നന്ദ്യാർവട്ടം: Part 20

നന്ദ്യാർവട്ടം: Part 20

നോവൽ


നന്ദ്യാർവട്ടം: Part 20

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

അമലാ കാന്തിയുടെ ചുമതല ജൂനിയേർസിനെ ഏൽപ്പിച്ചിട്ട് , വിനയ് കാറെടുത്ത് വീട്ടിലേക്ക് വന്നു ..

ശനിയാഴ്ചയായത് കൊണ്ട് ആമി വീട്ടിലുണ്ട് …

അവൻ വരുമ്പോൾ , ഹാളിൽ ആദിയെ കളിപ്പിച്ചു കൊണ്ട് ശ്രിയയുണ്ട് ..

പപ്പയെ കണ്ടപ്പോൾ ആദി രണ്ടു കൈയ്യും നീട്ടി ഓടിച്ചെന്നു …

വിനയ് അവനെ എടുത്ത് ഉമ്മ വച്ചു ..

” ആമിയെവിടെ …..” അവൻ ശ്രിയയോട് ചോദിച്ചു …

” കിച്ചണിലുണ്ട് ചെറ്യച്ഛാ ….. ” അവൾ പറഞ്ഞു …

വിനയ് ആദിയെ നിലത്ത് നിർത്തി ..

” ചേച്ചീടൊപ്പം നിന്ന് കളിച്ചോട്ടോ …” ആദിയുടെ മുഖത്ത് ഒരുമ്മയും കൊടുത്തിട്ട് ,അവനെ ശ്രിയയുടെ അടുത്ത് വിട്ട് വിനയ് കിച്ചണിലേക്ക് നടന്നു ..

വിനയ് കിച്ചണിലേക്ക് വരുമ്പോൾ അഭിരാമി , പിന്നാമ്പുറത്ത് നിന്ന് കയറി വരികയായിരുന്നു …

വേസ്റ്റ് ബാസ്ക്കറ്റ് വരാന്തയിലേക്ക് വച്ചിട്ട് , അവൾ ഹാന്റ് വാഷെടുത്ത് കൈകഴുകി ..

” ആ വിനയേട്ടൻ വന്നോ …. രാവിലെ എന്തോ എമർജൻസിയാന്ന് പറഞ്ഞ് ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ ഓടിയതല്ലേ …. ” അവൾ ചോദിച്ചു ..

” നീ വന്നേ … എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….” അവൻ വിളിച്ചു ..

അവന്റെ മുഖം കണ്ടപ്പോൾ എന്തോ സീരിയസാണെന്ന് അവൾക്ക് മനസിലായി ..

അവൾ അവന്റെ പിന്നാലെ ചെന്നു ..

ഹാളിൽ കുട്ടികൾ കളിക്കുന്നത് കൊണ്ട് അവർ ഡൈനിംഗ് ടേബിളിലിരുന്ന് സംസാരിച്ചു ..

” രാവിലെ ഒന്നും കഴിച്ചില്ലല്ലോ വിനയേട്ടാ .. ഇഢലി ഇരിക്കുന്നുണ്ട് എടുക്കട്ടെ … ” അവൾ ചോദിച്ചു …

” എടുത്തോ ….”

അവളപ്പോൾ തന്നെ പ്ലേറ്റിൽ ഇഢലിയും സാമ്പാറും ചഡ്നിയും വിളമ്പി വച്ചു ..

അവൻ കൈകഴുകി വന്നിരുന്നു ..

” നിന്റെ കോളേജിൽ അമലാകാന്തി എന്നൊരു കുട്ടിയുണ്ടോ …..?” ഇഢലി മുറിച്ച് സാമ്പാറിൽ മുക്കി വായിൽ വച്ച് കൊണ്ട് അവൻ ചോദിച്ചു ..

അഭിരാമിയുടെ കണ്ണ് വിടർന്നു ..

” ഉവ്വ് …. വിനയേട്ടനെങ്ങനെ അറിയാം .. ” അവൾ മറ്റൊരു ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു …

” ആ കുട്ടി ഇപ്പോ എവിടെയാ …. ”

അവളുടെ മുഖം മങ്ങി ..

