഇവിടെ അടുത്തുള്ള സ്കൂളിൽ തന്നെ പ്യൂൺ ആണ്. അമ്മ ദേവി വീട്ടമ്മ.. പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല് പോരാളി എന്ന് ചുമ്മാ പറഞ്ഞത് അല്ലട്ടാ.. വീട്ടിലെ മൊത്തം പണിയും എടുത്തു തീര്ക്കുന്നില്ലേ.. പുലര്ച്ചെ തുടങ്ങുന്ന ജോലി രാത്രി വരെ നീളും.. അപ്പൊ ശരിക്കും പോരാളി അല്ലെ അമ്മ. പിന്നെ എനിക്ക് ആകെ ഉള്ളതു ഒരേ ഒരു ചേച്ചി ആണ്. അര്പ്പിത.. അവള് എന്നെക്കാളും 3 വയസ്സിനു മൂത്തത് ആണ്.. മൂന്നു വയസ്സിന് മൂത്തത് ആണേലും മുപ്പതു വയസ്സിനു മൂത്ത ഭാവം ആണ് എന്നെ ഉപദേശിക്കുന്ന സമയത്ത്.. (നോക്കേണ്ട ഡാ ഉണ്ണീ.. അങ്ങനെ ഉപദേശിച്ചു എന്നെ നന്നാക്കാന് ഒന്നും ആര്ക്കും പറ്റില്ല).
ചേച്ചി കല്യാണം ഒക്കെ കഴിഞ്ഞ് ചേട്ടന്റെ കൂടെ ലക്ഷദ്വീപില് ആണ്.

ചേട്ടന് അവിടെ ആണ് ജോലി. ആള് അവിടെ ഒരു സ്കൂളിൽ കണക്ക് മാഷ് ആണ്. ചേച്ചിയും പോസ്റ്റ് ഗ്രാജുവേറ്റ് ആണ് ഗണിതത്തില്. പിന്നെ വാവ ഉള്ളതു കൊണ്ട് ഇപ്പൊ തല്കാലം ജോലിക്ക് ഒന്നും പോകാൻ പറ്റില്ല. അത് കൊണ്ട് അവനെയും കളിപ്പിച്ചു വീട്ടില് ഇരിക്കുന്നു. എന്നാലും പി എസ് സി പഠനം നടക്കുന്നുണ്ട്. എന്റെ കുഞ്ഞു റൗഡി ആണ് അവന്. എന്നെ പൊലെ ആക്കണം അവനെയും എന്നാണ് എന്റെ ആഗ്രഹം.. അതിനു നീ ഇപ്പൊ എന്തായി എന്ന് ചോദിക്കുന്ന ആൾക്കാരോട്.. ഞാനും എന്തേലും ഒക്കെ ആവും നാളെ. അപ്പൊ കാണിച്ച് തരാട്ടാ. കാര്യം ഇങ്ങനെ ഒക്കെ ആണേലും ഞാന് ഒരു സംഭവം ആണു്ട്ടാ..

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് അച്ഛന്റെ ചോദ്യം. “മോള് എപ്പഴാ തിരിച്ചു പോകുന്നത്”. അപ്പോഴാണു ഞാനും അതിനെ കുറിച്ച്‌ ആലോചിച്ചത്. ക്രിസ്മസ് വൊക്കേഷന് ഇനി രണ്ടു ദിവസമേ ഉള്ളു. കൃത്യമായി പറഞ്ഞാൽ നാളെ കഴിഞ്ഞ് മറ്റന്നാള് തിരിച്ചു പോകണം.

അതിനെ പറ്റി പറഞ്ഞാൽ വല്യ ഒരു കഥ ആണ്‌. കുഞ്ഞില് മുതല് വരയുടെ സൂക്കേട് ഉണ്ടാരുന്നു എനിക്ക്. അതായത് ചിത്രം വര. അത് കൊണ്ട് തന്നെ പ്ലസ് ടു ഒക്കെ കഴിഞ്ഞു ആര്ട്ന്റെ കോഴ്സ് ചെയ്തു വല്യ ചിത്രകാരി ആകണം എന്നൊക്കെ ഉണ്ടാരുന്നു. ചിത്രം വരച്ചു എങ്ങനെയാ ജീവിക്കുക എന്ന ബന്ധുക്കളുടെ ഒറ്റ ചോദ്യത്തിന് മുന്നില് ആ ആഗ്രഹം ഞാന് പൂട്ടി കെട്ടി വച്ചു.