” അവൾക്കൊരു ആക്സിഡന്റ് പറ്റി … അയ്യോ അവൾ മെഡിക്കൽ കോളേജിലാണ് വിനയേട്ടാ … വിനയേട്ടന്റെ ഹോസ്പിറ്റലിൽ ….” അവൾ പെട്ടന്ന് ഓർത്ത് പറഞ്ഞു ..

” എന്റെ പേഷ്യന്റാണ് ആ കുട്ടി ……”

” ആണോ … ഇപ്പോ എങ്ങനെയുണ്ട് അവൾക്ക് …. ഒക്കെ ഭേദാവോ…..” അവൾ ആകാംഷയോടെ തിരക്കി ..

അതിനവൻ മറുപടി പറഞ്ഞില്ല ..

” നിന്റെ സ്റ്റുഡന്റ് ആണോ ആമി അവൾ … ” അവൻ തിരിച്ച് ചോദ്യമിട്ടു ..

” അല്ല … ആ കുട്ടി ബിഎസ്സി കെമിസ്ട്രിയാണ്….. ഞാൻ എകണോമിക്‌സ് ഡിപ്പാർട്ട്മെന്റിലല്ലേ … ” അവൾ പറഞ്ഞു ..

” നിനക്കെങ്ങനെയാ ആ കുട്ടിയെ പരിചയം … ”

” വിനയേട്ടാ ആ കുട്ടി നല്ലൊരു കലാകാരിയാണ് .. ഡാൻസും പാട്ടും മിമിക്രിയും മോണോ ആക്ടും എല്ലാമുണ്ട് .. കഴിഞ്ഞ യൂണിവേർസിറ്റി കലോത്സവത്തിന് കലാതിലകമാകേണ്ടതായിരുന്നു .. ചെറിയ വ്യത്യാസത്തിലാ അവൾക്ക് റണ്ണറപ്പാകേണ്ടി വന്നത് … പക്ഷെ അത് പിന്നീട് കുറച്ച് വിവാദമായി .. അവസാനം നടന്ന പ്രോഗ്രാമുകളിൽ അമലക്ക് മനപ്പൂർവ്വം പോയിന്റ് കുറച്ചു .. അതു കൊണ്ട് മാത്രമാ നമ്മുടെ കോളേജിന് കലാ തിലകം നഷ്ടമായത് .. വൻ അഴിമതിയായിയിരുന്നു കഴിഞ്ഞ കലോൽസവത്തിൽ നടന്നത് …” ധാർമിക രോഷത്തോടെ അഭിരാമി പറഞ്ഞു ..

ആ സമയത്ത് അഭിരാമിയിൽ ഒരദ്ധ്യാപികയെ മാത്രമാണ് വിനയ് കണ്ടത് ..

” ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി നിനക്കറിയുമോ ….?”

” എന്ത് പ്രശ്നം ….?” അവന് കുടിക്കാനുള്ള വെള്ളം ജെഗിൽ നിന്ന് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് അവൾ ചോദിച്ചു ..

” എന്തെങ്കിലും പ്രശ്നം … ഇപ്പോ ഇങ്ങനെയൊരു ആക്സിഡന്റ് നടന്നില്ലേ .. അതുമായി ബന്ധപ്പെട്ടോ മറ്റോ നിനക്ക് എന്തെങ്കിലും പറയാനുണ്ടോ …? ”

” ആക്സിഡന്റ് നടന്നത് ആ കുട്ടി റിഹേർസൽ കഴിഞ്ഞ് പോകുന്ന സമയത്താ .. ഞാൻ പറഞ്ഞില്ലേ , 18-ാം തീയതി ഞങ്ങളൊരു ഇന്റർ കോളേജ് ആർട്സ് ഫെസ്റ്റിൽ പങ്കെടുക്കാൻ തേനിയിൽ പോകുന്നുണ്ടെന്ന് .. പതിനേഴ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാ ടീമിലുണ്ടായിരുന്നത് .. അതിലിപ്പോ അമലയുടെ സിങ്കിൾ പ്രോഗ്രാമുകളെല്ലാം ക്യാൻസലായി .. അവൾ പങ്കെടുക്കാനിരുന്ന ഗ്രൂപ്പ് ഐറ്റംസിൽ എല്ലാം സബ്സ്റ്റിറ്റ്യൂട്ടിനെ വച്ച് റിഹേർസൽ നടക്കുന്നുണ്ടെന്നാ അറിഞ്ഞത് ….” അഭിരാമി പറഞ്ഞു ..

” ഇതല്ലാതെ വ്യക്തിപരമായി ആ കുട്ടിയെ കുറിച്ച് തനിക്കെന്തെങ്കിലുമറിയോ .. വല്ല അഫയറോ മറ്റോ ഉണ്ടോ ..? വ്യക്തിപരമായി ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ .. അങ്ങനെ എന്തെങ്കിലും .. ” അവൻ ചോദിച്ചു ..

” അതൊന്നുമറിയില്ല വിനയേട്ട .. ഞാൻ പറഞ്ഞില്ലേ ആ കുട്ടി എന്റെ സ്റ്റുഡന്റൊന്നുമല്ല .. പിന്നെ അഫയർ ,, ഇപ്പോഴത്തെ കുട്ടികളല്ലേ .. ഒരു ടൈംപാസിനെങ്കിലും കാണാതിരിക്കോ . . എന്തോ എനിക്കുറപ്പൊന്നുമില്ല … പക്ഷെ അതിന്റെയൊന്നും പേരിൽ അവൾക്കവിടെ ഇഷ്യൂസ് ഒന്നും ഉണ്ടായിട്ടില്ല .. അവളെക്കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും ആർക്കും പറയാനുമില്ല .. ”

” കോളേജ് യൂണിയനിലോ മറ്റോ ഉണ്ടോ …”

” പ്രത്യക്ഷത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നില്ല .. പക്ഷെ കോളേജ് യൂണിയനുമായി നല്ല അടുപ്പത്തിലാണ് .. ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് ആ കുട്ടിയെ നോമിനേറ്റ് ചെയ്തിരുന്നെന്നാ കേട്ടത് .. ആ കുട്ടി ഒഴിഞ്ഞു മാറി .. യൂണിയനിൽ പ്രവർത്തിക്കാൻ കൂടിയുള്ള സമയമില്ലാത്തത് കൊണ്ട് .. ആർട്സിലുള്ളത് പോലെ തന്നെ പഠനത്തിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടിയാ അമലാകാന്തി … ”

” ആ കുട്ടിയുടെ ടീച്ചേർസുമായി ചോദിച്ചാൽ അറിയാൻ കഴിയില്ലേ …. ” അവൻ ചോദിച്ചു ..

” ഉവ്വ് …. ജാനകി മാം ആണ് കോർഡിനേറ്റർ .. വേണമെങ്കിൽ ഞാൻ ചേദിക്കാം … .”

” എന്നാൽ ഇപ്പോ തന്നെ ഒന്ന് വിളിച്ച് ചോദിക്ക് …”

” എന്താ വിനയേട്ടാ .. എന്തെങ്കിലും പ്രശ്നമുണ്ടോ …….. ” അവൾ വിനയ് യുടെ മുഖത്ത് നോക്കി …

” ങും … ആ കുട്ടിയുടെ ആക്സിഡന്റ് ഒരു പ്ലാൻഡ് അറ്റംപ്റ്റ് ആണോന്ന് ഡൗട്ട് …”

അഭിരാമി മിഴിച്ചിരുന്നു പോയി …

” എന്താ വിനയേട്ടാ ഈ പറയുന്നേ …. അവളെയെന്തിനാ ….”

” ഹേയ് .. ഞാൻ പറഞ്ഞില്ലേ .. ഒരു ഡൗട്ട് . .. അത്രേള്ളു.. പിന്നെ ഇതൊന്നും ആ ടീച്ചറോട് പറയണ്ട .. ട്രീറ്റ്മെന്റിന്റെ ഭാഗമായി ഇതൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞാൽ മതി .. കേട്ടല്ലോ ….” അവൻ അഭിരാമിയെ ഓർമിപ്പിച്ചു ..

” ങും … ” അവൾ യാന്ത്രികമായി തലയാട്ടി …

അവൾ എഴുന്നേറ്റ് ഫോണെടുക്കുവാനായി റൂമിലേക്ക് നടന്നു …

വിനയ് കഴിച്ചു കഴിഞ്ഞ് , കൈ കഴുകി ഹാളിൽ വന്നിരുന്നു ….