പത്തിലെ റിസൾട്ട് വന്നപ്പോ ഫുൾ A+. തീർന്നു കഥ. എല്ലാരും കൂടെ ബയോളജി സയൻസ് എന്ന കീറാമുട്ടി എന്റെ തലയില് കയറ്റി തന്നു. പെട്ട് ഞാന്.. അങ്ങനെയാണ് എനിക്ക് തോന്നിയത്. ബോട്ടണിയും സുവോളജിയും കെമിസ്ട്രിയും പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത ഗണിത നിയമങ്ങളും ഒക്കെ കൂടി ഞാൻ ഒരു പരുവം ആയി. ആകെ ഉള്ള ആശ്വാസം മലയാളം ക്ലാസ്സ് ആരുന്നു.. ഒരു വിധം പ്ലസ് ടു പഠിച്ചു ഇറങ്ങി. ഒരുവിധം എന്ന് പറഞ്ഞത് മാർക്ക്ന്റെ കാര്യം അല്ലട്ടോ. മാർക്ക് ഒക്കെ നന്നായി തന്നെ ഉണ്ടാരുന്നു. അത് എനിക്ക് അടുത്ത പണി വാങ്ങി തന്നു.. വഴിയെ പറയാം.

ആ സമയത്ത് ആണ് ചേച്ചിയുടെ കല്യാണം. അതൊക്കെ അടിച്ചു പൊളിച്ചു നന്നായി വായി നോക്കി നടക്കുന്നതിനിടയില് ആണ് എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാം വന്നത്. തിരക്കിനിടയിലും എഞ്ചിനീയറിംഗ് എൻട്രൻസ് ഒക്കെ നന്നായി കുളമാക്കി എഴുതി കൂട്ടി. നമ്മൾ ആരാ മോള്. ഒരു വര്ഷം കൂടി കോച്ചിങ്ങിന് പോയി അടിച്ചു പൊളിച്ചു എൻട്രൻസ് എഴുതാം എന്ന എന്റെ ആഗ്രഹം കാറ്റില് പറത്തി ആണ് റിസൾട്ട് വന്നത്. നിങ്ങൾ അറിഞ്ഞോ? ഞാൻ പിന്നെയും പെട്ട്.

ഒടുവില് പെട്ടിയും കിടക്കയും എടുത്ത് കോളേജ് ഹോസ്റ്റലിലേക്ക്.. നീണ്ട നാല് വർഷങ്ങൾ. അൽഗോരിങ്ങളും ലാബ്കളും പ്രോജക്റ്റും സെമിനാറും വൈവ യും ഒക്കെയായി ബി ടെക് തീര്ത്തു ഞാന് മടങ്ങി എത്തി സൂർത്തുക്കളെ.

അതിനിടയില് ആണ് എം ടെക് എന്ന ബാധ തലയിൽ കേറിയത്. ഇതിനിടയിൽ ചില സംഭവങ്ങൾ ഒക്കെ ഉണ്ടായി കേട്ടോ. അത് ഞാന് വഴിയേ പറഞ്ഞ്‌ തരാം.. അങ്ങനെ എം ടെകിനു ചേര്ന്നതാണ് പാലക്കാട്. പാലക്കാട് എന്നും നമ്മളെ ഇങ്ങനെ മാടി വിളിക്കും. അത്രയും മനോഹരമായ നാട് ആണ്.. കണ്ണൂര് നിന്നും പാലക്കാട് എന്ന ഗ്രാമത്തിലേക്ക് ഉള്ള എന്റെ യാത്ര ശരിക്കും ഞാന് ആസ്വദിച്ചിരുന്നു.
അങ്ങനെ വീണ്ടും പെട്ടിയും കിടക്കയുമായി നമ്മൾ പാലക്കാട്ട് വണ്ടി കേറി. ട്രെയിൻ യാത്രയും ബസ് യാത്രയും ഒക്കെ ആയി ഒരു അടിപൊളി യാത്ര. പഠിച്ചു പഠിച്ചു ഇപ്പൊ എം ടെക് തീരാറായി. ഇനി ലാസ്റ്റ് സെമസ്റ്റർ ആണ്. പ്രോജക്റ്റ് മാത്രം. അതും തീര്ന്നാല് പിന്നെ മാംഗല്യം തന്തുനാനെന. മനസ്സിലായില്ലെ കല്യാണം എന്ന്.