” നീയിന്ന് ട്യൂഷന് പോയില്ലേ ശ്രിയാ …. ” വിനയ് ചോദിച്ചു ..

” അമ്മ പറഞ്ഞു പോകണ്ടാന്ന് … വേറെ സ്ഥലത്ത് ആക്കാൻ പോവാ എന്നെ …..” ശ്രിയ അവനെ നോക്കി പറഞ്ഞു ..

” അതെന്താ … ”

ആ ചേച്ചീന്റെ മേരേജ് ആയി … ഇപ്പോ എപ്ലും ഫോണിലാ .. ഒന്നും പഠിപ്പിക്കത്തില്ല .. ഞങ്ങക്ക് പ്രോബ്ലം ഇട്ട് തന്നിട്ട് ഫോണിൽ സംസാരിക്കും …..”

വിനയ് ചിരിച്ചു പോയി .. മുകളിൽ നിന്ന് അവൾ പറയുന്നത് കേട്ടുകൊണ്ട് ഇറങ്ങി വന്ന അഭിരാമിയും ചിരിച്ചു …

” ചെറ്യമ്മേ ഞാൻ പോവാട്ടോ …. നിക്ക് ഡാൻസിന് പോകാറയി …..” ശ്രിയ വിളിച്ചു പറഞ്ഞു ..

” ങാ … പതിനൊന്നാകാറായി അല്ലേ … വേഗം വിട്ടോ ….” അഭിരാമി പറഞ്ഞു ..

” ചേച്ചി പോയിട്ട് പിന്നെ വരാം കേട്ടോടാ ആദി …..” അവൾ പറഞ്ഞു കൊണ്ട് ആദിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു …

ശ്രിയ പോകുന്നത് കണ്ടപ്പോൾ ആദിക്കിത്തിരി സങ്കടമായി …

അവൻ അവൾക്ക് പിന്നാലെ ഡോറിന് നേർക്ക്‌ ഓടിയെങ്കിലും അഭിരാമി ചെന്ന് വാതിലടച്ചു …

ആദിയുടൻ ജനാലക്കരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി … പിന്നെ തിരിഞ്ഞ് ആമിയെയും …

ഞാനിവിടെ നിന്നു നോക്കുമല്ലോ എന്ന ഭാവത്തിൽ …

അഭിരാമി പുഞ്ചിരിച്ചിട്ട് വിനയ് യുടെ അടുത്ത് വന്നിരുന്നു ….

” ആ കുട്ടി ഹാഫ് മലയാളിയാണ് വിനയേട്ട .. അച്ഛൻ തമിഴും അമ്മ മലയാളവും .. ”

” അതൊക്കെ എനിക്കറിയാം ….”

” ജാനകി ടീച്ചർക്കും ഞാൻ പറഞ്ഞ കാര്യങ്ങളേ അറിയൂ … അങ്ങനെ പേർസണൽ പ്രശ്നങ്ങളൊന്നും ഉള്ളതായിട്ടറിയില്ല …. ഇനി ആ കുട്ടിയുടെ ഫ്രണ്ട്സിനെ കണ്ട് ചോദിച്ചാൽ ചിലപ്പോ അറിയാൻ കഴിയും …” അഭിരാമി പറഞ്ഞു ..

” ഏയ് … അങ്ങനെ സ്പ്രെഡ് ചെയ്യാൻ പറ്റില്ല ഇക്കാര്യം … ഇനി നീ വേറാരോടും ചോദിക്കാൻ നിൽക്കണ്ട ….” അവൻ പറഞ്ഞു ..

അഭിരാമി തലയാട്ടി …

” വിനയേട്ടനിനി ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ടോ ……” അഭിരാമി അവന്റെ മുഖത്തേക്ക് നോക്കി ..

” പിന്നേ … ഞാൻ നിന്നോട് വിവരം ചോദിക്കാൻ വന്നതാ … അവിടെ നിന്ന് ഫോണിലൊന്നും സംസാരിക്കാൻ കഴിയില്ല … . ” വിനയ് അവളുടെ കൈത്തണ്ടയിൽ ഒന്ന് തട്ടി ..

ആദി തത്തി തത്തി വന്ന് അഭിരാമിയുടെ മടിയിൽ പിടിച്ചു .. അവളവനെ എടുത്ത് മടിയിൽ വച്ചു …

” നമുക്ക് ഉങ്ങണ്ടേടാ കണ്ണാ …..” അഭിരാമി അവന്റെ നെറ്റിയിൽ തലോടി കൊഞ്ചിച്ചു ..

” ശ്രിയ വന്നതുകൊണ്ട് എന്റെ കിച്ചണിലെ പണി ഏകദേശം കഴിഞ്ഞു … ” അവൾ വിനയ് യോട് പറഞ്ഞു ..

അവൻ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു …

” ഞാൻ ഇറങ്ങട്ടെ …… ”

” ങും ….”

അവൾ തലായാട്ടിക്കൊണ്ട് എഴുന്നേറ്റു , ആദിയെയും കൊണ്ട് കൂടെ ചെന്നു ..

ഡോർ തുറന്ന് പുറത്തിറങ്ങിയതും ആദി അവളുടെ കൈയ്യിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങിക്കളഞ്ഞു ….

ആ സമയം വിനയ് ക്കൊരു ഫോൺ വന്നു .. അവൻ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആദി തപ്പിത്തടഞ്ഞ് പടിയിറങ്ങി ..

അഭിരാമി അവനെ തൊട്ടു കൊണ്ട് കൂടെ തന്നെ നിന്നു ..

” ആദി … വീഴും …. ഓടല്ലേ …….”

പുതിയതായി നട്ട നന്ദ്യാർവട്ടത്തിന്റെ നേർക്ക് ഓടുന്ന ആദിയുടെ പിന്നാലെ അഭിരാമിയും ഓടിച്ചെന്നു …

അവളവനെ പിടിച്ചു കൊണ്ട് , അവന്റെയരികിൽ മുട്ടുകുത്തിയിരുന്നു ..

ആ നന്ദ്യാർവട്ടത്തിൽ പുത്തനൊരു നാമ്പ് വന്നിരുന്നു …

അഭിരാമിയത് ആദിക്ക് കാട്ടികൊടുത്തു ..

അതിൽ തൊടാൻ അവൻ കൈ നീട്ടിയപ്പോൾ അവൾ തടഞ്ഞു ..

” ച്ചോ … തൊടാൻ പാടില്ലാട്ടോ … ” അവളവനെ തന്നിലേക്ക് ചേർത്ത് നിർത്തി ..

അപ്പോഴേക്കും ഗേറ്റിൽ ഒരു ബൈക്ക് വന്ന് നിന്നു … പോസ്റ്റ്മാൻ ആണ് …

വിനയ് കാൾ അവസാനിപ്പിച്ച് ഗേറ്റിലേക്ക് ചെന്നു ..

” സർ ന് ഒരു രജിസ്റ്റേഡുണ്ട് ….” അയാൾ പറഞ്ഞു …

വിനയ് അത് സൈൻ ചെയ്ത് കൈയ്യിൽ വാങ്ങി …

അതിലെ ഫ്രം അഡ്രസ് കണ്ടതും വിനയ് യുടെ കണ്ണുകളൊന്നു പിടഞ്ഞു …

അവൻ സ്പെക്സ് ഒന്നു കൂടി കണ്ണിലുറപ്പിച്ചു , ആ അഡ്രസിലൂടെ കണ്ണോടിച്ചു …

അഡ്വ. ആയിഷ ബീഗം

ആ പേര് മുൻപ് കേട്ടത് ഫാമിലി കോർട്ടിൽ വച്ചാണ് … നിരഞ്ജനയുമായുള്ള വിവാഹമോചനത്തിന് .. നിരഞ്ജനയുടെ അഡ്വക്കേറ്റ് ആയിരുന്നു അവർ …

അവൻ അറിയാതെ അഭിരാമിയെയും ആദിയെയും ഒന്ന് നോക്കി …

പിന്നെ കവർ പൊട്ടിച്ച് , അതിനുളളിലുള്ള പേപ്പർ പുറത്തെടുത്തു വായിച്ചു …

അതിലെ വരികളിലൂടെ കണ്ണ് പായിക്കവെ അവന്റെ കടപ്പല്ല് ഞെരിഞ്ഞു … അവന്റെ കൈ വിറച്ചു …

വായിച്ചു കഴിഞ്ഞതും അവനാദ്യം ആ പേപ്പർ ചുരുട്ടിക്കൂട്ടി ….