നാട്ടിലുള്ള മുത്തശ്ശിമാർ മുതൽ കുഞ്ഞ് പിള്ളാര് വരെ അതിനാണ് കാത്തിരിക്കുന്നത്. എന്റെ കല്യാണം കണ്ടു കണ്ണ് അടയ്ക്കണം എന്നും പറഞ്ഞു നടക്കുന്ന കുറേയേറെ മുത്തി ഫ്രന്ഡ്സ് ഉണ്ടു്ട്ടാ എനിക്ക്. ഇങ്ങനെ കലപില ആക്കി നടക്കുന്നത് കൊണ്ട് തന്നെ എല്ലാര്ക്കും എന്നെ ഭയങ്കര ഇഷ്ടം ആണ്. ഇത് വരെ ഒരു ചീത്ത പേരും ഉണ്ടാകാന് ഞാന് ആയിട്ട് സാഹചര്യം ഉണ്ടാക്കിയിട്ടില്ല.

എന്നെ റോള് മോഡൽ ആക്കിയ എന്നെക്കാളും ചെറിയ പിള്ളാര് ഒക്കെ ഇപ്പൊ ജോലിയും ആക്കി കല്യാണവും കഴിഞ്ഞു. ഞാൻ മാത്രം പഠിച്ചു കൊണ്ട് ഇരിക്കുന്നു. ഒരു തരത്തിൽ ഇതാണ് സുഖം. പണിക്ക് പോകാൻ വല്യ പാട് ആണെന്നെ. പക്ഷെ കോഴ്സ് കഴിയാതെ കല്യാണം കഴിക്കില്ല എന്ന് ഞാന് വാശി പിടിച്ചത് ആണ്.. അത് കൊണ്ട് തന്നെ ഇനിയുള്ള 6 മാസം ആണ് എനിക്ക് അനുവദിച്ച സമയം. അതിനുള്ളിൽ വീട്ടുകാർ തന്നെ ഒരാളെ കണ്ടു പിടിക്കും. അത് ഞാന് പണ്ടേ കൊടുത്ത വാക്ക് ആണേ.. എനിക്ക് പണ്ടേ സെലക്ഷൻ സെൻസ് ഇല്ലാന്ന് ആണ് എല്ലാവരുടെയും അഭിപ്രായം. അതു കൊണ്ട് തന്നെ ആര്ക്കും തല വച്ചു കൊടുത്തില്ല ഇത് വരെ. തേപ്പ് നമുക്ക് പറ്റില്ല.

കെട്ടുവാണേലു ഒരു കലിപ്പന് ചെക്കനെ കെട്ടണം.. ബുള്ളറ്റും താടിയും ഒന്നും വേണ്ടന്ന്. പക്ഷേ ഒരു നാട്ടിന്പുറത്തെ ചെക്കന് മതി. ഞാനും അങ്ങനെ ഒരാൾ ആണേ. ഞാന് ഇങ്ങനെ ആണ്. സംസാരിച്ചു കാട് കേറും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രേം വിശേഷം എനിക്ക് ഉണ്ട്. വഴിയെ പറഞ്ഞു തരാം. അങ്ങനെ 10 ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം ഞാന് വീണ്ടും പാലക്കാട്ടേക്ക് ട്രെയിൻ കേറി.

(കുറച്ച് ഏറെ പറയാൻ ഉണ്ട് അപൂര്വയെ കുറിച്ചും അവളുടെ ചുറ്റുപാടുകളെ കുറിച്ചും. അതാണ് ഇത്രയും പറഞ്ഞത്. വലിച്ചു നീട്ടുന്നത് അല്ലട്ടോ. ആദ്യത്തെ സീരീസ് കഥ ആണ്. നായകന് ഒക്കെ വഴിയെ വരും.. അവസാനം നായകന്മാര് കൂടി പോയെന്ന് മാത്രം ആരും പറയരുത്. വേറെ കോഴ്സിനെ കുറിച്ച് പഠിക്കാൻ ഉള്ള സാവകാശം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ കോഴ്സ് തന്നെ ആണ് ട്ടാ നായികയും പഠിക്കുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ല. എന്റെ സ്വന്തം ജീവിത കഥ അല്ലെ ഇത് എന്ന് ആരും പറഞ്ഞു വരരുത് ട്ടാ.)… തുടരും 

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story