ആദിയുടെ സംരക്ഷണം അവകാശപ്പെട്ടുകൊണ്ട് നിരഞ്ജനയയച്ച വക്കീൽ നോട്ടീസ് … നാല് മാസം പോലും തികയും മുൻപേ തന്റെ കൈയ്യിലേക്ക് വലിച്ചെറിഞ്ഞിട്ട് പോയവൾക്കിപ്പോ കുഞ്ഞിന്റെ സുരക്ഷയിൽ ആശങ്കയുണ്ടത്രേ ….

അവൻ വന്ന് കാറിൽ ചാരി നിന്നു … പിന്നെ കൈയിൽ ചുരുട്ടിപ്പിടിച്ച പേപ്പർ വീണ്ടും നിവർത്തി എടുത്തു ..

അതിലെ ഓരോ വരിയും വായിക്കുമ്പോഴും അവന് നിരഞ്ജനയോട് അറപ്പാണ് തോന്നിയത് ….

അവന്റെ മനസിലേക്ക് ഭൂതകാലത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ കടന്നു വന്നു ..

ഗർഭിണിയായിരിക്കെ വിവാഹ മോചനത്തിന് കോടതിയെ സമീപിക്കുന്ന ചുരുക്കം സ്ത്രീകളെയുണ്ടാവു .. അതിലൊരാൾ നിരഞ്ജനയാണ് ..

അവളുടെ വക്കീൽ ഉന്നയിച്ച ഓരോ വാദങ്ങളും അവന്റെ മനസിലേക്ക് തീയുണ്ടകൾ പോലെ കടന്നു വന്നു .. മെയിൽ ഷോവനിസ്റ്റ് … അങ്ങനെ എത്രയെത്ര പട്ടങ്ങൾ ആ കോടതിയുടെ അകത്തളം തനിക്ക് ചാർത്തി തന്നു …

വിവാഹ മോചനം അനുവദിച്ചു കൊണ്ടുള്ള വിധി കേട്ടു കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അടുത്ത ഫ്ലൈറ്റിന് ഹയർ സ്റ്റഡീസിന് വേണ്ടി കാനഡയിലേക്ക് പറക്കാനുള്ള ധൃതിയിലായിരുന്നു അവൾ ..

താനോ …? മുലപ്പാൽ പോലും അന്യം നിന്ന , നാലു മാസം പോലും പ്രായമില്ലാത്ത കുരുന്നിനെയും തോളിലിട്ട് ഒരു ജീവിതത്തിന്റെ തോണി തുഴയാനുള്ള തത്രപ്പാടിലും ….

അവൻ ആമിയും ആദിയും നിൽക്കുന്നിടത്തേക്ക് നോക്കി ….

അവളാദിയോട് എന്തൊക്കെയോ പറയുന്നു … ആദി വിടർന്ന് ചിരിക്കുന്നു .. അവളവനെ ചുറ്റിപ്പിടിച്ച് തന്റെ ഉടലോട് ചേർത്ത് നിർത്തി ഉമ്മ വയ്ക്കുന്നു …..

അവനെ വാരിയെടുത്തു കൊണ്ട് അവൾ എഴുന്നേറ്റു … എന്തൊക്കെയോ പറഞ്ഞ് കൊഞ്ചിച്ചു കൊണ്ട് നടക്കുന്നു ..

നോക്കി നിൽക്കെ അവന് ഒരു കാര്യം മനസിലായി … നിരഞ്ജനയും വിനയ് യും തമ്മിലല്ല ഈ യുദ്ധം …. അവന് ജന്മം നൽകിയ അമ്മയും , പോറ്റമ്മയും തമ്മിലുള്ള വിധി നിർണ്ണയമാണ് വരാനിരിക്കുന്നത് ..

” പോകുന്നില്ലേ വിനയേട്ടാ … ” അഭിരാമി ആദിയെ ഒക്കത്തെടുത്തു കൊണ്ട് നടന്നു വന്നു ..

” ങാ .. പോവാ …..” അവൻ പറഞ്ഞിട്ട് ഡോർ തുറന്ന് , വക്കീൽ നോട്ടീസ് അകത്ത് സീറ്റിലേക്കിട്ടു ..

അവളോട് ഇപ്പോ പറഞ്ഞ് , അവളുടെ ഉള്ള മനസമാധാനം കൂടി കളയേണ്ടെന്ന് അവന് തോന്നി …..

അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി , കാർ ഡ്രൈവിലാക്കി …

കാർ പിന്നോട്ടെടുക്കുമ്പോൾ അഭിരാമിയുടെ കൈയ്യിലിരുന്ന് ആദി പപ്പക്ക് ടാറ്റ പറഞ്ഞു …

ഒരു കാര്യം അവൻ മനസിലുറപ്പിച്ചു ..

തന്റെ കുഞ്ഞിന്റെ മുഖത്തെ ഈ പ്രകാശം താനൊരിക്കലും കെടുത്തില്ല ..

* * * * * * * * * * * * * * * * * * * * *

ശബരി തന്റെ മുറിയിലായിരുന്നു … നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടന്ന് ഉറങ്ങി എഴുന്നേറ്റതേ ഉണ്ടായിരുന്നുള്ളു …

അവന്റെ ഫോണിലേക്ക് ഒരു കാൾ ഇരച്ചെത്തി …

ഇന്നലെ രാത്രി വിളിച്ച അതേ നമ്പറിൽ നിന്ന് …

” എന്തായെടോ ഡോക്ടറേ … ആ പെണ്ണ് മിണ്ടുവോ ….?”

” സാത്യത കുറവാണ് … ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട് … പക്ഷെ പഴയ റെസ്പോൺസില്ല ……” ശബരി പറഞ്ഞു .

” എന്നാലും തനിക്ക് 100 % ഉറപ്പില്ല … അല്ലേടോ …..”

ശബരി ഒന്നും മിണ്ടിയില്ല ….

” അതവിടെ നിൽക്കട്ടെ … കാര്യം നടന്നു കഴിഞ്ഞാൽ സ്പോട്ടിൽ നിന്ന് DNA സാമ്പിളുകളാവും കളക്ട് ചെയ്യുക … ബോഡി ഐഡന്റിഫൈ ചെയ്യാൻ … അങ്ങനെ വന്നാൽ പണി പാളും ….” ശബരി ഓർമപ്പെടുത്തി …

” ഹ …. ഹ ….. ഹ ……..” മറുവശത്ത് ഒരു പൊട്ടിച്ചിരിയായിരുന്നു ….

” എടോ ടോക്ടറെ … ബോസ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയൊ ഒന്നുമല്ല …. ലാബിലേക്ക് അയക്കാനുള്ള DNA സാമ്പിൾസ് വരെ ഇവിടെ റെഡിയാണ് … കിട്ടാനുള്ള ഒരേയൊരെണ്ണം താൻ , തനിക്ക് വേണ്ടി തിരുകി കയറ്റിയ ആ ടീച്ചർ പെണ്ണുണ്ടല്ലോ .. അവളുടേത് മാത്രമാണ് .. അവളുടെ രക്തക്കറയോ , തൊലിയോ വല്ലോം ഒപ്പിച്ചോണ്ട് വാ .. മുടിയൊന്നും കൊണ്ട് വന്ന് മണ്ടത്തരം കാണിക്കരുത് .. ” മറുവശത്ത് നിന്ന് അമർത്തിയ ചിരി ശബരി കേട്ടു …

ശബരിയുടെ ചുണ്ടിൽ കൊല്ലുന്ന ചിരി വിരിഞ്ഞു ...തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
നന്ദ്യാർവട്ടം: ഭാഗം 15
നന്ദ്യാർവട്ടം: ഭാഗം 16
നന്ദ്യാർവട്ടം: ഭാഗം 17
നന്ദ്യാർവട്ടം: ഭാഗം 18
നന്ദ്യാർവട്ടം: ഭാഗം 19
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story